Saturday, October 30, 2010

അത്രക്കോര്‍ത്തില്ല

അത്രക്കോര്‍ത്തില്ല.
ത്രേസ്യാമ്മ ചാക്കോ പാസ്‌പോര്‍ട്ട്‌ നിയമപ്രകാരം അറസ്റ്റിലായി.കോടതി ജാമ്യം അനുവദിച്ചു.കേസ്‌ ആള്‍മാറാട്ടത്തിന്‌. ഐ.ഡി കാര്‍ഡ്‌ ശരിയാക്കിയത്‌ ഭര്‍ത്താവ്‌.വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ(ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്തമാണല്ലോ അത്‌) .SSLC ബുക്കൊന്നും വേണ്ടി വന്നില്ല.ത്രേസ്യാമ്മ ചാക്കോ എന്ന പേരില്‍ ഐ.ഡി കാര്‍ഡും കിട്ടി.(ഭാര്യയെ തനിയെ വിട്ടാല്‍ വാലിനു വേണ്ടി പറയേണ്ടി വരും ചിലപ്പോളെങ്ങാനും എതിര്‍ത്താലോ അതു നാണക്കേടാകും.) എമര്‍ജന്‍സി വിസ പ്രകാരം ത്രേസ്യാമ്മചാക്കോ ദുബായിലെത്തി.2 വര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്‌.പാസ്‌പോര്‍ട്ടാഫീസിലെ രേഖപ്രകാരം ത്രേസ്യാമ്മ യോഹന്നാന്റെ (SSLC ബുക്കിലെ പേര്‌ അങ്ങനെയാണ്‌.)പാസ്‌പോര്‍ട്ടിലാണ്‌ ത്രേസ്യാമ്മചാക്കോ ദുബായിലെത്തുന്നത്‌.പോരെ പൂരം.പിന്നെ എന്തെല്ലാം നൂലാമാലകള്‍.വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്‌.സാഷികളുടെ സാക്ഷ്യപ്പെടുത്തല്‍ ....... ജാമ്യം കിട്ടി ത്രേസ്യാമ്മ പുറത്തിറങ്ങിയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചാക്കോ പറഞ്ഞു .അന്ന്‌ അത്രക്കോര്‍ത്തില്ല.

Thursday, October 28, 2010

മേം ഞങ്ങളെന്തു ചെയ്യും

മേം ഞങ്ങളെന്തു ചെയ്യും?മെസ്സില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശബ്ദിച്ചഫോണ്‍ മനസ്സില്ലാമനസ്സോടെയാണ്‌ എടുത്തത്‌.ഞാന്‍ ഹലോ പറഞ്ഞതേ മറുതലക്കല്‍ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായത മുട്ടി നില്‍ക്കുന്ന പരിദേവനം
"മേം ഞങ്ങളെന്തു ചെയ്യും?NCC Cadets ആയ ഞങ്ങള്‍ 12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും Election duty യിലെ Special police officer തസ്‌തികയിലേക്ക്‌ ഒരുമിച്ച്‌ അപേക്ഷിച്ചതാണ്‌.പക്ഷേ duty ക്ക്‌ കാര്‍ഡ്‌ വന്നത്‌ ആണ്‍കുട്ടികള്‍ക്കുമാത്രം.ഞങ്ങള്‍ 12 പെണ്‍കുട്ടികളേയും ഒഴിവാക്കി.മേം എന്തെങ്കിലും ചെയ്യണം ഞങ്ങള്‍ക്കും ഡ്യൂട്ടി ചെയ്യണം.പെണ്‍കുട്ടി നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ട്‌ ഞാന്‍ തുടര്‍ന്നു
"കരഞ്ഞിട്ടെന്തു കാര്യം?നിങ്ങളുടെ നല്ല മനസ്സിനെ കഴിവുകേടായി മാത്രമേ അധികാരികള്‍ കാണൂ എന്ന സത്യം ആദ്യം തിരിച്ചറിയുക.നിങ്ങള്‍ 12 പെണ്‍കുട്ടികളുടെ സ്ഥാനത്ത്‌ 12 ആണ്‍കുട്ടികളായിരുന്നെങ്കില്‍ അധികാരികള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നോ ?ആത്മാഭിമാനം മുറിപ്പെട്ടാല്‍ ആണ്‍കുട്ടികളെന്താണ്‌ ചെയ്യാറുള്ളതെന്ന്‌ നിങ്ങള്‍ കാണാറുള്ളതല്ലേ ?ആത്മാഭിമാനം മുറിപ്പെടുമ്പോഴെങ്കിലും നിങ്ങള്‍ ആണ്‍കുട്ടികളുടെ ശൗര്യം ഓര്‍ക്കുക അതനുകരിക്കുകയെങ്കിലും ചെയ്യുക.ആരും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ധൈര്യം കാണിക്കില്ല.എങ്ങനെയായാലും ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രതികരിക്കണം .വഴി നിങ്ങള്‍ ആലോചിച്ച്‌ കണ്ടെത്തുക. അടുത്ത ഇലക്ഷനിലെങ്കിലും നിങ്ങള്‍ക്ക്‌ ആ ഡ്യൂട്ടിചെയ്യാം." ഞാന്‍ പറഞ്ഞു നിര്‍ത്തി.
ബൂത്ത്‌ ഏജന്റെുമാരായും പോളിംഗ്‌ ഓഫീസര്‍മാരായും പോലീസ്‌ ഉദ്യോഗസ്ഥരായും അനവധി സ്‌ത്രീകള്‍ ജോലി ചെയ്‌ത ഈ ഇലക്ഷനില്‍ നിന്നും ആ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അല്‌പത്തമല്ലാതെ മറ്റെന്താണ്‌

Friday, October 8, 2010

ഗതികേട്‌

ഗതികേട്‌
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്ത ശേഷം വീടു കേറി വിവരം പറയാനെത്തിയ ജയയോട്‌ ഞാന്‍ ചോദിച്ചു.
" ഇത്ര കാലവും ജയ മാത്രമായി അറിയപ്പെട്ട ജയ ഇപ്പം ജയാ ബാലകൃഷ്‌ണനായി.സ്‌ത്രീകള്‍ സ്ഥാനാര്‍ത്ഥിളാകാന്‍ ഭര്‍ത്താവിന്റെ പേര്‌ വാലായി ചേര്‍ക്കണമെന്ന്‌ നിര്‍ബന്ധമുണ്ടോ ?"
അല്‌പം പരിഹാസ്യതയോടെയുള്ള എന്റെ ചോദ്യം കേട്ടയുടനെ വിഷയം മാറ്റാനെന്ന വണ്ണം കുടിക്കാന്‍ കുറച്ച്‌ വെള്ളം വേണമെന്നു പറഞ്ഞുകൊണ്ട്‌ ജയ അകത്തു കയറി.എന്നോടൊപ്പം അടുക്കളയിലെത്തിയ ശേഷം അടക്കിയ ശബ്ദത്തില്‍ പറഞ്ഞു
"സ്വന്തം പേരുമതിയെന്ന്‌ ഞാന്‍ പറഞ്ഞപ്പോ സെക്രട്ടറി പറഞ്ഞത്‌ ' പറയുന്നതങ്ങ്‌ കേട്ടാ മതീന്നാ ' പിന്നെ അതിനും വേണ്ടി എന്തെങ്കിലും പറഞ്ഞാ കിട്ടിയ സീറ്റു കൂടി പോകുമെന്നല്ലാതെ വേറൊരു ഗുണവും ഉണ്ടാകാന്‍ പോണില്ല.അതോണ്ടാ തര്‍ക്കിക്കാനൊന്നും പോകാഞ്ഞത്‌".
ജയയുടെ മറുപടി തന്നെയായിരിക്കും ഭൂരിപക്ഷം വരുന്ന ജയാാ ബാലകൃഷ്‌ണന്മാര്‍ക്കും.................