മാടക്കര എന്റെ നാട്
ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് തുടര്‍ച്ചയായി എനിക്ക് ഫോണ്‍ ചയ്‌തിരുന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തില്‍ നിവൃത്തിയില്ലാതെ ഒരിക്കല്‍ അവരുടെ വീട്ടിലേക്കു കയറിചെന്നുകൊണ്ടു തന്നെ എനിക്കിടപെടേണ്ടി വന്നു.ആ സംഭവത്തിനു ശേഷം ഏതാണ്ട് നാലു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് ഏകദേശം വൈകിട്ട് ഏഴരയോടെ ഞാന്‍ മാടക്കരയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു."വിനയസാറേ................. ഒന്ന് നിക്ക് ഒരു കാര്യം ചോദിക്കട്ടെ" എന്ന പരിഹാസം നിറഞ്ഞ ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.എന്റെ നാട്ടില്‍ എന്നെ ആരും സാറേ എന്നു വിളിക്കാറില്ല.വിനയേ, വിനയചേച്ചീ, വിനീ എന്നുമെല്ലാമുള്ള വിളികള്‍ മാത്രം കേട്ട് ശീലിച്ച എന്നില്‍ ആ വിളി തന്നെ എന്തോ പന്തികേടുള്ളതായി അനുഭവപ്പെട്ടു.ഞാന്‍ തിരിഞ്ഞുനോക്കി. ഏറെ പരിചിതനും അയല്‍വാസിയുമായ അയാള്‍ എന്റെടുക്കലേക്ക് നടന്നടുത്തു."എന്താ കാര്യം ? എന്താണെങ്കിലും വീട്ടില്‍ വന്ന് സംസാരിക്കാം" ഞാന്‍ താക്കീതിന്റെ ശബ്ദത്തില്‍ പറഞ്ഞു . മാടക്കര ടൗണില്‍ നിന്നും കഷ്ടിച്ച് 100 മീറ്റര്‍ ദൂരം മാത്രമേ എന്റെ വീട്ടിലേക്കുള്ളൂ.ഏകദേശം അമ്പതില്‍ കുറയാത്ത ഒരു ജനക്കൂട്ടം അപ്പോഴേക്കും അവിടെ രൂപപ്പെട്ടിരുന്നു." സാറ് വീട്ടിലെ ഉമ്മാനോട് ജയില്‌കേറ്റുന്നോ എന്തൊക്കയോ പറഞ്ഞൂന്ന് കേട്ടു.എന്തിനായിരുന്നൂന്ന് പറഞ്ഞിട്ട് പോയാമതി".അയാള്‍ എന്റെ മുന്നില്‍ തൊട്ടടുത്തായി നിന്നു.എന്റെ നിയന്ത്രണം വിട്ടു.വലതു കൈയ്യ്‌കൊണ്ട് ഞാന്‍ അയാളുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അയാളെ തള്ളി ഞാന്‍ ജനക്കൂട്ടത്തിനിടയിലൂടെ അയാളേയും കൊണ്ട് മുന്നോട്ടു പോയി "എന്നെ വഴിയില്‍ തടയാന്‍ താനാരാണ്.? ഇതെന്റെ നാടാണ്?. ഞാന്‍ കോപംകൊണ്ട് വിറച്ചു. അപ്പോഴേക്കും എന്താ വിനയചേച്ചീ എന്നു പറഞ്ഞുകൊണ്ട് ആരോ രണ്ടു പേര്‍ എന്നെ പിടിച്ചുമാറ്റി.പോട്ടെ വിനയേ എന്നു പറഞ്ഞ് മുതിര്‍ന്ന ആളുകളും എന്നെ പിടിച്ചു.ആരൊക്കയോ നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്കയച്ചു.വീട്ടിലെത്തയപാടെ സംഭവിച്ച കാര്യങ്ങള്‍ അതേ തീഷ്‌ണതയോടെ അവതരിപ്പിക്കാനായി ഞാന്‍ ദാസേട്ടനെ വിളിച്ചു.വാതില്‍ തുറന്നത് എന്റെ ബന്ദുവായ പുരുഷു ആണ്.അവന്‍ ദുബായില്‍ നിന്നും വന്നതിന്റെ മൂന്നാമത്തെ ദിവസം.ഞാന്‍ ആദ്യമായിട്ടാണ് അയാളെ കാണുന്നത് അമ്മായിക്ക് മനസ്സിലായോ... ? എന്നുള്ള ചോദ്യത്തില്‍ നിന്നുതന്നെ ആളെ മനസ്സിലായി.അയാളോട് ചിരിച്ചെന്നു വരുത്തി നാമമാത്രമായ കുശലപ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഞാന്‍ അടുക്കളയിലേക്ക് ദാസേട്ടനെ കാണാനായി പോയി.ദാസേട്ടന്‍ ഇറച്ചി നുറുക്കുകയായിരുന്നു."ദാസേട്ടാ ഇപ്പം മാടക്കര നല്ലൊരു പ്രശ്‌നമുണ്ടായി......... എന്നു തുടങ്ങി ഞാന്‍ വിശേഷം പറയാന്‍ തുടങ്ങലും ആ അതൊക്കെ പിന്നെ പറയാം ഇപ്പംതന്നെ സമയം ഏഴര കഴിഞ്ഞു മേലുകഴുകി വേഗം വാ... അവനുച്ചക്കേ ഒന്നു കഴിച്ചിട്ടില്ല പോലും .അരിടിട്ടിട്ടുണ്ട്.ഇത് നീ തന്നെ വെക്കണം " എന്നു പറഞ്ഞ് ദാസേട്ടനെന്നെ ഓടിച്ചു.ഞാന്‍ മേല്‍ കഴുകി വന്ന് ഇറച്ചി അടുപ്പില്‍ വെച്ചു. തേങ്ങ ചിരകി വറുക്കുമ്പോള്‍ ഗെയിറ്റു തുറക്കുന്ന ശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് നോക്കി.എന്നെ തടയാന്‍ അയാളെ ചട്ടം കെട്ടിച്ചവര്‍ തന്നെയാണ് എന്നെ തേടി ഒത്തു തീര്‍പ്പിനു വന്നതെന്ന് എനിക്കു മനസ്സിലായി.ഞാന്‍ തേങ്ങ വറുത്തുകൊണ്ടിരുന്നു.ദാസേട്ടനും പുരുഷുവും ടി.വി കാണുകയായിരുന്നു.കാളിംഗ്‌ബെല്‍ കേട്ടയുടനെ ദാസേട്ടന്‍ ചെന്ന് വാതില്‍ തുറന്നു"വിനയ ഇല്ലേ ഒന്നാ കാണാനാ..... " അവര്‍ ചിരിച്ചുകൊണ്ട് ദാസേട്ടനോട് സംസാരിക്കന്നതു കേട്ടപ്പോ ഞാന്‍ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു." ദാസേട്ടാ....... എന്നെ കാണാന്‍ വന്നതാണെങ്കില്‍ രണ്ട് ചെയറെടുത്ത് അടുക്കളയിലേക്കിട് എന്നോട് സംസാരിക്കാനാണെങ്കില്‍ അടുക്കളയിലേക്ക് വരട്ടെ എന്റെ ഇടം അടുക്കള തന്നെയാണ്.ഞാന്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാര്യം മനസിലാകാതെ ദാസേട്ടന്‍ അവരെ ഡയനിംഗ് ഹാളിലിരുത്തി.എന്റെടുക്കലേക്കോടിവന്ന് എന്നോട് പിന്നെ വറക്കാം അവര്‍ക്കെന്തോ ചോദിക്കാനുണ്ടത്രേ എന്നു പറഞ്ഞു.ഇതങ്ങനെ പിന്നെ വറത്താലൊന്നും ശരിയാകില്ല ഇപ്പം തന്നെ സമയമൊരുപാടായി.ഞാന്‍ മുന്നോട്ടു പോകാന്‍ തയ്യാറാകുന്നില്ലെന്നു കണ്ടപ്പോള്‍ ദാസേട്ടന്‍ എന്റെ കൈയ്യില്‍ നിന്നും ചട്ടുകം വാങ്ങി.ഇങ്ങ് താ.... ഒരു കൊഴപ്പോംല്ലാതെ ഞാന്‍ വറുത്തോളാം ഒന്ന് ദയവു ചെയ്‌ത് ചെല്ല്.ദാസേട്ടന്‍ അടക്കം പറഞ്ഞു കാര്യങ്ങള്‍ പന്തിയല്ലെന്നുകണ്ട് ടി.വി ഓഫ് ചെയ്‌ത് പുരുഷുവും അടുക്കളയിലെത്തി.തേങ്ങ വറുക്കാന്‍ ദാസേട്ടനെ ഏല്‍പിച്ച് ഞാന്‍ ഡയനിംഗ് ഹാളിലെത്തി. അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.വന്ന കാര്യം പറയണം എനിക്കിന്നൊരു ഗസ്റ്റുണ്ട് ഞാന്‍ നല്ല തിരക്കിലാണ്.എന്റെ സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രകടിപ്പിച്ച നീരസം അവരെ നന്നായി അലോസരപ്പെടുത്തി."ഓന്‍ കാട്യേത് തെറ്റ് തന്ന്യാ...... ഞങ്ങള് മാടക്കരേന്ന് ഇത്ര നേരോം അതിനെപ്പറ്റി തന്ന്യായിനു പറഞ്ഞോണ്ടിരുന്നത്.മര്യാദെതന്നെ ചോദിക്കാന്‍ എന്തെല്ലം വഴിണ്ട്
"അബ്ദുള്ളക്കാ..... ഇതെന്റെ നാടാണ്. എവിടുന്നോ വന്ന ഒരുത്തന്‍ എന്ത് ധൈര്യത്തിലാ എന്നെ തടഞ്ഞത്? അവനതിനുള്ള പിന്‍ബലം എവിടുന്നാ കിട്ടിയത് ?(എന്നെ തടഞ്ഞു ചോദ്യം ചെയ്‌തആള്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു)എന്തായാലും ഇതൊറ്റവള്ളിക്കൊന്നും ഞാന്‍ വിടില്ല.ഞാന്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ മാടക്കരയിലൂടെ ഏതു സമയത്തും സഞ്ചരിക്കുന്ന ഒരാളാണ്.നാളെയും ഇവനൊന്നും ഇതുപോലത്തെ പോക്കിരിത്തരം കാണിക്കില്ലെന്നെന്താണിത്ര ഒറപ്പ് ? "ഇനി അങ്ങനൊരു സംഭവം ഉണ്ടാകില്ല.അത് ഞങ്ങളുറപ്പുതരാം. പക്ഷേ ഞങ്ങള് പറയുന്നതും വിനയ ഒന്ന് മനസിലാക്കണം." ഉത്തരത്തിനായി അവര്‍ എന്നെ നോക്കി.
"എന്താണത്?"
"ഒരു കുടുംബാവുമ്പം പ്രശ്‌നങ്ങളുണ്ടാകും.നമ്മള് ആ പ്രശ്‌നം തീര്‍ക്കാനാണ് നോക്കണ്ടത് അല്ലാതെ അതു വലുതാക്കാനല്ല...........എന്നുതുടങ്ങി അവരൊരു ഉപദേശത്തിന്റെ ശൈലി ആരംഭിച്ചപ്പോള്‍ തന്നെ ഞാന്‍ തടഞ്ഞു."ആലിക്കാ................. എന്നെ വിളിക്കുന്നോരോടും എന്റെടുത്ത് വരുന്നോരോടും ഞാന്‍ എന്തു പറയണം എന്ന് നിങ്ങളെന്നെ പഠിപ്പിക്കണ്ട. എന്നെ വിളിക്കുന്ന സ്‌ത്രീകളോടും എന്റെ വീട്ടില്‍ വരുന്ന സ്‌ത്രീകളോടും എന്റെടുത്ത് വരണ്ട എന്നോ എന്നെ വിളിക്കണ്ട എന്നോ് നിങ്ങള്‍ക്കു പറയാം അതിലെനിക്ക് ഒരെതിര്‍പ്പും ഇല്ല"
"അതെങ്ങനാ ഞങ്ങള് പറയാ...... അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ.....?" അവര്‍ പരസ്‌പരം നോക്കി ചിരിച്ചു.
"എന്റെ വീട്ടില്‍ വരുന്നവരോടും എന്റെ ഫോണില്‍ എന്റെ ഉപദേശം തേടുന്നവരോടും ഞാന്‍ എനിക്കു തോന്നിയതു തന്നെ പറഞ്ഞുകൊടുക്കും.അതിലൊന്നും വേലികെട്ടാന്‍ ഈ ജന്മത്തിലാര്‍ക്കും പറ്റില്ല." മണിക്കൂറുകള്‍ക്കുമുമ്പു മാത്രം നടന്ന സംഭവത്തിന്റെ തീഷ്‌ണത എന്നില്‍ നിന്നും വിട്ടു മാറിയട്ടേയില്ലായിരുന്നു.
"വിനയേ സമാധാനപ്പെട് ഇതാ ഈ ചായ കുടിക്ക് "എന്നു പറഞ്ഞ് ദാസേട്ടന്‍ ഒരു പ്ലേറ്റില്‍ മൂന്നു ഗ്ലാസ് കട്ടന്‍ ചായയുമായെത്തി. എന്റെ മനസ് അപ്പോഴേക്കും കുറച്ച് തണുത്തു.ചായകടിച്ചു കഴിഞ്ഞ് സമയം കൊറേആയല്ലോ വിരുന്നുകാരൊക്കെ ഉള്ളതല്ലേ ഞങ്ങള് ശല്യപ്പെടുത്തുന്നില്ല.ഞങ്ങളിറങ്ങട്ടെ അതൊന്നുമത്ര കാര്യാക്കണ്ട............ എന്നു പറഞ്ഞുകൊണ്ടവരിറങ്ങി.ഇപ്പോഴും ഓണത്തിന് പായസവും,പെരുന്നാളിന് അപ്പവും കൈമാറി ഒരു സ്‌പര്‍ദ്ദയുമില്ലാതെ ഞങ്ങള്‍ ജീവിക്കുന്നു.നല്ല അയല്‍പക്കക്കാര്‍ തന്നെയായി.
4 comments:
നമ്മൾ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞാൽ അറ്റുപോകുന്ന ബന്ധങ്ങൾ മാത്രം കണ്ട് ശീലിച്ച എനിക്ക് പോസ്റ്റിലെ അവസാന വരി അത്ഭുതമുണ്ടാക്കി.
മാടക്കര,വിനയ ഉള്ളതു കൊണ്ട് അങ്ങനെയായതാണോ?
അന്യായത്തിനെതിരെ പ്രതികരിക്കാനുള്ള ഈ ധൈര്യം എന്നെന്നും കൂടെയുണ്ടാവട്ടെ വിനയ..
ഈ ഒരു പോസ്റ്റ് മാത്രം വായിച്ചിട്ട് ഇട്ട കമന്റ് അല്ല ഇത്.
Really Proud of you
Post a Comment