Sunday, September 5, 2010

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ
ഡ്യൂട്ടിക്കിടയില്‍ കിട്ടിയ ചെറിയ ഇടവേളയില്‍ തൊട്ടടുത്ത ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയതായിരുന്നു.ഒരു മേശക്കു ചുറ്റുമായി അഞ്ച്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാതൃഭൂമി മനോരമ ദേശാഭിമാനി തുടങ്ങിയ പത്രങ്ങളില്‍ വന്ന റാണി എന്ന പെണ്‍കുട്ടിയുടെ ആള്‍മാറാട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച്‌ ചിരിക്കുന്നതിനിടെ ഒരാള്‍ പറഞ്ഞു "എടാ.... ഇപ്പോ ആ പെണ്ണിന്റെ കൂടെ കള്ളുകുടിക്കാനും സിഗററ്റു വലിക്കാനും സിനിമ കാണാനും എല്ലാം പോയ അണ്ണന്മാരൊക്കെ ഒന്നു തൊടാന്‍ പോലും തോന്നാത്തതും ചിന്തിച്ച്‌ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ കണ്ണും മിഴിച്ചിരിക്കുന്നുണ്ടാവും.


ആണ്‍വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടി ഒടുവില്‍ റാണി പിടിയിലായി

Posted on: 29 Aug 2010




കൊല്ലം: ആണ്‍വേഷത്തില്‍ മാസങ്ങളോളം ജോലി ചെയ്ത് സ്വകാര്യസ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ച യുവതി പോലീസിന്റെ പിടിയില്‍. തട്ടിപ്പിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 'ആണ്‍കുട്ടി' പെണ്ണെന്നു തെളിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധന നടത്തി 'സ്ത്രീ' എന്ന് സ്ഥിരീകരിച്ചു.

കൊല്ലം, കൈക്കുളങ്ങര നോര്‍ത്ത് രമാമന്ദിരത്തില്‍ റാണി(29)യാണ് ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയത്. കൊട്ടിയം, തഴുത്തല ആബ്‌സ് ടൈല്‍സ് എന്ന സ്ഥാപനത്തില്‍ 'കണ്ണന്‍' എന്ന 'ശ്രീകാന്ത് ' ആയി ജോലി ചെയ്തായിരുന്നു തട്ടിപ്പ്.

കടകളില്‍നിന്ന് പിരിച്ചെടുത്ത തുക അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 'കണ്ണന്‍' എന്ന യുവതിയുടെ കള്ളി വെളിച്ചത്തായത്. സാമ്പത്തിക തിരിമറി നടത്തിയതിനെത്തുടര്‍ന്ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയ കണ്ണനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോഴാണ് കണ്ണന്‍ എന്ന ശ്രീകാന്ത് റാണിയാണെന്ന് അറിഞ്ഞത്.

ഏപ്രില്‍ മാസത്തിലാണ് ശ്രീകാന്ത് എന്ന പേരില്‍ റാണി ജോലിയില്‍ പ്രവേശിച്ചത്. കളക്ഷന്‍ ഏജന്‍റായിട്ടായിരുന്നു നിയമനം. അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥാപനത്തിലെത്തിയ 'യുവാവ് ' ശ്രീകാന്ത് എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ബി.കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതായി കടയുടമ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് 'കണ്ണന്‍' പെരുമാറിയിരുന്നത്.

ജോലിയില്‍ 'സമര്‍ത്ഥനാ'യിരുന്നതിനാല്‍ കൂടുതല്‍ ചുമതലകള്‍ കണ്ണന്‍ എന്ന ശ്രീകാന്തിനെ കടയുടമ ഏല്‍പ്പിച്ചു. എന്നാല്‍ ഓണത്തിനു മുമ്പുള്ള കച്ചവടത്തിരക്കിലാണ് കണ്ണന്റെ കണക്കിലെ കള്ളക്കളികള്‍ കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവിധ കടകളില്‍നിന്ന് പിരിച്ചെടുത്ത തുകകള്‍ പൂര്‍ണമായി കണ്ണന്‍ അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് രസീത് ബുക്കില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. ഈ തരത്തില്‍ അഞ്ചരലക്ഷം രൂപയോളം വെട്ടിച്ചതായി കടയുടമ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് 21ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷിച്ച് നാട്ടിലെത്തിയപ്പോഴാണ് ആ വീട്ടില്‍ ആണ്‍മക്കളില്ലെന്നും മൂന്നു പെണ്‍കുട്ടികള്‍ മാത്രമാണെന്നും പരിസരവാസികള്‍ പറഞ്ഞത്. എന്നാല്‍ 'കണ്ണന്റെ' ഫോട്ടോ കാണിച്ചപ്പോള്‍ ആളുകള്‍ റാണിയെ തിരിച്ചറിഞ്ഞു. ഒടുവില്‍ വീട്ടില്‍നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആണുങ്ങളെപ്പോലെ വേഷം ധരിച്ച്, മുടി പറ്റെ വെട്ടിയ റാണി മറ്റു പുരുഷന്മാര്‍ക്കൊപ്പം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അഞ്ചുമാസം ഒപ്പം ജോലി ചെയ്ത 'കണ്ണന്‍' പെണ്‍കുട്ടിയാണെന്നറിഞ്ഞ ഞെട്ടലിലാണ് കടയുടമയും ജീവനക്കാരും.

8 comments:

ചാർ‌വാകൻ‌ said...

ഹ.ഹാ.ഹാ. അതങ്ങു കലക്കി.

Rajesh T.C said...

ഹ ഹ അണ്ടികളഞ്ഞ അണ്ണാന്മാർ

poor-me/പാവം-ഞാന്‍ said...

സ്ത്രീ-പുരുഷ സമത്വത്തിന്റെ ജീവിക്കുന്ന രണ്ടാമത്തെ ഉദാഹരണം...ഞാന്‍ കോള്‍മയിര്‍ കൊള്ളുന്നു...ഇനിയും ഒട്ടേറേപ്പേര്‍ ഈ വഴി വരട്ടേ!!!!

മുകിൽ said...

കളവ് അംഗീകരിക്കാനാവില്ലെങ്കിലും, ആ കുട്ടി, സോറി 29 വയസ്സല്ലേ, സ്ത്രീ അങ്ങനെ ഒരു ചങ്കൂറ്റം കാണിക്കാനൊരുങ്ങിയെങ്കിൽ എന്തെങ്കിലും കഠിനതകൾ ജീവിതത്തിൽ കാണും. തികഞ്ഞ ക്രിമിനൽ എങ്കിൽ ഈ ആൾമാറാട്ടം പിടിക്കപ്പെടാതെ രക്ഷപ്പെടാനുള്ള വഴി നോക്കുമായിരുന്നില്ലേ? എന്തോ ചിരിയല്ല, വിഷമമാണ് തോന്നുന്നത്.

മുകിൽ said...

എന്നാലും അണ്ണാന്മാരുടെ അണ്ടി പോയതിൽ സന്തോഷമുണ്ട്..

VINAYA N.A said...

ഹേയ്‌ പാവമേ.............. ആരാണ്‌ ആ ആദ്യത്തെ ഉദാഹരണം.എന്നെ ആണ്‌ ഉദ്ദേശിച്ചതെങ്കില്‍ താങ്കള്‍ക്കു തെറ്റി.'പുരുഷനോടൊപ്പം' എന്നതാണല്ലോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്‌.അങ്ങനെ കൊതിക്കാന്‍ മാത്രമുള്ള യാതൊന്നും എനിക്ക്‌ ഒരു പുരുഷനിലും കാണാന്‍ കഴിഞ്ഞിട്ടില്ല.ഞാന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം, സ്വസ്ഥത ,സമാധാനം ,ചാരിതാര്‍ത്ഥ്യം..... അത്രക്ക്‌ വിലപ്പെട്ടതും താങ്കള്‍ക്ക്‌ സ്വപ്‌നം കാണാന്‍ കഴിയാത്തതുമാണ്‌.വിനയ ഒരിക്കലും ഈ സമൂഹത്തില്‍ ആള്‍മാറാട്ടം നടത്തിയിട്ടില്ല.വിനയ വിനയ ആയിത്തന്നെയാണ്‌ എന്നും ജീവിച്ചിട്ടുള്ളത്‌.

poor-me/പാവം-ഞാന്‍ said...

വിനയജി
ഭവതി ദിവസവും പത്രം വായിക്കാത്തത് എന്റെ കുറ്റമല്ല...വിനയ കേരളം മുഴുവനും അറിയുന്ന ഒരു വനിത പോലീസ് ആണല്ലൊ, പിന്നെ മറ്റൊരാൾക്ക് അറ്ഹതപ്പെട്ട അംഗീകാരംരം(അല്ലെങ്കിൽ അവഹേളനം അങനെ അങു സ്വന്തമാക്കല്ലെ)....

VINAYA N.A said...

ക്ഷമിക്കൂ പാവമേ ഞാന്‍ തെറ്റിദ്ധരിച്ചതാവാം