Saturday, August 10, 2013

സാന്നിദ്ധ്യം പോലും സമരമാണ്
പൊതു ഇടങ്ങള്‍ ആണിന്റേതാണെന്ന ധാര്‍ഷ്ട്യം ജാതി മത സ്ഥാന മാന ഭേദമന്യേ ഏതൊരു പുരുഷനേയും നിശബ്ദമായി ഊറ്റംകൊള്ളിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ പൊതുഇടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുവരവിനെ അവന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുക തന്നെ ചെയ്യും.ഇതിനെ മറികടക്കാന്‍ അവള്‍ക്ക് ചില നിയമ പരിരക്ഷ തന്നെ വേണ്ടിവരും.നീതി പുരുഷന് ജന്മംകൊണ്ടും സ്ത്രീക്കത് കോടതിയിലും എന്നത് ഒരു സ്വാഭാവിക തത്വമായി പോലീസ് ഡിപ്പാര്‍ട്ടുമെന്റെിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ പോലും ധരിച്ചുവരുന്നു എന്നത് എന്റെ അനുഭവം.(ജീവിതകാലം മുഴുവന്‍ gender sensitisation training കൊടുത്താലും ഒരു പ്രയോജനവുമില്ലെന്ന് ഇത്തരക്കാര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.) 100 മീറ്ററോളം വിസ്താരമുള്ള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അവിചാരിതമായി ഒരിക്കല്‍ പോയതായിരുന്നു.മേലുദ്യോഗസ്ഥ കീഴുദ്യോഗസ്ഥ വേര്‍തിരിവില്ലാതെ ആണുങ്ങളെല്ലാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഇടമായി ഇന്‍ഡോര്‍ സ്‌റ്റേഡിയം എനിക്കനുഭവപ്പെട്ടു.പോലീസുകാരന്റെ ചടുലതക്കും മിടുക്കിനും മുന്നില്‍ എസ്.പിയും ,എസ്.പിയുടെ ചടുലതക്കും മിടുക്കിനും മുന്നില്‍ പോലീസുകാരനും മുട്ടുകുത്തുന്നത് കളിക്കളത്തിലെ തന്ത്രത്തിന്റേയും ചടുലതയുടേയും മാനത്തില്‍ മാത്രം.ഇവിടെ മനപ്പൂര്‍വ്വം തോറ്റുകൊടുക്കലില്ല.ആഹ്ലാദവും പരിഭവങ്ങളും തന്ത്രങ്ങളും അവര്‍ പരസ്പരം പങ്കുവെക്കുന്നു, അവര്‍ പരസ്പരം ആവശ്യക്കാരാകുന്നു. ഈ ഇടങ്ങളിലേക്കൊന്നും ഒരിക്കല്‍പോലും എത്തിനോക്കാത്ത സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ അവര്‍ക്കുമാത്രമല്ല വരും തലമുറകള്‍ക്കുപോലും വിലക്കുകള്‍ തീര്‍ക്കുകയാണെന്ന് എങ്ങനെ അവരെ ബോധ്യപ്പെടുത്തും..............? ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയ ഞാന്‍ സ്‌റ്റേഡിയത്തിന്റെ മനോഹാരിതയും കളിയുടെയും കളിക്കാരുടെ ഹരവും ആസ്വദിക്കുകയും ആ വലിയ സ്‌റ്റേഡിയത്തിനൊരറ്റത്തു നിന്ന് സൂര്യനമസ്‌ക്കാരം ചെയ്യുകയും ചെയ്തു.ഏകദേശം ഒരു മണിക്കൂര്‍ ഞാനവിടെ ചെലവിട്ടു. പുറത്തിറങ്ങുമ്പോള്‍ അവരില്‍ പടരുന്ന അസ്വസ്ഥത ഞാന്‍ കണ്ടറിഞ്ഞു.അവിടെ ഉയര്‍ന്ന ചോദ്യങ്ങളും മറുചോദ്യങ്ങളും ഞാനന്നു തന്നെ അറിഞ്ഞു. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു. 1 എന്തിനാണവര്‍ ഈ സമയത്ത് വന്നത്? 2 മറ്റു സ്ത്രീകള്‍ ആരും വരുന്നില്ലല്ലോ..........? 3 സ്ത്രീകള്‍ക്കുവേണമെങ്കില്‍ അവര്‍ക്ക് പ്രത്യേക സമയം അനുവദിച്ചാല്‍ പോരെ? മറുചോദ്യങ്ങള്‍ 1 ഇത്രയും വലിയ സ്‌റ്റേഡിയമല്ലേ.........? അതിലൊരറ്റത്ത് അവര്‍ എക്‌സര്‍സൈസ് ചെയ്യുന്നതില്‍ എന്താണ് തെറ്റ്? 2 അവരാമൂലക്കെവിടെങ്കിലും നിന്ന് എന്തെങ്കിലും ചെയ്തിട്ടു പോട്ടെ. 3 നമ്മുക്കൊരു ശല്ല്യവുമില്ലല്ലോ? ഞാന്‍ വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞ് മനസ്സിലാക്കി .പിറ്റേ ദിവസം ഞാന്‍ പോയില്ല.ആവേശത്തോടെ പോലീസുകാര്‍ എന്നെ വിളിച്ചു.സാറ് വരണം.പിറ്റേന്ന് ഞാന്‍ മകളേയും കൂട്ടി കോര്‍ട്ടിലെത്തി ഒരു മണിക്കൂറോളം കളിച്ചു.കെയര്‍ ടേക്കര്‍ ചുമതലയിലുള്ള പോലീസുകാരന്‍ കോര്‍ട്ടില്‍ പ്രവേശിക്കുന്നതിനുള്ള പൊതു നിബന്ധനകള്‍ അറിയിച്ചു.(റജിസ്‌റററില്‍ പേരും സമയവും രേഖപ്പെടുത്തണം. പുറമെ ധരിച്ച ഷൂ സ്റ്റേഡിയത്തിനകത്ത് ധരിക്കരുത്) ആദ്യമെല്ലാം കുറച്ച് പ്രയാസമായിരിക്കും ഞങ്ങളും ഇവിടെവന്നതിനു ശേഷം പഠിച്ചെടുത്തതാ....... എല്ലാവരും തുറന്നമനസ്സാലെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇടങ്ങള്‍ ഉണ്ടാകുന്നതല്ല നാം ഉണ്ടാക്കിയെടുക്കുന്നതാണ്.സാന്നിധ്യം പോലും സമരമാക്കി മാറ്റാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം.നമ്മുക്ക് നിഷേധിക്കുന്ന ഇടം ഏവര്‍ക്കും നിഷേധിക്കാനായെങ്കിലും നാം അഹോരാത്രം പ്രയത്‌നിക്കേണ്ടിയിരിക്കുന്നു.

Thursday, August 1, 2013


പാവാട നിരോധിക്കേണ്ട വസ്ത്രം തന്നെ. ലണ്ടനിലെന്നല്ല ലോകത്തെല്ലായിടത്തും പെണ്‍കുട്ടികളെ ഉടുപ്പ്,മിഡി,തുടങ്ങിയ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്നതിന മാതാപിതാക്കളെ ് ബോധവല്‍ക്കരിക്കേണ്ടത് ഏറെ ആവശ്യം തന്നെയാണ്. പെണ്‍കുട്ടിയിലെ കഴിവുകള്‍ ജനിക്കും മുമ്പേ മരണപ്പെടാനുതകന്നതാണ് മേല്‍ പറഞ്ഞ വസ്ത്രങ്ങള്‍. പെണ്‍കുട്ടികളുടെ ചിന്താധാരയെ വസ്ത്രത്തില്‍ കുരുക്കിയിടുന്നതില്‍ പെണ്‍വസ്ത്രങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. 1 ഉം 2 ഉം ചിത്രങ്ങള്‍ പരിശോധിക്കുക പെണ്‍കുട്ടി സ്ലൈഡറിന്റെ ഒരു വശം മാത്രം ഉപയോഗിക്കുമ്പോള്‍ ആണ്‍കുട്ടി സ്ലൈഡറിന്റെ മുഴുവന്‍ സ്ഥലവും ഉപയോഗിക്കുന്നു.പെണ്‍കുട്ടി കാല് വിടര്‍ത്തിയിരുന്നാല്‍ അവളുടെ ഷഡ്ഡി കാണും എന്ന ചിന്ത അവളെ സ്വതന്ത്രയായ് ഉതിര്‍ന്നൊഴുകി ആനന്ദിക്കുന്നതില്‍ നിന്നും അവളെ പിന്‍തിരിപ്പിക്കുന്നു. കളിയായാലും കാര്യമായാലും അതേ അളവില്‍ അതിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനനുസൃതമായാണ് ആണ്‍ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.അത്തരത്തിലുള്ള എല്ലാ സാധ്യതകളേയും പരിമിതപ്പെടുത്തി ശരീരചിന്തക്കകത്ത് അവളെ തളച്ചിടും വിധമാണ് പെണ്‍വസ്ത്രങ്ങളുടെ രൂപകല്പന.സ്ലൈഡറിലേക്ക് ആവേശത്തോടെ കയറുന്ന പെണ്‍കുട്ടിയിലെ ആവേശം ഇരിക്കാന്‍ തുടങ്ങുന്ന നിമിഷം കെട്ടടങ്ങുന്നത് പലപ്പോഴും വേദനയോടെ ഞാന്‍ നിരീക്ഷിക്കാറുണ്ട്. ചിത്രം 3 ല്‍ കുട്ടികള്‍ നിലത്ത് പടിഞ്ഞിരുന്ന് കളിക്കുകയാണ്.ഒരിക്കലും ഇത്തരം കളികളിലേക്ക് സ്വാഭാവികമായി ഒരു പെണ്‍കുട്ടി ചേരുകയില്ല.അത് ആണ്‍കുട്ടികള്‍ അവളെ കൂട്ടാത്തതുകൊണ്ടല്ല അവര്‍ക്കിടയില്‍ അവരിരിക്കത്തക്കവണ്ണം പടിഞ്ഞിരിക്കാന്‍ അവളുടെ വസ്ത്രം അവളെ അനുവദിക്കില്ല.ഇത്തരം കളി നോക്കി നില്ക്കുന്നതിനുപോലും അവള്‍ ഭയപ്പെടുന്നു.ഏതെങ്കിലും കുസൃതിപ്പയ്യന്‍ തന്റെ ഉടുപ്പെങ്ങാന്‍ പൊക്കിയാലോ.....?(ചിത്രം 4) അവള്‍ എന്ത് കളിക്കണം, എന്ത് തൊഴില്‍ ചെയ്യണം,എങ്ങനെയുള്ള കാര്യങ്ങള്‍ ആഗ്രഹിക്കണം,ഏതു തരം ടൂ വീലര്‍ ഓടിക്കണം എല്ലാം തീരുമാനിക്കുന്നത് അവളുടെ വസ്ത്രമാണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ചലനസ്വാതന്ത്ര്യം അനുവദിക്കും വിധം ഒരുപോലെയുള്ള വസ്ത്രം നല്കി അവളെ ചലനസ്വാതന്ത്യത്തിന്റെ വലിയ സാധ്യതകളിലേക്ക് അവളെ തുറന്നുവിടാം.കുട്ടികള്‍ കുട്ടികളായ് വളരട്ടെ .അവര്‍ ആണോ പെണ്ണോ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതെന്തിന്?അത് അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ.... വസ്ത്രത്തുമ്പില്‍ സ്പര്‍ശിക്കാതെ അഞ്ചു മിനിട്ടുപോലും ഒരു സ്ത്രീക്ക് സഞ്ചരിക്കുക സാധ്യമല്ലെന്നിരിക്കേ വരും തലമുറയെയെങ്കിലും ഈ വസ്ത്രത്തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ ഈ പാവാട നിയന്ത്രണം ഹേതുവായെങ്കില്‍.................