Showing posts with label വിശ്വാസം. Show all posts
Showing posts with label വിശ്വാസം. Show all posts

Thursday, February 4, 2010

വിശ്വാസം

വിശ്വാസം

2005 ഡിസംബര്‍ മാസം 25-ം തിയ്യതിയായിരുന്നു എന്റെ അച്ഛന്‍ മരിച്ചത്‌.പ്രമേഹസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ ഒന്നര വര്‍ഷത്തോളം അച്ഛന്‍ കിടപ്പിലായിരുന്നു.കിടപ്പിലായ കാലത്തെല്ലാം അച്ഛനെ ചികിത്സിച്ചതും പരിചരിച്ചതും ഞങ്ങള്‍ അഞ്ചു പെണ്‍മക്കള്‍ തന്നെയായിരുന്നു.കിടപ്പിലായകാലത്തോ ചികിത്സയിലിരുന്ന കാലത്തോ പറയത്തക്ക യാതൊരു വിധ സഹകരണവും അച്ഛന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.മരിച്ചു കഴിഞ്ഞ്‌ ചടങ്ങുകള്‍ തുടങ്ങും മുമ്പ്‌ ഉമ്മറത്തുനിന്നും മുതിര്‍ന്ന ആണുങ്ങള്‍ എന്തോ പ്രധാനകാര്യം ചര്‍ച്ച ചെയ്യുന്നു. ഞാനടുത്തെത്തിയപ്പോള്‍ മുത്തച്ഛന്‍ എന്നോടു ചോദിച്ചു,

മോളേ ആരാ ചെത കത്തിക്കുന്നത്‌ ?

"വാസന്തിയേടുത്തി." ഞാനുത്തരം പറഞ്ഞു. (ഞങ്ങള്‍ അഞ്ചു പെണ്‍മക്കളില്‍ മൂത്തത്‌ വാസന്തിയേടുത്തിയാണ്‌)

"എന്തിനാ.... നിങ്ങള്‍ക്കെല്ലാവര്‍ക്കും ആണ്‍കുട്ടികളുണ്ടല്ലോ ? പിന്നെന്താ....?മുത്തച്ഛന്‍ തെല്ലതിശയത്തോടെ ചോദിച്ചു.

"പെണ്‍കുട്ടികള്‌ കത്തിച്ചാ എന്താ ചിത കത്തില്ലേ മുത്തച്ഛാ............... ? "ഞാനേറെ വിഷമത്തോടെ ചോദിച്ചു.

"അതല്ല മോളേ...അതിനുള്ള മനക്കരുത്ത്‌ ഓക്ക്‌ (വാസന്തിയേടുത്തിയെ ഉദ്ദേശിച്ചുകൊണ്ട്‌) ഇണ്ടാവ്വോ ?" മുത്തച്ഛന്‍ സംശയം പ്രകടിപ്പിച്ചു.ഞാന്‍ വാസന്തിയേടുത്തിയെ വിളിച്ച്‌ വിവരം അറിയിച്ചു.വാസന്തിയേടുത്തി ഉടനെ തന്നെ പൊട്ടിക്കരഞ്ഞെങ്കിലും സമ്മതിച്ചു.അച്ഛനെ കുളിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

"ഇത്രയും കാലം അച്ഛനെ കുളിപ്പിച്ചത്‌ ഞാനല്ലേ. അച്ഛനെ അവസാനമായി ഞാന്‍ തന്നെ കുളിപ്പിക്കും" എന്ന്‌ വനജേടുത്തി വികാരാധീനയായി പറഞ്ഞു.അച്ഛന്റെ ശരീരം കുളിപ്പിക്കലും ചിത കത്തിക്കലും എല്ലാം ഞങ്ങള്‍ മക്കള്‍ തന്നെ നടത്തി.തക്ക സമയത്ത്‌ ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു വന്ന അച്ഛന്റെ ബന്ധുക്കളായ പുരുഷ പ്രജകള്‍ അവസരം കിട്ടാതെ നിരാശരായി.തികച്ചും അര്‍ഹതപ്പെട്ടതു തന്നെയാണവര്‍ ചെയ്‌തത്‌ എന്നും, ആത്മാവിന്‌ ശാന്തി കിട്ടാതാക്കി എന്നുമുള്ള അഭിപ്രായങ്ങള്‍ വ്യാപകമായി പ്രചരിച്ചുഎങ്കിലും അച്ഛന്റെ ജേഷ്ടന്റെ മകനായ പ്രസാദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ ആത്മാവിന്‌ നിത്യശാന്തി തന്നെ ലഭിക്കും എന്നു ഞാനുറപ്പിച്ചു.

" അവര്‌ ചെയ്‌തതില്‍ ഒരു തെറ്റുമില്ല. എനിക്കും രണ്ട്‌ പെണ്‍കുട്ടികളാണ്‌.ഞാന്‍ മരിച്ചാല്‍ എന്റെ ചിത എന്റെ മക്കള്‌ തന്നെ കത്തിക്കണം അതുംവെച്ചാരും വെലപേശരുത്‌ എന്നതാണെന്റെ ആഗ്രഹം." പ്രസാദിനെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ളഅച്ഛനമ്മമാരുടെ അനുഗ്രഹം എന്നും എനിക്കും എന്റെ കുടുംബത്തിനുമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.