മിഠായി
രാജ്യസഭയില്‍ വനിതാബില്‍ പാസായതിനെത്തുടര്‍ന്ന് ' ചരിത്രപരമായ നിമിഷം ' എന്ന ടെലിവിഷന്‍സ്ലൈഡ് കണ്ട് ഞാന്‍ എന്റെ ഗ്രാമമായ മാടക്കരരയിലേക്കോടി.പ്രതീക്ഷിച്ചതായ യാതൊരുവിധ ആരവങ്ങളോ , ജയ് വിളിയോ ഇല്ലാതെ ആണുങ്ങള്‍ കൂട്ടം കൂട്ടമായി നാട്ടുകാര്യങ്ങള്‍ പറയുന്നു.ഞാന്‍ സനിക ബേക്കറിയില്‍ നിന്നും കുറച്ചു മിഠായി വാങ്ങി ടൗണിലുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്‌തു.ഓരോരുത്തരും കാര്യം തിരക്കി.വനിതാ ബില്ല് പാസായതിന് എന്നു ഞാന്‍ മറുപടിയും കൊടുത്തു.ടൗണില്‍ മിഠായി വിതരണം നടത്തി ഞാന്‍ വീട്ടിലെത്തി.അല്‌പം കഴിഞ്ഞപ്പോള്‍ എന്നെകാണാന്‍ ജോര്‍ജ്ജേട്ടന്‍ എത്തി.ഞാന്‍ ജോര്‍ജ്ജേട്ടനോട് കാര്യം തിരക്കി.(മിനിട്ടുകള്‍ക്കു മുമ്പ് കണ്ടതുകൊണ്ട് )"മാഡം ഞാന്‍ നിങ്ങളെയൊന്ന് അഭിനന്ദിക്കാന്‍ വന്നതാ..... " " എന്തിനാ ജോര്‍ജ്ജേട്ടാ വനിതാ ബില്ല് പാസായ വകയിലാ " ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു." അതിനു മാത്രമല്ല ആ സമയം വരെ ആര്‍ക്കും ഒരു വിഷയം പോലുമല്ലാതിരുന്ന വനിതാബില്‍ ആ മിട്ടായി വിതരണത്തിനുശേഷം എല്ലാവരുടേയും മുഖ്യ വിഷയമായി മാറി.മാടക്കരയിലിപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നതുതന്നെ വനിതാബില്ലാണ്.ഒരു മിഠായിക്ക് ഇത്രയും കഴിവുണ്ടെന്നിപ്പഴാ മനസ്സിലായത്. ജോര്‍ജ്ജേട്ടന്‍ ചിരിച്ചു.ജോര്‍ജ്ജേട്ടന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ആ മിഠായി വിതരണത്തിന്റെ ഉദ്ദേശം ഞാനും ഓര്‍ത്തത്.