Saturday, February 28, 2009

ഇതിനേക്കാളും എത്ര ഭേദാ എന്റെ ഇട്ടേച്ചു പോയ കെട്ട്യോന്‍

ഇതിനേക്കാളും എത്ര ഭേദാ എന്റെ ഇട്ടേച്ചു പോയ കെട്ട്യോന്‍

കോടതി ഡ്യൂട്ടിക്കിടെ ഒരു വിധിന്യായം കേട്ട്‌ എന്റെ തൊട്ടടുത്തു നിന്ന സ്‌ത്രീ സ്വഗതമെന്നോണം പറഞ്ഞ വാചകമാണിത്‌.കോടതിക്കു പുറത്തു വന്ന്‌ ഞാന്‍ ആ സ്‌ത്രീയോട്‌ കേസിനെപ്പറ്റി ചോദിച്ചു. അവര്‍ സംഭവം വിവരിച്ചു.തന്നേയും നാലു മക്കളേയും പണക്കാരനായ ഭര്‌ത്താവ്‌ അഞ്ചു വര്‍ഷം മുമ്പ്‌ ഉപേക്ഷിച്ച്‌ വേറെ താമസമാണ്‌. തനിക്കും മക്കള്‍ക്കും ഭര്‍ത്താവില്‍ നിന്നും ചിലവിനു കിട്ടുന്നതിനു വേണ്ടി കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ കോടതി കയറിയിറങ്ങുകയാണ്‌.ഇക്കാലങ്ങളിലെല്ലാം തന്നെ തന്റെ മക്കളെ വഴിയില്‍ വെച്ചു കാണുമ്പോഴൊ, സ്‌ക്കൂളില്‍ ചെന്നു കണ്ടോ അരി,ഉള്ളി, ഗോതമ്പ്‌, കുട്ടികള്‍ക്കുള്ള പുസ്‌തകം അങ്ങനെ എന്തെങ്കിലുമൊക്കെയായി മിക്ക ദിവസങ്ങളിലും അയാള്‍ കൊടുത്തയക്കാറുണ്ടായിരുന്നു.സ്വന്തമായി വര്‍ക്ക്‌ഷോപ്പും,പലചരക്കു കടയും,ബാങ്ക്‌ ഡിപ്പോസിറ്റുമെല്ലാമുള്ള ഭര്‍ത്താവിന്റെ ആസ്‌തിയെ പരിഗണിക്കാതെ മാസത്തില്‍ വെറും ആയിരം രൂപ തനിക്കും കുട്ടികള്‍ക്കുമായി അയാള്‍്‌ നല്‌കണമെന്നാണ്‌ കോടതി പറയുന്നത്‌.അപ്പം ഈ കോടതിയേക്കാള്‍ ഭേദം എന്റെ ഇട്ടേച്ചു പോയകെട്ട്യോന്‍ തന്നെയല്ലേ സാറേ.... ? അവരുടെ നിരീക്ഷണം കേട്ട്‌ പരിസരം മറന്ന്‌ ഞാന്‍ പൊട്ടിച്ചിരിച്ചു.

Friday, February 27, 2009

ചൂണ്ടു വിരലിന്റെ പ്രസക്തി

ചൂണ്ടു വിരലിന്റെ പ്രസക്തി

2002-മാര്‍ച്ചു മാസം 24 -ാം തിയ്യതി കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ വെച്ച്‌ നടത്തിയ സംസ്ഥാന പോലീസ്‌ കായികമേളയില്‍ വനിതാപോലീസുകാരുടെ മത്സരങ്ങള്‍ പ്രദര്‍ശനമത്സരം മാത്രമാക്കി തരം താഴ്‌ത്തി നടത്താനുള്ള മേലുദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്‌തത്‌ അച്ചടക്കലംഘനപരമായ രീതിയിലാണെന്നാരോപിച്ച്‌ 13 മാസക്കാലത്തോളം എന്നെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഷനില്‍ നിര്‍ത്തുകയും പിന്നീട്‌കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ച എന്നെ 13 ദിവസത്തിനു ശേഷം അതേ കുറ്റം തന്നെ ആരോപിച്ച്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്‌തു

പിരിച്ചു വിട്ടതിനു ശേഷമുള്ള ഒരു വര്‍ഷക്കാലയളവില്‍ പത്ര പ്രവര്‍ത്തകയായും മാര്‍ക്കററിംഗ്‌ എക്‌സിക്യൂട്ടീവായും പുസ്‌തകവില്‌പനക്കാരിയായും,പ്രസംഗത്തൊഴിലാളിയായും ഞാന്‍ ജോലിചെയ്‌തു.അക്കാലത്ത്‌ കോഴിക്കോടുവെച്ചു ഡി.വൈ.എഫ്‌.ഐ യുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന റാലിയുടേയും പൊതു സമ്മേളനത്തെന്റേയും വിവരം റിപ്പോര്‍ട്ടു ചെയ്യേണ്ടതുള്ളതുകൊണ്ട്‌ ഞാന്‍ രാവിലെ പതിനൊന്നു മണിക്കു തന്നെ റാലിയും പൊതു സമ്മേളനവും കൃത്യമായികാണാനുതകത്തക്കവണ്ണം കോഴിക്കോട്‌ മൊഫ്യൂസല്‍ സ്റ്റാന്റെിനോടടുത്തുള്ളൊരു കെട്ടിടത്തിനു മുകളിലായി നിലയുറപ്പിച്ചു.രാവിലെ പത്തര മണിക്കുമുമ്പുതന്നെ സ്‌ത്രീകള്‍ നയിക്കുന്ന സ്‌ത്രീകളുടെ റാലിയെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റെ്‌ ജീപ്പ്‌ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ട്‌ അവരുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു.പുതിയ സ്റ്റാന്റെിന്റെ സ്റ്റേഡിയം റോഡു ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്തിന്റെ ഒരറ്റത്ത്‌ സ്‌റ്റേജ്‌ കെട്ടി കര്‍ട്ടനിട്ടിരിക്കുന്നു.ഇടതു സൈഡിലായി മൈക്ക്‌ ബോക്‌സുകളും മൈക്കുകളും സ്‌റ്റേജിനു തൊട്ടു മുന്നില്‍ മൈക്കിന്റെ ബാറ്ററിപെട്ടികള്‍സ്റ്റേജില്‍ നിന്നും ഏകദേശം ഇരുപതു മീറ്റര്‍ മാറി അട്ടിക്കിട്ടിരിക്കുന്ന കസേരകള്‍...... ഞാന്‍ രംഗം വീക്ഷിച്ചു.കുറച്ചാണുങ്ങള്‍ കൂട്ടം കൂട്ടമായി അവിടവിടെയായി നിന്നുകൊണ്ട്‌ കര്‍ട്ടന്‍ ശരിയായോ, ബോക്‌സു വെച്ച സ്ഥാനം ശരിയായോ എന്നെല്ലാം പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ,ആയതിന്‌ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു.മറ്റു രണ്ടു പേര്‍ ഞാന്‍ നില്‌ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറി നിലത്തുറപ്പിച്ച തൂണുകളിലേക്ക്‌ കയര്‍ വലിച്ചു കെട്ടി പന്തല്‍ തയ്യാറാക്കുന്നു.ഏതായാലും അപ്രദേശത്ത്‌ ഒരു പെണ്‍തരിയുടെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല എന്നത്‌ വാസ്‌തവം.കുറേ സമയം കഴിഞ്ഞപ്പോള്‍ ഈരണ്ടു പെണ്‍കുട്ടികള്‍ വീതമുള്ള മൂന്നു കൂട്ടം മൂന്നു സമയത്തായി അവിടെ വന്നു.വന്നവര്‍ പരസ്‌പരം എന്തോ സംസാരിച്ച്‌ അല്‌പനേരം അവിടെ നിന്ന്‌ ഇതു തങ്ങളെ ബാധിക്കുന്നതൊന്നുമല്ല എന്ന മട്ടില്‍ അവിടെ നിന്നും നടന്നു നീങ്ങി.സ്റ്റേജിനു മുന്നിലും ഇരു സൈഡിലുമായി സംഘാടകരായ പുരുഷന്മാര്‍ വന്നു നിന്നു കൊണ്ടേയിരുന്നു.സമയം ഏകദേശം പന്ത്രണ്ടു മണിയാകാറായി.ജാഥ തുടങ്ങുന്നതിന്റെ യാതൊരു ലക്ഷണവുമില്ല ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.രണ്ടു മണിവരെ എന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു.രാവിലെയും ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല അതുകൊണ്ടു തന്നെ വല്ലാത്ത വിശപ്പും ഉണ്ടായിരുന്നു.അതിനിടയില്‍ സ്റ്റേജിനു മുന്നില്‍ അട്ടിയിട്ട കസേരകള്‍ നിരത്തിയതും നാലോ അഞ്ചോ ആണുങ്ങള്‍ തന്നെ.രണ്ടു മണിയോടെ റാലി പുതിയ ബസ്‌ സ്റ്റാന്റെ പരിസരത്ത്‌ എത്തിക്കഴിഞ്ഞതായുള്ള അനൗണ്‍സ്‌മെന്റെ്‌ മുഴങ്ങി.ഞാന്‍ കടയുടെ മുകളില്‍ കയറി.റാലി കാണുന്നതിനായി ആകാംഷയോടെ എത്തിനോക്കി.വളവു തിരിഞ്ഞു വരുന്ന റാലിക്കു മുന്നില്‍ റാലിക്കഭിമുഖമായി ഒരു ചെറിയ മെലിഞ്ഞ പയ്യന്‍ , ഏറെ നടന്നു ക്ഷീണിച്ച പ്രകൃതം.അവന്റെ വലതു കൈയ്യുടെ ചൂണ്ടു വിരല്‍ കൊണ്ട്‌ അവന്‍ ജാഥക്ക്‌ നിര്‍ദ്ദേശം കൊടുക്കുകയും ഇടക്കിടക്ക്‌ തിരിഞ്ഞു നോക്കി ഒതുക്കിയിടാത്ത വാഹനങ്ങളെ ഒതുക്കിവെപ്പിച്ചും റാലിയുടെ നടത്തിപ്പ്‌ സുഖമമാക്കുന്നു . റാലിക്കു മുന്നിലായി ആതിര തുടങ്ങി അറിയപ്പെടുന്ന നേതാക്കളും ഉണ്ടായിരുന്നു.ആയിരക്കണക്കിനു സ്‌ത്രീകള്‍ / പെണ്‍കുട്ടികള്‍ നടത്തുന്നു എന്ന്‌ കൊട്ടിഘോഷിച്ച ആ റാലി യഥാര്‍ത്ഥത്തില്‍ സ്‌ത്രീകള്‍ നടത്തിയതായിരുന്നില്ല ,പകരം അവരെക്കൊണ്ട്‌ നടത്തിപ്പിക്കുന്ന ഒന്നായിരുന്നെന്ന്‌ ആ പയ്യന്റെ ചൂണ്ടു വിരല്‍ പ്രയോഗത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.കരുത്തുള്ള അനവധി പെണ്‍കുട്ടികള്‍ ആ റാലിയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട്‌ ഒരു പെണ്‍കുട്ടിപോലും ആ പയ്യന്റെ റോള്‍ ഏറ്റെടുത്തില്ല ? സ്‌റ്റേജ്‌ ക്രമീകരിക്കുന്നതിലോ,മൈക്ക്‌ ക്രമീകരിക്കുന്നതിനോ,മൈക്ക്‌ പരിശോധിക്കുന്നതിനോ എന്തുകൊണ്ട്‌ ഒരു പെണ്‍കുട്ടിപോലും തയ്യാറായില്ല ?അവസരങ്ങള്‍ക്കൊത്ത്‌ ഉയരാതെ , അവസരോചിതമായി ഇടപെടാതെ എങ്ങനെ നാം തുല്ല്യതക്കു വേണ്ടി വാദിക്കും ?സ്‌ത്രീകളായ നേതാക്കള്‍ എന്തുകൊണ്ട്‌ ഈ കാര്യം ഗൗരവമായി എടുക്കുന്നില്ല ?ഒരു റാലിയുടെയെന്നല്ല ഏതൊരു ചടങ്ങിന്റേയും ആദ്യാവസാനം വരെയുള്ള ഏറ്റവും നിസ്സാരം എന്നു തോന്നുന്ന ജോലിമുതല്‍ ഏറ്റവും പ്രയാസമുള്ള ജോലി വരെ ഒറ്റക്കും കൂട്ടായും ഏറ്റെടുത്ത്‌ നടത്താനുള്ള പ്രാപ്‌തി പെണ്‍കുട്ടികള്‍ കൈവരിക്കുക തന്നെ വേണം.രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആത്മാര്‍ത്ഥമായി സ്‌ത്രീ പുരോഗതി ലക്ഷ്യം വെക്കുന്നു എങ്കില്‍ ഇത്തരത്തിലുള്ള ഒരു ഇടപെടല്‍ സാധ്യമാക്കുന്നതിനെപ്പറ്റി സ്‌ത്രീകളുമായി ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

Wednesday, February 25, 2009

എന്റെ ബസ് യാത്ര

എന്റെ ബസ് യാത്ര

അനന്തപുരിയിലേക്കുള്ളൊരു യാത്രക്കായി

കെ.എസ്.ആര്‍.റ്റി.സി ബസ്സില്‍ കേറി ഞാന് ‍സീറ്റുനോക്കി

ഏറ്റവും മുന്നിലായി മൂന്നുപേരിരിക്കുന്ന സീറ്റിന്നിരുവശത്തും

രണ്ടു യുവാക്കളുണ്ട്

അനങ്ങാപ്പാറ പോലെ മുന്നോട്ടും നോക്കികൊണ്ട്

മറ്റൊന്നും ശ്രദ്ധിക്കാതെ കുത്തിയിരിപ്പാണവര്‍

ഒന്നുമേ മിണ്ടാതെ ഞാന്‍ യാത്ര ചെയ്തതുകൊണ്ട്

ഉറക്കം പിടിച്ചതും ഒട്ടുമേയറിഞ്ഞില്ല

പാതിരാവായ നേരം എന്റെ ചെന്നി പിടിച്ച്

ഊക്കോടെ തള്ളീ പയ്യന്‍ ഞെട്ടിപ്പോയ് വല്ലാതെ ഞാന്‍

പുരയില്‍ കിടക്കുമ്പോലല്ലടോ മറ്റുള്ളോരെ

തൊടാതെ വേണം ബസ്സില്‍ ഇരുന്നങ്ങുറങ്ങുറങ്ങുവാന്‍

അവന്റെ ശൌര്യഭാവം കണ്ടയുടനെതന്നെ

വെറുതെയോനെ നോക്കി മനസ്സില്‍ പറഞ്ഞു ഞാന്‍

സാരിയോ ചുരിദാറോ ആണു ഞാനുടുത്തത്

എങ്കില്‍ താനെത്ര നേരം താങ്ങുമായിരുന്നെടോ ?

Sunday, February 15, 2009

ഒരു കുടുംബശ്രീ സംഗമം

ഒരു കുടുംബശ്രീ സംഗമം

2000 വര്‍ഷം നെന്മേനി പഞ്ചായത്തിലെ കുടുംബശ്രീ സംഗമത്തില്‍ പങ്കെടുക്കണമെന്നും പരിപാടി കഴിയുന്നത്ര കേമമാക്കണമെന്നും CDS മാരായ സൂസനും മറ്റു രണ്ടു സ്‌ത്രീകളും ഒരു ദിവസം എന്നെ വീട്ടില്‍ വന്നു ക്ഷണിച്ചതു പ്രകാരം ഞാന്‍ സമ്മതിച്ചു.ചുള്ളിയോട്‌ ക്ലബ്ബില്‍ വെച്ചായിരുന്നു സംഗമ റാലിക്കുള്ള ഒരുക്കങ്ങള്‍.ഞാന്‍ അന്നേ ദിവസം രാവിലെ തന്നെ എന്നെ കൂട്ടികൊണ്ടു പോകാനെത്തിയ സ്‌ത്രീകളോടൊപ്പം ക്ലബ്ബിലെത്തി.ക്ലബ്ബില്‍ പ്ലക്കാര്‍ഡുകളും മറ്റും ഒരുക്കുന്ന കുറച്ചു സ്‌ത്രീകളുണ്ടായിരുന്നു.പക്ഷേ അവരിലൊന്നും തന്നെ അന്നു വൈകിട്ട്‌ നടക്കാനുണ്ടായിരുന്ന സ്‌ത്രീ സംഗമം സ്‌ത്രീകളുടെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള യാതൊരു പ്രത്യേക താത്‌പര്യവും കണ്ടെത്താനെനിക്കായില്ല.
"അല്ല ടൗണ്‍ അലങ്കരിക്കുന്നില്ലേ...?" ഞാന്‍ അവരോടായി ചോദിച്ചു.
"ആ വേണം" അവരില്‍ ചിലര്‍ ഒന്നിച്ചു പറഞ്ഞു ഉടനെ തന്നെ മറ്റൊരാള്‍ എന്തോ അരുതാത്തതു കേട്ടപോലെ
"അതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ " എന്ന്‌ തെല്ലൊരു ശങ്കയോടേയും നിഷ്‌കളങ്കമായും പറഞ്ഞു.ഞാന്‍ അവര്‍ എഴുതി വെച്ച പ്ലക്കാര്‍ഡുകള്‍ ശീമക്കൊന്ന വടിയില്‍ ചാക്കുനൂലുകൊണ്ട്‌ കെട്ടുന്ന ജോലിയിലേര്‍പ്പെട്ടു. ഇതിനിടയിലെല്ലാം അവര്‍ ടൗണ്‍ അലങ്കരിക്കുന്നതിനെക്കുരറിച്ച്‌ ചര്‍ച്ച ചെയ്‌തുകൊണ്ടിരുന്നു.അവരുടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ പഞ്ചായത്തു പ്രസിഡണ്ട്‌ അങ്ങോട്ടു വന്നു. ഉടനെ സൂസന്‍ പറഞ്ഞു... "സര്‍..... ഞങ്ങള്‍ക്ക്‌ ജീപ്പൊന്നു വിട്ടു തരണം കൊറേ പൂ ശേഖരിക്കാനാ... " അയാള്‍ മറുത്തൊന്നും പറയാതെ സമ്മതിച്ചു. ഞാനും സൂസനും മറ്റു രണ്ടു പെണ്‍കുട്ടികളും കൂടി ജീപ്പില്‍ പൂ ശേഖരിക്കാന്‍ യാത്രയായി.എന്റെ വീട്ടില്‍ നിന്നും അയല്‍പക്കത്തെ വീട്ടില്‍ നിന്നുമായി ഏകദേശം ഒരു ചാക്കോളം ചെണ്ടു മല്ലിപ്പൂക്കള്‍ ശേഖരിച്ചു രാവിലെ 11 മണിക്കു മുമ്പുതന്നെ ഞങ്ങള്‍ ക്ലബ്ബിലെത്തിച്ചു. അപ്പോഴേക്കും ധാരാളം സ്‌ത്രീകളും അവിടെയെത്തിയിരുന്നു.തെങ്ങോല ചീന്തി ഈര്‍ക്കിലില്‍ പൂക്കള്‍ കോര്‍ത്തുവെക്കാന്‍ എല്ലാവരും ഉത്സാഹം കാട്ടി.
" ഇഷ്ടം പോലെ പൂക്കളുണ്ട്‌ നമ്മുക്ക്‌ ടൗണ്‍ മൊത്തം അലങ്കരിക്കാം" സൂസനാണ്‌ അതു പറഞ്ഞത്‌ .എല്ലാവരും സൂസനെ അനുകൂലിച്ചു.ഏകദേശം രണ്ടു മണിയോടെ ഈര്‍ക്കിലില്‍ തൂക്കിയ പൂമാലയുമെടുത്ത്‌ സ്‌ത്രീകള്‍ ടൗണിലേക്കിറങ്ങി.മാല തൂക്കുന്നതിനായി റോഡരികിലെ ഇലക്ട്രിക്‌ പോസ്‌റ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ ചാക്കുനൂല് ‍കെട്ടാന്‍ തുടങ്ങി.റോഡിന്റെ ഇരുസൈഡിലെ പോസ്‌റ്റിലമായി മൂന്നോ നാലോ പോസ്‌റ്റു കഴിഞ്ഞപ്പോഴേക്കും എല്ലാവരേയും പഞ്ചായത്തു പ്രസിഡണ്ട്‌ വിളിക്കുന്നു എന്നൊരു പുരുഷന്‍ വന്നു പറഞ്ഞു.ഞാനുള്‍പ്പെടെയുള്ളവര്‍ ക്ലബ്ബിലേക്കു മടങ്ങി.ഞങ്ങള്‍ ക്ലബ്ബിലെത്തിയപ്പോള്‍ കണ്ടത്‌ ആകെ അസ്വസ്ഥനായിരിക്കുന്ന പഞ്ചായത്തു പ്രസിഡണ്ടിനേയും അയാളുടെ മൂന്നുനാല്‌ അനുയായികളേയുമാണ്‌.
"ടൗണൊന്നും അലങ്കരിക്കേണ്ടന്നാണ്‌ തീരുമാനം " പ്രസിഡണ്ട്‌ ഏറെ ധാര്‍ഷ്ട്യത്തോടെ പറഞ്ഞു.
"ആരുടെ ? ഞാന്‍ ചോദിച്ചു
"കമ്മറ്റിയുടെ" പ്രസിഡണ്ട്‌ ഉത്തരം പറഞ്ഞു.കൂടിനിന്ന സ്‌ത്രീകളാരും ഒന്നും പറഞ്ഞില്ലഞാന്‍ കുടുംബശ്രീയിലെ അംഗവുമല്ല.എങ്കിലും ഞാന്‍ ചോദിച്ചുപോയി......
" ഏതു കമ്മറ്റ്‌ിയുടെ ഈ സ്‌ത്രീകളുടെ മുഴുവന്‍ ആഗ്രഹമാണിത്‌ ഞാനല്‍പം വികാരത്തോടെ തന്നെ പറഞ്ഞു.
"നിങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിയുമെങ്കില്‍ സഹകരിക്കാം അല്ലെങ്കില്‍ അതിന്റെ ആവശ്യവുമില്ല " പ്രസിഡണ്ട്‌ എന്റെ നേരെ ചൂണ്ടിക്കൊണ്ട്‌ താക്കീതു ചെയ്‌തു.വന്നു കയറിയവളായതുകൊണ്ട്‌ എനിക്കൊന്നും പറയാന്‍ അവകാശമില്ലായിരുന്നു.പ്രസിഡണ്ട്‌ എന്ന പുരുഷനോടെതിരിട്ട്‌ ഒരു വാക്ക്‌ പറയാന്‍ പോലും കൂടിനിന്ന പെണ്‍കൂട്ടം തയ്യാറായതുമില്ല.എനിക്കാകെ വിഷമമായി.
" വേണ്ട വിനയേ ഒരു വാക്കേറ്റം ഉണ്ടാക്കേണ്ട." സൂസന്‍ എന്റെ കൈ പിടിച്ച്‌ എന്നെ പുറകിലേക്ക്‌ വലിച്ചുകൊണ്ട്‌ പറഞ്ഞു.
" function place അലങ്കരിച്ചു കൂടെ " ഞാന്‍ വീണ്ടും പ്രസിഡണ്ട്‌ പുരുഷന്റെ അടുത്തു പോയി അനുകൂല ഉത്തരവിനായി കെഞ്ചി.
" ആ............. അതലങ്കരിച്ചോളൂ " ഉത്തരവ്‌ അനുകൂലമായി.
അയ്യായിരത്തോളം സ്‌ത്രീകള്‍ പങ്കെടുക്കുന്ന ആ സംഗമത്തിന്റെ സാംസ്‌ക്കാരികവേദി ക്ലബ്ബ്‌ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും സുമാര്‍ ഒരു കിലോമീറ്റര്‍ മാറിയുള്ള ആനപ്പാറ ഗവ : മോഡല്‍ ഹൈസ്‌ക്കൂളിലായിരുന്നു.ഞങ്ങള്‍ കുറച്ചു പേര്‍ ആനപ്പാറ സ്‌ക്കൂളിലേക്കു പോയി.സ്‌ക്കൂളിലോ വേദിയിലോ സ്‌ക്കൂള്‍ പരിസരത്തോ യാതൊരുവിധ ഒരുക്കങ്ങളും നടത്തിയിരുന്നില്ല.വാടകക്കെടുത്ത മൈക്ക്‌ കസേര, കര്‍ട്ടന്‍ തുടങ്ങിയ ജോലിക്ക്‌ നിര്‍ബന്ധിതരായചുരുക്കം ചില ജോലിക്കാരായ ആണുങ്ങള്‍ അവിടെയുണ്ടായിരുന്നു.
ഞങ്ങള്‍ അടുത്തുള്ള തോട്ടത്തില്‍ പോയി കുറച്ചു ശീമക്കൊന്ന വടികള്‍ മുറിച്ചു കൊണ്ടു വന്നു ആ കമ്പുകള്‍ കവാടം മുതല്‍ ഏകദേശം മുപ്പതു മീറ്റര്‍ ദൂരത്തില്‍ തുല്ല്യ അകലത്തില്‍ കുത്തിനിര്‍ത്തി കമ്പുകള്‍ പരസ്‌പരം ചാക്കു നൂലുകൊണ്ട്‌ ബന്ധിപ്പിച്ച്‌ ഈര്‍ക്കിലില്‍ കോര്‍ത്ത പൂക്കള്‍ തൂക്കി.നാലു മണിക്കു മുമ്പുതന്നെ അനുവാദം കിട്ടിയ അലങ്കാരപ്പണി ചെയ്‌തു തീര്‍ത്തു.ഇത്‌ നമ്മുടെ പരിപാടിയാണ്‌ ഇതു വിജയിപ്പിക്കേണ്ടത്‌ തങ്ങളാണെന്നുമുള്ള യാതൊരു വര്‍ഗ്ഗബോധവുംഅവരില്‍ കാണാന്‍ എനിക്കായില്ല.
സ്‌ത്രീകളുടെ പരിപാടിയെന്നവകാശപ്പെടന്ന ആ പരിപാടിയുടെ മുഴുവന്‍ തീരുമാനങ്ങളും - അവരെന്തു ചെയ്യണം , എങ്ങനെ നടക്കണം, എന്തു വസ്‌ത്രം ധരിക്കണം ആരെല്ലാം വേദിയില്‍ വേണം അങ്ങനെയങ്ങനെ എല്ലാം തീരുമാനിച്ചത്‌ രണ്ടു മൂന്നു പരുഷന്മാര്‍ തന്നെയായിരുന്നു എന്ന്‌ ഞാന്‍ കണ്ടും അനുഭവിച്ചും അറിഞ്ഞു.യാതൊരുവിധ അവകാശബോധമോ,അധികാരബോധമോ ജനിക്കുകപോലും ചെയ്യാത്ത ചലിക്കുന്ന ഒരടിമക്കൂട്ടമായ്‌ മാത്രമേ എനിക്കാ പെണ്‍രൂപക്കൂട്ടങ്ങളെ കാണാനായുള്ളൂ
സ്‌ത്രീകളെല്ലാം സെറ്റു സാരിയും അതിനനുസരിച്ച ബ്ലൗസും ധരിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിരുന്നു എന്ന്‌ എനിക്കു മനസ്സിലായത്‌ പിന്നീട്‌ മറ്റൊരു മീറ്റിംഗിലായിരുന്നു.ആ മീറ്റിംഗില്‍ ആശംസാപ്രസംഗം നടത്തിയ പഞ്ചായത്ത്‌ സ്റ്റാന്റെിംഗ്‌ കമ്മറ്റി അംഗമായ ഒരാള്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ " നമ്മുടെ കുടുംബശ്രീകളുടെ സംഗമം സ്‌ത്രീകളുടെ കരുത്തു തെളിയിക്കുന്നതു തന്നെയായിരുന്നു.അന്നു ചിലര്‍ സെറ്റും മുണ്ടും കിട്ടാത്തതു കൊണ്ടു മാത്രം പങ്കെടുത്തിട്ടില്ല സെറ്റും മുണ്ടും നിര്‍ബ്ബന്ധം പറഞ്ഞിരുന്നില്ല. ഒരു യൂണിഫോമിറ്റിക്കു വേണ്ടി അങ്ങനെ പറഞ്ഞെന്നേയുള്ളൂ.വളരെ മനോഹരമായി അതു നടത്താന്‍ പഞ്ചായത്തിനു കഴിഞ്ഞു എന്നതുപോലെ സ്‌ത്രീകളുടെ കരുത്തു തെളിയിക്കുന്നതിന്‌ അവര്‍ക്കൊരു അവസരവുമായിരുന്നു അത്‌......." അയാള്‍ തുടര്‍ന്നും കഴിഞ്ഞുപോയ ആ മഹാസംഗമത്തെ വാഴ്‌ത്തി.
എന്തായിരുന്നു അവര്‍ തെളിയിച്ച കരുത്ത്‌ ? തങ്ങളുടെ പ്രകടനം പോകുന്ന വഴികള്‍ പോലും അലങ്കരിക്കാന്‍ അവകാശമില്ലാതെ എവിടേയും പോലെ ആണിന്റെ ആജ്ഞാനുവര്‍ത്തികളായി ചലിക്കാന്‍ വിധിക്കപ്പെട്ട പാവകള്‍.എണ്ണം കാട്ടിഅതാണ്‌ കരുത്തെന്ന്‌ അവരെ തെറ്റിദ്ധരിപ്പിക്കുക,ആ ധാരണയില്‍ എന്താണ്‌ യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ അന്യേഷിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക ഇത്തരത്തിലൊരു റാലി പുരുഷന്മാരുടെ അയല്‍ക്കൂട്ടങ്ങളുടേതാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ സംഘടിപ്പിച്ചിരുന്നതെങ്കില്‍ അവരോടും ഈ പ്രസിഡണ്ട്‌ പുരുഷന്‍ പറയുമായിരുന്നോ അലങ്കരിക്കേണ്ട സ്ഥലത്തിന്റെ പരിമിതി ?യൂണിഫോമിറ്റിക്കു വേണ്ടി എല്ലാവരും വെള്ള മുണ്ടും നീല ഷര്‍ട്ടും ധരിക്കണമെന്ന്‌ ? അഥവാ അങ്ങനെ നിര്‍ദ്ദേശിച്ചാല്‍ തന്നെ പ്രകടനക്കാരില്‍ എത്ര പേരനുസരിക്കും ?
ഇത്തരത്തിലുള്ള നിരവധി പ്രകടനങ്ങള്‍ സ്‌ത്രീകളുടെ കരുത്ത്‌ തെളിയിക്കുന്നതാണെന്ന്‌ പുരുഷന്‍ വീമ്പു പറയുമ്പോളും സ്‌ത്രീകളുടെ ചിന്താശക്തിയെ തന്റെ വരുതിയില്‍ നിര്‍ത്താനുള്ള അവന്റെ തന്ത്രങ്ങളിലൊന്നുമാത്രമാണതെന്ന്‌ എത്ര സ്‌ത്രീകള്‍ തിരിച്ചറിയുന്നുണ്ട്‌ ?
ഒരിക്കല്‍ മറ്റൊരു പ്രകടനത്തില്‍ പഞ്ചായത്തുമെമ്പര്‍മാരായ സ്‌ത്രീകളായിരുന്നു ബാനറു പിടിച്ചതും മുന്നില്‍ നിരനിരയായി സെറ്റും മുണ്ടും ധരിച്ചു നടന്നതും.ഇതിന്റെ പ്രത്യേകത രണ്ടു നിരകളുടേയും ഇടയില്‍ നടന്ന പ്രധാന വ്യക്തികള്‍ പഞ്ചായത്തു പ്രസിഡണ്ടും ആണ്‍ പഞ്ചായത്തു മെമ്പര്‍മാരുമായിരുന്നു എന്നതാണ്‌. !
ബത്തേരിയില്‍ വെച്ച്‌ ആയിടക്കുതന്നെ നടത്തിയ ഹിന്ദു ഐക്യവേദിയുടെ മഹാപ്രകടനവും സെറ്റുസാരി ധരിച്ച സ്‌ത്രീകളാല്‍ അലങ്കൃതമായിരുന്നു.സ്വതന്ത്രമൈതാനിയിലെ വേദിയില്‍ നിരത്തിയ മുപ്പതോളം കസേരകളില്‍ സെറ്റു സാരി ധരിച്ച ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.സംഘാടകരില്‍ പ്രമുഖനായ ഒരു പുരുഷനോട്‌ ഞാന്‍ ചോദിച്ചു. " എന്താണ്‌ വേദിയില്‍ ഒറ്റ സ്‌ത്രീപോലുമില്ലല്ലോപ്രകടനക്കാരില്‍ ഭൂരിഭാഗം സ്‌ത്രീകളാണുതാനും" ഉടനെ വന്നു ധാര്‍ഷ്ട്യത്തോടെയുള്ള അയാളുടെ ഉത്തരം
" അതിന്‌ വേദിയിലിരിക്കാന്‍മാത്രം യോഗ്യതയുള്ള പെണ്ണുങ്ങള്‍ വേണ്ടേ" ?
എന്താണീ യോഗ്യത ? അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെപ്പറ്റി വാതോരാതെ പറഞ്ഞ്‌ സ്‌ത്രീകളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്ന നേതാവിന്റെ യഥാര്‍ത്ഥ മനസ്ഥിതിയാണ്‌ അയാളിലൂടെ പുറത്തുവന്നത്‌.ഇതൊന്നുമറിയാതെ തങ്ങള്‍ വിവരം കെട്ടവരും യോഗ്യതയേതുമില്ലാത്തവരുമാണെന്ന്‌ സ്വയം അംഗീകരിച്ചുകൊണ്ട്‌ ഇവരുടെയൊക്കെ ശക്തിപ്രകടനങ്ങളില്‍ ഭാഗബാക്കാവുന്നതെന്തിനെന്ന്‌ സ്‌ത്രീകള്‍ എന്നാണ്‌ ചിന്തിച്ചുതുടങ്ങുക

Thursday, February 12, 2009

എമര്‍ജന്‍സി സേനയും സി.ഐ യുടെ ആശങ്കയും

എമര്‍ജന്‍സി സേനയും സി.ഐ യുടെ ആശങ്കയും

ഓരോ പോലീസ്‌ സ്‌റ്റേഷനിലും പോലീസ്‌ പൊതുജന സമ്പര്‍ക്ക പരിപാടി ചിട്ടയോടെ നടത്തിയിരുന്ന കാലം, ഓരോ ബീറ്റിലേയും(ഒരു പോലീസ്‌ സ്‌റ്റേഷന്‍ പരിധിയെ കാര്യക്ഷമമാക്കുന്നതിനായി മൂന്നോ നാലോ ഭാഗമായി തിരിക്കുന്നത്‌) പോലീസുകാര്‍ അവരവര്‍ക്ക്‌ നിശ്ചയിച്ച ബീറ്റുകളില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വെച്ച്‌ ഓരോ മാസവും അതാതു പ്രദേശത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി പൊതു ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കണം.ഇപ്രകാരം നടത്തുന്ന പരിപാടികളില്‍ പ്രദേശവാസികള്‍ക്ക്‌ അവരവരുടെ വിഷമങ്ങളും, പോലീസിനോടുള്ള നിര്‍ദ്ദേശങ്ങളും, പോലീസിനെക്കുറിച്ചുള്ള പരാതികളും എന്നു വേണ്ട ഏതു തരം പ്രശ്‌നങ്ങളും അവതരിപ്പിക്കാനും പരിഹാരം ആരായാനും അവസരമുണ്ടായിരിക്കും.കൂടാതെ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും പോലീസിന്‌ പൊതുജനങ്ങളില്‍ നിന്ന്‌ സഹായം തേടാം

എന്റെ ബീറ്റ്‌ പൊഴുതണ പഞ്ചായത്തിലായിരുന്നു.ഞാന്‍ അവിടുത്തെ പഞ്ചായത്തു പ്രസിഡണ്ടും,തുടര്‍വിദ്യാഭ്യാസ പ്രേരക്‌ ആയി ജോലി ചെയ്യുന്ന പെണ്‍കുട്ടിയും, അവിടുത്തെ കുടുംബശ്രീ അംഗങ്ങളും മറ്റുമായി ചര്‍ച്ചചെയ്‌ത്‌ ഒരു എമര്‍ജന്‍സി സേനക്ക്‌ രൂപം കൊടുക്കുന്നതിനായി തീരുമാനിച്ചു.ആ സേനക്ക്‌ ഞാന്‍ നിര്‍ദ്ദേശിച്ച നിബന്ധന അതില്‍ അന്‍പതു പേര്‍ വേണമെന്നും അതില്‍ പകുതി സ്‌ത്രീകളായിരിക്കണമെന്നുമായിരുന്നു.അനൗദ്യോഗികമായി എല്ലാവരും എന്റെ നിബന്ധന അംഗീകരിച്ചു.ഇവരുടെ ചുമതല അവശ്യ സന്ദര്‍ഭങ്ങളില്‍ സേനയെ സഹായിക്കുക എന്നതു തന്നെയാണ്‌.കടലുണ്ടി,പൂക്കിപ്പറമ്പ്‌്‌,മാനന്തവാടി ബസ്സപകടം,തുടങ്ങിയ ദിക്കുകളില്‍ അപകടം നടന്നപ്പോള്‍ ഇത്തരം ചില സംഘടിത ഗ്രൂപ്പുകള്‍ സംഭവസ്ഥലത്തെത്തി നടത്തിയ സേവനങ്ങള്‍ അവിടം സന്ദര്‍ശിച്ച എനിക്ക്‌ നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

സേനയുടെ ലക്ഷ്യങ്ങളും നടപ്പില്‍ വരുത്തേണ്ട രീതിയും ഞാന്‍ അവര്‍ക്ക്‌ വിശദീകരിച്ചു അവര്‍ക്കതില്‍ വിശ്വാസവും കൈവന്നു.ഈ സേനയിലേക്ക്‌ തയ്യാറായി വരുന്നവരുടെ എല്ലാവരുടേയും ഫോണ്‍ നമ്പരും വിലാസവും പഞ്ചായത്തിലും പോലീസ്‌ സ്‌്‌റ്റേഷനിലും ശേഖരിച്ചു വെക്കുകയും ഒരിക്കല്‍ മാത്രം അംഗങ്ങള്‍ക്ക്‌ ഇതിനെക്കുറിച്ച്‌ ട്രയിനിംഗ്‌ നല്‍കുകയും ചെയ്യുക... ഒരു അപകടമുണ്ടായാല്‍ പ്രസ്‌തുത പഞ്ചായത്തുപ്രസിഡണ്ടുമായി ബന്ധപ്പെട്ട്‌ മുഴുവന്‍ അംഗങ്ങളേയും ഒരു സ്ഥലത്ത്‌ ഒത്തു കൂട്ടുവാനും അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനും ഈ സേന കൊണ്ട്‌ കഴിയും എന്നതായിരുന്നു ഇതിന്റെ നേട്ടം

പൊഴുതണ അച്ചൂര്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഞാന്‍ സംഘടിപ്പിച്ച പോലീസ്‌ പൊതുജന സമ്പര്‍ക്ക പരിപാടിക്കാടി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം രണ്ടു മണിക്കു തന്നെ ഞാനവിടെ എത്തുകയും അവിടെ എത്തിച്ചേര്‍ന്ന പഞ്ചായത്തു പ്രസിഡണ്ടായും മറ്റ്‌ അംഗങ്ങളായും ഒരിക്കല്‍ കൂടി ഈ വിഷയം ചര്‍ച്ചചെയ്‌ത്‌ ആ കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച്‌ ഞങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാത്തു നിന്നു.(ഓരോ പൊതുജന സമ്പര്‍ക്ക പരിപാടിയിലും ഡി.വൈ.എസ്‌.പി.യോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോ പങ്കെടുക്കും)അന്നു പങ്കെടുത്ത അന്‍പതു പേരില്‍ മുപ്പതു പേര്‍ സ്‌ത്രീകളായിരുന്നു.മൂന്നു മണിക്ക്‌ എസ്‌.ഐ യും സി.ഐ യും സ്ഥലത്തെത്തി.പതിവു ചടങ്ങുകള്‍ക്കു ശേഷം ബീറ്റിന്റെ ചുമതലയുള്ള ഞാന്‍ വിഷയം അവതരിപ്പിച്ചു.(ജനങ്ങളുടെ പരാതിയും നിര്‍ദ്ദേശങ്ങളും മിക്കവാറും ആവര്‍ത്തനവിരസങ്ങളായ ഒരേ കാര്യ്‌ങ്ങള്‍ തന്നെയായിരുന്നു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അര മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായില്ല)എന്റെ ആശയം ഞാന്‍ മുന്നോട്ടുവെച്ചു കഴിഞ്ഞതേ സി.ഐ വളരെ ആധികാരികമായിട്ടെന്നവണ്ണം ഇങ്ങനെ പറഞ്ഞു

"ആ.... നല്ല ആശയമൊക്കെയാണ്‌.ദൂരത്തേക്കൊക്കെപ്പം സ്‌ത്രീകള്‍ക്ക്‌ വരാന്‍ പറ്റ്വോ.അവര്‍ക്കിവിടെ അടുത്തൊക്കെ എന്തെങ്കിലുമുണ്ടെങ്കില്‍ സഹകരിക്കാം". എല്ലാവരും അതു ശരിവച്ചു.തൊട്ടു മുമ്പ്‌ ഏറെ ആവേശത്തോടെ എനിക്കു പിന്തുണ നല്‌കിയ ജനക്കൂട്ടം ഒരു വലിയ ഉദ്യോഗസ്ഥന്‍ സ്‌ത്രീകള്‍ക്ക്‌ ദൂരെ പോകാന്‍ പറ്റില്ലെന്നു പറഞ്ഞതില്‍ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ലെന്ന അന്ധമായ ഭക്തിയോടെ എന്റെ ആ ഉദ്യമത്തിന്‌ അന്നുതന്നെ റീത്തുവെച്ചു.(അന്നു വീറോടെ പറഞ്ഞ പെണ്ണുങ്ങളല്ലാത്തവരും ഒരു സേനയും രൂപീകരിച്ചില്ല)സ്‌ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കത്തക്ക ഒന്നും പുരുഷഓഫീസര്‍മാര്‍ ശ്രമിക്കാറില്ലെന്നുമാത്രമല്ല അതിനെ കഴിവതും നിരുത്സാഹപ്പെടുത്തി ഇല്ലാതാക്കാനും ശ്രമിക്കുന്നു എന്നതും നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.വിവരവും പദവിയുമുള്ളവര്‍ പറയുന്നതെന്തും വിഴുങ്ങുന്ന ജന സമൂഹത്തില്‍ ഉദ്യോഗസ്ഥരുടെ ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്‌ . സ്‌ത്രീകളുടെ ആത്മവിശ്വാസത്തിന്‌ കോട്ടം തട്ടും വിധത്തിലുള്ള പ്രസ്‌താവനകളോ പ്രവര്‍ത്തികളോ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഉണ്ടാകാതിരിക്കുന്നതിന്‌ സര്‍ക്കാര്‍ ഉത്തരവിറക്കേണ്ടത്‌ തികച്ചും അനിവാര്യം തന്നെയാണ്‌

Wednesday, February 11, 2009

ആണിന്റെ മാനം

ആണിന്റെ മാനം

പെണ്ണിന്റെ നാവിന്റെ തുമ്പിലാണെന്നെന്നും

ആണിന്റെ മാനമതെന്നു നീയോര്‍ക്കുക

നീ നിശ്ചയിക്കുന്നു സത്യവും മിത്ഥ്യയും

നിന്റെ മഹത്വം നീ അറിയുക അറിയുക

അമ്മയെന്നുള്ളോരു സത്യത്തെ മൂടുവാന്‍

ഇല്ല കഴിയില്ലൊരിക്കലും ഓര്‍ക്കുക

സത്യം തിരിച്ചറിയുന്നോരു കാലത്ത്‌

തൂത്തുനീക്കപ്പെടും ഈയാധിപത്യവും

പെേണ്ണ ശ്രമിക്കുക സത്യത്തെയറിയുവാന്‍

മിഥ്യയാമാധിപത്യത്തെ ചെറുക്കുവാന്

‍ആണ്‍കോയ്‌മ സൃഷ്ടിച്ചെടുത്തൊരീ മേല്‌ക്കോയ്‌മ

വെള്ളക്കുമിളപോല്‍ താത്‌ക്കാലികം മാത്രം

ഇല്ല ദൈര്‍ഘ്യമതിനൊട്ടുമേയില്ലെന്ന്‌

ഏറെ വൈകാതെബോധ്യപ്പെടുമേവര്‍ക്കും

ഞാനൊരു പെണ്ണെന്ന്‌ ധീരമായ്‌ ചൊല്ലുവാന്

‍ഉണ്ടഭിമാനമതേറെയെനിക്കിന്ന്‌

ഇനിയെത്ര ജന്മമുണ്ടെങ്കിലും ഞാനൊരു

പെണ്ണായ്‌ ജനിക്കേണമെന്നു പ്രാര്‍ത്ഥിക്കുന്നു.........

Monday, February 9, 2009

ലോഡ്‌ജുകളിലെ അയിത്തം

ലോഡ്‌ജുകളിലെ അയിത്തം

2003 ആഗസ്‌റ്റ്‌ മാസം 14-ാം തിയ്യതി എന്റെ പുസ്‌തകത്തിന്റെ(ആത്മകഥ-എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിത യാത്ര) അവസാന മിനുക്കു പണികള്‍ നടത്തേണ്ടുന്ന ആവശ്യത്തിനായി ഒരു ദിവസം എനിക്ക്‌ തൃശ്ശൂരില്‍ തങ്ങേണ്ടി വന്നു.കറണ്ട്‌ ബുക്‌സ്‌ മാനേജര്‍ ജോണിസാര്‍ എനിക്കു താമസിക്കാനുള്ള റൂമിനായി പ്രിയ ടൂറിസ്റ്റ്‌ ഹോം എന്ന ലോഡ്‌ജിലെത്തി.ഉടനെ തന്നെ ലോഡ്‌ജു മാനേജര്‍ പേരും വിലാസവും ചോദിച്ചെഴുതി റൂം അനുവദിച്ചു. ്‌.ഒരു ദിവസത്തേക്ക്‌ 150 രൂപ.ഏതായാലും അത്ര രൂപക്കുള്ള മെച്ചമൊന്നും ആ ലോഡ്‌ജിനു തോന്നിയില്ല.മുറിയില്‍ കയറിയ ഉടനെതന്നെ എനിക്കൊരു വല്ലായ്‌മ അനുഭവപ്പെട്ടു.എന്നാലും ഒരു ദിവസത്തേക്കല്ലേ.. ഞാന്‍ മനസ്സുകൊണ്ടു പൊരുത്തപ്പെട്ടു.റൂം ബോയ്‌ കട്ടിലിലെ പൂത്ത കിടക്കയില്‍ അലക്കിമിനുക്കിയ ഷീറ്റു വിരിച്ചു.ജോണിസാര്‍ കസേരയിലിരുന്നു, പയ്യന്‍ വെള്ളമെടുക്കാന്‍ പോയി.

" ഇതു പോരെ.......... ? " ജോണി സാര്‍ ചോദിച്ചു.

" മതി സാര്‍ ധാരാളം ഒരു ദിവസത്തെ കാര്യമല്ലെ ........ " ഞാന്‍ സമ്മതിച്ചു.മനസ്സില്ലാ മനസ്സോടെ ജോണി സാര്‍ റൂമില്‍ നിന്നും പോയി.കുടിക്കാനുള്ള വെള്ളം റൂമില്‍ വെച്ച്‌ പയ്യനുപോയി.ഞാന്‍ മുഖം കഴുകി ഷൂവും സോക്‌സും മാറ്റി പത്തു മിനിറ്റോളം വെറുതെ കിടന്നു.പിന്നെ എഴുന്നേറ്റ്‌്‌ സോപ്പും ബ്രഷും വാങ്ങാനായി മുറി പൂട്ടി പുത്തിറങ്ങി.സാധനങ്ങള്‍ വാങ്ങി തിരിച്ച്‌ റിസപ്‌ഷനടുത്തെത്തിയപ്പോള്‍ ലോഡ്‌ജുടമ എന്നെ വിളിച്ചു.ഞാന്‍ അയാളുടെ മുഖത്തു നോക്കിയപ്പോള്‍ ആഗ്യം കൊണ്ട്‌ അല്‌പം ബഹുമാനത്തോടെയാണ്‌ വിളിച്ചതെന്നു തോന്നി."

"എന്താണു പേര്‌....?"

"വിനയ"

"അപ്പോള്‍ നിങ്ങള്‍ സ്‌ത്രീയാണോ....?

"അതെ"

"അയ്യോ ........! സ്‌ത്രീകള്‍ക്കിവിടെ റൂം കൊടുക്കാറില്ലല്ലോ"

"കാരണം.........?"

"അതാണു പതിവ്‌"

"ഏതായാലും ഞാന്‍ റൂം വെക്കേറ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല"

"ആ............ നിങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ ചിലര്‍ പറഞ്ഞു..... ആ.... പിരിച്ചുവിട്ട പോലീസുകാരി......... അല്ലേ...?

"അതെ......."

"എനിക്കു മനസ്സിലായില്ലായിരുന്നു.ഏതായാലും നിങ്ങളിനി മാറണമെന്നൊന്നുമില്ല".അയാള്‍ ഒരു ഔദാര്യം എനിക്കായി അനുവദിച്ചു.വാങ്ങിയ സാധനങ്ങളുമായി അവിടെത്തന്നെ താമസിക്കണമെന്ന ചിന്തയോടെ മുറിയിലേക്ക്‌ പോകാനുള്ള ഗോവണിയുടെ അടുത്തെത്തിയപ്പോള്‍ എന്തോ ആവശ്യത്തിനായി ജോണിസാര്‍ അവിടെ വന്നു.ഞാന്‍ ജോണിസാറിനോട്‌ കാര്യം പറഞ്ഞതും,ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ച ഹോട്ടലുടമ ഞങ്ങളോടായായി വളരെ സൗമ്യനായി ഇവിടെ സ്‌ത്രീകളെ നിര്‍ത്താറില്ല.എനിക്കാദ്യം മനസ്സിലായില്ല അതുകൊണ്ടാണ്‌ സമ്മതിച്ചത്‌ എന്നു പറഞ്ഞു"എന്താ മാറണോ................."? ജോണിസാര്‍ അയാളോടായി ചോദിച്ചു.

"എങ്കില്‍ നന്നായിരുന്നു............" ലോഡ്‌ജുടമ അയാളുടെ നിലപാട്‌ വ്യക്തമാക്കി.

"എന്താ പെണ്ണുങ്ങള്‍ക്ക്‌ പ്രവേശനമില്ലാത്ത രീതിയിലാണോ ഇതിന്റെ ലൈസന്‍സ്‌ ? എനിക്ക്‌ ദേഷ്യം വന്നു

"വേണ്ട നമ്മുക്കു മാറാം, വേറെ റൂമെടുക്കാം . പുസ്‌തകത്തിന്റെ വര്‍ക്കു തീര്‌ക്കണം വെറുതേ മാനസീകടെന്‍ഷന്‍ ഉണ്ടാക്കേണ്ട".. ജോണിസാര്‍ അല്‌പം ഗൗരവത്തോടെ തന്നെ പറഞ്ഞു

എനിക്ക്‌ ആദ്യമേ തൃപ്‌തി തോന്നാത്തതുകൊണ്ടും 200 ഓളം പേജുവരുന്ന എന്റെ പുസ്‌തകം സ്വസ്ഥമായി വായിച്ചു തീര്‍ക്കേണ്ട ബാധ്യതയുള്ളതു കൊണ്ടും ഞാന്‍ വാശി പിടിച്ചില്ല. മറ്റൊരിടം തേടി ഞങ്ങളിറങ്ങിതൃശ്ശൂര്‍ പേള്‍ റീഗന്‍സിയില്‍ അവര്‍ എനിക്ക്‌ മുറിയെടുത്തു തന്നു.

ഇന്ത്യയില്‍ ഒരു സ്‌ത്‌ീക്ക്‌ ഏതെങ്കിലും പുരുഷന്റെ കൂടെയല്ലാതെ പോയാല്‍ കുറഞ്ഞ നിരക്കിലുള്ള ഒരു ലോഡ്‌ജുകാരും മുറി കൊടുക്കാറില്ലെന്ന്‌ പിന്നീടാണ്‌ ഞാന്‍ അറിഞ്ഞത്‌.ഇതേ അനുഭവം കല്‍പ്പറ്റയില്‍ വെച്ചും, കൊഴിക്കോട്ടു വെച്ചും, ബോംബെയില്‍ വെച്ചും പിന്നീടും ഞാന്‍ അനുഭവിച്ചു.ലോഡ്‌ജുടമകളുടെ ഇത്തരത്തിലുള്ള നീക്കത്തെ ചോദ്യം ചെയ്യാനും ചെറുത്തു തോല്‍പ്പിക്കാനും സ്‌ത്രീകളും സ്‌ത്രീ സംഘടനകളും മിനക്കെടാറില്ല എന്നതും ഇത്തരം അനീതിക്ക്‌ വളമാകുന്നു.

ഒരു സ്‌ത്രീക്ക്‌ ഒറ്റക്കുള്ള ആവശ്യങ്ങള്‍ പാടില്ലെന്ന വിവിധ മതങ്ങളുടെ സ്വാര്‍ത്ഥ ചിന്താഗതി സര്‍ക്കാര്‍ അനുമതിയാല്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ യാതൊരു കാരണവശാലും വെച്ചു പൊറുപ്പിക്കാന്‍ അനുവദിക്കരുത്‌.ഇഞ്ചോടിഞ്ച്‌ പോരാടിക്കൊണ്ട്‌ മാത്രമേ സ്‌ത്രീക്ക്‌ ഒരു പുരുഷന്‌ സാധാരണമായി കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ കിട്ടൂ എന്ന അവസ്ഥ അതി ഭീകരം തന്നെ

Saturday, February 7, 2009

കമ്പളക്കാട്ടെ സദ്യ

കമ്പളക്കാട്ടെ സദ്യ
2002 - പുതുവര്‍ഷപ്പുലരി ആഘോഷിക്കുന്നതിനായി കമ്പളക്കാട്‌ രാസ്‌ത(NGO) യുടെ കീഴിലുള്ള കുടുംബശ്‌ീകളുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങിന്റെ മുഖ്യാഥിതിയായി എത്തിയതായിരുന്നു ഞാന്‍ .ചടങ്ങിനോടനുബന്ധിച്ച പ്രസംഗത്തില്‍ പലരും അതിപ്രാധാന്യത്തോടെ പുകഴ്‌ത്തിപ്പറഞ്ഞ കാര്യം അന്നേ ദിവസത്തെ സദ്യയെക്കുറിച്ചായിരുന്നു.ഈ പുതുവര്‍ഷ പരിപാടി സംഘടിപ്പിച്ചത്‌ സ്‌ത്രീകളാണെങ്കിലും അതിന്‌ എല്ലാവിധ പിന്തുണയുമായി അവരുടെ ഭര്‍ത്താക്കന്മാര്‍ കൂടെയുണ്ടെന്നും ഇന്നത്തെ സദ്യയുടെ എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ണ്ണ മനസ്സോടെ അവര്‍ ഏറ്റെടുത്തിരിക്കയാണെന്നും......................... തുടങ്ങി അപ്രദേശത്തെ ആണുങ്ങള്‍ പെണ്ണുങ്ങളോട്‌ പുലര്‍ത്തി പോരുന്ന സഹകരണമനോഭാവത്തെപ്പറ്റി വാഴ്‌ത്തിപ്പറയാന്‍ വാക്കുകള്‍ കിട്ടാതെ പ്രാസംഗികര്‍ കുഴങ്ങി.
അഥിതികളായി എത്തിയ എന്നേയും മറ്റൊരു ടീച്ചറേയും രാത്രി ഒന്‍പതു മണിയോടെ സംഘാടകരായ രണ്ടു സ്‌ത്രീകള്‍ തൊട്ടടുത്ത വീട്ടിലേക്ക്‌ കൊണ്ടുപോയി.അതൊരു ചെറിയ വീടായിരുന്നു.അവിടെ പുരുഷന്മാര്‍ ഭക്ഷണം വിളമ്പാന്‍ തയ്യാറായി നില്‌ക്കുന്നുണ്ടായിരുന്നു.ഞങ്ങളെ അവിടെ എത്തിച്ച ഉടന്‍ സംഘാടകരായ സ്‌ത്രീകളോട്‌ ഞാന്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.മൂന്നോ നാലോ പുരുഷന്മാര്‍ ആ ചെറിയ വീടിന്റെ ഉമ്മറത്തെ കോലായിലിട്ടിരിക്കുന്ന ചെറിയ മേശയും അതിനു പുറകിലിട്ടിരുന്ന രണ്ടു കസേരയും ചൂണ്ടി കാട്ടി ഞങ്ങളെ അവിടിരിക്കാന്‍ ക്ഷണിച്ചു.‌(സംഘാടകര്‍ക്കും മറ്റും ഭക്ഷണം കഴിക്കുന്നതിന്‌ മുറ്റത്തു പന്തലിട്ടിരുന്നു.)കോലായുടെ മൂലയില്‍ സ്ഥാപിച്ച വാഷ്‌ബേസിലില്‍ നിന്നും കൈ കഴുകി ഞാനും ടീച്ചറും ഭക്ഷണം കഴിക്കാനിരുന്നു.ഏറെ സന്തോഷത്തോടെ ഒരു പുരുഷന്‍ ഇല വെച്ചു.മറ്റൊരാള്‍ വെള്ളമൊഴിച്ചു.ഞങ്ങള്‍ ഇല കഴുകി വെള്ളം വാര്‍ത്തു.ഉടനെ മറ്റൊരാള്‍ ചോറു വിളമ്പി സാമ്പാര്‍,പപ്പടം,അവിയല്‍,തോരന്‍,കൂട്ടുകറി,അച്ചാര്‍........... വിഭവ സമൃദ്ധം തന്നെ . ഭക്ഷണം പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കെന്താണു വേണ്ടതെന്നു തിരക്കാന്‍ നാലു പേരും മാറിമാറി വന്നു.ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതു മുതല്‍ പകുതി കഴിയും വരെ പലതിനെക്കുറിച്ചും അവര്‍ ഞങ്ങളോടു സംസാരിച്ചുകൊണ്ടേയിരുന്നു.വെള്ളം തീരുന്നതനുസരിച്ച്‌ ഗ്ലാസുകള്‍ നിറച്ചു....... സ്‌നേഹ സമൃദ്ധം തന്നെ.ഞങ്ങള്‍ ഭക്ഷണം കഴിച്ചു കഴിയാറായപ്പോള്‍ ഒരോരോ കാരണങ്ങള്‍ പറഞ്ഞ്‌ അവര്‍ ഓരോരുത്തരായി അപ്രത്യക്ഷരായി..ആ പിന്മാറ്റം ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.ഞങ്ങള്‍ ഭക്‌ഷണം മതിയാക്കി.ടീച്ചര്‍ ഇല മടക്കി എടുക്കാന്‍ നോക്കി.ഞാന്‍ ടീച്ചറിനെ തട്ടി കണ്ണു കാണിച്ച്‌ ഇല എടുക്കേണ്ടെന്നു പറഞ്ഞു.ഞങ്ങള്‍ രണ്ടു പേരും എഴുന്നേറ്റ്‌ കൈ കഴുകി.പുറത്തു ദൂരെ എന്തോ കൂലംകക്ഷമായി ചര്‍ച്ച ചെയ്യുന്ന ആണുങ്ങളെ നോക്കി ഞാന്‍ വിളിച്ചു. "ഒന്നിങ്ങു വരണേ........ " എന്റെ ശബ്ദം കേട്ട്‌ അവര്‍ തിരിഞ്ഞു നോക്കി."എന്താ സാര്‍ അവര്‍ ആകാംഷയാലെ തിരക്കി."ഏയ്‌ ഒന്നൂല്ല എനിക്ക്‌ കുറച്ചെഴുതണമായിരുന്നു. ഞാന്‍ ടൗവ്വല്‍കൊണ്ട്‌ മുഖം തുടച്ചുകൊണ്ടു പറഞ്ഞു.ആ വീടിന്റെ കോലായ്‌ ഒഴിച്ചുള്ള മുറി പൂട്ടിയതായിരുന്നു വേറെ മേശയും ഇല്ല.
അതിന്‌..... ? അവര്‍ക്ക്‌ കാര്യം മനസ്സിലായില്ല.
"മേശപ്പുറം ഒന്നൊഴിവാക്കിയാല്‍ നന്നായിരുന്നു...." ഞാന്‍ ഭവ്യതയോടെ പറഞ്ഞു ഒന്നും ചിന്തിക്കാനിടം കൊടുക്കാതെ ഞാനയാളെത്തന്നെ നോക്കി.അയാള്‍ നടന്നു വന്നു പുറകെത്തന്നെ വേറൊരാളും.രണ്ടു പേരും ചേര്‍ന്ന്‌ ഇലയും ഗ്ലാസ്സും എടുത്തു മാറ്റി മേശപ്പുറം വൃത്തിയാക്കി.എഴുതാനൊന്നുമില്ലാതിരുന്നിട്ടും പോക്കറ്റില്‍ നിന്നും പേപ്പറും പേനയുമെടുത്തെഴുതാന്‍ തുടങ്ങി .പുരുഷന്മാര്‍ പോയ ഉടനെ "എങ്ങനുണ്ട്‌ ടീച്ചറേ.... എന്നു ഞാന്‍ ടീച്ചറിനോടായി ചോദിച്ചു.വിനയ ചെയ്‌തതു നന്നായി.അവരുടെ സ്ഥാനത്ത്‌ നമ്മളായിരുന്നെങ്കിലോ....? ആ എച്ചിലില എടുക്കല്ലേ ... എടുക്കല്ലേ എന്നു പറഞ്ഞ്‌ അതു പിടിച്ചു വെക്കാന്‍ മത്‌സരിക്കില്ലേ....? നമ്മള്‍ അഥിതികളായിരുന്നിട്ടുപോലും നമ്മളെ അത്തരത്തില്‍ പരിഗണിക്കാന്‍ ആണുങ്ങള്‍ക്കെന്തു മടിയാ.. നമ്മുടെ നില പോലും അവര്‍ക്കു പ്രശ്‌നമല്ല.നന്നായി എനിക്കിഷ്ടപ്പെട്ടു.ടീച്ചറിന്റെ സന്തോഷം ഞാനും ആസ്വദിച്ചു.

Friday, February 6, 2009

ജീവിതം തന്നയാള്

ജീവിതം തന്നയാള്

ഞാന്‍ ബത്തേരി സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന കാലം.ഒരു ദിവസം പതിവിലും വൈകിയാണ്‌ ഞാന്‍ സ്റ്റേഷനിലെത്തിയത്‌.സ്റ്റേഷന്‍ നിറയെ ആളുകളുണ്ട്‌.എന്താണ്‌ കാര്യമെന്ന്‌ സ്റ്റേഷനില്‍ പാറാവുഡ്യൂട്ടിയിലുള്ള പോലീസുകാരനോടായി ഞാന്‍ ചോദിച്ചു.ഒരു മാസ്‌ പെറ്റീഷനാണ്‌,അതിലെ പരാതിക്കാരാണ്‌... അയാള്‍ ഉത്തരം പറഞ്ഞു.ഞാന്‍ എസ്‌.ഐ സാറില്‍ നിന്നും ഡ്യൂട്ടി വാങ്ങി വീണ്ടും ആള്‍ക്കൂട്ടത്തിന്റെ പരാതിയെപ്പറ്റി അന്യേഷിച്ചു.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കു കാരണം അയല്‍പക്കക്കാര്‍ക്ക്‌ ഉറങ്ങാന്‍ കഴിയുന്നില്ല എന്നതായിരുന്നു പരാതിയുടെ ചുരുക്കം.റൈട്ടറുടെ അടുക്കല്‍ നിന്നും ഒരു സ്‌ത്രീ നിന്ന്‌ വിങ്ങി വിങ്ങി കരയുന്നുണ്ട്‌.എല്ലാദിവസവും ഭര്‍ത്താവ്‌ ഭാര്യയുമായി വഴക്കിടുകയും വഴക്കിനൊടുവില്‍ ഭാര്യയെ അടിക്കുകയും വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക്‌ വലിച്ചെറിയുകയും ചെയ്യും അയാളുടെ ചെയ്‌തി മൂലം അയല്‍ക്കാര്‍ പൊറുതിമുട്ടി. ഞാന്‍ പ്രശ്‌നം ഒന്നു കൂടി മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കി.ആള്‍ കൂട്ടത്തെ വകഞ്ഞുമാറ്റി ഞാന്‍ കരഞ്ഞു കൊണ്ടു നില്‌ക്കുന്ന സ്‌ത്രീക്കരികിലെത്തി
"എന്തിനാ.... എന്തിനാ..... കരയുന്നത്‌ " ഞാന്‍ അവളുടെ തോളില്‍ പിടിച്ചുകൊണ്ട്‌ ചോദിച്ചു.
"ഭര്‍ത്താവായിട്ടുള്ള പ്രശ്‌നമാണ്‌" അവള്‍ കരഞ്ഞുകൊണ്ടു തന്നെ മറുപടി പറഞ്ഞു
എന്താണ്‌..... അയാള്‍ അടിക്കുമോ ? അവള്‍ എന്തോ ഭയന്നിട്ടെന്നവണ്ണം "ആ അടിക്കും " എന്നു പറഞ്ഞ്‌ വീണ്ടും കണ്ണു തുടച്ചു."എന്നിട്ട്‌ ഭര്‍ത്താവെവിടെ " ? ഞാന്‍ ചോദിച്ചു. ഭര്‍ത്താവിന്റെ റോളില്‍ മറുപടി പറയുകയോ അത്തരത്തില്‍ ഭാവം കാണിക്കുകയോ ചെയ്യുന്ന ആരേയും ആ ആള്‍ക്കൂട്ടത്തില്‍ കാണാത്തതു കൊണ്ടാണ്‌ ഞാന്‍ അങ്ങനെ ചോദിച്ചത്‌."ഇതാ.............." അവള്‍ നിലത്തേക്ക്‌ വിരല്‍ ചൂണ്ടി.ഞാന്‍ ഞെട്ടിപ്പോയി ! രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്തൊരാള്‍ നിലത്തിരിക്കുന്നു."ഇയാളാണോ തന്നെ അടിക്കുന്നത..." എനിക്കു ചിരി വന്നു."അതെങ്ങനെ"? ഞാനതിശയത്തോടെ ചോദിച്ചു "എവിടെയാണ്‌ അടിക്കാറ്‌ ? ഞാന്‍ വീണ്ടും ചോദിച്ചുആ സ്‌ത്രീയുടെ കാല്‍മുട്ടിനു മുകളിലേക്ക്‌ അയാള്‍ക്കടിക്കണമെങ്കില്‍ ഒരു സ്‌റ്റൂളില്‍ ഇരുന്നിട്ടല്ലാതെ സാധ്യമല്ല
" പുറത്തും മുഖത്തും എല്ലാമടിക്കും"
"താനെന്തിനാ ഇയാളുടെ തല്ലു കൊള്ളുന്നത്‌ തനിക്കെന്താ ഓടിപ്പൊയ്‌ക്കൂടെ എന്തിനാണിങ്ങനെ നാണമില്ലാതെ തല്ലുകൊള്ളാനായി ഇരുന്നു കൊടുക്കുന്നത്‌" ? എനിക്കു വല്ലാത്ത ദേഷ്യം വന്നു.
"എത്രയായാലും എനിക്കൊരു ജീവിതം തന്നയാളല്ലേ"........ അവള്‍ ഗദ്‌ഗദത്തോടെ പറഞ്ഞു
ഞാനമ്പരപ്പോടെ അവരെ നോക്കി. എനിക്കാസ്‌ത്രീയോടു പുച്ഛം തോന്നി.ശരിക്കും പറഞ്ഞാല്‍ 50% വികലാംഗനായ ഒരുത്തന്‌ ജീവിതം കൊടുത്തത്‌ താനാണെന്ന ബോധം പോലുമില്ലാതെ അരോഗദൃഡഗാത്രയായ ഒരു സ്‌ത്രീ പറയുന്നു തനിക്ക്‌ ജീവിതം തന്നത്‌ പരസഹായമില്ലാതെ ബസ്സില്‍ കയറാന്‍പോലും കഴിയാത്ത അയാളാണെന്ന്‌.......എന്തൊരു വിരോധാഭാസം ....!

Thursday, February 5, 2009

ആഹ്ലാദിക്കാന്‍ അവകാശമില്ലാത്ത വിജയിച്ച സ്ഥാനാര്‍ത്ഥി

ആഹ്ലാദിക്കാന്‍ അവകാശമില്ലാത്ത വിജയിച്ച സ്ഥാനാര്‍ത്ഥി

പടിഞ്ഞാറത്തറ സര്‍വ്വീസ്‌ സഹകരണ ബാങ്കിലെ 2005 വര്‍ഷത്തെ ഇലക്ഷനോടനുബന്ധിച്ച്‌ കാലത്ത്‌ ആറു മണിക്കു മുമ്പേ ഞങ്ങള്‍ ഡ്യൂട്ടിക്കായി പടിഞ്ഞാറത്തറ സ്‌ക്കൂളിലെത്തി.ഏഴു സീറ്റുകളിലേക്കായിരുന്നു മത്സരം.അതിലൊരു സീറ്റ്‌ സ്‌ത്രീ റിസര്‍വ്വേഷനായിരുന്നു.(ബാക്കിയെല്ലാം തര്‍ക്കമില്ലാത്ത വിധം പുരുഷ റിസര്‍വ്വേഷനും.) ഏകദേശം അഞ്ചര മണിയോടെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും എല്ലാം കഴിഞ്ഞു.സ്‌ത്രീ സംവരണ സീറ്റില്‍ വിജയിച്ചത്‌ ഒരു മുസ്ലീം സ്‌ത്രീയായിരുന്നു.ആറു മണിയോടെ തുറന്ന ജീപ്പില്‍ ആഹ്ലാദപ്രകടനത്തിനായി വിജയികള്‍ ഇറങ്ങി.ഇലക്ഷന്‍ നടന്ന സ്‌ക്കൂളില്‍ നിന്നും പത്തു സ്റ്റെപ്പോളം ഇറങ്ങി വേണം റോഡിലെത്താന്‍.വിജയികള്‍ ഒറ്റ നിരയായി ഒരുമിച്ച്‌ തോഴോട്ടിറങ്ങി.അവരെക്കാത്ത്‌ വിജയ ഹാരവുമായി അനുയായികള്‍ ആവേശോജ്വലമായ മുദ്രാവാക്യങ്ങളുമായി സ്‌റ്റെപ്പിനോടു ചേര്‍ന്ന്‌ റോട്ടില്‍ നില്‍ക്കുന്നു.റോഡിലേക്കിറങ്ങുന്ന വിജയികള്‍ അനുയായികളില്‍ നിന്നും ഹാരമേറ്റു വാങ്ങുമ്പോള്‍ അവരനുഭവിക്കുന്ന സന്തോഷവും അനുഭൂതിയും മറ്റുള്ളവരിലേക്കും ആനന്ദം പകരുന്നതായിരുന്നു.

എവിടെപ്പോയി നമ്മുടെ സ്‌ത്രീ മെമ്പര്‍....?എന്റെ കണ്ണുകള്‍ സംവരണാധികാരിയെ തിരഞ്ഞു.ഏറെ കഷ്ടപ്പെട്ട്‌ ജയിച്ച ആ ആഹ്ലാദം പങ്കു വെക്കാനോ ആരാധകരുടെ അനുമോദനങ്ങള്‍ ഏറ്റു വാങ്ങാനോ നില്‌ക്കാതെ അവരെവിടെപ്പോയി.....? എന്റെ അടുത്തു നിന്നിരുന്ന ഒരു പ്രവര്‍ത്തകനോടായി ഞാന്‍ ചോദിച്ചു.."എവിടെപ്പോയി നമ്മുടെ വനിതാ മെമ്പര്‍ ?""ഓ........ അവരു പോയി സമയം സന്ധ്യയായില്ലേ ? അയാള്‍ സഹതാപം രേഖപ്പെടുത്തി.

എനിക്ക്‌ പൊട്ടിച്ചിരിക്കാന്‍ തോന്നി. തനിക്കര്‍ഹതപ്പെട്ട വിജയം പോലും ആഘോഷിക്കാനാകാതെ കെട്ട്യോനും കുട്ട്യോള്‍ക്കും കഞ്ഞി വെച്ചു കൊടുക്കാനും വീട്ടുകാരുടെ മുന്നില്‍ നല്ല പെണ്ണു ചമയാനും സ്‌ത്രീ സഹിക്കുന്ന ഈ കാണിച്ചു കൂട്ടല്‍ ത്യാഗം എന്തുകൊണ്ടും പരിഹാസമര്‍ഹിക്കുന്നതു തന്നെ

Wednesday, February 4, 2009

നോക്കാത്ത കണ്ണും ശ്രദ്ധിക്കാത്ത കാതും

നോക്കാത്ത കണ്ണും ശ്രദ്ധിക്കാത്ത കാതും

ഒരു ദിവസം ഏതോ ആവശ്യത്തിനായി കോഴിക്കോട്ടെത്തിയതായിരുന്നു ഞാന്‍.കോഴിക്കോട്‌ പബ്ലിക്ക്‌ ലൈബ്രറിക്കു മുന്‍വശം എത്തിയ സമയംഒരു ഭീമന്‍ റാലി മുദ്രാവാക്യം വിളിച്ച്‌ എന്റെ മുന്നിലൂടെ നീങ്ങി.ഏകദേശം ഒരു മണിക്കൂറിനടുത്ത്‌ ഞാനുള്‍പ്പെടെ കുറേപ്പേര്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനു വേണ്ടി കാത്തു നിന്നു.റാലി കടന്നു പോയതിനു ശേഷം റോഡു മുറിച്ചു കടന്ന എന്നോടായി ആ സമയം അവിടെയെത്തിയ ഓട്ടോയില്‍ നിന്നുമിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക്‌ കാശുകൊടുക്കുന്നതിനിടയില്‍ എന്നെ നോക്കി " ഇതെന്തിന്റെ റാലിയാ " എന്നു ചോദിച്ചു എന്തോ എന്നു കൈമലര്‍ത്തി ഞാന്‍ മുന്നോട്ടു നടന്നു..എനിക്ക്‌ വല്ലാത്ത ജാള്യത തോന്നി.ഏകദേശം ഒരു മണിക്കൂറിനടുത്ത്‌ ശബ്ദകോലാഹലങ്ങളും ധാരാളം പ്ലക്കാര്‍ഡുകളുമായി എന്റെ തൊട്ടുമുന്നിലൂടെ കടന്നു പോയ ആ മനുഷ്യനിര എന്താണെന്നുപോലും എനിക്കു ശ്രദ്ധിക്കാന്‍ തോന്നിയില്ല.

തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു ജനാവലി എന്താണെന്നു ശ്രദ്ധിക്കാനുള്ള മാനസീകാവസ്ഥപോലും ജനിക്കാതെ പോകും വിധം എത്ര ശക്തമായ മാനസീകാടിമത്തമാണ്‌ സമൂഹം സ്‌ത്രീയില്‍ വരുത്തിയത്‌.ഇതൊരു പഴിചാരലല്ല.പെണ്ണിന്റെ ബോധം കുടുുംബവുമായി മാത്രം ബദ്ധപ്പെട്ടു കിടക്കേണ്ടതാണെന്ന്‌ ആചാരങ്ങളും സമ്പ്രദായങ്ങളും സദാ പല രീതിയില്‍ അവളെ ഓര്‍മ്മപ്പെടുത്തി, പുരുഷ നിര്‍മ്മിത വ്യവസ്ഥകള്‍ അവളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നു എന്ന തിരിച്ചറിവാണ്‌ ആ ചെറുപ്പക്കാരന്റെ ചോദ്യത്തിലൂടെ എനിക്കുണ്ടായത്‌.

Monday, February 2, 2009

എന്റെ സ്വപ്‌നം (സ്‌ത്രീകളുടേയും )

എന്റെ സ്വപ്‌നം (സ്‌ത്രീകളുടേയും )
പുല്ലു വിരിച്ച മൈതാനത്തു സ്വസ്ഥമായ്‌
തെല്ലു നേരം ഹാ...! കിടന്നിടേണം
വല്ലോരു കാണുമെന്നുള്ളോരല്ലല്
‍ഇല്ലാതാ പുല്ലില്‍ മയങ്ങിടേണം
എന്റെ ഗ്രാമത്തിലെ സ്‌നേഹിതയെ
ഒച്ചയിട്ടൊന്നു വിളിച്ചിടേണം
നനാലുപേര്‍ കൂടും നാല്‍ക്കവലയിലും
പത്രം നിവര്‍ത്തി വായിച്ചിടേണം
എന്തേ..... യിന്നേരത്തെന്നാരും തിരക്കാതെ
അന്തിക്കാ ചന്തയില്‍ ചുറ്റിടേണം
ഒട്ടുമേയാരേയും കൂസാതെ കൈവീശി
ഒട്ടു നേരം ഹാ....! നടക്കേണം
കൂട്ടുകാരികളോടൊത്തു കലിങ്കിന്മേല്
‍നാട്ടുകാര്യം ചൊന്നിരിക്കേണം
പാട്ടുകച്ചേരിയില്‍ കേള്‍വിക്കാരോടൊപ്പം
കൂട്ടത്തില്‍ കൂവിത്തിമര്‍ക്കേണം
പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്നു വലിക്കേണം
മുന്‍ വാതിലില്‍ക്കൂടി കള്ളുഷാപ്പില്‍ കേറി
അന്തിക്കള്ളല്‌പം നുണയേണം
മാവിന്റെ തുഞ്ചത്ത്‌ തത്തിക്കയറീട്ട്‌
മാങ്ങാ തിന്നണ്ടിയെറിയേണം
ജീപ്പിന്റെ കമ്പിയില്‍ തൂങ്ങും കിളിയായി
ആര്‍ത്തുകൊണ്ടാളെ വിളിക്കേണം
ആര്‍ത്തിരമ്പും തിര മാല മുറിച്ചുകൊണ്ടീ
ക്കടല്‍ നീന്തിത്തുടിക്കേണം
ആഴക്കടലില്‍ തുഴഞ്ഞേറി വലയിട്ടി
ട്ടാവോളം മീനും കൊണ്ടെത്തേണം
ആഴത്തിലേക്കാഴ്‌ന്നു പോകും ഖനിയിലെ
വേലക്കു നിര്‍ഭയം പോകേണം
വാശിയേറുന്നോരു കാളപൂട്ടില്‍
കാളക്കാരിയായ്‌ കുതിക്കേണം
വാരിക്കുഴിയിലകപ്പെട്ടൊരാനേടെ
പാപ്പാനായ്‌ ചട്ടം നടത്തേണം
മാനം തൊടുന്നോരു കൊട്ടാരംചുമരിനു
ചായമടിക്കാന്‍ കയറേണം
പാട്ടു പാടിയെത്തും ക്രിസ്‌മസ്‌ കരോളിന്റെ
കൂട്ടത്തില്‍ സാന്താക്ലാസ്സാകേണം
ഓത്തു പള്ളീലിരുന്നോതാന്‍ പഠിപ്പിക്കും
ഓത്തുകാരന്‍ മൊല്ലയാകേണം
കത്തനാരായോരു കുംബസാരക്കൂട്ടില്‍
മറ്റുള്ളോര്‍ക്കായി കാതോര്‍ക്കേണം
പൂവും പ്രസാദവും കൈയ്യിലേന്തീട്ടൊരു
പൂജാരിയായിട്ടിരിക്കേണം
മുത്തപ്പന്‍ കാവിലുറഞ്ഞുതുള്ളും
തെയ്യക്കോലം കെട്ടിയാടേണം
ഇരുമുടി ക്കെട്ടുമായ്‌ പടികേറി സ്വാമീടെ
ബ്രഹ്മചര്യത്തെയിളക്കേണം
കാശു കൊടുത്തൊരു സുന്ദരക്കുട്ടന്റെ
നഗ്നമാം നൃത്തവും കാണേണം
കാടും നാടും വിറപ്പിച്ചു വാണൊരു
വീരപ്പനെങ്കിലുമാവേണം
നല്ല പെണ്ണായിട്ടു ജീവിച്ചു ജീവിച്ച്‌
വല്ലാതെ അയ്യോ ! മടുത്തുപോയ്‌ ഞാന്‍
നല്ലതെന്നു പറയിക്കേണ മെന്നിനി
തെല്ലേതുമില്ലല്ലോ എന്‍ മനസ്സില്‍.....

Sunday, February 1, 2009

അഡ്രസ്‌ ബുക്ക്‌

അഡ്രസ്‌ ബുക്ക്‌

പോലീസ്‌ സ്‌റ്റേഷനില്‍ എല്ലാ സ്‌റ്റാഫിന്റേയും അഡ്രസ്‌ എഴുതി സൂക്ഷിക്കുന്ന ബുക്കാണ്‌ അഡ്രസ്‌ ബുക്ക്‌.സ്റ്റേഷനില്‍ പുതിയതായി ചെല്ലുന്ന എല്ലാവരുടേയും വിലാസം അഡ്രസ്‌ ബുക്കില്‍ രേഖപ്പെടുത്തും.അഡ്രസ്‌ ബുക്കില്‍ രേഖപ്പെടുത്തുന്നതിനായി അസിസ്റ്റന്റെ്‌ റൈറ്റര്‍ എന്റെ പേരെഴുതി കഴിഞ്ഞതിനുശേഷം അടുത്ത പടി എന്ന മട്ടില്‍ ചോദ്യങ്ങളാരംഭിച്ചു.

അച്ഛന്റേയോ ഭര്‍ത്താവി്‌ന്റേയോ പേര്‌...... ? (സ്‌ത്രീകളുടെ പേരിനു ശേഷം അച്ഛന്റേയോ ഭര്‍ത്താവിന്റേയോ പേരു ചേര്‍ത്തിരിക്കണം എന്നൊരു അലിഖിത നിയമ്‌ം പാലിച്ചു വരുന്നുണ്ട്‌ല്ലോ)"എന്തിന്‌ "?..........ഞാന്‍ ആ അഡ്രസ്‌ ബുക്കിന്റെ പിന്നിലെ അഡ്രസ്സുകള്‍ വീക്ഷിച്ചു. അതെല്ലാം ആണ്‍ പോലീസുകാരുടെ വിലാസങ്ങളാണ്‌.അവര്‍ക്കൊന്നും അച്ഛന്റെ പേരോ ഭാര്യയുടെ പേരോ ചേര്‍ത്തു കണ്ടില്ല.

ഏയ്‌ തമാശയല്ലിത്‌്‌ അഡ്രസ്സ്‌ ബുക്കില്‍ രേഖപ്പെടുത്താനാ............ അയാള്‍ അതിന്റെ ഗൗരവം എന്നെ അറിയിച്ചു.

"ആണ്‍പോലീസുകാര്‍ക്ക്‌ അച്ഛന്റെ പേരും ഭാര്യയുടെ പേരും ആവശ്യമില്ലെങ്കില്‍ പെണ്‍ പോലീസുകാര്‍ക്കും അതിന്റെ ആവശ്യമില്ല"........ നിവൃത്തിയില്ലാതെ അയാള്‍ ഞാന്‍ പറഞ്ഞ രീതിയില്‍ തന്നെ എന്റെ വിലാസം രേഖപ്പെടുത്തി.പെണ്ണെന്നും ആണിന്റെ വരുതിയിലാണെന്ന്‌ ബോധ്യപ്പെടുത്തുക എന്നതില്‍ കവിഞ്ഞ യാതൊരുദ്ദേശ്ശവും ശീലിച്ചു പാലിച്ചു വരുന്ന ഈ വാദ പ്രതിവാദങ്ങള്‍ക്കില്ലെന്ന്‌ ചിന്താശേഷിയുള്ള ആര്‍ക്കും ബോധ്യമാകും