Sunday, March 7, 2010

എന്തെല്ലാം പഠനങ്ങള്‍.......

എന്തെല്ലാം പഠനങ്ങള്‍.......!വ്യക്തികളുടെ വിലാസം അവരെ തിരിച്ചറിയാന്‍ മാത്രമാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌.സ്‌ത്രീയുടെ വിലാസം എഴുതുന്ന രീതിയില്‍ തന്നെ പുരുഷന്റെ വിലാസവും എഴുതാം എന്നാണെങ്കില്‍ അത്‌ വെറും വ്യാമോഹം.കാര്യത്തോടടുക്കുമ്പോളറിയാം സ്‌ത്രീയും പുരുഷനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നൊക്കെ വീമ്പു പറയുന്ന മനുഷ്യസ്‌നേഹികളുടെ യഥാര്‍ത്ഥമുഖം .ഇക്കാര്യം ഞാനറിയാന്‍ തുടങ്ങിയിട്ട്‌ ശ്ശി കാലമായെങ്കിലും രണ്ടു മാസങ്ങള്‍ക്കു മമ്പാണ്‌ അതിന്റെ ശക്തി വളരെ നേരിട്ട്‌ അനുഭവിക്കാനുള്ള 'ഭാഗ്യം' ഉണ്ടായത്‌.സ്ഥലം എന്റെ തൊഴിലിടം തന്നെ.ഞാന്‍ പുരുഷന്മാരുടെ വിലാസമെഴുതുന്ന രീതിയാണ്‌ എന്റെ പുരുഷ സഹപ്രവര്‍ത്തകരേയും പുരുഷമേലുദ്യോഗസ്ഥരേയും ചൊടിപ്പിച്ചത്‌."സീത w/o(Wife of) രാമന്‍, തെക്കേടത്ത്‌ (വീട്‌) മാങ്കൊമ്പ്‌ ,അമ്പലവയല്‍ ഈ വിലാസമെഴുതിയ രീതി ശരിയാണ്‌ അംഗീകരിക്കത്തക്കതാണ്‌.രാമന്റെ വിലാസമാണ്‌ പ്രകോപനമുണ്ടാക്കിയത്‌."രാമന്‍ H/o(Husbend of)സീത,തെക്കേടത്ത്‌ വീട്‌ മാങ്കൊമ്പ്‌ അമ്പലവയല്‍ (പേരുകള്‍ സാങ്കല്‍പികം) വിലാസം ശ്രദ്ധയില്‍ പെട്ട മാത്രയില്‍ സ്റ്റേഷനിലെ പുരുഷാധിപത്യത്തിനു വിള്ളലേറ്റു.അവര്‍ പ്രതികരിച്ചു.മാറ്റിയെഴുതണം. സ്‌ത്രീകള്‍ അറിയപ്പെടാത്തവരാണ്‌.പുരുഷന്‍ അറിയപ്പെടേണ്ടത്‌ അവന്റെ അച്ഛന്റെ പേരിലാണ്‌.... ന്യായങ്ങള്‍ പലവിധം.എവിടെയോ കിടന്ന ഒരു രാമനു വേണ്ടി ഒത്തിരി രാമന്‍മാര്‍ ശബ്ദിച്ചു.മാറ്റി എഴുതണമെങ്കില്‍ അതിലെ തെറ്റു കാണിച്ച്‌ മെമ്മോ തരണമെന്നും,രേഖാപരമായി ആവശ്യപ്പെട്ടാലല്ലാതെ തിരുത്താനാകില്ലെന്ന്‌ ഞാനും ശഠിച്ചു.പ്രശ്‌നം ഉന്നത(പുരുഷ)ാധികാരികളുടെ മുന്നിലും എത്തിച്ചു.ഇപ്പോള്‍ സ്വതന്ത്രമായ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി ഒരു കാഴ്‌ചവസ്‌തുവായി സ്‌റ്റേഷന്റെ മുന്നിലരുത്തി മറ്റുള്ളവരുടെ തിരക്കിട്ട ജോലികളും ചര്‍ച്ചകളും ശ്രദ്ധിച്ച്‌ അവഗണനയുടെ തീഷ്‌ണത എത്രത്തോളം സഹിക്കാമെന്ന്‌ അനുഭവിച്ച്‌ പഠിക്കാന്‍ ശ്രമിക്കുന്നു.എന്തെല്ലാം പഠനങ്ങള്‍......!

3 comments:

മാണിക്യം said...

ഈ പോസ്റ്റ് ആരും വായിച്ചില്ലേ വിനയ? എനിക്ക് ചിരിക്കാതിരിക്കാന്‍ വയ്യ. സീത സീതയായിരിന്നാല്‍ പോരാ. സീത w/o(Wife of) രാമന്‍, എന്നു തന്നെ വേണം, എന്നാല്‍ ഈ രാമന്‍ ‘നമ്മുടെ സീതേടെ കെട്ടിയോന്‍ രാമന്‍’ എന്നു പറഞ്ഞാല്‍ ശ്ശോ പോയില്ലേ ആണിന്റെ വീരത്വം ... “.പുരുഷന്‍ അറിയപ്പെടേണ്ടത്‌ അവന്റെ അച്ഛന്റെ പേരിലാണ്‌..” എന്നാല്‍ ഈ അച്ഛനോ അമ്മ ചൂണ്ടി കാണിക്കുന്ന ആള്‍ അല്ലേ? അമ്മ ഒരു യാഥാര്‍ത്യവും അച്ഛന്‍ ഒരു വിശ്വാസവും!! ആസ്റ്റേഷന്റ്റെ മുന്നില്‍ സുഖമായിരുന്നു കാറ്റ് കൊള്ളുക ... ഇതൊന്നും അവഗണന എന്നു കരുതണ്ട .. ഇതാണ് ശരിക്കുള്ള അല്‍പ്പത്തം പുതുഷന്റെ അല്‍പ്പത്വം ....അതെ !!എന്തെല്ലാം പഠനങ്ങള്‍......!!

VINAYA N.A said...

thank u chechchi,
oralenkilum react cheythallo

മുകിൽ said...

സാരമില്ല വിനയ. വിനയ ഒരുപാടു അനുഭവിച്ചിട്ടുള്ളതല്ലേ. എന്നിട്ടും തളർന്നില്ലല്ലോ. എല്ലാവർക്കും ഒരു കാലം വരും. അന്നു തിരിഞ്ഞു നോക്കുമ്പോൾ വിനയയുടെ ഭാണ്ഡത്തിൽ ഒരുപാ‍ടു നല്ല മുത്തുകൾ കണ്ടൂ സന്തോഷിക്കാം. കാമ്പുള്ള ഒരു മനുഷ്യജീവിയുടെ കർമ്മം നിർവ്വഹിച്ചതിന്റെ മുത്തുകൾ. 90% പേരുടേയൂം ഭാണ്ഡം ശൂന്യവും പുഴുനിറഞ്ഞതുമാവുമ്പോൾ വിനയയുടേതു സുഗന്ധമുള്ള മുത്തുകൾ കൊണ്ടു നിറഞ്ഞീരിക്കും. അതുകൊണ്ടു തളരാതെ മുന്നേറുക. ആശംസകളോടെ.
അന്നു വിനയയുടെ ആത്മകഥ വായിച്ച് എനിക്ക് കത്തെഴുതണം എന്നുണ്ടായിരുന്നു. എന്തോ, പുസ്തകത്തിൽ അഡ്രസ്സില്ലാത്തതുകൊണ്ടോ‍ എന്തോ അതു നടന്നില്ല. അതിനു പകരം ഞാനിന്നു പറയുന്നു. ബ്ലോഗുലകത്തിൽ ഇങ്ങനെ കാണുമെന്നൂം ഇങ്ങനെ പറയാനാവുമെന്നും ഒന്നും അന്നു കരുതിയില്ല. ഇപ്പോൾ ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷമുണ്ട്. സന്തോഷമായിരിക്കൂ. ഈ എഴുത്തു തുടരൂ. ചെയ്യുന്ന സൽക്കർമ്മങ്ങളുടെ ഫലം ഒരു ശതമാ‍നം ഈ സമൂഹത്തിൽ ഉണ്ടായാൽ മതി അതു ജീവിതനേട്ടമാണ്. വിനയയ്ക്കു സാധിക്കും. എല്ലാ ആശംസകളും എന്നുമുണ്ടാവും. സ്നേഹത്തോടെ.