Friday, January 2, 2015

നമ്മുടെ പ്രതിജ്ഞ



നമ്മുടെ പ്രതിജ്ഞ
(ഗാര്‍ഗ്ഗി വോളിബോള്‍ ടീം അംഗങ്ങള്‍ക്കായ്‌ ഒരുക്കിയത്‌)
1-ഈ നാട്‌ ഈ നഗരം ഈ തെരുവ്‌ ഈ പാഠം ഈ മൈതാനം ഈ ആകാശം അങ്ങനെ എല്ലാമെല്ലാം ഞങ്ങളുടേതുമാണ്‌.
2-ഞങ്ങളുടെ ചിന്തകള്‍ അതിരുകളില്ലാത പറക്കുന്നതിന്‌ ഞങ്ങള്‍ ഞങ്ങള്‍ക്ക്‌ ഈ നിമിഷം മുതല്‍ ഇതാ സമ്മതം കൊടുത്തിരിക്കുന്നു.
3-തൊഴില്‍ ചിന്തയിലും വിനോദ ചിന്തയിലും വിശ്രമ ചിന്തയിലും സഞ്ചാരചിന്തയിലും ഞങ്ങളുടെ ലോകം വിശാലമാകുന്നതിന്‌ നിരന്തരം പരിശ്രമിക്കും.
4-മുടിയുടേയും,വസ്‌ത്രത്തിന്റേയും,കറിയുടേയും,പലഹാരത്തിന്റേയും,കുട്ടികളുടേയും,കുടുംബത്തിന്റേയും കുരുക്കുകളില്‍ നിന്ന്‌ ഞങ്ങളുടെ ചര്‍ച്ചകളെ ഇന്നുമുതല്‍ ഞങ്ങളിതാ മോചിപ്പിച്ചിരിക്കുന്നു.മേല്‍ പ്രവര്‍ത്തികള്‍ക്ക്‌ തലമുറകള്‍ കൊടുത്തുകൊണ്ടിരിക്കുന്ന മഹത്വവും ഇന്നു ഞങ്ങളിതാ ഇവിടെ ഉപേക്ഷിക്കുന്നു.
5-കണ്ടുമാത്രം പരിചയമുള്ള വിനോദങ്ങളിലും തൊഴിലുകളിലുമെല്ലാം പെണ്‍ സാന്നിധ്യം ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ഓരോരുത്തരും ഇന്നു മുതല്‍ പരിശ്രമിക്കും.
6-തൊഴില്‍-വിനോദ മേഖലയിലെ പെണ്‍ പങ്കാളിത്തം ഭാവിയില്‍ ഒരു വാര്‍ത്തയല്ലാതാക്കുവാന്‍ ഞാന്‍ എന്നാലാകുന്നത്‌ ചെയ്യും.
7-എന്റെ അഭിമാനത്തെയോ ശരീരത്തെയോ വേദനിപ്പിക്കുന്നതാരായാലും ശരി ,അവരെ തിരിച്ചപമാനിക്കുന്നതിനും വേദനിപ്പിക്കുന്നതിനും ഞാന്‍ മാനസീകമായും ശാരീരികമായും തയ്യാറാകും.
8-ചടുലത എന്റെ ആപ്‌ത വാക്യമാണ്‌.എന്റെ മുടിയും വസ്‌ത്രവും ആഭരണങ്ങളും മറ്റും എന്റെ സ്വാതന്ത്ര്യത്തെ കവരാനും ഒരു വ്യക്തി എന്ന നിലയിലേക്കുള്ള എന്റെ വളര്‍ച്ചയെ സ്‌ത്രീ എന്ന പാരമ്പര്യ പദവി ഉപയോഗിച്ച്‌ ചുരുക്കുവാനുമുള്ള ഒരു ശ്രമത്തേയും ഇനി ഞാന്‍ വെച്ചു പൊറുപ്പിക്കുകയില്ലെന്ന്‌ സത്യം ചെയ്യുന്നു.എന്റെ ജീവിതാനുഭവങ്ങള്‍ ഒരു സമൂഹത്തിലെ നിരവധി സാഹചര്യങ്ങളില്‍ സങ്കീര്‍ണ്ണതകളില്‍ വൈവിദ്ധ്യത്തോടെ രൂപപ്പെടേണ്ട ഒന്നാണെന്നും എനിക്ക്‌ വളരെ എളുപ്പത്തില്‍ എടുത്തണിയാവുന്ന രീതിയില്‍ കാത്തു വെച്ചിരിക്കുന്ന ജീവിതം ഒരു ജീവിതമേ അല്ലെന്നും മറിച്ച്‌ അടിമത്തമാണെന്നും ഞാന്‍ തിരിച്ചറിയുന്നു.
ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ മാനസീകമായും ശാരീരികമായും മുഴുവന്‍ തത്‌പരതയും പ്രകടിപ്പിക്കുന്നതിന്‌ ഞാന്‍ ശ്രദ്ധാലു ആയിരിക്കും.
9-നാടിനോടും നാട്ടുകാരോടും വീട്ടുകാരോടും കൂട്ടുകാരോടും പ്രകൃതിയോടും സൗഹൃതത്തിലാകാന്‍ ഞാന്‍ പ്പോഴും പരിശ്രമിക്കും.
10-ഇടപെടുന്ന കടന്നുപോകുന്ന ,കാഴ്‌ചയില്‍പെടുന്ന കേള്‍വിയില്‍ പെടുന്ന ....എല്ലാം ആവാഹിച്ചെടുക്കുന്നതിന്‌ കണ്ണും കാതും മനസും സദാ തുറന്നു വെക്കുമെന്ന്‌ ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.
എന്നെ അടിമയായ്‌ നില നിര്‍ത്തിയ പാരമ്പര്യത്തെ സ്ഥാപിക്കുന്ന വാദങ്ങളെ ചെറുക്കാന്‍ മറുപടി പറയാന്‍ സമൂഹത്തെ സദാ നിരീക്ഷിക്കുന്നതിന്‌ ഞങ്ങള്‍ ഇന്നു മുതല്‍ തീരുമാനിക്കുന്നു.
11-നല്ല തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതലയില്‍ ആണിനും പെണ്ണിനും തുല്യ പങ്കുമതി.അതില്‍ കൂടുതല്‍ ചുമതല പെണ്ണിനാണെന്ന വാദത്തെ ഞങ്ങള്‍ കൂട്ടത്തോടെ തള്ളിക്കളയുന്നു.
12-നന്മയുടെ അമിതഭാരം ചുമക്കാന്‍ ഇനി ഞങ്ങളില്ല.
13-അവകാശങ്ങളും അധികാരങ്ങളും ഇല്ലാതെ ഉത്തരവാദത്തിന്റെ മാത്രം ഭാരം താങ്ങാന്‍ ഇനി ഞങ്ങളില്ല.സ്വത്തിലും പാരമ്പര്യത്തിലും തുല്യതക്കായ്‌ ഇന്നു മുതല്‍ ഞങ്ങള്‍ പരിശ്രമിക്കും.
14-സ്വന്തം കുട്ടിയുടെ രക്ഷാകര്‍ത്താവായി പിതാവിനെ മാത്രം കണക്കാക്കുന്ന രീതി അവസാനിപ്പിച്ച്‌ മാതാവിന്റെ പേരും ആ സ്ഥാനത്ത്‌ നിര്‍ബന്ധമാക്കുന്ന രീതി നടപ്പിലാക്കുന്നതിന്‌ ഞങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായി ശ്രമിക്കുന്നതാണ്‌.
15-കുടുംബസ്വത്ത്‌ സ്വന്തം മക്കള്‍ക്ക്‌ ആണ്‍ പെണ്‍ ഭേദമന്യേ തുല്യമായ്‌ വീതിക്കുമെന്ന്‌ ഞങ്ങളിതാ ഉറപ്പു നലകുന്നു.
16-നമ്മള്‍ സംഘടിതരാകണം. എങ്കില്‍ മാത്രമേ നമ്മുടെ തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നമ്മുക്കാവൂ.
17-കുടുംബത്തിലെ ഒരു കാര്യവും തന്റെ മാത്രം ഉത്തരവാദിത്തത്തിലാകാതിരിക്കാനും കൂട്ടുത്തരവാദിത്തത്തിലാക്കാനും മനപ്പൂര്‍വ്വം ശ്രമിക്കുക.
18-നിങ്ങളുടെ സ്വസ്ഥത കുടുംബത്തിന്റെ സ്വസ്ഥതയായ്‌ മാറണം.അസ്വസ്ഥതയും.
19-പരിസരം നിരീക്ഷിക്കുക,കവലപ്രസംഗങ്ങള്‍ ശ്രദ്ധിക്കുക,ഒഴിഞ്ഞ സ്ഥലങ്ങളില്‍ കൂട്ടമായ്‌ ഇരിക്കുക . നമ്മുക്കോരോരുത്തര്‍ക്കും വെറുതെ നില്‌ക്കാനും ഇരിക്കാനും വിശ്രമിക്കാനുമുള്ളതാണ്‌ പൊതുയിടങ്ങള്‍ എന്നു കരുതുക
20-അതിരുകളില്ലാത്ത ലോകത്തെ ചിന്തകളിലേക്ക്‌ മനപ്പൂര്‍വ്വം ക്ഷണിക്കുക.അതില്‍ നിന്നും തിരഞ്ഞെടുപ്പ്‌ നടത്താന്‍ മനസ്സിനെ അനുവദിക്കുക
21-ചിന്തകളെ അഴിച്ചു വിടുക പരിധിയില്ലാതെ പരിമിതിയില്ലാതെ ചിന്തിക്കുന്നതിന്‌ സ്വയം അനുവദിക്കുക.നമ്മള്‍ മോചിതരാകേണ്ടത്‌ നമ്മുടെ മനസ്സിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നുമാണ്‌.