Friday, May 10, 2013

മാറ്റത്തിനാവശ്യം പതിനഞ്ചു മിനിട്ട് സ്ഥലം തൃശ്ശൂര്‍ ജില്ലയിലെ വില്ലടം എന്നഗ്രാമം.തൃശ്ശൂര്‍ ടൗണില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു. അവിടെ ടൗണിനോടു ചേര്‍ന്ന് ടൗണിന്റെ യാതൊരു ശല്യവുമില്ലാതെ ഒരു വലിയ കളിസ്ഥലമുണ്ട്.വര്‍ഷങ്ങളായി ഈ കളിസ്ഥലവും പരിസരവും ഉപയോഗിച്ചുവരുന്നത് കളിക്കാനും കളികാണാനുമായുള്ള് ചെറുതും വലുതുമായ ആണ്‍കൂട്ടങ്ങള്‍ മാത്രമാണ്.ഈ പൊതു ഇടം ആണുങ്ങളുടെ വിഹാരകേന്ദ്രമായി ആ നാട്ടിലെ പെണ്‍ വര്‍ഗ്ഗം അംഗീകരിച്ചു വന്നിരുന്നതുമാണ്.അതുകൊണ്ടുതന്നെ അന്നാട്ടുകാരായ ആണും പെണ്ണും ഏറെ സൗഹൃദത്തോടെ അവിടെ(എല്ലായിടത്തും) കഴിഞ്ഞു വന്നിരുന്നതുമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 28,29 തിയ്യതികളില്‍ വില്ലടം വായനശാലയില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കായ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ARCHA(Assosiation to Rejuvanate Children through Holistic Approch) എന്ന സംഘടന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടത്തിയിരുന്നു.വായനശാലാ അംഗങ്ങളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണം ഈ ക്യാമ്പിനു ലഭിച്ചു.ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ ക്ലബ്ബ് അംഗവും നാട്ടുകാരനുമായ പോലീസ് അസിസ്റ്റന്റെ് സബ്ബ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആര്‍ച്ച ഭാരവാഹികളുടെ അഭ്യര്‍ത്ഥനപ്രകാരം പെണ്‍കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഒരു ഫുട്‌ബോള്‍ സമ്മാനിച്ചു. ക്യാമ്പിന്റെ ആദ്യ ദിവസം വൈകിട്ട് അഞ്ച് മണിയോടെ പതിനഞ്ചു കുട്ടികളും ഏഴു സൈക്കിളുമായി ഞങ്ങള്‍(ഞാനും,നിലമ്പൂര്‍ പുല്ലംകോട് സ്‌ക്കൂളിലെ ദിവ്യടീച്ചറും) വില്ലടം ഗ്രൗണ്ടിലേക്ക് യാത്രയായി.ഞങ്ങളോടൊപ്പം ക്ലബ്ബ് ഭാരവാഹികളായ തങ്കപ്പേട്ടന്‍,ജോണ്‍സണ്‍,പൊറിഞ്ചു,ശ്രീപ്രതാപ് രൂപശ്രീ എന്നിവരും വന്നിരുന്നു.കുട്ടികള്‍ ഗ്രൗണ്ടിലേക്കുള്ള യാത്രക്കിടയില്‍ തന്നെ വിവിധതരം ആശങ്കകള്‍ വെളിപ്പെടുത്തി. ''അത് ചെക്കന്മാരുടെ സ്ഥലമല്ലേ.............?അത് ചേട്ടന്മാര് കളിക്കുന്ന സ്ഥലമാണ് ,പെണ്ണ്ങ്ങളെ അങ്ങോട്ട് കേറ്റാറും കൂടിയില്ല........... അവരു ചീത്തപറയില്ലേ..............തുടങ്ങി സ്വന്തം നാട്ടില്‍ അവരുടെ പാദസ്പര്‍ശം കൂടി ആഗ്രഹിക്കുന്ന ആ മൈതാനത്തെക്കുറിച്ചവര്‍ നാടോടികളെപ്പോലെ ചിന്തിച്ചു , സംസാരിച്ചു. ഗ്രൗണ്ടിലെത്തിയ ഞങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി .കുട്ടികളുടെ ആശങ്ക അസ്ഥാനത്തല്ലെന്ന്.ഗ്രൗണ്ടിലേക്കിറങ്ങിയ ഞങ്ങളേയും പെണ്‍കുട്ടികളേയും വന്യമൃഗങ്ങളുടെ ശൗര്യത്തോടെ അവിടുള്ള കളിക്കാരായ ആണ്‍കൂട്ടം നിരീക്ഷിച്ചുഎന്റെ ഉള്ളിലും ഒരു ആന്തല്‍ അനുഭവപ്പെട്ടു.നാട്ടുകാരായ ആണുങ്ങള്‍ അടുത്തുണ്ടല്ലോ എന്ന ധൈര്യത്തോടെ ഞാനും അവരോടൊപ്പം സൈക്കിള്‍ പഠിപ്പിക്കാനും ചവിട്ടിക്കയറാനും മറ്റും സഹായിച്ചുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ നിന്നു ആദ്യം ഭയത്തോടെ സൈക്കിള്‍ ചവിട്ടിത്തുടങ്ങിയ കുട്ടികളെ ശ്രദ്ധിക്കാനായി ഞാന്‍ ഗ്രൗണ്ടിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കു നടന്നു.മൂന്നാണ്‍കുട്ടികള്‍ വീറോടെ കളി കാണുകയാണ്.പെണ്‍കുട്ടികളെ നോക്കി കോറസുപോലെ അവര്‍ പറഞ്ഞു '' ഗ്രൗണ്ട്ന്ന് പോയ്‌ക്കോ ഏറു കിട്ടും''അതു ശ്രദ്ധിക്കാതെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടി. 'ഏറു കിട്ടുമ്പം പഠിച്ചോളും '' ഏറെ ധാര്‍ഷ്ട്യം നിറഞ്ഞ ശബ്ദത്തോടെ അവരിലൊരാള്‍ ആദ്യം പറഞ്ഞതിനെ പിന്താങ്ങി. ''മോനേ ഒന്നു തൊട്ടു നോക്കണം പിന്നെ നിങ്ങളുടെ കളി ഇവിടുണ്ടാവില്ല ' ഞാന്‍ അവരെ നോക്കി അവര്‍ സംസാരിച്ച അതേ തീഷ്ണതയോടെ മറുപടി പറഞ്ഞു.ക്രമേണ കളിക്കാരുടെ ഗൗരവം കുറഞ്ഞു വരുന്നത് ഞാന്‍ അനുഭവിച്ചു.സൈക്കിള്‍ ഓടിച്ചുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ പല കമന്റുകളും പറഞ്ഞുചിരിച്ചു. ആറാം ക്ലാസുകാരി അലീനയോട് കാല് വെച്ച് വീഴ്ത്തും എന്നൊരു ചേട്ടന്‍ പറഞ്ഞപ്പോള്‍ ആ....... വീഴ്ത്തിനോക്ക് അപ്പം കാണാം..... എന്നവള്‍ ആംഗ്യത്തോടെ ഞങ്ങളോടു പറഞ്ഞപ്പോള്‍ എല്ലാവരും ആര്‍ത്തു ചിരിച്ചുപോയി.ചേട്ടന്മാരുടെ ഒരു കാലിന്റെ വലിപ്പമേ ആ കൊച്ചു പെണ്‍കുട്ടിക്കുണ്ടായിരുന്നുള്ളൂ പതിനഞ്ചു മിനിറ്റുകൊണ്ട് അവര്‍ ആ കളിക്കളം കീഴടക്കുന്നതിന് ഞങ്ങള്‍ സാകഷ്യം വഹിച്ചു.ഫുട്‌ബോളുകളിക്കാര്‍ക്കും,ക്രിക്കറ്റു കളിക്കാര്‍ക്കും കാണികള്‍ക്കും കാര്യമായിത്തന്നെ അവരെ പരിഗണിക്കേണ്ടി വന്നു. എല്ലാവരും പരസ്പരം ചങ്ങാത്തത്തിലുമായി ക്ലബ്ബിലെ ചര്‍ച്ച ഇപ്പോള്‍ കുറച്ചു ദിവസമായി ക്ലബ്ബംഗങ്ങളുടെ സാന്നിധ്യത്തില്‍ ആഗ്രൗണ്ടില്‍ കുട്ടികള്‍ വലിയ കുഴപ്പമില്ലാതെ ഫുട്‌ബോള്‍ കളിക്കുന്നു.ക്യാമ്പിലുണ്ടായിരുന്നവര്‍ വെറും രണ്ടു പേര്‍ മാത്രം. .എല്ലാവരും ഗ്രൗണ്ടിനു സമീപം താമസിക്കുന്നവര്‍.ക്യാമ്പിനു ശേഷം മെയ് 7-ാം തിയ്യതി മുതലാണ് കളി ആരംഭിച്ചത്.ഒരു കുട്ടി മാത്രമായ് ഗ്രൗണ്ടിലെത്തിയ ഞങ്ങള്‍ക്കുമുന്നില്‍ മൂന്നു പേര്‍ പിന്നെ ഏഴു പേര്‍ ഇപ്പോഴത് പതിനാലില്‍ നില്ക്കുന്നു. തുടര്‍ച്ചയായുള്ള കളി നിത്യക്കളിക്കാര്‍ക്ക് ശല്യമാണെന്നും അവര്‍ക്ക് ഫുള്‍സ്‌ക്യാപ് കളിക്കണമെന്നും അതു കൊണ്ട് ഓരം ചേര്‍ന്ന് കളിക്കാനും അവര്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചു.അവരുടെ നിര്‍ദ്ദേശം ഞങ്ങള്‍ക്ക് സ്വീകാര്യമായില്ല 'ഞങ്ങള്‍ക്കും കളിക്കണം' .കുട്ടികളുടെ ശബ്ദം ഉയര്‍ന്നു.അവര്‍ പ്രതികരിച്ചു .. ക്ലബ്ബുകാരുമായി സംസാരിച്ചു വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ കുട്ടികള്‍ക്ക് ആറരക്ക് ശേഷം ഗ്രൗണ്ട് മൊത്തം മുതിര്‍ന്ന ആണ്‍ കളിക്കാര്‍ക്കും എന്ന രീതിയില്‍ കൗണ്‍സിലര്‍ കളിക്കാരുമായി സംസാരിക്കാമെന്ന് കൗണ്‍സിലര്‍ നേരിട്ടെന്നോടു പറഞ്ഞു. ഇനിയും സ്ത്രീകള്‍ ആട്ടിയോടിക്കപ്പെട്ടുകൂടാ.എല്ലാ പൊതു ഇടങ്ങളും അവരുടേതുകൂടിയാക്കി മാറ്റാന്‍ ഓരോ ആണും പെണ്ണും പരിശ്രമിക്കേണ്ടതുണ്ട്.സ്വന്തം നാടും നഗരവും സ്വന്തമാണെന്ന ചിന്തയാലാകണം ഓരോ പെണ്‍കുട്ടിയും വളര്‍ന്നുവരേണ്ടത്.അതിനു തടസ്സം നില്‍ക്കുന്ന ആരേയും ഒറ്റപ്പെടുത്താന്‍ കൂട്ടായ ശ്രമം ആവശ്യമാണ്.ഞങ്ങളും നാട്ടുകാരികളാണെന്ന് ഓരോ സ്ത്രീയും സ്വയം പ്രഖ്യാപിക്കുകയും ആ സ്ഥാനത്തിനായി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.