ഇച്ഛാശക്തി
ഒരിക്കല്‍ ക്ഷീണിതയായ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു." കായികമായി ഒരിക്കലും സ്‌ത്രീക്ക് പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക് എന്താണൊരു നിവൃത്തി ".എന്നോടതു ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ തീഷ്‌ണഭാവം എന്നെ അത്ഭുതപ്പെടുത്തി.ഞാന്‍ അവരോടായ് ഇപ്രകാരം സംസാരിച്ചു." കായിക ശക്തിയാണോ അടിമത്തം നിര്‍ണ്ണയിക്കുന്നത്? അങ്ങനെയെങ്കില്‍ ആനയല്ലേ കാടുഭരിക്കേണ്ടത്.മനുഷ്യരിലാണെങ്കില്‍ ബോഡിബ്യുല്‍ഡേഴ്‌സ് അല്ലേ അതുചെയ്യേണ്ടത്.കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത് കായികബലംകൊണ്ടാണോ...?മനുഷ്യര്‍ക്കുവേണ്ടത് പട്ടിയുടെ ഇച്ഛാശക്തിയാണ്.നമ്മുക്ക് നേരെ കുതിച്ചു വരുന്ന പട്ടിയെ കാണുമ്പോള്‍ ജീവനും കൊണ്ട് നാം ഓടുകയോ അതിന്റെ അധികാരപരിധിയില്‍ നിന്നും മാറി നില്‌ക്കുകയോ ചെയ്യും.കേവലം പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന പട്ടി അമ്പത് കിലോവിലേറെ ഭാരം വരുന്ന നമ്മളെ ഓടിക്കുന്നത് കായികശക്തികൊണ്ടല്ല മറിച്ച് അതിന്റെ ഇച്ഛാ ശക്തികൊണ്ടാണ്.ഇല്ലാത്തതിനെക്കുറിച്ച് കേഴാതെ ഉള്ളതുപയോഗിക്കനും അതിലഭിമാനിക്കാനുമല്ലേ നാം പഠിക്കേണ്ടത് ?