Wednesday, April 30, 2014

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................? സ്ഥലം കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍.സമയം രാത്രി എട്ടു മണി.9 മണിക്കു കണ്ണൂരിലേക്കുള്ള ട്രയിന്‍ കാത്ത്‌ ഭാരിച്ച ബാഗും താങ്ങി നാലാം പ്ലാറ്റ്‌ഫോമിലൂടെ ഇരിക്കാനും പറ്റുമെങ്കില്‍ ഒന്നു കിടക്കാനുമുള്ള ഇടം നോക്കി നടക്കുകയായിരുന്നു.പെട്ടന്ന്‌ യാതൊരു മര്യാദയുമില്ലാതെ അത്‌ പെണ്ണ്‌ തന്ന്യാ പെണ്ണന്ന്യാ................എന്ന്‌ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന മൂന്നു പര്‍ദ്ദ ധാരികളെയാണ്‌ ഞാന്‍ കണ്ടത്‌.മൂന്നു പേരും ചെറുപ്പക്കാര്‍.പ്രായം മുപ്പതു വയസ്സിനു താഴെ മാത്രം.ഞാന്‍ തെല്ലു നീങ്ങി അവരെ ഒന്നമര്‍ത്തിനോക്കി അവിടെത്തന്നെ നിന്നു.മൂന്നു പേരുടേയും ചിരി മെല്ലെ മാഞ്ഞു.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അവരില്‍ നിന്നും രണ്ടു തൂണ്‍ വിട്ട്‌ സൗകര്യപ്രദമായ ഇരിപ്പിടം കിട്ടിയപ്പോള്‍ ബാഗ്‌ നിലത്തുവെച്ച്‌ ആദ്യം ഒന്നിരുന്നു.പിന്നെ നീണ്ടു നിവര്‍ന്നു കിടന്നു.ഏകദേശം പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുനിന്നും വല്ലാത്ത ബഹളം.ഞാന്‍ കിടന്ന തിണ്ണയുടെ എതിര്‍ഭാഗം തിണ്ണയില്‍ പത്തോളം ഒത്ത ആണുങ്ങള്‍ അന്നത്തെ മീന്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട്‌ അവരുടെ മുതലാളി എന്നു തോന്നിക്കുന്ന ഒരാളുമായി തര്‍ക്കങ്ങളും ന്യായീകരണങ്ങളും നടത്തുന്നു.അതു കേള്‍ക്കാനും കാണാനുമുള്ള കൗതുകത്താല്‍ ഞാന്‍ വലതു വശത്തേക്ക്‌ ചരിഞ്ഞ്‌ കിടന്നതായിരുന്നു.അപ്പോഴുണ്ട്‌ തൊട്ടു മുന്നില്‍ മൂന്നു പര്‍ദ്ദധാരികളും .ടീച്ചറിനു മുന്നില്‍ കുറ്റസമ്മതം നടത്തുന്ന കുട്ടികളുടെ നിഷ്‌കളങ്ക ഭാവം.സ്‌നേഹവും ,ഭീതിയും സംശയവും അവരുടെ കണ്ണുകളില്‍ നിഴലിച്ചു. എന്താ പേര്‌...............? മൊഹസീന...........ഉമ്മുക്കുല്‍സു ..............താജുന്നീസ അവര്‍ ക്രമത്തില്‍ പേരു പറഞ്ഞു. ഞങ്ങള്‌ മനസിലൊന്നുണ്ടായിട്ടല്ലാട്ടോ.......... അവരുടെ കുറ്റസമ്മതം എനിക്കു മനസ്സിലായി .അല്‌പസമയംകൊണ്ട്‌ ഞങ്ങള്‍ ഏറെ അടുത്തു. മൊഹസീന ആദ്യം ചിരിച്ച അതേ ചിരിയില്‍ പറഞ്ഞു ഈ ബേസായതോണ്ട്‌ ഇര്‌ന്നാലും കെടന്നാലൊന്നും ആരും ശ്രദ്ധിക്കൂല. നല്ല സുഖം തന്നെ.അവര്‍ പിന്നേയും എന്റെ സമ്മതത്താലെ ചിരിച്ചു. മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?ഉമ്മുക്കുല്‍സു അതിനെ പിന്താങ്ങി.ഞാന്‍ എണീറ്റിരുന്ന്‌ ഉമ്മുക്കുല്‍സുവിന്റെ തോളില്‍ അമര്‍ത്തി അവരുടെ തമാശയില്‍ പങ്കു ചേര്‍ന്നു.അവര്‍ പിന്നേയും അതിശയങ്ങള്‍ പ്രകടിപ്പിക്കവേ പെട്ടന്ന്‌ ഒരു രക്ഷാധികാരി അവരുടെ അടുത്തെത്തി...............ഏറെ സംശയത്തോടെ എന്നെ നോക്കി ബേഗം വാാാാാാാാാാാാ ഭക്ഷണം കഴിക്കണം എന്നു പറഞ്ഞു .അവര്‍ മൂന്നുപേരും യാത്ര പറഞ്ഞ്‌ അയാളെ അനുഗമിച്ചു.

Saturday, April 26, 2014

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും.

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും. ഞാന്‍ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.സഹപ്രവര്‍ത്തകനായ ദാമുസാറും നടന്ന്‌ എന്നോടൊപ്പമെത്തി. ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും....? സാര്‍ അത്ഭുതത്തോടെ എന്നോടു ചോദിച്ചു. സാറിന്റെ വീട്ടില്‍ ആരുണ്ടാക്കും....................? ഞാനും അത്ഭുതം പ്രകടിപ്പിച്ചു. അല്ല അത്‌.............. അദ്ദേഹം ചിരിച്ചു. (കാലത്ത്‌ സ്ഥിരം കേള്‍ക്കുന്ന പതിവു ചോദ്യങ്ങളിലൊന്നാണിത്‌) ഇണ ചേരാനും ഇര തേടാനും പ്രകൃതിയിലെ ഒരു ജീവിയേയും പഠിപ്പിക്കേണ്ടതില്ല സാര്‍.അതിനു പ്രാപ്‌തി ഇല്ലാത്തവക്കൊന്നും ഭൂമിയില്‍ ജീവിക്കാനും അര്‍ഹതയില്ല.ഞാന്‍ നിര്‍വ്വികാരമായ്‌ പറഞ്ഞു പിന്നീടദ്ദേഹം കൂടുതലൊന്നും അതിനെപ്പറ്റി ചോദിച്ചില്ല.ഇലക്ഷനോടടുത്ത സമയത്തായതുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയെക്കുറിച്ചും കേരളത്തില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും.എക്‌സര്‍സൈസ്‌ ചെയ്യാത്തതിന്റെ കാരണത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചും തുടങ്ങി പല വിഷയങ്ങളും സംസാരിച്ചുകൊണ്ട്‌ ഞങ്ങള്‍ നടന്നു.ഏറെ സ്‌നേഹത്തോടെ ഏറെ സന്തോഷത്തോടെതന്നെ.

Monday, April 21, 2014

ഇതൊക്കത്തന്ന്യാ മ്മള സന്തോഷം വിഷുവിന്‌ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു.വിശേഷമായി ഒരുക്കിയ കണിയിലേക്ക്‌ ശ്രദ്ധിക്കാതിരിക്കാനായില്ല.പതിവു കണിസാധനങ്ങളില്‍ കൂടുതലായി കണിയടക്ക,ഉണ്ണിയപ്പം,അവുലോസുണ്ട,അച്ചപ്പം,കുഴലപ്പം തുടങ്ങി പേരറിയാത്ത മറ്റുഹാരങ്ങളും ഉണ്ടായിരുന്നു. അല്ലാ കണിയില്‍ ഇത്തരം പലഹാരങ്ങളൊന്നും പതിവില്ലല്ലോ............ ഞാന്‍ എന്റെ സംശയം ഗൃഹനായികക്കു മുന്നില്‍ അവതരിപ്പിച്ചു. ഏട്ടനിതൊക്കെ വലിയ ഇഷ്ടാ... അവര്‍ അഭിമാനത്തോടെ തലയുയര്‍ത്തിക്കൊണ്ടു പറഞ്ഞു.അവര്‍ക്ക്‌ 14 ഉം 16 ഉം വയസ്സുള്ള രണ്ടാണ്‍മക്കളാണ്‌."എല്ലാരുകൂടി ശരിക്കും മിനക്കെട്ടു അല്ലേ.......?ഞാന്‍ വീണ്ടും എന്റെ സന്ദേഹം അറിയിച്ചു. ഉ-ഏയ്‌ അച്ഛനും മക്കളും തിരിഞ്ഞുനോക്കീട്ടില്ല.അവര്‍ക്കു വീണ്ടും അഭിമാനം. ചോ-എന്തിനാ ആവശ്യമില്ലാതെ നിങ്ങളിത്രേം കഷ്ടപ്പെട്ടത്‌.ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ പറയാതെ ആരും മനസ്സിലാക്കില്ല. ഉ- ബുദ്ധിമുട്ടുതന്നെയാണ്‌.നമ്മളിതൊന്നും ആരേം അരിയിക്കാറില്ലല്ലോ.ശരിക്കും മടുത്തുപോകും. ചോ- പിന്നെന്തിനാണിങ്ങനെ കഷ്ടപ്പെട്ടത്‌? ഉ- മക്കളും ഭര്‍ത്താവും സന്തോഷിക്കാന്‍ ചോ- അപ്പോ നിങ്ങക്ക്‌ സന്തോഷിക്കണ്ടേ.........? പെട്ടന്നവരുടെ മുഖം മങ്ങി. ഇതൊക്കത്തന്യാമ്മളെ സന്തോഷംന്നല്ലേ.... പറയാറ്‌. ഒരു നെടുവീര്‍പ്പോടെ എനിക്കുത്തരം നല്‌കി ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഊണു വിളമ്പാന്‍ അവര്‍ ഇല നിരത്തി.

Wednesday, April 9, 2014

പ്രതിരോധം എന്ന ആയുധം

പ്രതിരോധം എന്ന ആയുധം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ലഭിച്ച സ്വതസിദ്ധമായ കഴിവാണ്‌ തങ്ങള്‍ക്കു നേരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കുക എന്നത്‌.സിംഹത്തിനു മുന്നിലകപ്പെട്ട മാനും, കുറുക്കനു മുന്നിലകപ്പെട്ട കോഴിയും പാഞ്ഞും പറന്നും ജീവന്‍ രക്ഷിക്കുന്നത്‌ നമ്മുക്ക്‌ സുപരിചിതമാണല്ലോ.അവയ്‌ക്കിത്തരത്തില്‍ സാധിക്കുന്നതിന്റെ കാരണം പ്രകൃത്യാലുള്ള അവയുടെ ചോതനക്കു മുകളില്‍ ആരും വിലക്കുകള്‍ തീര്‍ക്കുന്നില്ല എന്നതുകൊണ്ടു മാത്രമാണ്‌. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത്തരം പ്രതിരോധങ്ങളെ ചങ്ങലക്കിടുവാന്‍ കുടുംബവും ,വ്യക്തികളും , സമൂഹവും ഭരണകൂടവും പല തരത്തില്‍ ശ്രമിക്കുന്നു.പ്രത്യേകിച്ചും പെണ്‍കുട്ടിയുടെ കാര്യത്തില്‍ എനിക്കു രണ്ടു മക്കളാണ്‌.മകള്‍ ആതിര ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞും .മകന്‍ വിശാല്‍ പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞും്‌ ഫലവും കാത്തിരിക്കുന്നു.രണ്ടുപേര്‍ക്കും പുറത്തേക്കുള്ള സഞ്ചാരത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചൊരു വിലക്കും ഞാനോ എന്റെ ജീവിതപങ്കാളിയോ ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും സാമൂഹികമായ ചില ശീലങ്ങള്‍ കാഴ്‌ചകള്‍ അവരെ തികച്ചും രണ്ടുതരം വ്യക്തികളാക്കിത്തന്നെ പരുവപ്പെടുത്തിയെടുത്തുകഴിഞ്ഞു. (1)ചടുലത പ്രകടിപ്പിക്കേണ്ടാത്തവരും (2) ചടുലത പ്രകടിപ്പിക്കേണ്ടവരും. നേരത്തെ എഴുന്നേല്‍ക്കാന്‍ ചെറുപ്പകാലം മുതല്‍ താത്‌പര്യം കാണിച്ച മകള്‍ക്ക്‌ തന്റെ കൂട്ടുകാരായ ഒറ്റ പെണ്‍കുട്ടിപോലും ആ സമയത്ത്‌ അവള്‍ക്ക്‌ കൂട്ടില്ലെന്ന തിരിച്ചറിവില്‍ ആ ശ്രമം കാലക്രമേണെ അവള്‍ ഉപേക്ഷിച്ചു.അവളെ വിളിച്ചു ശല്യപ്പെടുത്തി കളിക്കളത്തിലേക്കു കൊണ്ടുപോകാന്‍ ആരുമില്ല.അങ്ങനെ പെണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിേണ്ടവരല്ലാത്ത വിഭാഗമായി പരിണമിക്കുന്നു. ആരും വിളിച്ചില്ലെങ്കില്‍ രാവിലെ പത്തു മണിവരെ കിടന്നുറങ്ങാന്‍ ഏറെ താത്‌പര്യമുള്ള എന്റെ മകനെ വിളിച്ചുണര്‍ത്തി കളിക്കാന്‍ പോകാന്‍ അവന്റെ സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ അഞ്ചരക്കുതന്നെ ക്വോര്‍ട്ടേഴ്‌സിലെത്തും.അവന്റെ മടിക്കു വളരാന്‍ അവസരമില്ല.അങ്ങനെ ആണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിക്കേണ്ട വിഭാഗമായും പരിണമിക്കുന്നു. ഇത്തരത്തില്‍ ചാകാനായി സൗമ്യമാരേയും കൊല്ലാനായി ഗോവിന്ദചാമിമാരേയും നാം സൃഷ്ടിച്ചെടുക്കുന്നു.