Showing posts with label അയോഗ്യത. Show all posts
Showing posts with label അയോഗ്യത. Show all posts

Monday, May 11, 2009

അയോഗ്യത

അയോഗ്യത
ഒരു ദിവസം സ്‌റ്റേഷനിലേക്ക്‌ ഒരാള്‍ ഫോണ്‍ വിളിച്ച്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ നിന്നും അനധികൃതമായി മണലുകോരുന്നുണ്ട്‌ എത്രയും പെട്ടന്ന്‌ വരണം എന്നു പറഞ്ഞു.ഉടനെ തന്നെ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായിരുന്ന ASI എല്ലാവരോടുമായി ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു
"വെയിറ്റിംഗില്‍ ഉള്ളവരെല്ലാവരും വണ്ടിയില്‍ കയറ്‌.........."
അന്ന്‌ ഞാനും വെയിറ്റിംഗ്‌ ഡ്യൂട്ടിയിലായിരുന്നു.(Emergency waiting എന്നാണ്‌ പറയാറ്‌.ഓരോ ദിവസവും നിശ്ചിതയെണ്ണം പോലീസുകാരെ ഇത്തരത്തില്‍ Emergency waiting duty ക്കായി നിയമിക്കും.അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിത സംഭവങ്ങള്‍ക്ക്‌ ഉചിതമായ രീതിയില്‍ ഈ വിഭാഗത്തെ വിനിയോഗിക്കുകയാണ്‌ പതിവ്‌.)
ഞാനുള്‍പ്പെടെ അഞ്ചുപേരാണ്‌ അന്ന്‌ വെയിറ്റിംഗില്‍ ഉണ്ടായിരുന്നത്‌.അവരോടൊപ്പം ഞാനും വണ്ടിയില്‍ കയറാനായി ഇറങ്ങി.ഞാന്‍ ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ "എന്തിനാ വിനയ കയറുന്നത്‌.മണലു കോരലാണ്‌ അവിടെ പെണ്ണുങ്ങളൊന്നും ഉണ്ടാകില്ല.വേണ്ട വിനയ കയറേണ്ട " എന്ന്‌ ASI ഒറ്റശ്വാസത്തില്‍ ഉത്തരവിറക്കി.
"ഓ........... അപ്പം പെണ്ണുങ്ങള്‌ മണലു കക്കുന്നില്ല എന്നുള്ളതാണോ ഈ ഡ്യൂട്ടിക്കുള്ള എന്റെ disqualification ? ഞാന്‍ മുമ്പിലെ കണ്ണാടിയിലൂടെ ASI സാറിന്റെ മുഖത്തുനോക്കി ചോദിച്ച്‌ എന്റെ പ്രതിഷേധം പ്രകടിപ്പിച്ച്‌ പിന്തിരിഞ്ഞു.വണ്ടി സ്റ്റാര്‍ട്ടിംഗ്‌ നിലയിലായിരുന്നു. ഒരു വാക്കേറ്റത്തിന്‌ സമയവുമില്ല.അവര്‍ ജീപ്പെടുത്തു.തികച്ചും മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യയായി ഞാന്‍ സ്റ്റേഷനിലേക്കു കയറി.
ഇതെന്തൊരു ഗതികേടാണ്‌ ? ഇന്ന്‌ നിലവിലുള്ള കള്ളന്മാരും കൊള്ളക്കാരും മാഫിയക്കാരും ,ചൂതാട്ടക്കാരും എല്ലാം പുരുഷന്മാരാണ്‌.അങ്ങിനെയുള്ള സാഹചര്യം നിലനില്‌ക്കുമ്പോള്‍ sex തിരിച്ചു മാത്രമേ പോലീസുകാര്‍ക്ക്‌ ജോലി ചെയ്യാനൊക്കൂ എന്ന നില അപകടകരം തന്നെ.
വനിതാപോലീസുകാര്‍ക്ക്‌ ചടുലമായ ഒരു ജോലി ചെയ്യണമെങ്കില്‍ സ്‌ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ചടുലതയുള്ളവരാകണം.മണലുകക്കാനും,പണം വെച്ച്‌ ചീട്ടുകളിക്കാനും, കൊള്ളചെയ്യാനും മറ്റും മറ്റും സ്‌ത്രീകള്‍ മുന്നോട്ടു വരണേയെന്ന്‌ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതാപോലീസുകാര്‍ പ്രാര്‍ത്ഥിക്കണോ............?
നിലവിലുള്ള മോശമായ അവസ്ഥയെ വീണ്ടും വീണ്ടും മോശമാക്കാതെ അത്‌ ഇല്ലായ്‌മ ചെയ്യണമെങ്കില്‍ അത്തരത്തിലുള്ള Duty കളില്‍ താത്‌പര്യത്തോടെ കടന്നു വരുന്നവരെയെങ്കിലും തടയാതിരിക്കണം.