Friday, August 28, 2009

മാടക്കര എന്റെ നാട്‌

മാടക്കര എന്റെ നാട്‌
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന്‌ തുടര്‍ച്ചയായി എനിക്ക് ഫോണ്‍ ചയ്‌തിരുന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ നിവൃത്തിയില്ലാതെ ഒരിക്കല്‍ അവരുടെ വീട്ടിലേക്കു കയറിചെന്നുകൊണ്ടു തന്നെ എനിക്കിടപെടേണ്ടി വന്നു.ആ സംഭവത്തിനു ശേഷം ഏതാണ്ട്‌ നാലു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത്‌ ഏകദേശം വൈകിട്ട്‌ ഏഴരയോടെ ഞാന്‍ മാടക്കരയില്‍ ബസ്സിറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു."വിനയസാറേ................. ഒന്ന്‌ നിക്ക്‌ ഒരു കാര്യം ചോദിക്കട്ടെ" എന്ന പരിഹാസം നിറഞ്ഞ ചോദ്യം കേട്ട്‌ ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ നാട്ടില്‍ എന്നെ ആരും സാറേ എന്നു വിളിക്കാറില്ല.വിനയേ, വിനയചേച്ചീ, വിനീ എന്നുമെല്ലാമുള്ള വിളികള്‍ മാത്രം കേട്ട്‌ ശീലിച്ച എന്നില്‍ ആ വിളി തന്നെ എന്തോ പന്തികേടുള്ളതായി അനുഭവപ്പെട്ടു.ഞാന്‍ തിരിഞ്ഞുനോക്കി. ഏറെ പരിചിതനും അയല്‍വാസിയുമായ അയാള്‍ എന്റെടുക്കലേക്ക്‌ നടന്നടുത്തു."എന്താ കാര്യം ? എന്താണെങ്കിലും വീട്ടില്‍ വന്ന്‌ സംസാരിക്കാം" ഞാന്‍ താക്കീതിന്റെ ശബ്ദത്തില്‍ പറഞ്ഞു . മാടക്കര ടൗണില്‍ നിന്നും കഷ്ടിച്ച്‌ 100 മീറ്റര്‍ ദൂരം മാത്രമേ എന്റെ വീട്ടിലേക്കുള്ളൂ.ഏകദേശം അമ്പതില്‍ കുറയാത്ത ഒരു ജനക്കൂട്ടം അപ്പോഴേക്കും അവിടെ രൂപപ്പെട്ടിരുന്നു." സാറ് വീട്ടിലെ ഉമ്മാനോട്‌ ജയില്‌കേറ്റുന്നോ എന്തൊക്കയോ പറഞ്ഞൂന്ന്‌ കേട്ടു.എന്തിനായിരുന്നൂന്ന്‌ പറഞ്ഞിട്ട്‌ പോയാമതി".അയാള്‍ എന്റെ മുന്നില്‍ തൊട്ടടുത്തായി നിന്നു.എന്റെ നിയന്ത്രണം വിട്ടു.വലതു കൈയ്യ്‌കൊണ്ട്‌ ഞാന്‍ അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച്‌ അയാളെ തള്ളി ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ അയാളേയും കൊണ്ട്‌ മുന്നോട്ടു പോയി "എന്നെ വഴിയില്‍ തടയാന്‍ താനാരാണ്‌.? ഇതെന്റെ നാടാണ്‌?. ഞാന്‍ കോപംകൊണ്ട്‌ വിറച്ചു. അപ്പോഴേക്കും എന്താ വിനയചേച്ചീ എന്നു പറഞ്ഞുകൊണ്ട്‌ ആരോ രണ്ടു പേര്‍ എന്നെ പിടിച്ചുമാറ്റി.പോട്ടെ വിനയേ എന്നു പറഞ്ഞ്‌ മുതിര്‍ന്ന ആളുകളും എന്നെ പിടിച്ചു.ആരൊക്കയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപെട്ട്‌ പ്രശ്‌നം അവസാനിപ്പിച്ച്‌ എന്നെ വീട്ടിലേക്കയച്ചു.വീട്ടിലെത്തയപാടെ സംഭവിച്ച കാര്യങ്ങള്‍ അതേ തീഷ്‌ണതയോടെ അവതരിപ്പിക്കാനായി ഞാന്‍ ദാസേട്ടനെ വിളിച്ചു.വാതില്‍ തുറന്നത്‌ എന്റെ ബന്ദുവായ പുരുഷു ആണ്‌.അവന്‍ ദുബായില്‍ നിന്നും വന്നതിന്റെ മൂന്നാമത്തെ ദിവസം.ഞാന്‍ ആദ്യമായിട്ടാണ്‌ അയാളെ കാണുന്നത്‌ അമ്മായിക്ക്‌ മനസ്സിലായോ... ? എന്നുള്ള ചോദ്യത്തില്‍ നിന്നുതന്നെ ആളെ മനസ്സിലായി.അയാളോട്‌ ചിരിച്ചെന്നു വരുത്തി നാമമാത്രമായ കുശലപ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഞാന്‍ അടുക്കളയിലേക്ക്‌ ദാസേട്ടനെ കാണാനായി പോയി.ദാസേട്ടന്‍ ഇറച്ചി നുറുക്കുകയായിരുന്നു."ദാസേട്ടാ ഇപ്പം മാടക്കര നല്ലൊരു പ്രശ്‌നമുണ്ടായി......... എന്നു തുടങ്ങി ഞാന്‍ വിശേഷം പറയാന്‍ തുടങ്ങലും ആ അതൊക്കെ പിന്നെ പറയാം ഇപ്പംതന്നെ സമയം ഏഴര കഴിഞ്ഞു മേലുകഴുകി വേഗം വാ... അവനുച്ചക്കേ ഒന്നു കഴിച്ചിട്ടില്ല പോലും .അരിടിട്ടിട്ടുണ്ട്‌.ഇത്‌ നീ തന്നെ വെക്കണം " എന്നു പറഞ്ഞ്‌ ദാസേട്ടനെന്നെ ഓടിച്ചു.ഞാന്‍ മേല്‍ കഴുകി വന്ന്‌ ഇറച്ചി അടുപ്പില്‍ വെച്ചു. തേങ്ങ ചിരകി വറുക്കുമ്പോള്‍ ഗെയിറ്റു തുറക്കുന്ന ശബ്ദം കേട്ട്‌ ഞാന്‍ പുറത്തേക്ക്‌ നോക്കി.എന്നെ തടയാന്‍ അയാളെ ചട്ടം കെട്ടിച്ചവര്‍ തന്നെയാണ്‌ എന്നെ തേടി ഒത്തു തീര്‍പ്പിനു വന്നതെന്ന്‌ എനിക്കു മനസ്സിലായി.ഞാന്‍ തേങ്ങ വറുത്തുകൊണ്ടിരുന്നു.ദാസേട്ടനും പുരുഷുവും ടി.വി കാണുകയായിരുന്നു.കാളിംഗ്‌ബെല്‍ കേട്ടയുടനെ ദാസേട്ടന്‍ ചെന്ന്‌ വാതില്‍ തുറന്നു"വിനയ ഇല്ലേ ഒന്നാ കാണാനാ..... " അവര്‍ ചിരിച്ചുകൊണ്ട്‌ ദാസേട്ടനോട്‌ സംസാരിക്കന്നതു കേട്ടപ്പോ ഞാന്‍ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു." ദാസേട്ടാ....... എന്നെ കാണാന്‍ വന്നതാണെങ്കില്‍ രണ്ട്‌ ചെയറെടുത്ത്‌ അടുക്കളയിലേക്കിട്‌ എന്നോട്‌ സംസാരിക്കാനാണെങ്കില്‍ അടുക്കളയിലേക്ക്‌ വരട്ടെ എന്റെ ഇടം അടുക്കള തന്നെയാണ്‌.ഞാന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാര്യം മനസിലാകാതെ ദാസേട്ടന്‍ അവരെ ഡയനിംഗ്‌ ഹാളിലിരുത്തി.എന്റെടുക്കലേക്കോടിവന്ന്‌ എന്നോട്‌ പിന്നെ വറക്കാം അവര്‍ക്കെന്തോ ചോദിക്കാനുണ്ടത്രേ എന്നു പറഞ്ഞു.ഇതങ്ങനെ പിന്നെ വറത്താലൊന്നും ശരിയാകില്ല ഇപ്പം തന്നെ സമയമൊരുപാടായി.ഞാന്‍ മുന്നോട്ടു പോകാന്‍ തയ്യാറാകുന്നില്ലെന്നു കണ്ടപ്പോള്‍ ദാസേട്ടന്‍ എന്റെ കൈയ്യില്‍ നിന്നും ചട്ടുകം വാങ്ങി.ഇങ്ങ്‌ താ.... ഒരു കൊഴപ്പോംല്ലാതെ ഞാന്‍ വറുത്തോളാം ഒന്ന്‌ ദയവു ചെയ്‌ത്‌ ചെല്ല്‌.ദാസേട്ടന്‍ അടക്കം പറഞ്ഞു കാര്യങ്ങള്‍ പന്തിയല്ലെന്നുകണ്ട്‌ ടി.വി ഓഫ്‌ ചെയ്‌ത്‌ പുരുഷുവും അടുക്കളയിലെത്തി.തേങ്ങ വറുക്കാന്‍ ദാസേട്ടനെ ഏല്‍പിച്ച്‌ ഞാന്‍ ഡയനിംഗ്‌ ഹാളിലെത്തി. അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട്‌ ഞാന്‍ പറഞ്ഞു.വന്ന കാര്യം പറയണം എനിക്കിന്നൊരു ഗസ്റ്റുണ്ട്‌ ഞാന്‍ നല്ല തിരക്കിലാണ്‌.എന്റെ സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രകടിപ്പിച്ച നീരസം അവരെ നന്നായി അലോസരപ്പെടുത്തി."ഓന്‍ കാട്യേത്‌ തെറ്റ്‌ തന്ന്യാ...... ഞങ്ങള്‌ മാടക്കരേന്ന്‌ ഇത്ര നേരോം അതിനെപ്പറ്റി തന്ന്യായിനു പറഞ്ഞോണ്ടിരുന്നത്‌.മര്യാദെതന്നെ ചോദിക്കാന്‍ എന്തെല്ലം വഴിണ്ട്‌
"അബ്ദുള്ളക്കാ..... ഇതെന്റെ നാടാണ്‌. എവിടുന്നോ വന്ന ഒരുത്തന്‍ എന്ത്‌ ധൈര്യത്തിലാ എന്നെ തടഞ്ഞത്‌? അവനതിനുള്ള പിന്‍ബലം എവിടുന്നാ കിട്ടിയത്‌ ?(എന്നെ തടഞ്ഞു ചോദ്യം ചെയ്‌തആള്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു)എന്തായാലും ഇതൊറ്റവള്ളിക്കൊന്നും ഞാന്‍ വിടില്ല.ഞാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ മാടക്കരയിലൂടെ ഏതു സമയത്തും സഞ്ചരിക്കുന്ന ഒരാളാണ്‌.നാളെയും ഇവനൊന്നും ഇതുപോലത്തെ പോക്കിരിത്തരം കാണിക്കില്ലെന്നെന്താണിത്ര ഒറപ്പ്‌ ? "ഇനി അങ്ങനൊരു സംഭവം ഉണ്ടാകില്ല.അത്‌ ഞങ്ങളുറപ്പുതരാം. പക്ഷേ ഞങ്ങള്‌ പറയുന്നതും വിനയ ഒന്ന്‌ മനസിലാക്കണം." ഉത്തരത്തിനായി അവര്‍ എന്നെ നോക്കി.
"എന്താണത്‌?"
"ഒരു കുടുംബാവുമ്പം പ്രശ്‌നങ്ങളുണ്ടാകും.നമ്മള്‌ ആ പ്രശ്‌നം തീര്‍ക്കാനാണ്‌ നോക്കണ്ടത്‌ അല്ലാതെ അതു വലുതാക്കാനല്ല...........എന്നുതുടങ്ങി അവരൊരു ഉപദേശത്തിന്റെ ശൈലി ആരംഭിച്ചപ്പോള്‍ തന്നെ ഞാന്‍ തടഞ്ഞു."ആലിക്കാ................. എന്നെ വിളിക്കുന്നോരോടും എന്റെടുത്ത്‌ വരുന്നോരോടും ഞാന്‍ എന്തു പറയണം എന്ന്‌ നിങ്ങളെന്നെ പഠിപ്പിക്കണ്ട. എന്നെ വിളിക്കുന്ന സ്‌ത്രീകളോടും എന്റെ വീട്ടില്‍ വരുന്ന സ്‌ത്രീകളോടും എന്റെടുത്ത്‌ വരണ്ട എന്നോ എന്നെ വിളിക്കണ്ട എന്നോ്‌ നിങ്ങള്‍ക്കു പറയാം അതിലെനിക്ക്‌ ഒരെതിര്‍പ്പും ഇല്ല"
"അതെങ്ങനാ ഞങ്ങള്‌ പറയാ...... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ.....?" അവര്‍ പരസ്‌പരം നോക്കി ചിരിച്ചു.
"എന്റെ വീട്ടില്‍ വരുന്നവരോടും എന്റെ ഫോണില്‍ എന്റെ ഉപദേശം തേടുന്നവരോടും ഞാന്‍ എനിക്കു തോന്നിയതു തന്നെ പറഞ്ഞുകൊടുക്കും.അതിലൊന്നും വേലികെട്ടാന്‍ ഈ ജന്മത്തിലാര്‍ക്കും പറ്റില്ല." മണിക്കൂറുകള്‍ക്കുമുമ്പു മാത്രം നടന്ന സംഭവത്തിന്റെ തീഷ്‌ണത എന്നില്‍ നിന്നും വിട്ടു മാറിയട്ടേയില്ലായിരുന്നു.
"വിനയേ സമാധാനപ്പെട്‌ ഇതാ ഈ ചായ കുടിക്ക്‌ "എന്നു പറഞ്ഞ്‌ ദാസേട്ടന്‍ ഒരു പ്ലേറ്റില്‍ മൂന്നു ഗ്ലാസ്‌ കട്ടന്‍ ചായയുമായെത്തി. എന്റെ മനസ്‌ അപ്പോഴേക്കും കുറച്ച്‌ തണുത്തു.ചായകടിച്ചു കഴിഞ്ഞ്‌ സമയം കൊറേആയല്ലോ വിരുന്നുകാരൊക്കെ ഉള്ളതല്ലേ ഞങ്ങള്‌ ശല്യപ്പെടുത്തുന്നില്ല.ഞങ്ങളിറങ്ങട്ടെ അതൊന്നുമത്ര കാര്യാക്കണ്ട............ എന്നു പറഞ്ഞുകൊണ്ടവരിറങ്ങി.ഇപ്പോഴും ഓണത്തിന്‌ പായസവും,പെരുന്നാളിന്‌ അപ്പവും കൈമാറി ഒരു സ്‌പര്‍ദ്ദയുമില്ലാതെ ഞങ്ങള്‍ ജീവിക്കുന്നു.നല്ല അയല്‍പക്കക്കാര്‍ തന്നെയായി.

Saturday, August 22, 2009

എന്നു പറയാന്‍ കഴിയുമോ......?

എന്നു പറയാന്‍ കഴിയുമോ......?
കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ ഒരു ചടങ്ങില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്ന ഞാന്‍.ക്ലാസ്സുകള്‍ക്കിടയില്‍ ഒരു യുവാവ്‌ എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു." വിനയ........... താങ്കള്‍ കുറേക്കാലമായല്ലോ ഇതുപോലെ നടക്കാന്‍ തുടങ്ങിയിട്ട്‌.എന്നിട്ടും ഒരാളെയെങ്കിലും നിങ്ങളെപ്പോലാക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ ? അതിനുപോലും കഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ഉദ്യമം പരാജയമല്ലേ"?
ഉത്തരം- മഹാനായ ഗാന്ധിജി വര്‍ഷങ്ങളോളം ഒരു നേരിയ മുണ്ടുമാത്രം ധരിച്ചുകൊണ്ട്‌ ഈ ലോകം മുഴുവന്‍ ചുറ്റി. അവസാന നിമിഷത്തില്‍ പോലും ഒരാളെയെങ്കിലും ഒറ്റമുണ്ട്‌ ധരിപ്പിച്ചുകൊണ്ട്‌ ഗാന്ധിജിയുടെ പുറകില്‍ നിര്‍ത്താന്‍ ഗാന്ധിജിക്കു കഴിഞ്ഞോ............... ? ഇല്ലല്ലോ..... എന്നുവെച്ച്‌ ഗാന്ധിജിയുടെ ഉദ്യമം പരാജയമാണെന്നു പറയാന്‍ കഴിയുമോ

Friday, August 21, 2009

കുഞ്ഞി പ്രശ്‌നം

കുഞ്ഞി പ്രശ്‌നം
തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയില്‍ ഏറെ കഷ്ടപ്പെട്ട്‌ രണ്ടു ദിവസത്തെ ലീവെടുത്താണ്‌ ഒരു സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഞാന്‍ തലശ്ശേരിയിലെത്തുന്നത്‌.സിനിമയുടെ മേഖലയില്‍ എനിക്കെന്തെല്ലാം ചെയ്യാനാകും എന്നത്‌ ഒന്നു വിലയിരുത്തുക കൂടി ചെയ്യാമല്ലോ എന്ന സുഹൃത്തുക്കളുടെയെല്ലാം ശക്തമായ പിന്തുണകൂടിയായപ്പോള്‍ ഒന്നുചെന്നു സംസാരിച്ചുനോക്കാം എന്ന്‌ ഞാനും തീരുമാനിച്ചു.ചര്‍ച്ചക്കായി എന്റെ പുസ്‌തകങ്ങള്‍,പല ഡയമെന്‍ഷനില്‍ ഞാന്‍ കളക്‌റ്റ്‌ ചെയ്‌ത പത്ര കട്ടിംങ്ങുകള്‍,സി.ഡി, തുടങ്ങി ഒരു സ്യൂട്ട്‌കേസു നിറയെ ചര്‍ച്ചയുമായി ബന്ധപ്പെട്ട രേഖകളുമായി ഏകദേശം രാവിലെ പതിനൊന്നു മണിയോടെ ഞാന്‍ എന്നെ വിളിച്ച ഡയറക്ടര്‍ താമസിക്കുന്ന വലിയ ടൂറിസ്റ്റ്‌ ഹോമിലെത്തി.എന്നെ ഔപചാരികമായി സ്വീകരിച്ച അദ്ദേഹം എന്നോടായി
“മേഡം ധൃതിയില്ലല്ലോ............” എന്നു ചോദിച്ചു.ഇല്ല ഒട്ടും ധൃതിയില്ല.ഫോണില്‍ സംസാരിച്ചതുപോലുള്ള എല്ലാ ഡോക്യുമെന്‍‌സും എടുത്തിട്ടുണ്ട്‌."
ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ മറുപടി പറഞ്ഞു.ഏകദേശം ഒരു മണിയോടെ ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചു.ഇതിനിടയിലെല്ലാം എന്നോട്‌ വളരെ മന്യമായി തന്നെ "മേഡം ഒരാളുപോലും നമ്മെ ശല്യപ്പെടുത്തുന്നില്ല.സിനിമയുടെ ലോകം അങ്ങിനെയാണ്‌. സാധാരണക്കാര്‍ക്ക്‌ ചിന്തിക്കാനാകാത്ത ദന്തഗോപുരമാണത്‌‌.മേഡത്തിന്റെ എല്ലാ സ്വപ്‌നങ്ങളും സിനിമയിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്കു കഴിയും. എന്റെ വര്‍ക്കില്‍ ഇനിയുള്ള കാലം മേഡത്തിന്റെ സഹായവും സഹകരണവും ഉണ്ടാകണം. ഞാന്‍ പത്രങ്ങളില്‍ ധാരാളം വായിച്ചിട്ടുണ്ട്‌........................................................ അങ്ങിനെ ഏറെ ബഹുമാന പുരസ്സരം പേപ്പറുകളും രേഖകളും പരിശോധിക്കുന്നതിനിടയില്‍ അയാള്‍ എന്നോട്‌ സംസാരിച്ചു. അപ്പോഴേക്കം സമയം ഒരു ഏഴുമണിയായിട്ടുണ്ടാകും.ഏകദേശം രണ്ടു മണിക്കൂറോളം വായിക്കാനുള്ള സി.ഡി നോക്കുവാന്‍ മുറിയില്‍ കംപ്യൂട്ടറില്ലാത്തതിനാല്‍ പിറ്റേന്നു രാവിലെ ടൗണിലെ കംപ്യൂട്ടര്‍ സെന്റെറില്‍ പോയി ആ വര്‍ക്കു കൂടി കഴിഞ്ഞ്‌ തിരിക്കാമെന്ന്‌ ഞാന്‍ തീരുമാനിച്ചു.പിന്നീട്‌ അയാള്‍ ചെയ്‌ത സിനിമയും പുതിയ സിനിമയില്‍ എനിക്കായി രൂപപ്പെടുത്തിയ കഥാപാത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും വിവരിച്ചുകൊണ്ട് സ്‌ക്രിപ്‌റ്റ്‌ എന്നെ കാണിക്കുകയും ഞാനത്‌ വായിച്ച് ഗൗരവമായി സംസാരിക്കുകയും ചെയ്‌തു.ഇടക്ക്‌ പലപ്പോഴും ഗൗരവം പോയി ബാല്യകാലങ്ങളും സിനിമാഫലിതങ്ങളും എന്റെ പ്രവേശനവും ഉദയനാണ്‌ താരത്തിലെ ശ്രീനിവാസന്റെ റോളും മറ്റും പറഞ്ഞ്‌ ഞങ്ങള്‍ പൊട്ടിചിരിച്ചു.രാത്രി പത്തു മണിയായപ്പോഴേക്കും എനിക്ക്‌ വല്ലാത്ത ഉറക്കം വന്നു.ഏകദേശം രണ്ടായിരം രൂപയിലധികം വാടക തോന്നിക്കുന്ന വിശാലമായ കട്ടിലുള്ള മറ്റൊരു മുറികൂടി എനിക്കു വേണ്ടി എടുപ്പിക്കുന്നത്‌ അന്യായമാണെന്നു തോന്നിയതുകൊണ്ട്‌ ഞാന്‍ മറ്റൊരു മുറിക്കു വേണ്ടി ആവശ്യപ്പെട്ടില്ല.പിന്നീടുണ്ടാകുന്ന സ്വാഭാവികമായ ചലനം എനിക്കറിയാവുന്നതു കൊണ്ടു തന്നെ "ഹലോ സര്‍ നല്ല ക്ഷീണമുണ്ട്‌ ശല്യപ്പെടുത്തരുത്‌. ഞാനിവിടെ ഉറങ്ങുന്നതില്‍ നിങ്ങള്‍ക്കെന്തെങ്കിലും ്‌അസ്വസ്ഥതയുണ്ടെങ്കില്‍ മറ്റൊരു മുറികൂടി എടുക്കാം" നോ..... നോ അതിന്റെ ആവശ്യമില്ല .കക്ഷി അത്ര മര്യാദക്കാരനൊന്നുമായിരുന്നില്ലെങ്കിലും ബെഡ്‌റൂമിനോടു ചേര്‍ന്ന വരാന്തക്കും ബെഡ്‌റൂമിനോളം വലിപ്പവും സൗകര്യവും ഉണ്ടായിരുന്നു എന്നത് ഞാന്‍ ആദ്യമേ നോക്കി വെച്ചിരുന്നു..എനിക്ക്‌ അസ്വസ്ഥത തോന്നിയ നിമിഷം അലമാരയില്‍ നിന്നും ഷീറ്റുമെടുത്ത്‌ ഞാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നോട്‌ ക്ഷമാപണം നടത്തി ആ ഉദ്യമത്തില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.പിന്നെ ഒരു ശല്യവുമില്ലാതെ സ്വസ്ഥമായും സമാധാനമായും ഞാനുറങ്ങി.പിറ്റേന്നു രാവിലെ തന്നെ സി.ഡി യുടെ കോപ്പിയെടുക്കാന്‍വേണ്ടി എട്ടു മണിയോളം കാത്തിരുന്നു .മടക്കയാത്രയുടെ ഭാഗമായി ഞാന്‍ പേപ്പറുകളും പുസ്‌തകങ്ങളും വസ്‌ത്രങ്ങളും ഒതുക്കി വെക്കുമ്പോള്‍ അയാള്‍ എന്നോടായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു" വിനയാ................ ഇവിടുള്ള മറ്റ്‌ ആര്‍ട്ടിസ്റ്റുകള്‍ക്കും സ്റ്റാഫിനുമെല്ലാം എന്തെങ്കിലും തോന്നിയിട്ടുണ്ടാകും " "എന്തിന്‌ ?" സിഡിയുടെ കവര്‍ തിരഞ്ഞുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"സാധാരണ female artist വന്നാല്‍ കൂടെ അമ്മയോ, അച്ഛനോ, ഭര്‍ത്താവോ അങ്ങനെ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കൂടെയുണ്ടാകും.മാത്രമല്ല അവര്‍ സെപ്പറേറ്റ്‌ റൂമിലുമായിരിക്കും. പിന്നെ നല്ല നല്ല റോളിനു വേണ്ടി കൂടെയുള്ള മാരണങ്ങളെ ഒക്കെ ഉറക്കീട്ടുവേണം ആ പാവത്തിനൊന്ന്‌ സംവിധായകന്റെ മുറിയിലെത്താന്‍." അതും പറഞ്ഞ്‌ അയാള്‍ പൊട്ടിപൊട്ടി ചിരിച്ചു.
"ഓഹോ അത്രക്ക്‌ വെലപിടിപ്പുള്ള മുറിയിലായിരുന്നോ ഞാന്‍ ഒറ്റക്ക്‌ കിടന്നത്‌ " എന്ന്‌ ചോദിച്ചുകൊണ്ട്‌ അപ്പോഴേക്കും ടീപ്പോയക്കടിയില്‍ കിടന്ന സി.ഡി കവര്‍ എടുത്ത്‌ അതില്‍ സി.ഡി ഇട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
"വിനയയെന്താ... സീരിയസാകാത്തത്‌? ഇവിടുള്ളവര്‍ക്കെല്ലാം വിനയയെ നന്നായിട്ടറിയാം.ഇന്നലെ രാത്രി ഇതിനുള്ളില്‍ എന്തു നടന്നു എന്ന്‌ നമ്മുക്കല്ലാതെ ആര്‍ക്കും അറിയില്ല.ഒരാണും പെണ്ണും ചേര്‍ന്നാല്‍ എന്ത്‌ നടക്കും എന്ന്‌ എല്ലാവര്‍ക്കും അറിയാം. അവരത്‌ പുറത്തു പറഞ്ഞാല്‍ വിനയയുടെ ഗതിയെന്താകും................... ? അയാള്‍ ഗൈരവത്തോടെ എന്നെ നോക്കി."ഓ..... അതാണോകാര്യം ഇത്തരം കുഞ്ഞി പ്രശ്‌നങ്ങളോന്നും ഞാന്‍ സീരിയസ്സാക്കാറേയില്ല."അയാളുടെ ചമ്മല്‍ മറച്ചുവെക്കാനായി ഞാന്‍ എഴുതിയ എന്റെ രണ്ടു പസ്‌തകങ്ങള്‍ 1-എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര 2-നീ പെണ്ണാണ്‌ -കവിതാ സമാഹാരം എന്നിവ കൈയ്യിലെടുത്ത്‌ ഇതിവിടെ വെക്കട്ടെ അടുത്ത വരവിനു തരാം എന്നു പറഞ്ഞ്‌ മാറ്റി വെച്ചു.രാവിലെ 9 മണിയോടെ അവിടുള്ള ആര്‍ട്ടിസ്‌റ്റുകളോടും മറ്റും യാത്ര പറഞ്ഞ്‌ ഞാന്‍ തിരിച്ചു.

Wednesday, August 19, 2009

ഏമാന്‍

ഏമാന്‍
‍പിച്ച നല്‌കും തെണ്ടിയും
ഏമാന്‍ തന്നെ ആ നിമിഷം

Saturday, August 15, 2009

സീമന്തരേഖ

സീമന്തരേഖ

നിയമപരമായി വിവാഹമോചനം നേടിയ ശേഷവും തുടര്‍ച്ചയായി സീമന്തരേഖ വരച്ചു മാത്രം ഓഫീസില്‍ പോകന്ന എനിക്ക്‌ കണ്ടു പരിചയമുള്ള സ്‌ത്രീയോട്‌ ഒരിക്കല്‍ ഒരു ബസ്‌ യാത്രക്കിടയില്‍ സാഹചര്യം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു." ചേച്ചി...... ഡൈവോഴ്‌സ്‌ കഴിഞ്ഞിട്ടും ചേച്ചിയെന്തിനാ സീമന്ത രേഖ വരക്കുന്നത്‌" ?"അതിനെന്താ..."? അവര്‍ ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി."സീമന്തരേഖ വരക്കുന്നത്‌ ഭര്‍ത്താവിനു വേണ്ടിയല്ലേ...."?"എന്നാരു പറഞ്ഞു "?ഞാന്‍ എന്റെ മനസ്സിലെ പുരുഷനുവേണ്ടിയാണ്‌ ഇതു വരക്കുന്നത്‌ " അവര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു

സീമന്തരേഖക്ക്‌ അങ്ങനേയും ഒരര്‍ത്ഥമുണ്ടോ എന്ന്‌ മനസ്സില്‍ ചോദിച്ച്‌ ഞാന്‍ മിണ്ടാതിരുന്നു.

നല്ലവള്‍

നല്ലവള്‍
തുടര്‍ച്ചയായി അടിച്ച മൊബൈല്‍ ഫോണിനു മറുപടി പറയാനായി വണ്ടി നിര്‍ത്തി ഒട്ടും താത്‌പര്യമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.എതിര്‍ സൈഡില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിള്‍ എന്റെടുത്തായി നിര്‍ത്തി.അയാള്‍ ഹെല്‍മെറ്റെടുത്ത്‌ എന്റെടുക്കലെത്തി ഭവ്യതയോടെ എന്നോടെന്തോ പറയാനായി എന്നെത്തന്നെ നോക്കി നിന്നു.ഞാന്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌തു."എന്തേ............. മനസിലായില്ല."ഞാന്‍ കാര്യം തിരക്കി."സാറെ ഞാന്‍ മുമ്പൊരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്‌.ഒന്നു രണ്ടു പ്രവശ്യം ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്‌." അയാള്‍ മുഖവുരയായിട്ടു പറഞ്ഞു."ok ഇപ്പോഴെന്താണു കാര്യം" ഞാന്‍ അയാളുടെ ശങ്കയകറ്റി."അന്നു ഞാന്‍ ഒരു ലതികേച്ചിയുടെ കാര്യം ഫോണിലൂടെ കുറേ നേരം സംസാരിച്ചിരുന്നു.... " അയാള്‍ എന്നെ ത്തന്നെ ഉറ്റുനോക്കി. "ആ..... പച്ച കുത്തിയ ലതികേച്ചി." എനിക്കു പെട്ടന്നോര്‍മ്മ വന്നു. ആ..... അവര്‍ നിങ്ങളുടെ ആരാണ്‌.........? ശീലിച്ച ശൈലിയില്‍ ഞാന്‍ ചോദിച്ചുപോയി."എന്റെ വലിയമ്മയുടെ മകളാണ്‌.സാറിനിപ്പം സൗകര്യപ്പെടുമോ......"? ഒന്നവിടം വരെ പോകാനാ....... സമയം വൈകിട്ട്‌ ആറരമണി കഴിഞ്ഞിരിക്കുന്നു. എന്റെ വീട്ടില്‍ പോകുന്ന വഴിയില്‍ തന്നെയായതുകൊണ്ടും എന്തോ അത്യാവശ്യം എന്നെക്കൊണ്ട്‌ അവര്‍ക്കുണ്ടെന്നു തോന്നിയതുകൊണ്ടും ഞാന്‍ സമ്മതിച്ചു. അയാള്‍ വണ്ടി തിരിച്ചു.ഏകദേശം അഞ്ചു കിലോമീറ്റര്‍ അയാള്‍ തിരിച്ച്‌ വണ്ടിയോടിക്കണം. ഞങ്ങള്‍ ആ സ്‌ത്രീയുടെ വീട്‌ ലക്ഷ്യമാക്കി യാത്രയായി. മെയിന്‍ റോഡില്‍ നിന്നും അവരുടെ വീട്ടിലേക്ക്‌ തിരിയുന്ന റോട്ടില്‍ അയാള്‍ മുന്നിലും ഞാന്‍ പിന്നിലുമായി വണ്ടി തിരിച്ചു.ആ ജംഗ്‌ഷനില്‍ നിന്നും വണ്ടിക്കു പിറകേ ആളുകള്‍ എത്തി നോക്കുന്നത്‌ കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.മുന്നിലും പുറകിലുമായി അവരുടെ ഗേറ്റിനു മുന്‍വശം ഞങ്ങള്‍ വണ്ടി നിര്‍ത്തി.അയാള്‍ കോളിംഗ്‌ ബെല്ലമര്‍ത്തി.അല്‌പസമയത്തിനുള്ളില്‍ അവര്‍ വാതില്‍ തുറന്നു "ആ............... വിനയ എവിടുന്നു കിട്ടി ഗിരീ.............. " എന്നു പറഞ്ഞ്‌ അവര്‍ ഞങ്ങളെ ഇരിക്കാന്‍ ക്ഷണിച്ചു."ആ............ എന്താ ലതികേച്ചീ അന്ന്‌ ഫോണിലൂടെ പറഞ്ഞിട്ട്‌ ഒന്നും മനസിലായില്ല.ഒരു ദിവസം ഗിരിയും വിളിച്ചിരുന്നു."ഞാന്‍ കാര്യമറിയാന്‍ തിടുക്കം കൂട്ടി. അവര്‍ വിഷയത്തിലേക്കു കടന്നു.മുകുന്ദേട്ടന്‍ മരിച്ചിട്ടിപ്പോ എട്ടു വര്‍ഷായി .ഇപ്പം രണ്ടു വര്‍ഷായി കുട്ടികള്‍ രണ്ടാളും ജോലിക്കായി പുറത്തും. ഇവിടേക്ക്‌ ഒരാക്കും വരാമ്പറ്റൂല .ആരു വന്നാലും കൂറച്ചു ചെറുപ്പക്കാര്‌ ഗെയിറ്റിനു മുന്നിലൂടെ നടക്കും .തിരിച്ചു പോകുമ്പോ അവരെ ചോദ്യം ചെയ്യാ. വളരെ ചെറിയ പയ്യന്‍മാരാ.... മോ്‌ന്റെ ഒന്നിച്ച്‌ പഠിച്ച ഒരുത്തനൂണ്ട്‌ അക്കൂട്ടത്തില്‍.ഞാന്‍ വിനയക്ക്‌ ഫോണ്‍ ചെയ്‌തതിന്റെ പിറ്റേ ദിവസം പേരാമ്പ്രയുള്ള എന്റെ ഇളയച്ഛന്‍ മരിച്ചിട്ട്‌ ഞാന്‍ പോയിരുന്നു. പിന്നെ സഞ്ചയനം കഴിഞ്ഞാണ്‌ വന്നത്‌. തിരികെ ഒറ്റക്ക്‌ പോകണ്ട എന്നും പറഞ്ഞ്‌ എന്റെ ചേച്ചിയുടെ മകനും എനിക്കു കൂട്ടു വന്നു.ഞങ്ങള്‍ രാത്രി പത്തു മണിക്കാണ്‌ ഇവിടെ ബസ്സിറങ്ങിയത്‌.പിറ്റേന്ന്‌ രാവിലെ ഭക്ഷണവും കഴിച്ച്‌ അവന്‍ പോകുകയും ചെയ്‌തു.അന്ന്‌ ഉച്ചകഴിഞ്ഞ്‌ ഞാന്‍ കൃഷിഭവനില്‍ പോകുമ്പോള്‍ ടൗണില്‍ വെച്ച്‌ മുഹമ്മദിക്ക എന്നോട്‌ ഇങ്ങനെ പറഞ്ഞുഇന്നലെ ഇബടെള്ള ചെക്കമ്മാരൊക്കേം കൂടി ഇങ്ങളെ വീട്‌ വളഞ്ഞീനു, വെറുതെ ഇങ്ങളെ നാണം കെടുത്തരുത്‌ന്നും പറഞ്ഞ്‌ ഞാനൊഴിവാക്കിയതാ ന്ന്‌" അവര്‍ അത്ഭുതത്തോടും പകയോടും എന്നെ നോക്കി.എന്തിനാ അവര്‍ വീടു വളഞ്ഞത്‌. ഞാന്‍ എന്റെ ആകാംഷ മറച്ചു വെച്ചില്ല."വേറെന്തിനാ................ ഞാന്‍ പോക്കാ.............. എന്ന്‌ പറയിക്കാന്‍""നിങ്ങള്‌ പോലീസില്‍ പരാതി പറഞ്ഞോ""ഇല്ല""നിങ്ങള്‌ കുട്ടികളെ അറിയിച്ചോ.................""അറിയിച്ചു.അവര്‍ക്കു രണ്ടാക്കും ഒരേ അഭിപ്രായാ ആരേം അറിയിക്കണ്ട നാണക്കേടാണെന്നാ അവരു പറയുന്നത്‌ അതോണ്ടാ പോലീസിലും അറിയിക്കാത്തത്‌ ".നല്ല കുട്ടികള്‍.ആരുമില്ലാതെ തനിച്ചു ജീവിക്കുന്ന അമ്മക്കു വേണ്ടി ഫോണ്‍ മുഖേനെപ്പോലും ഒരാശ്വാസം കൊടുക്കാതെ അവര്‍ക്കു നാണക്കേടാണ്‌ എന്നു പറഞ്ഞ്‌ എന്തെങ്കിലും ആയിക്കോട്ടെ എന്ന അവസ്ഥയില്‍ സ്വന്തം അമ്മയെ തള്ളിയിട്ട്‌ അവരെ പ്രതിസന്ധിയില്‍േ ആക്കി എങ്ങിനെ അവര്‍ സ്വസ്ഥമായിട്ടിരിക്കുന്നു."എന്താ ലതികേച്ചി ഉദ്ദേശിക്കുന്നത്‌ " എനിക്കും ക്ഷമകെട്ടു." സാറേ സാറെന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കി തരണം. മുമ്പ്‌ രണ്ടു പ്രാവശ്യം ഈ അഷറഫ്‌ വാതിലു മുട്ടി എന്നും പറഞ്ഞ്‌ ലതിയേച്ചി വീട്ടിലേക്ക്‌ വിളിച്ചു.ആളെ കൃത്യമായിട്ട്‌ അറിഞ്ഞസ്ഥിതിക്ക്‌ എന്താ പരാതി കൊടുത്താല്‌.എല്ലാ ദിവസവും ഞങ്ങള്‍ക്ക്‌ വരാന്‍ പറ്റോ.ഇവരെപ്പറ്റി പറഞ്ഞ്‌ ഞങ്ങള്‍ക്കെന്നും വിഷമാ..... പരാതി കൊടുക്കാന്‍ പറഞ്ഞാ ചേച്ചിയൊട്ട്‌ കൊടുക്കുന്നുമില്ല.മക്കള്‍ക്ക്‌ അവരെ കാര്യം എന്നല്ലാതെ യാതൊരു ബാധ്യതയുമുണ്ടെന്ന്‌ എനിക്കു തോന്നീട്ടില്ല." അയാള്‍ ഒറ്റ ശ്വാസത്തില്‍ അയാളുടെ അവസ്ഥ പറഞ്ഞു."ലതികേച്ചീ................ പോലീസ്‌ സ്‌റ്റേഷന്‍ അത്രക്ക്‌ മോശപ്പെട്ട സ്ഥലമൊന്നുമല്ല. ഇപ്പോഴത്തെ എസ്‌.ഐ നല്ല മനുഷ്യനാണ്‌.എത്രയും പെട്ടന്ന്‌ നിങ്ങള്‍ സ്റ്റേഷനില്‍ വന്നൊരു പരാതി തരണം. ബാക്കിയെല്ലാം പിന്നെ. ""അതൊക്കെ മോശല്ലേ...................... "അവര്‍ പിന്നേയും നിസ്സഹായതയോടെ എന്നെ നോക്കി."ലതികേച്ചീ നിങ്ങളിതുവരെ സ്‌റ്റേഷനിലൊന്നും പോയിട്ടില്ല.എന്നിട്ടും നിങ്ങള്‌ നല്ലവളാണെന്ന്‌ നാട്ടുകാര്‍ കരുതീട്ടില്ല. (മുപ്പതു മീറ്റര്‍ മാറിയുള്ള ജംഗ്‌ഷനില്‍ നിന്നും മാറിമാറി ആളുകള്‍ എത്തിനോക്കുന്നത്‌ കോലായിലിരിക്കുന്ന ഞങ്ങള്‍ക്ക്‌ കാണാമായിരുന്നു.)നിങ്ങളൊന്ന്‌ മനസ്സിലാക്കുക നിങ്ങളെക്കൊണ്ടാരും നല്ലതു പറയുന്നില്ല.ആരും നല്ലതു പറയുകയും വേണ്ട.പക്ഷേ നിങ്ങള്‍ കാശു മുടക്കി കഷ്ടപ്പെട്ടുണ്ടാക്കിയ നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്ക്‌ ഒരുത്തരുടെയും ശല്യമില്ലാതെ മനസ്സമാധാനത്തോടെ കിടന്നുറങ്ങണം. അതിന്‌ നിങ്ങള്‍ കുറച്ച്‌ റിസ്‌കെടുത്തേ മതിയാകൂ.പോലീസും ഇവിടുള്ള നല്ലവരായ ആളുകളും നിങ്ങള്‍ക്കൊപ്പമുണ്ട്‌ ".അയല്‍പക്കത്തുള്ള രണ്ടു സ്‌തീകള്‍ അവര്‍ക്ക്‌ കൂട്ടു കിടക്കാന്‍ ഈയിടെയായി വരുന്നുണ്ടെന്ന്‌ സംസാരമധ്യേ അവര്‍ സൂചിപ്പിച്ചിരുന്നു.ഏകദേശം എട്ടുമണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നും തിരിച്ചു."ഇപ്പം ധൈര്യായോ........................... " ഇറങ്ങാന്‍ നേരം മനസമാധാനത്തിനായി ഞാന്‍ അവരോടു ചോദിച്ചു."രണ്ടീസത്തിനുള്ളില്‍ ഞാന്‍ സ്‌റ്റേഷനില്‍ വരാം" എങ്ങും തൊടാതെയുള്ള അവരുടെ മറുപടി കേട്ട്‌ ചിരിച്ചുകൊണ്ട്‌ അവിടെനിന്നും ഇറങ്ങുകയല്ലാതെ എനിക്ക്‌ മറ്റു നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല.

Wednesday, August 12, 2009

എന്തൊരു ധാര്‍ഷ്ട്യം.................. !കോടതിയിലെ ഒരു ചിലവു കേസിന്റെ രണ്ടാമത്തെ അവധി. ഭര്‍ത്താവിനോടായി കോടതി "പണം കൊണ്ടു വന്നിട്ടുണ്ടോ............... "ഭര്‍ത്താവ്‌ "ഉണ്ട്‌ ഇതാ............."അയാള്‍ കൈയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചി കാണിച്ചുകൊണ്ടു പറഞ്ഞു. "എന്താണിത്‌ " കോടതി"കൊടുക്കാനുള്ള പണമാണ്‌.""എത്രയുണ്ട്‌ ""1000 രൂപ""ആ............. അതെണ്ണി തിട്ടപ്പെടുത്തി രേഖപ്പെടുത്തി അവര്‍ക്കു കൊടുത്ത ശേഷമേ നിങ്ങള്‍ പോകാവൂ" കോടതി(ആയിരം രൂപക്കുള്ള നോട്ടുകള്‍ക്കു പകരം ഏറെ കഷ്ടപ്പെട്ടിട്ടാകണം അത്രക്ക്‌ ചില്ലറ പൈസകള്‍ അയാള്‍ സംഘടിപ്പിച്ചത്‌.അത്‌ എണ്ണി തിട്ടപ്പെടുത്തേണ്ട ബാധ്യത കോടതി അയാള്‍ക്കു തന്നെ നല്‌കിയില്ലായിരുന്നെങ്കില്‍ അങ്ങിനേയും ആ സ്‌ത്രീയെ അപമാനിക്കാമായിരുന്നല്ലോ.)

Wednesday, August 5, 2009

നാം ഇത്ര ദരിദ്രരോ...........................?

നാം ഇത്ര ദരിദ്രരോ...........................?
കാര്‍ഗിലില്‍ വെച്ച്‌ നീന്തല്‍ പരിശീലിപ്പിക്കുന്നതിനിടയിലോ മറ്റോ മരിച്ച ജവാന്റെ മൃതദേഹം അഞ്ചു ദിവസത്തിനു ശേഷമാണ്‌ അയാളുടെ വീട്ടിലെത്തിക്കാന്‍ സാധിച്ചത്‌.....................?ബോഡിക്ക്‌ അകമ്പടി പോയതു കൊണ്ട്‌ എനിക്കും അയാളുടെ വീട്ടില്‍ പോകാനായി.ശവപ്പെട്ടി തുറക്കാന്‍ പറ്റില്ലെന്ന്‌ കൂട്ടത്തില്‍ വന്ന പട്ടാളക്കാര്‍ വീട്ടുകാരോട്‌ പറയുന്നുണ്ടായിരുന്നു.അമ്മയുടേയും കൂടപ്പിറപ്പായ അനിയന്റേയും നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ ആ പെട്ടി ഏറെ കഷ്ടപ്പെട്ട്‌ പതുക്കെ ഒന്നു തുറന്നു.ധീര ജവാന്റെ ശരീരം ഒരു നോക്കു കാണാനെത്തിയവരും കൂടപ്പിറപ്പും അമ്മയും എല്ലാം ഒരു പോലെ മൂക്കു പൊത്തി പിടിച്ചുപോയി .ആ നാറ്റം അത്രക്ക്‌ അസഹനീയമായിരുന്നു.വീണ്ടു കെട്ടിവെച്ച ആ പെട്ടി പിന്നീട്‌ ആര്‍ക്കുവേണ്ടിയും തുറന്നില്ല.തലയുടെ ഭാഗത്ത്‌ ആ കരുത്തനായ രാജ്യസ്‌നേഹിയുടെ ഒരു ഫോട്ടോ പതിച്ചിരുന്നു.നാടിനു കാവല്‍ നില്‌ക്കാന്‍ വേണ്ടിയുള്ള പലതരം പരിശീലനങ്ങളിലൊന്നാണ്‌ നീന്തലും.മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനിടയിലാണ്‌ ആ പാവത്തിന്‌ അപകടം പിണഞ്ഞത്‌.മരണം അതെപ്പോഴും സംഭവിക്കാം. ഈ സത്യത്തെ മുന്‍കൂട്ടി കാണാന്‍ വലിയ പട്ടാള ബുദ്ധിയൊന്നും വേണ്ട.മൂന്നും നാലും മാസം പഴക്കമുള്ള ശവശരീരങ്ങള്‍ യാതൊരു കോട്ടവും തട്ടാതെ നാട്ടിലെത്തുന്നത്‌ നമ്മുക്കിന്നൊരു പുതുമയേ അല്ല.പണമാണ്‌ അതിന്റെ മാനദണ്ഡമെങ്കില്‍ ഈ അവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരന്റെ മരണം രാജ്യസ്‌നേഹമുള്ള ഓരോ വ്യക്തിയുടേയും വേദനയാണ്‌.അറിവോ പരിചയമോ ഇല്ലാത്ത അനവധിയാളുകള്‍, മരിച്ചത്‌ ഒരു പട്ടാളക്കാരനായതുകൊണ്ടു മാത്രം ആ ശരീരം ഒരു നോക്ക്‌ കാണാനാഗ്രഹിച്ച്‌ ആ വീട്ടിലും നാട്ടിലുമായി എത്തിയിരുന്നു.ഇത്രയേറെ ശാസ്‌ത്രം വളര്‍ന്ന നമ്മുടെ നാട്ടില്‍ , അനീതിയെ എങ്ങിനെയും എതിര്‍ക്കും എന്ന്‌ വങ്കത്തം വിളമ്പുന്ന നേതാക്കളുള്ള നമ്മുടെ നാട്ടില്‍ ഈ കൊടിയ അനീതി പത്രങ്ങള്‍ക്കും, ചാനലുകള്‍ക്കും ഒന്നുംതന്നെ വാര്‍ത്തയല്ലാതാകും എന്ന ചിന്ത എന്നെ ഏറെ വേദനിപ്പിക്കുന്നു.

Sunday, August 2, 2009

അന്തരം

അന്തരം

ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കയാണെന്നും താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തനിക്കും തന്റെ ഭാര്യക്കും ഒന്നിച്ചു താമസിക്കുന്നതിനുവേണ്ട സഹായം ചെയ്‌തു തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടൊരു പരാതി നല്‌കി.പരാതിയില്‍ പറയുന്ന സ്‌ത്രീയെ നേരിട്ടു കണ്ട്‌ ഞാന്‍ വിവരം ചോദിച്ചു.

"എന്താടോ തനിക്ക്‌ തന്റെ കെട്ട്യോനെ ഇഷ്ടമല്ലേ................ ?

"അങ്ങനൊന്നുമില്ല സാറേ........ ""പിന്നെന്താ താന്‍ അയാളുടെ കൂടെ താമസിക്കാത്തത്‌" ?

" സാറേ........... എനിക്കയാളോട്‌ ദേഷ്യൊന്നൂല്ല. രാത്രി കിടക്കാന്‍ നേരത്ത്‌ കാലൊന്ന്‌ കഴുകിക്കൂടേ.............. ? പല്ലൊന്ന്‌ തേച്ചൂടേ................." ?ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോഴാണ്‌ ആ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അന്തരം ഞാന്‍ ശ്രദ്ധിച്ചത്‌.