പര്‍ദ്ദകള്‍ വാടകക്ക്
സുഹൃത്തിനോടൊപ്പം മുംബെ കാണാനായി പോയതായിരുന്നു.തിരക്കേറിയ വാശി റയില്‍വേസ്‌റ്റേഷനിലെ കാഴ്‌ചകള്‍ കണ്ടുകൊണ്ട് ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. രണ്ടു സ്‌ത്രീകള്‍ വളരെ സാവധാനം ഞങ്ങള്‍ക്കരികിലായി ഇരുന്നു.അവരുടെ രണ്ടു പേരുടെ കൈയ്യിലും ഓരോ സ്യൂട്ട്‌കേയ്‌സ് ഉണ്ടായിരുന്നു.കാഴ്‌ചയില്‍ അമ്മയും മകളുമാണെന്ന് തോന്നുന്ന അവര്‍ സാരിയും ചുരിതാറുമാണ് ധരിച്ചിരുന്നത് . അവരേറെ ആഹ്ലാദഭരിതരായിരുന്നു.ശബ്ദം കൂട്ടിയും കുറച്ചും സംസാരിച്ചും ഇടക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ടുമാണ് അവര്‍ ഞങ്ങളുടെ അടുത്തെത്തിയത്.വന്നയുടനെ അവര്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടു തന്നെ സ്യൂട്ട്‌കെയ്‌സിന്റെ സിബ്ബ് തുറന്ന് അതില്‍ വെച്ചിരുന്ന പര്‍ദ്ദയെടുത്തു.ശേഷം യാതൊരു വിധ സങ്കോചവും കൂടാതെ കണ്ണൊഴികെ ബാക്കി ഭാഗങ്ങള്‍ മറച്ചു. പിന്നീടവര്‍ മറ്റു രണ്ടു വ്യക്തികളായി അവിടെ നിന്നും നടന്നു നീങ്ങി.ഈ കാഴ്‌ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ അത്ഭുതം ഞാന്‍ സുഹൃത്തിനെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായി പറഞ്ഞു " മാഡം ഇതൊക്കെ ഇവിടെ പതിവാ.................... അവര്‍ വല്ല ബന്ധുവീട്ടിലും പോകുകയായിരിക്കും.അവരുടെ കണ്ണില്‍ പൊടിയിടാനാ.............. ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക് കിട്ടുന്ന അനവധി കടകളിവിടുണ്ട്.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും" അവര്‍ നിസ്സാരമട്ടില്‍ പറഞ്ഞു.