എല്ലാവരും നല്ലവരാണ്
എല്ലാവരും നല്ലവരാണ്
നിഷ്‌കളങ്കരാണ്‌പിടിക്കപ്പെടുംവരെ.
ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച (2) )
ചോദ്യം No.5:-- നിങ്ങളീ സമത്വം എന്നൊക്കെ പറയുന്നത് ആണിനെപ്പോലെ മസിലൊക്കെവെച്ച്................. തെങ്ങിന്മേലൊക്കെ കയറാന്‍ പാകത്തിലാകുക എന്നതാണോ........?(സ്ഥലം തിരുവനന്തപുരം ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍)
ഉത്തരം:-- നിങ്ങള്‍തെങ്ങിന്മേല്‍ കയറുമോ... ?ഇല്ല ഞാന്‍ കയറില്ല.പക്ഷേ പൊതുവേ ആണുങ്ങളാണല്ലോ കയറുന്നത്.അയാള്‍ അല്‌പമൊന്നു പതറിക്കൊണ്ട് മറുപടി പറഞ്ഞു. ഞാന്‍ തുടര്‍ന്നു.പണ്ടേ പറഞ്ഞു വരുന്ന ഒരു കഥയുണ്ട്.ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ച ഒരാളെ ആളുകള്‍ എടുത്തുകൊണ്ടോടുന്നതു കണ്ടപ്പോള്‍ വഴിയില്‍ ചുരുണ്ടു കിടക്കുന്ന ഞാഞ്ഞൂല്‍ തല പൊക്കികൊണ്ട് ഗമയില്‍ പറഞ്ഞു ആആആആആആആആആആ ന്റെ വര്‍ഗ്ഗത്തോടു കളിച്ചാല്‍ ഇങ്ങനിരിക്കും ന്ന് അങ്ങനത്തെ ഉത്തരം വേണ്ട.പ്രാപ്‌തിയുള്ളവര്‍ പ്രാപ്‌തിയുള്ളതു ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അഭിമാനിക്കേണ്ടതില്ല.അത് ആ പ്രവര്‍ത്തി ചെയ്യുന്നവരുടെ മാത്രം കഴിവാണ്.വര്‍ഗ്ഗത്തന്റേതല്ല.ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും തെങ്ങില്‍ കയറാത്തവരും കടലില്‍ പോകാത്തവരും,പര്‍വ്വതങ്ങള്‍ കയറാത്തവരും തന്നെയാണ്.അങ്ങനെയൊക്കെ ചെയ്യുന്ന (പാവപ്പെട്ടവരും കഠിനാധ്വാനികളുമായ) ആണുങ്ങളുടെ പേരില്‍ യാതൊരര്‍ഹതയുമില്ലാത്ത ആണുങ്ങള്‍ ഊറ്റം കൊള്ളേണ്ടതില്ല.
ചോദ്യംNo.6:--വിനയയുടെ ഈ വേഷം പുരുഷാധിപത്യത്തോടുള്ള വെല്ലുവിളിയല്ലേ...?(കോട്ടയം cms കോളേജിലെ ഒരു പെണ്‍കുട്ടി)
ഉത്തരം:-- അതെ ഈ വേഷം മാത്രമല്ല, ഈ നില്‌പും നോട്ടവും, സംസാരവും , സാന്നിധ്യവും എല്ലാം എല്ലാം തന്നെ പുരുഷാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
ചോദ്യം No.7 വിനയക്ക് പുരുഷന്മാരെ വെറുപ്പാണോ ?( CMS കോളേജ് കോട്ടയം ഒരു ആണ്‍കുട്ടി.)
ഉത്തരം:-- (ചിരിച്ചുകൊണ്ട്)ഒരിക്കലുമല്ല. എനിക്കവരെ ഇഷ്ടമാണ്. (ഭാവം മാറ്റി സദസ്സിനു നേരെ വിരല്‍ ചൂണ്ടി) പ്രേമിക്കാന്‍ കൊള്ളാം അത്രമാത്രം.
ചോദ്യം No.8:-- സ്‌ത്രീ ആധിപത്യം വരണമെന്നാണോ വിനയ ആഗ്രഹിക്കുന്നത് ? താങ്കളുടെ ക്ലാസ്സു കേള്‍ക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന ഒരു സംശയമാണിത് (ചേര്‍ത്തല NSS കോളേജിലെ ഒരു ആണ്‍കുട്ടി.)
ഉത്തരം :-- ശരിയാണ്. ഇന്നലെ വരെ ഞങ്ങളുടെ തലയില്‍ കയറി ചവിട്ടി അരച്ചവരുടെ തലയില്‍ കയറി ഒരു ദിവസമെങ്കിലും ഒന്നു ചവിട്ടി അരക്കാന്‍ അഭിമാനമുള്ള ആര്‍ക്കും തോന്നും എന്നത് തികച്ചും സ്വാഭാവികം.
ചോദ്യം No.9 :--എത്രയായാലും നിങ്ങള്‍ക്കൊന്നു പ്രസവിക്കണമെങ്കില്‍ ഞങ്ങളുടെ സഹായം വേണമല്ലോ...? (കണ്ണൂര്‍ ജില്ലയിലെ വക്കളത്തു നിന്നും ഒരു കൂട്ടം ചെറുപ്പക്കാരില്‍നിന്നും ഒരാള്‍)
ഉത്തരം :-- എന്തിന്...? ജേഴ്‌സിപ്പശു പ്രസവിക്കുന്നത് ബന്ധപ്പെട്ടിട്ടൊന്നുമല്ലല്ലോ. ശാസ്‌ത്രം പുരോഗമിച്ചു എന്റെ സുഹൃത്തുക്കളേ....... ഡോക്ടര്‍ വേണോ, കലക്ടര്‍ വേണോ.....,എന്‍ജിനീയര്‍ വേണോ... , അതോ ഇതിലൊന്നും പെടാത്തതു വേണോ.... എന്നൊക്കെ ഒരു ദിവസം തന്നെ ചിന്തിക്കുകയും അന്നു തന്നെ സെലക്ടു ചെയ്യുകയും ചെയ്യാം. ഇഷ്ടമുള്ള ഒരു മിഠായി തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ......
ക്ലാസ്സിലെ ചോദ്യങ്ങള്‍
എന്റെ സസ്‌പന്‍ഷെന്‍ കാലങ്ങളിലും എന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട കാലങ്ങളിലുമായി ഏകദേശം അഞ്ഞൂറിലേറെ ക്ലാസ്സുകള്‍ എടുക്കുന്നതിന് എനിക്ക് അവസരം ലഭിച്ചു.കോളേജുകള്‍,സ്‌ക്കൂളുകള്‍,പഞ്ചായത്ത്‌മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സാഹിത്യപ്രമുഖരുടെ കൂട്ടായ്‌മകള്‍, സന്നദ്ധസംഘടനകളുടെ പരിപാടികള്‍ ..................... തുടങ്ങി നാനാതുറകളിലുള്ളവരുമായി അടുത്തിടപഴകുന്നതിന് ഇതു കാരണമായി.ഓരോ ക്ലാസ്സുകളില്‍ നിന്നും സമൂഹത്തിനെന്നോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ തന്നെയായിരുന്നു പലരും എന്നോട് ചോദിച്ചത്.
.ചോദ്യം. No.1(സ്ഥലം പുല്‌പള്ളി. ഏകദേശം 70 വയസ്സു പ്രായം വരുന്ന ഒരു സ്‌ത്രീ ) സാറേ എനിക്ക് എഴുപത്തിരണ്ടു വയസ്സായി .ഇത്രയും കാലം അടിമയായിട്ടു തന്നെയാണ് ജീവിച്ചത്.ഇനിയിപ്പോ കാലോം കഴിഞ്ഞു.ഇനി എനിക്കെന്തു ചെയ്യത് സമാധാനിക്കാന്‍ കഴിയും. ?
ഉത്തരം :-- ഇത്രയും കാലം അടിമയായി ജീവിച്ചു എന്നതാണല്ലോ സങ്കടപ്പെടുത്തുന്നത്.അതിനെ മാറ്റാന്‍ ശേഷിക്കും കാലം സ്വന്തം ശരീരത്തിന്റെയെങ്കിലും ഉടമയായി മരിക്കാന്‍ ശ്രമിക്കണം.
ചോദ്യം No.2 സാറിന്റെ വീട്ടില്‍ മനസമാധാനം ഉണ്ടാകാറുണ്ടോ..?
ഉത്തരം :-- നിങ്ങളെല്ലാവരും ഭര്‍ത്താവിനെ തൃപ്‌തിപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത് , അയാളുടെ അടിവസ്‌ത്രം പോലുമലക്കി,അയാള്‍ക്കുവേണ്ടി സീമന്തരേഖ വരച്ച് അയാളുടെ താലി കഴുത്തിലണിഞ്ഞ് അങ്ങനെ ഭര്‍ത്താവിനേയും കുടുംബത്തേയും സംതൃപ്‌തിപ്പെടുത്തുക എന്നത് ജീവിതവൃതമാക്കിയനിങ്ങള്‍ക്ക് സമാധാനമുണ്ടോ.................? ഇല്ല എന്ന് ഒരേ ശബ്ദത്തില്‍ സദസ് എനിക്കുത്തരം തന്നു.ഞാന്‍ തുടര്‍ന്നു.
ഉത്തരം :--എങ്കിലേ ആ പറഞ്ഞ സാധനം എനിക്കുമില്ല.പക്ഷേ എനിക്കൊന്നുണ്ട് അഭിമാനം. ഞാന്‍ അഭിമാനം നിലനിര്‍ത്തി മനസമാധാനം ഇല്ലാതെ ജീവിക്കുന്നു .നിങ്ങള്‍ക്കിതു രണ്ടുമില്ല.അപ്പോള്‍ നിങ്ങളേക്കാള്‍ ഭേദം ഞാന്‍ തന്നെയല്ലേ............. ?എല്ലാവരും ചിരിച്ചുകൊണ്ട് എന്റെ ഉത്തരത്തെ പിന്താങ്ങി.
ചോദ്യം No.3 :--( സ്ഥലം ആലപ്പുഴ) നിങ്ങളുടെ ഭര്‍ത്താവ് സമ്മതിക്കുന്നതുകൊണ്ടല്ലേ നിങ്ങള്‍ക്കിങ്ങനെയൊക്കെ ആകാന്‍ സാധിക്കുന്നത്.?ഉത്തരം:-- കാത്ത സമ്മതിച്ചിട്ടാണോ തകഴി എഴുതിയത് ? ആര്യ സമ്മതിച്ചിട്ടാണോ ഇ.എം.എസ് ഒളിവില്‍ പോയത് ? എന്റെ കാര്യവും അത്രേയുള്ളൂ.
ചോദ്യംNo.4 :-- മോഹന്‍ദാസ് എന്നൊരാള്‍ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ നിങ്ങള്‍ക്ക് ഒരു ഭാര്യയാകാന്‍ കഴിഞ്ഞത് .......... ? ( പുല്‌പള്ളിക്കടുത്ത് ഷെഡ്ഡ് എന്ന സ്ഥലത്തുനിന്നും ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ചോദ്യകര്‍ത്താവ്.ഷെഡ്ഡില്‍ നിന്നും ഓരോ അഞ്ചുമിനിട്ടു കഴിയുമ്പോഴും പുല്‌പള്ളിയിലേക്ക് ബസ്സുണ്ട്)
ഉത്തരം:-- താങ്കള്‍ പുല്‌പള്ളിയില്‍ പോകണം എന്ന ഉദ്ദേശത്തോടെ ഷെഡ്ഡില്‍ ബസ്സു കാത്തു നില്‌ക്കുന്നു.ആദ്യം വന്ന ബസ്സ് നിര്‌ത്തിയില്ല, നിങ്ങളെന്തു ചെയ്യും യാത്ര മതിയാക്കുമോ ?ഇല്ല അടുത്ത ബസ്സിനു കൈനീട്ടും അയാളുത്തരം പറഞ്ഞു.ആ..... ഞാനും അത്രേ ചെയ്യൂ........................ (തുടരും)
പെണ്ണിനു മാറിടം ബാധ്യതയോ.............. ?
പെണ്ണിന് അവളുടെ മാറിടം ബാധ്യതയാണോ....?ഒരു വ്യക്തി എന്ന നിലയിലും പ്രകൃതിയിലെ ഒരു ജീവി എന്ന നിലയിലും അവള്‍ക്കേറെ അഭിമാനിക്കാന്‍ വക നല്‌കുന്ന ഒരവയവമാണ് അവളുടെ മുലകള്‍.അമ്മയുടെ മുലയോട് കടപ്പാടില്ലാത്തവര്‍ അത്യപൂര്‍വ്വം പേരേ ഉണ്ടാകൂ.പരമ്പരാഗതമായി ഒരു സമൂഹത്തിനു തന്നെ പ്രഥമോര്‍ജ്ജം നല്‌കിയ , നല്‌കികൊണ്ടിരിക്കുന്ന ,നല്‌കാനുള്ള അവളുടെ മുലകള്‍ അതി മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ച് വാണിജ്യപ്പരസ്യങ്ങള്‍ക്കായുപയോഗിക്കുന്ന വെറും ചരക്കായി മാറ്റികൊണ്ടിരിക്കുന്നു.പെണ്ണിന് വ്യക്തമായി അഭിമാനിക്കുന്നതിന് വസ്‌തു നിഷ്ടമായ കാരണമുള്ള ഒരു അവയവമാണ് മുല.തെറ്റായ പ്രചാരണം ഹേതുവായി മുല എന്നത് ഏറ്റവും നിന്ദ്യമായ ഒരു പദമായും അവയവമായും മാറിപ്പോയിരിക്കുന്നു.അതുകൊണ്ടു തന്നെ അത് പെണ്‍കുട്ടികളില്‍ സദാ അപകര്‍ഷതാ ബോധവും മറ്റു പല ബാധ്യതകളും ഉണ്ടാക്കുന്നു.തന്റെ സഹജീവിയായ പുരുഷന് ഇതിനു സമാനമായ മറ്റൊരവയവം പ്രകൃതിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനുതകും വിധത്തില്‍ ഇല്ല എന്നതു തന്നെയാണിതിന്റെ മഹത്വം.എന്നിട്ടും മറച്ചു പിടിക്കേണ്ട ഒന്നായി കൗമാര പ്രായത്തിലേ പെണ്‍കുട്ടികള്‍ മാറിടത്തെ കാണുന്നു.തനിക്കില്ലാത്തതായ അപൂര്‍വ്വസിദ്ധിയുള്ള ഈ അവയവം അവനില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും അസൂയയും സൃഷ്ടിച്ചു.ഈ മാനസീകവസ്ഥയെ ലഘൂകരിക്കുന്നതിനായി പെണ്ണിന്റെ മാറിടത്തെക്കുറിച്ച് അവളില്‍ ആവുന്നത്ര അപകര്‍ഷതാബോധം ജനിപ്പിക്കുന്നതിനും അവന്‍ ശ്രമിച്ചു. തന്റെ നയനസുഖത്തിനാണ് പ്രകൃതി ഇങ്ങനെയൊരു അവയവം സ്‌ത്രീക്ക് നല്‌കിയത് എന്ന ചിന്ത അവന്‍ പ്രചരിപ്പിച്ചു.തത്‌ഫലമായി അവനില്‍ മോഹം ജനിപ്പിക്കുന്ന ഈ അവയവം പരമാവധി അവനില്‍ നിന്നും മറച്ചുവെക്കാനും അവന്റെ ചിന്തയാല്‍ സൃഷ്ടിച്ചെടുത്ത സമൂഹം അവളെ പഠിപ്പിച്ചു.അല്ലെങ്കില്‍ സദാ ഓര്‍മ്മപ്പെടുത്തി.ശരീരത്തിന്റെ നഗ്നത മറക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച വസ്‌ത്രധാരണ രീതിയിലും മറ്റെല്ലാ മേഖലയിലും അവന്‍ കാണിച്ച ആധിപത്യമനോഭാവം വസ്‌ത്രധാരണത്തിലും പ്രയോഗിച്ചു.പെണ്ണ് ഏത് രീതിയിലുള്ള വസ്‌ത്രം ധരിക്കണമെന്ന് അവന്‍ ചിന്തിച്ചു.അവന്റെ കണ്ണിലൂടെ അവന്‍ അവളുടെ വസ്‌ത്രത്തിനു രൂപകല്‌പന നടത്തി.വളരെ അടുത്ത കാലം വരെ ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന നമ്മുടെ അമ്മൂമ്മമാര്‍ ഒട്ടേറെ സമരങ്ങളിലൂടെയാണ് മാറു മറക്കാനുള്ള അവകാശം നേടിയെടുത്തത്.അങ്ങനെയുള്ള അവകാശം അവള്‍ നേടിയെടുത്തപ്പോഴും അതെങ്ങനെ മറക്കണമെന്ന തീരുമാനമെടുത്തതും പുരുഷന്‍ തന്നെയായിരുന്നു എന്നത്‌് ബ്ലൗസിന്റെ പ്രത്യേകതയില്‍ നിന്നും മനസ്സിലാക്കാം.മാറു മറക്കണമെങ്കില്‍ നിങ്ങള്‍ മറച്ചുകൊള്ളൂ പക്ഷേ അത് അതിന്റെ രൂപത്തില്‍ ഭാവത്തില്‍ തന്നെ ഞങ്ങള്‍ക്കു കാണണം......ബ്രേസിയറും ബ്ലൗസും സ്‌ത്രീയുടെ മാറിടത്തെ വസ്‌ത്രം ഉപയോഗിച്ച് ആകൃതി നല്‌കുന്നതാണ് . ശരീരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ ശരീരത്തോടു ചേര്‍ന്നു തന്നെ നിന്നില്ലെങ്കില്‍ അതിന്റെ ചലനം ആത്മ വിശ്വാസം നഷ്ടപ്പെടുത്തും അതുകൊണ്ടു തന്നെ അവയുടെ ചലനം നിയന്ത്രിക്കും വിധം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തുകയേവേണ്ടൂ. കളരിപയറ്റിനും മറ്റ് കായികാഭ്യാസത്തിലും ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ലങ്കോട്ടി ഉപയോഗിക്കുന്നതിന്റെ പിന്നിലെ ശാസ്‌ത്രവും ഇതു തന്നെയാണ്.ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കുഞ്ഞിനെ കാണാനായി പോകുന്നത് പതിവാണ്.ഇതിനായി ഒരു കുഞ്ഞുടുപ്പ് സമ്മാനമായി വാങ്ങുന്നതിന് കടയിലേക്കു ചെന്ന് ഒരു മാസം പ്രായമുള്ള കുട്ടിക്കുള്ള ഒരുടുപ്പ് വേണമെന്നു പറഞ്ഞാല്‍ ഉടനെ കുട്ടി ആണോ...? പെണ്ണോ....... ? എന്ന മറു ചോദ്യം ഉയരുകയായി.പെണ്ണാണെന്നു പറഞ്ഞ ഉടനെ തന്നെ കടക്കാരി / കടക്കാരന്‍ കഴുത്തിനു ചുറ്റും വര്‍ണ്ണശബളതയില്‍ ഫ്രില്ലുകള്‍ തീര്‍ത്ത വിവിധയിനം കുഞ്ഞുടുപ്പുകള്‍ കാണിക്കുകയായി.ഇത്തരത്തില്‍ ഫ്രില്ലുവെച്ച ഉടുപ്പുകള്‍ ധരിച്ചു വളരുന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ നൈറ്റിക്കു മുന്‍വശം വെച്ച ഫ്രില്ലിന്റേയും തന്റെ ഉടുപ്പിനു മുന്‍വശം വെച്ച ഫ്രില്ലിന്റേയും ഉദ്ദേശം എന്തെന്ന് സ്വയം മനസിലാക്കാന്‍ കാലക്രമത്തില്‍ പരിശീലിക്കുന്നു.സ്‌ക്കൂള്‍തലം മുതല്‍ പെണ്‍കുട്ടികളെ അവരുടെ മാറിടത്തെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കുംവിധമാണ് അവര്‍ക്കുവേണ്ടി രൂപകല്‌പന ചെയ്‌തരിക്കുന്ന യൂണിഫോമുകള്‍.നഴ്‌സറി തലം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ യൂണിഫോം മിഡിയും ഷര്‍ട്ടും പിന്നെ ഒരു ഓവര്‍കോട്ടും ആകുമ്പോള്‍ ആണ്‍കുട്ടിക്ക് ട്രൗസറും ഷര്‍ട്ടും മാത്രമായിരിക്കും.ഈ ഓവര്‍ക്കോട്ട് സമ്പ്രദായം സ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടെ അവസാനിക്കുകയും അത് കോളേജിലെത്തുമ്പോഴേക്കും അത് സാരിയിലേക്കോ ചുരിദാറിലേക്കോ തിരിയുകയും ചെയ്യും..ഇത്തരത്തില്‍ ചെറുപ്പം മുതലേ മാറിടത്തില്‍ ശ്രദ്ധ പതിപ്പിച്ചു വളരുന്ന പെ്‌ണ്‍കുട്ടി ഒരു സ്‌ത്രീയായി കഴിയുമ്പോഴേക്കും ഈ ശ്രദ്ധ അവളില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരിക്കും.സാരി എന്ന വസ്‌ത്രം തന്നെ മാറിടത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നാണ്.മാറിടം വളര്‍ച്ചയെത്താത്ത ഒരു പെണ്‍കട്ടിക്ക് ചുരിതാര്‍ ധരിക്കുന്നതിലോ മറ്റേത് വസ്‌ത്രം ധരിക്കുന്നതിലോ അപാകതയില്ല എന്നാലവള്‍ സാരി ധരിക്കണമെങ്കില്‍ നിര്‍ബന്ധമായും അവള്‍ക്ക് വളര്‍ച്ചയെത്തിയ മാറിടം ഉണ്ടായിരിക്കണം.മാറിടത്തെ ഭംഗിയായി പാതി മറക്കുന്നതിലാണ് സാരി ഉടുക്കുന്നതിലെ ഭംഗിയും അഭംഗിയും.ജനിക്കുമ്പോള്‍ പൂര്‍ണ്ണ രൂപം കൈവരിച്ചിട്ടില്ലാത്ത മുലയെ മാത്രം കേന്ദ്രീകരിച്ചുള്ള ഈ വേഷം സ്‌ത്രീയെ ഒരു ശരീരം മാത്രമാക്കി ചുരുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.മുലകള്‍ക്ക് സമൂഹം നല്‌കിയ അമിതപ്രാധാന്യം നിമിത്തം ഒരു പെണ്‍കുട്ടിയുടെ സകലമാന സന്തോഷങ്ങളും അവള്‍ ഈ അവയവത്തിന്റെ പേരില്‍ നിയന്ത്രിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നു.പുസ്‌തകങ്ങളുമായി നടന്നുപോകുന്ന പെണ്‍കുട്ടി മാറിടത്തിന് രക്ഷാകവചമായി പുസ്‌തകത്തെ ഉപയോഗിക്കുന്നത് നമ്മുക്ക് സുപരിചിതമാണല്ലോ .നമ്മുക്കിഷ്ടമല്ലാത്ത ഒരു വ്യക്തിയുടെ ദുരുദ്ദേശത്തോടെയുള്ള സ്‌പര്‍ശം പോലും നാമെതിര്‍്‌ക്കില്ലേ....? അത്ര പ്രാധാന്യം മാത്രമേ ഈ അവയവത്തിനും കൊടുക്കേണ്ടതുള്ളൂ.മതി മറന്നാഹ്ലാദിക്കേണ്ട സന്ദര്‍ഭങ്ങളിലും സാമൂഹികമായി വലിയ വലിയ കര്‍ത്തവ്യങ്ങളിലേര്‍പ്പെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും തന്റെ മാറിടത്തെ ഒരു ബാധ്യതയായി കാണുന്ന പെണ്‍കുട്ടി സമൂഹത്തോടും തന്നോടു തന്നെയുമുള്ള കടപ്പാടില്‍ നിന്നും ഒളിച്ചോടുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു.സ്‌ത്രീ / പരുഷന്‍ എന്ന വേര്‍തിരിവ് സ്‌പഷ്ടമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വസ്‌ത്രധാരണ രീതി തന്നെയാണ്.രണ്ടു കാലില്‍ നിവര്‍ന്നു നില്‌ക്കുന്ന മനുഷ്യര്‍ക്ക് (ആണിനും പെണ്ണിനും)ഒരേ രീതിയിലുള്ള വസ്‌ത്രധാരണ രീതിയും യോജിക്കുന്നതു തന്നെയാണ്.സ്‌ക്കൂള്‍ തലം മുതലാരംഭിക്കുന്ന ഈ ലിംഗ വിവേചനപരമായ വസ്‌ത്രധാരണ രീതി ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.കുട്ടികള്‍ കുട്ടികളായിതന്നെ വളരട്ടെ. അവര്‍ ആണോ പെണ്ണോ എന്നറിയേണ്ട ബാധ്യത അധ്യാപകര്‍ക്കെന്തിനാണ്......? അതുപോലെ നടന്നുപോകുന്ന വ്യക്തി ആണോ പെണ്ണോ എന്നെന്തിനാണ് സമൂഹത്തെ മുഴുവന്‍ അറിയിക്കുന്നത് .അത് അറിയേണ്ടവര്‍ അറിഞ്ഞാല്‍പോരേ ? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ...............?