തീരുമാനം
"മേമേ............. വീടിന്റെ പെയിംന്റിംഗ് പണി ഞങ്ങള്‍ക്കു തരണേ"യെന്നുപറഞ്ഞ് എന്റെ വീടിന്റെ പെയിംന്റെിംഗ് പ്രവര്‍ത്തിയുടെ ഓര്‍ഡര്‍ പിടിച്ചത് എന്റെ ബന്ധുവായ ജേഷ്ടന്റെ മകനാണ്.അയാളിപ്പോള്‍ ബി.കോം പാസ്സായി.ഇന്ന് വിദ്യാസമ്പന്നരായ ആണ്‍കുട്ടികളില്‍ പലരും ഇടക്കാല തൊഴില്‍മേഖലയായി തിരഞ്ഞെടുക്കുന്ന പല ജോലികളിലൊന്നാണ് പെയിംന്റെിംഗ് .എന്നോടു ചോദിച്ച ഉടനെ ഞാന്‍ സമ്മതം കൊടുത്തു. -
"ചിലവടക്കം കൂലി ആയിട്ടുമതി പണി. "ഞാന്‍ എന്റെ നിബന്ധന പറഞ്ഞു.
"അതു പറ്റില്ല മേമേ....... ചിലവു വേണം ഭക്ഷണം പുറത്തു പോയി കഴിക്കലെല്ലാം വലിയ പ്രയാസമാണ്.നല്ല ഭക്ഷണമൊന്നും കിട്ടില്ല മേമേ........ മേമ എന്തുണ്ടാക്കിയാലും മതി ഞങ്ങള്‍ കഴിച്ചോളും. കൂട്ടത്തിലുള്ളോരൊക്കെ എന്റെ കൂട്ടുകാരാണ്. അവര്‍ക്കൊന്നും ഒരു ജാഡയുമില്ല.............." അയാള്‍ അയാളുടെ ബുദ്ധിമുട്ടുകളും തന്റെ കൂട്ടുകാരുടെ മഹത്വവും വര്‍ണ്ണിച്ചു." ചിലവൊക്കെ തരാം പക്ഷേ തിന്ന പാത്രം മോറണം" ഞാന്‍ എന്റെ മനോഗതം വ്യക്തമാക്കി.
"ഓ........ അതൊന്നും കുഴപ്പമില്ല മേമേ.......... ഞങ്ങള് കഴുകിക്കോളും " അയാളെന്റെ നിബന്ധന അംഗീകരിച്ചു.
തിന്ന പാത്രം അപ്പാടെ ഇട്ടിട്ടുപോകുന്ന ആഡ്യന്മാരായ ചില ആണുങ്ങള്‍ എന്റെ വീട്ടില്‍ പണിക്കുവരുമ്പോഴേ ഞാന്‍ പറയും ചിലവടക്കം (ഭക്ഷണമടക്കം) കൂലിമതിയെന്ന് . ദാസേട്ടനുമായി അവര്‍ സംസാരിച്ച് പലപ്പോഴും ചിലവുള്‍പ്പെടെ കൂലിയാക്കും.വിവരം എന്നോടു പറയുമ്പോള്‍ ഞാന്‍ പറയുന്നത് ഒന്നു മാത്രം "അവന്മാരൊക്കെ തിന്നുന്ന പാത്രം നിങ്ങള്‍ കഴുകുമെങ്കില്‍ ചിലവുകൊടുക്കാം "
. ആ നിബന്ധന ദാസേട്ടന്‍ അംഗീകരിക്കും.ആണുങ്ങള്‍ തിന്ന പാത്രം കഴുകുക എന്നുവെച്ചാല്‍ എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്.ഏകദേശം ഇരുപതു ദിവസത്തോളം നാല് ആണ്‍കുട്ടികള്‍ (പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവര്‍ , നല്ല വിദ്യാഭ്യാസമുള്ളവര്‍, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തില്‍ പിറന്നവര്‍ ) ഞാന്‍ പറഞ്ഞ നിബന്ധന പാലിച്ചു കൊണ്ട് ജോലി ചെയ്‌തു.പക്ഷേ അവര്‍ ഒരു ദിവസം പോലും ചായ കുടിച്ച ഗ്ലാസോ ,വെള്ളം കുടിച്ച ഗ്ലാസോ കഴുകിയില്ല.എന്റെ വാചകത്തിലെ പിഴവ് അവര്‍ ശരിക്കും മുതലെടുത്തു.മേലില്‍ പണിക്കുവരുന്ന 'മാന്യന്മാരായ' ആണുങ്ങളോട് വളരെ കൃത്യമായിതന്നെ തിന്ന പാത്രവും കുടിക്കുന്ന ഗ്ലാസ്സും മോറണമെന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു.