Wednesday, April 30, 2014

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................? സ്ഥലം കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍.സമയം രാത്രി എട്ടു മണി.9 മണിക്കു കണ്ണൂരിലേക്കുള്ള ട്രയിന്‍ കാത്ത്‌ ഭാരിച്ച ബാഗും താങ്ങി നാലാം പ്ലാറ്റ്‌ഫോമിലൂടെ ഇരിക്കാനും പറ്റുമെങ്കില്‍ ഒന്നു കിടക്കാനുമുള്ള ഇടം നോക്കി നടക്കുകയായിരുന്നു.പെട്ടന്ന്‌ യാതൊരു മര്യാദയുമില്ലാതെ അത്‌ പെണ്ണ്‌ തന്ന്യാ പെണ്ണന്ന്യാ................എന്ന്‌ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന മൂന്നു പര്‍ദ്ദ ധാരികളെയാണ്‌ ഞാന്‍ കണ്ടത്‌.മൂന്നു പേരും ചെറുപ്പക്കാര്‍.പ്രായം മുപ്പതു വയസ്സിനു താഴെ മാത്രം.ഞാന്‍ തെല്ലു നീങ്ങി അവരെ ഒന്നമര്‍ത്തിനോക്കി അവിടെത്തന്നെ നിന്നു.മൂന്നു പേരുടേയും ചിരി മെല്ലെ മാഞ്ഞു.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അവരില്‍ നിന്നും രണ്ടു തൂണ്‍ വിട്ട്‌ സൗകര്യപ്രദമായ ഇരിപ്പിടം കിട്ടിയപ്പോള്‍ ബാഗ്‌ നിലത്തുവെച്ച്‌ ആദ്യം ഒന്നിരുന്നു.പിന്നെ നീണ്ടു നിവര്‍ന്നു കിടന്നു.ഏകദേശം പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുനിന്നും വല്ലാത്ത ബഹളം.ഞാന്‍ കിടന്ന തിണ്ണയുടെ എതിര്‍ഭാഗം തിണ്ണയില്‍ പത്തോളം ഒത്ത ആണുങ്ങള്‍ അന്നത്തെ മീന്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട്‌ അവരുടെ മുതലാളി എന്നു തോന്നിക്കുന്ന ഒരാളുമായി തര്‍ക്കങ്ങളും ന്യായീകരണങ്ങളും നടത്തുന്നു.അതു കേള്‍ക്കാനും കാണാനുമുള്ള കൗതുകത്താല്‍ ഞാന്‍ വലതു വശത്തേക്ക്‌ ചരിഞ്ഞ്‌ കിടന്നതായിരുന്നു.അപ്പോഴുണ്ട്‌ തൊട്ടു മുന്നില്‍ മൂന്നു പര്‍ദ്ദധാരികളും .ടീച്ചറിനു മുന്നില്‍ കുറ്റസമ്മതം നടത്തുന്ന കുട്ടികളുടെ നിഷ്‌കളങ്ക ഭാവം.സ്‌നേഹവും ,ഭീതിയും സംശയവും അവരുടെ കണ്ണുകളില്‍ നിഴലിച്ചു. എന്താ പേര്‌...............? മൊഹസീന...........ഉമ്മുക്കുല്‍സു ..............താജുന്നീസ അവര്‍ ക്രമത്തില്‍ പേരു പറഞ്ഞു. ഞങ്ങള്‌ മനസിലൊന്നുണ്ടായിട്ടല്ലാട്ടോ.......... അവരുടെ കുറ്റസമ്മതം എനിക്കു മനസ്സിലായി .അല്‌പസമയംകൊണ്ട്‌ ഞങ്ങള്‍ ഏറെ അടുത്തു. മൊഹസീന ആദ്യം ചിരിച്ച അതേ ചിരിയില്‍ പറഞ്ഞു ഈ ബേസായതോണ്ട്‌ ഇര്‌ന്നാലും കെടന്നാലൊന്നും ആരും ശ്രദ്ധിക്കൂല. നല്ല സുഖം തന്നെ.അവര്‍ പിന്നേയും എന്റെ സമ്മതത്താലെ ചിരിച്ചു. മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?ഉമ്മുക്കുല്‍സു അതിനെ പിന്താങ്ങി.ഞാന്‍ എണീറ്റിരുന്ന്‌ ഉമ്മുക്കുല്‍സുവിന്റെ തോളില്‍ അമര്‍ത്തി അവരുടെ തമാശയില്‍ പങ്കു ചേര്‍ന്നു.അവര്‍ പിന്നേയും അതിശയങ്ങള്‍ പ്രകടിപ്പിക്കവേ പെട്ടന്ന്‌ ഒരു രക്ഷാധികാരി അവരുടെ അടുത്തെത്തി...............ഏറെ സംശയത്തോടെ എന്നെ നോക്കി ബേഗം വാാാാാാാാാാാാ ഭക്ഷണം കഴിക്കണം എന്നു പറഞ്ഞു .അവര്‍ മൂന്നുപേരും യാത്ര പറഞ്ഞ്‌ അയാളെ അനുഗമിച്ചു.

4 comments:

Cv Thankappan said...

അവസാനം ആശയക്കുഴപ്പത്തിലായി....
എഴുത്ത് ധൃതിയില്‍ അവസാനിപ്പിച്ചപോലെ തോന്നിപ്പിക്കുന്നുണ്ട്.
ആശംസകള്‍

VINAYA N.A said...

thankappettaa...
പര്‍ദ്ദ ധരിച്ചാലും നല്ല പെണ്ണിന്‌ ഫ്രീയായി പൊതുസ്ഥലത്ത്‌ നടുനിവര്‍ത്താന്‍ പറ്റുമോ? അവര്‍ അവരുടെ ഗതികേടാണ്‌ ചിരിച്ചുകൊണ്ട്‌ എന്റെ മുന്നില്‍ വെളിവാക്കിയത്‌

VINAYA N.A said...

thankappettaa...
പര്‍ദ്ദ ധരിച്ചാലും നല്ല പെണ്ണിന്‌ ഫ്രീയായി പൊതുസ്ഥലത്ത്‌ നടുനിവര്‍ത്താന്‍ പറ്റുമോ? അവര്‍ അവരുടെ ഗതികേടാണ്‌ ചിരിച്ചുകൊണ്ട്‌ എന്റെ മുന്നില്‍ വെളിവാക്കിയത്‌

VINAYA N.A said...

thankappettaa...
പര്‍ദ്ദ ധരിച്ചാലും നല്ല പെണ്ണിന്‌ ഫ്രീയായി പൊതുസ്ഥലത്ത്‌ നടുനിവര്‍ത്താന്‍ പറ്റുമോ? അവര്‍ അവരുടെ ഗതികേടാണ്‌ ചിരിച്ചുകൊണ്ട്‌ എന്റെ മുന്നില്‍ വെളിവാക്കിയത്‌