ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക് വയ്യേ.........
ഒരു കല്ല്യാണത്തിന് പാര്‍ട്ടിയോടൊപ്പം അമ്പലത്തില്‍ പോകുമ്പോഴാണ് ഞാന്‍ പാറുകുട്ടിയമ്മയെ പരിചയപ്പെടുന്നത്. എന്റെ മരുമകള്‍ അവരെ അമ്മായി എന്നു പരിചയപ്പെടുത്തിയതു കൊണ്ട് ഞാനും അവരെ അങ്ങനെ വിളിച്ചു.ഏകദേശം ഒരു കിലോമീറ്റര്‍ നാട്ടുവഴിയിലൂടെ നടന്നാണ് ചെക്കനോടും പാര്‍ട്ടിയോടുമൊത്ത് ഞങ്ങള്‍ അമ്പലത്തിലേക്ക് പോയത്. ആ വഴിയിലൂടെ നടക്കുമ്പോള്‍ അവരെന്റെടുക്കല്‍ വന്ന് സ്വകാര്യമെന്നോണം പറഞ്ഞു
"വാ മോളേ............. നമ്മക്ക് പാടീം കളിച്ചും നടക്കാം.ഇങ്ങനെ വെടുതെ നടന്നാ വെറുപ്പ് പിടിക്കൂലേ."
?
എനിക്ക് വളരെ അടുപ്പം തോന്നി. "അമ്മായി പാട് ഡാന്‍സ് കളിക്കാന്‍ ഞാനും കൂടാം".ഞാന്‍ അവരെ പിന്താങ്ങി.അവര്‍ പാടിയ തിരുവാതിര പാട്ടിനു താളം പിടിച്ച് ഞാനും അവരോടൊപ്പം കൈകോര്‍ത്ത് ഉറക്കെ പാട്ടു പാടി നടന്നു. വീഡിയോക്കോര്‍ ഞങ്ങളുടെ സന്തോഷം പകര്‍ത്തി.വിവാഹം കഴിഞ്ഞ ഉടനെതന്നെ തിരക്കു കാരണം അവരോടു യാത്ര പറയാതെ ഞാന്‍ തിരിച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ അവളുടെ അമ്മാവന്‍ മരിച്ചെന്നും പറഞ്ഞ് എന്റെടുത്തു നിന്നും പോയി. തിരിച്ചു വന്നപ്പോള്‍ വല്ല്യമ്മായി അമ്മായിയെ കാണണമെന്നു പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞു.എനിക്കറിയില്ലല്ലോ അവരെ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അന്ന് കല്ല്യാണത്തിനു പോകുമ്പോള്‍ ഡാന്‍സു കളിച്ച അമ്മായിയുടെ ഭര്‍ത്താവാണ് മരിച്ചു പോയതെന്ന് പറഞ്ഞ് അവള്‍ പാറുകുട്ടിയമ്മയെ എനിക്ക് ഓര്‍മ്മപ്പെടുത്തിത്തന്നു.ഒരു ദിവസം ഓഫെടുത്ത് ഞാന്‍ പാറുകുട്ടിയമ്മയെ കാണാന്‍ എന്റെ മരുമകളോടൊപ്പം അവരുടെ വീട്ടിലേക്കു പോയി. അന്നേക്ക് അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് എട്ടു ദിവസമായിരുന്നു.എഴുപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ആ സ്‌ത്രീയെ എങ്ങനെ ഇങ്ങനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കും എന്നൊരു വല്ലായ്‌മ അവിടെത്തിയപ്പോള്‍ എനിക്കുണ്ടായി. വീട്ടിലെത്തിയ ഉടനെ തന്നെ മുറ്റത്തെ പന്തലില്‍ നിന്ന് ചായ കുടിച്ച് ഞാന്‍ പാറുകുട്ടിയമ്മയുടെ മകളോടും എന്റെ മരുമകളോടുമൊന്നിച്ച് പാറുകുട്ടിയമ്മയുടെ മുറിയുടെ വാതില്‍ക്കലെത്തി.നിലത്ത് ഒരു പായില്‍ ഇരുന്ന് വേഷ്ടികൊണ്ട് കഴുത്തില്‍ വീശിയും കുനിഞ്ഞ് വായകൊണ്ട് കഴുത്തിലേക്ക് ഊതിയും ഏറെ അസ്വസ്ഥയായി വിയര്‍ത്തു കുളിച്ചിരിക്കുന്ന പാറുകുട്ടിയമ്മക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്.
"അമ്മേ ആരാ വന്നത്‌ന്ന് നോക്കി " മകള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു. പെട്ടന്ന് പാറുകുട്ടിയമ്മ വീശിക്കൊണ്ടു തന്നെ എന്നെ നോക്കി.
"ആരാത്" ! പാറുകുട്ടിയമ്മയുടെ മുഖത്ത് വല്ലാത്ത സന്തോഷം
"ദാ.... ഇങ്ങോട്ടിരിക്ക്" അകത്തെ ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ചുകൊണ്ട് പാറുകുട്ടിയമ്മ എന്നെ ക്ഷണിച്ചു.ഞാന്‍ അവിടെച്ചെന്നിരുന്നു. പ്രതീക്ഷിച്ച വിഷമാവസ്ഥ കാണാത്തതില്‍ എനിക്കാശ്വാസം തോന്നി." നല്ല ചൂട് ല്ലേ വല്ലാതെ വിയര്‍ക്കുന്നുണ്ട് ഞാന്‍ വീശിത്തരാം" എന്നു പറഞ്ഞ് ഞാന്‍ അവിടുന്നൊരു പേപ്പറെടുത്ത് മടക്കി അവരെ വീശി.അവര്‍ വീശല്‍ നിര്‍ത്തി ആശ്വാസം കൊണ്ടെന്നപോലെ എന്നോടായി പറഞ്ഞു
"ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക് വയ്യേ......... ചൂടുംപൊകച്ചിലെടുത്തിറ്റ് ....................... " മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും വിളക്കു കെട്ടുപോകുമെന്നുള്ളതിനല്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല.അനവധി സ്ഥലങ്ങളില്‍ ഈ കാഴ്‌ച മറ്റൊരു ചിന്തയ്‌ക്കിടയില്ലാതെ ഞാന്‍ നോക്കി കടന്നു പോയിട്ടുണ്ട്. എന്നാല്‍ പാറുകുട്ടിയമ്മയുടെ നിഷ്‌കളങ്കമായ പ്രതികരണം സ്‌ത്രീയ്‌ക്ക്‌മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ആചാരം എന്ന അടിമത്തത്തെപ്പറ്റി ചിന്തിക്കുന്നതിനിടയാക്കി.ഭര്‍ത്താവു മരിച്ചാല്‍ അതേ ദിവസം തലക്കല്‍ (തലഭാഗത്ത്) കത്തിച്ചു വെക്കുന്ന നിലവിളക്ക് അണയാതെ പതിനൊന്ന് ദിവസം കത്തിക്കണം.വിളക്കണയാതെ കുത്തിയിരിക്കുക എന്നത് ഭാര്യമാരുടെ ചുമതലയാണ്. ഈ ക്രൂരകൃത്യം ധാരാളം കണ്ടിട്ടുണ്ടെങ്കിലും പരിഭവമില്ലാതെ ഈ കൃത്യം തുടരുന്ന സ്‌ത്രീകളുടെ മാനസീകാവസ്ഥയുടെ പ്രകടമായ രൂപമാണ് പാറുകുട്ടിയമ്മയിലൂടെ എനിക്കു കാണാന്‍ കഴിഞ്ഞത്.ഒരിക്കലും ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ് ഇത്തരത്തില്‍ കാവലിരിക്കേണ്ട. ഭര്‍ത്താവെന്നല്ല ഒരാണും ക്ഷമകെട്ട് ഇരിക്കുന്നതിന് ആരും അയാളെ നിര്‍ന്ധിക്കില്ല.മരിച്ചതാരായാലും ആ ശരീരത്തിനു കൂട്ടിരിക്കുക എന്ന ബാധ്യത സ്‌ത്രീകളെത്തന്നെ ഏല്‌പിച്ച് പുരുഷന്മാര്‍ മുട്ടാന്യായം പറഞ്ഞ് ഉള്‍വലിയുന്നത് ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.