Monday, December 20, 2010

മദാലസക്കുളി

തൃശൂരിലെ ' കേരളീയം ' മാഗസിന്റെ സംഘാടകര്‍ സംഘടിപ്പിച്ച കുടജാദ്രി യാത്ര.10 സ്‌ത്രീകളും 10 പുരുഷന്മാരുമായിരുന്നു യാത്രയിലുണ്ടായിരുന്നത്‌.മൂന്നു ദിവസത്തെ യാത്ര എന്നെപ്പോലെ തന്നെ സംഘത്തിലെ ഓരോ അംഗങ്ങള്‍ക്കും ആവോളം മാനസീകോല്ലാസം പ്രദാനം ചെയ്‌തു എന്ന്‌ വിലയിരുത്തലില്‍ നിന്നും ബോധ്യമായി. യാത്രയില്‍ എനിക്കനുഭവപ്പെട്ട പ്രത്യേകത ആദ്യദിവസം വളരെ സ്വതന്ത്രമായി സൗഹൃദത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ സൗപര്‍ണ്ണിക നദിക്കടുത്തെത്തിയപ്പോള്‍ രണ്ടു വിഭാഗമായി വേര്‍തിരിഞ്ഞു.സ്‌ത്രീകള്‍ പുരുഷന്മാര്‍ കുളിക്കുന്നത്‌ നോക്കി നിന്ന്‌ കൈ കാലുകള്‍ കഴുകുന്നു.ഞാന്‍ വസ്‌ത്രം മാറി ഒരു മുണ്ടെടുത്ത്‌ മുലക്കച്ചകെട്ടി പുരുഷന്മാര്‍ക്കൊപ്പം പുഴയിലിറങ്ങി നീന്താന്‍ തുടങ്ങി തെളിഞ്ഞവെള്ള മായതുകൊണ്ട്‌ മുണ്ട്‌ പാടെ നീങ്ങുന്നതുകൊണ്ട്‌ ഞാന്‍ കരക്കു കയറി സ്‌പോട്‌സ്‌ ഡ്രെസ്സെടുത്ത്‌ ധരിച്ചു. അപ്പോഴേക്കും മുലക്കച്ചകെട്ടിയും ചുരിദാര്‍ ധരിച്ചും പെണ്ണുങ്ങളും പെണ്‍കുട്ടികളും പുഴയിലിറങ്ങി.ഏകദേശം ഒരു മണിക്കൂറോളം ഞങ്ങള്‍ കുളിച്ചു.അതുപോലൊരുപുഴ ഒത്തു കിട്ടിയത്‌ മൂന്നാമത്തെ ദിവസമായിരുന്നു.ആണുങ്ങളില്‍ ചിലര്‍ ഷഡ്ഡി മാത്രം ധരിച്ചും കൂടുതല്‍ പേരും ഷഡ്ഡിക്കുമുകളില്‍ തോര്‍ത്തുമുണ്ട്‌ ധരിച്ചും കുളിച്ചു.ഷഡ്ഡി മാത്രം ധരിച്ച ആണുങ്ങള്‍ വളരെ സ്വതന്ത്രരായി മലര്‍ന്നും കമിഴ്‌ന്നും നീന്തിക്കളിച്ചപ്പോള്‍, ഷഡ്ഡിക്കു മുകളില്‍ തോര്‍ത്തു ധരിച്ചവര്‍ മലര്‍ന്നു നീന്തുമ്പോള്‍ മുണ്ടു മാറാതിരിക്കാന്‍ തന്ത്രപ്പെടുന്നത്‌്‌ ഞാന്‍ ശ്രദ്ധിച്ചു.ചുരിദാര്‍ ധരിച്ചും മുലക്കച്ച കെട്ടിയും നീന്തി കുളിക്കുന്ന സ്‌ത്രീകളും പെണ്‍കുട്ടികളുംസ്വന്തം ശരീരത്തില്‍ സോപ്പു തേക്കാന്‍ പെടുന്ന പെടാപ്പാടുകണ്ട്‌ എനിക്കു ചിരിവന്നു.കുറച്ചു നേരം രംഗം വീക്ഷിച്ച ഞാന്‍ ഒരു ഷോട്‌സും ബോഡിയും മാത്രം ധരിച്ച്‌ പുഴയിലേക്ക്‌ ചാടുകയും മലര്‍ന്നും കമിഴ്‌ന്നും നീന്തുകയും ചെയ്‌തതിനുശേഷം പാറപ്പുറത്തു കയറി നിന്ന്‌ ശരീരം മുഴുവന്‍ സോപ്പുതേച്ച്‌ പതപ്പിച്ചു.അതിനിടയില്‍ എല്ലാവരോടുമായി കൂട്ടത്തിലൊരു ചെറുപ്പക്കാരന്‍ നീന്തുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു " നോക്ക്‌ വിനയചേച്ചിയുടെ മദാലസക്കുളി കണ്ടോ " ഞാന്‍ എന്റെ ദേഹത്തെ സോപ്പു പുരട്ടല്‍ തുടര്‍ന്നുകൊണ്ടു തന്നെ പറഞ്ഞു
"പിന്നേ.............. നിങ്ങള്‍ക്കു കിട്ടുന്ന ചെറിയ സന്തോഷത്തെ ഇല്ലാതാക്കാന്‍ ഞാനെന്റെ വലിയ സന്തോഷം വേണ്ടന്നുവെക്കൂലാ...ട്ടോ..."
എല്ലാവരും ചിരിച്ചു പിന്നേയും കുറേ സമയം ഞങ്ങള്‍ വെള്ളത്തില്‍ കളിച്ചു.സ്‌ത്രീകളും പുരുഷന്മാരും പരസ്‌പരം ശരീരം കണ്ടു പോയാല്‍ പ്രത്യേകിച്ചൊരപകടവും സംഭവിക്കാനില്ലെന്നെനിക്കന്നു മനസിലായി.അടുത്തയാത്രയില്‍ ഞങ്ങളെല്ലാവരും മദാലസക്കുളികുളിക്കും എന്നു പറഞ്ഞുകൊണ്ട്‌ ഒരു സ്‌ത്രീ എനിക്കു പിന്‍തുണ പ്രഖ്യാപിച്ചു.മറ്റു സ്‌ത്രീകള്‍ അതു ശരിവെക്കുകയും ചെയ്‌തു.

Tuesday, December 7, 2010

ദഹിക്കാഞ്ഞിട്ടാ

ദഹിക്കാഞ്ഞിട്ടാ--------------

ചേച്ചിയുടെ മകളുടെ വിവാഹ നിശ്ചയം നിശ്ചയിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ രണ്ടു കുടുംബത്തിലേയും മുതിര്‍ന്ന ആണുങ്ങള്‍.പതിവിനു വിപരീതമായി ചെക്കന്റെ വീട്ടില്‍ നിന്നും സ്‌ത്രീകളും ഉണ്ടായിരുന്നു.ഉമ്മറക്കോലായില്‍ ചടങ്ങിനിരിക്കാനുള്ള പായ വിരിച്ചു.പതിവുപോലെ മുതിര്‍ന്ന ആണുങ്ങള്‍ രണ്ടു ഭാഗങ്ങളായി അഭിമുഖമായിട്ടിരിക്കുന്നു.ശീലിച്ചതു പോലെ സ്‌ത്രീകളും മറ്റുള്ളവരും ചുറ്റിലും നിന്നു.ഞാനും നില്‌ക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍തന്നെ സ്ഥാനം പിടിച്ചു.പെട്ടന്ന്‌ ചെക്കന്റെ അച്ഛന്‍ എന്നെ നോക്കികൊണ്ട്‌ പറഞ്ഞു "വരിന്‍ നിങ്ങളും ഇരിക്ക്‌" തുടര്‍ന്ന്‌ ഇരിക്കുന്ന ആണുങ്ങള്‍ ഓരോരുത്തരും സ്‌ത്രീകളെ മാറിമാറി വിളിച്ചു.
സ്‌ത്രീകളുടെ മുഖത്തെ അന്ധാളിപ്പ്‌ കണ്ട്‌ ഞാന്‍ ഇടപെട്ടു.
"വേണ്ട മോഹനേട്ടാ നടക്കട്ടെ................"അവര്‍ ചടങ്ങ്‌ ആരംഭിച്ചു.
ചടങ്ങു കഴിഞ്ഞ്‌ മുറ്റത്തിറങ്ങിയ മോഹനേട്ടന്‍ എന്നോടു ചോദിച്ചു." എന്താ .......... വിനയപോലും ഇരിക്കാഞ്ഞത്‌?"
"ദഹിക്കാഞ്ഞിട്ടാ മോഹനേട്ടാ.............. ഇതുവരെ വിട്ടുനിന്നു ശീലിച്ചവരല്ലേ ഞങ്ങള്‍.കുറുക്കു പോലും തിന്നു തുടങ്ങാത്ത കുഞ്ഞിനു ബിരിയാണി എങ്ങനെ ദഹിക്കാനാ..........എനിക്ക്‌ സന്തോഷമുണ്ട്‌ മോഹനേട്ടാ........ നിങ്ങളുടെ മനസ്സില്‍ ഞങ്ങളും കൂടി വേണംന്ന്‌ തോന്നിയല്ലോ. ഞാന്‍ മറുപടി പറഞ്ഞു

Saturday, December 4, 2010

ഭേദം

ഭേദം
"സാറേ ഞാന്‍ ഹൈറുന്നീസ. കെട്ട്യോന്‌ വേറൊരു നിക്കാഹ്‌ കയ്‌ക്കാന്‍ വേണ്ടി ഞാന്‍ വീട്ടീന്നെറങ്ങണംന്ന്‌ പറഞ്ഞ്‌ ദെവസോം അടിതന്നെ .ഉമ്മെന്തിനാ തല്ലുകൊള്ളാന്‍ നിക്കണത്‌ വേഗം എറങ്ങിക്കോളി.ബാക്കിള്ളോര്‍ക്കെങ്കിലും മനസ്സമാധാനം ഉണ്ടാകൂലോ എന്നാ 16 ഉം 18 ഉം വയസ്സുള്ള രണ്ടാണ്‍മക്കളും പറയുന്നത്‌.ഞാനെങ്ങോട്ടുപോകും സാറേ............... തല്ലുകൊണ്ട്‌ നിക്കാനും വയ്യ."
സഹനത്തിന്റെ അവസാനഘട്ടത്തിലുള്ള ആ ശബ്ദത്തിന്‌ ഞാന്‍ മറുപടി നല്‌കിയതിങ്ങനെ.
നിങ്ങള്‍ തല്ലെത്ര കൊണ്ടാലും ആ വീട്ടില്‍ നിന്നും ഇറങ്ങരുത്‌ അത്‌ നിങ്ങളുടെ വീടാണ്‌.നിങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങാതെ നിന്നാല്‍ മാത്രമേ നിങ്ങള്‍ക്ക്‌ Domastic violence Act പ്രകാരം ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഒഴിവാക്കണമെന്ന ഓര്‍ഡര്‍ വാങ്ങാന്‍ ഒക്കൂ.നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ആകെ ചെയ്യാനുള്ളത്‌ ചിലവിനു കിട്ടാനുള്ള കേസു കൊടുക്കാം എന്നതു മാത്രമാണ്‌. അതിനുതന്നെ എത്ര കാലം കേസു നടത്തണം ?അഥവാ കേസ്‌ അനുകൂലമായാല്‍തന്നെ അയാള്‍ അതു പാലിക്കില്ല. പിന്നെ കോടതി അലക്ഷ്യം ഫയല്‍ ചെയ്യണം ഒരു പ്രാവശ്യമല്ല പല പ്രാവശ്യം അതിലും ഭേദം കുറച്ചടികൊണ്ട്‌ അവിടെത്തന്നെ പിടിച്ചുനിന്ന്‌ അയാളെത്തന്നെ ആ വീട്ടില്‍നിന്നും ഓടിക്കുന്നതല്ലേ.............?