Friday, February 27, 2009

ചൂണ്ടു വിരലിന്റെ പ്രസക്തി

ചൂണ്ടു വിരലിന്റെ പ്രസക്തി

2002-മാര്‍ച്ചു മാസം 24 -ാം തിയ്യതി കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ വെച്ച്‌ നടത്തിയ സംസ്ഥാന പോലീസ്‌ കായികമേളയില്‍ വനിതാപോലീസുകാരുടെ മത്സരങ്ങള്‍ പ്രദര്‍ശനമത്സരം മാത്രമാക്കി തരം താഴ്‌ത്തി നടത്താനുള്ള മേലുദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്‌തത്‌ അച്ചടക്കലംഘനപരമായ രീതിയിലാണെന്നാരോപിച്ച്‌ 13 മാസക്കാലത്തോളം എന്നെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഷനില്‍ നിര്‍ത്തുകയും പിന്നീട്‌കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ജോലിയില്‍ പ്രവേശിച്ച എന്നെ 13 ദിവസത്തിനു ശേഷം അതേ കുറ്റം തന്നെ ആരോപിച്ച്‌ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്‌തു

പിരിച്ചു വിട്ടതിനു ശേഷമുള്ള ഒരു വര്‍ഷക്കാലയളവില്‍ പത്ര പ്രവര്‍ത്തകയായും മാര്‍ക്കററിംഗ്‌ എക്‌സിക്യൂട്ടീവായും പുസ്‌തകവില്‌പനക്കാരിയായും,പ്രസംഗത്തൊഴിലാളിയായും ഞാന്‍ ജോലിചെയ്‌തു.അക്കാലത്ത്‌ കോഴിക്കോടുവെച്ചു ഡി.വൈ.എഫ്‌.ഐ യുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന റാലിയുടേയും പൊതു സമ്മേളനത്തെന്റേയും വിവരം റിപ്പോര്‍ട്ടു ചെയ്യേണ്ടതുള്ളതുകൊണ്ട്‌ ഞാന്‍ രാവിലെ പതിനൊന്നു മണിക്കു തന്നെ റാലിയും പൊതു സമ്മേളനവും കൃത്യമായികാണാനുതകത്തക്കവണ്ണം കോഴിക്കോട്‌ മൊഫ്യൂസല്‍ സ്റ്റാന്റെിനോടടുത്തുള്ളൊരു കെട്ടിടത്തിനു മുകളിലായി നിലയുറപ്പിച്ചു.രാവിലെ പത്തര മണിക്കുമുമ്പുതന്നെ സ്‌ത്രീകള്‍ നയിക്കുന്ന സ്‌ത്രീകളുടെ റാലിയെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റെ്‌ ജീപ്പ്‌ നഗരത്തില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ട്‌ അവരുടെ കര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ടായിരുന്നു.പുതിയ സ്റ്റാന്റെിന്റെ സ്റ്റേഡിയം റോഡു ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്തിന്റെ ഒരറ്റത്ത്‌ സ്‌റ്റേജ്‌ കെട്ടി കര്‍ട്ടനിട്ടിരിക്കുന്നു.ഇടതു സൈഡിലായി മൈക്ക്‌ ബോക്‌സുകളും മൈക്കുകളും സ്‌റ്റേജിനു തൊട്ടു മുന്നില്‍ മൈക്കിന്റെ ബാറ്ററിപെട്ടികള്‍സ്റ്റേജില്‍ നിന്നും ഏകദേശം ഇരുപതു മീറ്റര്‍ മാറി അട്ടിക്കിട്ടിരിക്കുന്ന കസേരകള്‍...... ഞാന്‍ രംഗം വീക്ഷിച്ചു.കുറച്ചാണുങ്ങള്‍ കൂട്ടം കൂട്ടമായി അവിടവിടെയായി നിന്നുകൊണ്ട്‌ കര്‍ട്ടന്‍ ശരിയായോ, ബോക്‌സു വെച്ച സ്ഥാനം ശരിയായോ എന്നെല്ലാം പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ,ആയതിന്‌ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്നു.മറ്റു രണ്ടു പേര്‍ ഞാന്‍ നില്‌ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറി നിലത്തുറപ്പിച്ച തൂണുകളിലേക്ക്‌ കയര്‍ വലിച്ചു കെട്ടി പന്തല്‍ തയ്യാറാക്കുന്നു.ഏതായാലും അപ്രദേശത്ത്‌ ഒരു പെണ്‍തരിയുടെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല എന്നത്‌ വാസ്‌തവം.കുറേ സമയം കഴിഞ്ഞപ്പോള്‍ ഈരണ്ടു പെണ്‍കുട്ടികള്‍ വീതമുള്ള മൂന്നു കൂട്ടം മൂന്നു സമയത്തായി അവിടെ വന്നു.വന്നവര്‍ പരസ്‌പരം എന്തോ സംസാരിച്ച്‌ അല്‌പനേരം അവിടെ നിന്ന്‌ ഇതു തങ്ങളെ ബാധിക്കുന്നതൊന്നുമല്ല എന്ന മട്ടില്‍ അവിടെ നിന്നും നടന്നു നീങ്ങി.സ്റ്റേജിനു മുന്നിലും ഇരു സൈഡിലുമായി സംഘാടകരായ പുരുഷന്മാര്‍ വന്നു നിന്നു കൊണ്ടേയിരുന്നു.സമയം ഏകദേശം പന്ത്രണ്ടു മണിയാകാറായി.ജാഥ തുടങ്ങുന്നതിന്റെ യാതൊരു ലക്ഷണവുമില്ല ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.രണ്ടു മണിവരെ എന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു.രാവിലെയും ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല അതുകൊണ്ടു തന്നെ വല്ലാത്ത വിശപ്പും ഉണ്ടായിരുന്നു.അതിനിടയില്‍ സ്റ്റേജിനു മുന്നില്‍ അട്ടിയിട്ട കസേരകള്‍ നിരത്തിയതും നാലോ അഞ്ചോ ആണുങ്ങള്‍ തന്നെ.രണ്ടു മണിയോടെ റാലി പുതിയ ബസ്‌ സ്റ്റാന്റെ പരിസരത്ത്‌ എത്തിക്കഴിഞ്ഞതായുള്ള അനൗണ്‍സ്‌മെന്റെ്‌ മുഴങ്ങി.ഞാന്‍ കടയുടെ മുകളില്‍ കയറി.റാലി കാണുന്നതിനായി ആകാംഷയോടെ എത്തിനോക്കി.വളവു തിരിഞ്ഞു വരുന്ന റാലിക്കു മുന്നില്‍ റാലിക്കഭിമുഖമായി ഒരു ചെറിയ മെലിഞ്ഞ പയ്യന്‍ , ഏറെ നടന്നു ക്ഷീണിച്ച പ്രകൃതം.അവന്റെ വലതു കൈയ്യുടെ ചൂണ്ടു വിരല്‍ കൊണ്ട്‌ അവന്‍ ജാഥക്ക്‌ നിര്‍ദ്ദേശം കൊടുക്കുകയും ഇടക്കിടക്ക്‌ തിരിഞ്ഞു നോക്കി ഒതുക്കിയിടാത്ത വാഹനങ്ങളെ ഒതുക്കിവെപ്പിച്ചും റാലിയുടെ നടത്തിപ്പ്‌ സുഖമമാക്കുന്നു . റാലിക്കു മുന്നിലായി ആതിര തുടങ്ങി അറിയപ്പെടുന്ന നേതാക്കളും ഉണ്ടായിരുന്നു.ആയിരക്കണക്കിനു സ്‌ത്രീകള്‍ / പെണ്‍കുട്ടികള്‍ നടത്തുന്നു എന്ന്‌ കൊട്ടിഘോഷിച്ച ആ റാലി യഥാര്‍ത്ഥത്തില്‍ സ്‌ത്രീകള്‍ നടത്തിയതായിരുന്നില്ല ,പകരം അവരെക്കൊണ്ട്‌ നടത്തിപ്പിക്കുന്ന ഒന്നായിരുന്നെന്ന്‌ ആ പയ്യന്റെ ചൂണ്ടു വിരല്‍ പ്രയോഗത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.കരുത്തുള്ള അനവധി പെണ്‍കുട്ടികള്‍ ആ റാലിയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട്‌ ഒരു പെണ്‍കുട്ടിപോലും ആ പയ്യന്റെ റോള്‍ ഏറ്റെടുത്തില്ല ? സ്‌റ്റേജ്‌ ക്രമീകരിക്കുന്നതിലോ,മൈക്ക്‌ ക്രമീകരിക്കുന്നതിനോ,മൈക്ക്‌ പരിശോധിക്കുന്നതിനോ എന്തുകൊണ്ട്‌ ഒരു പെണ്‍കുട്ടിപോലും തയ്യാറായില്ല ?അവസരങ്ങള്‍ക്കൊത്ത്‌ ഉയരാതെ , അവസരോചിതമായി ഇടപെടാതെ എങ്ങനെ നാം തുല്ല്യതക്കു വേണ്ടി വാദിക്കും ?സ്‌ത്രീകളായ നേതാക്കള്‍ എന്തുകൊണ്ട്‌ ഈ കാര്യം ഗൗരവമായി എടുക്കുന്നില്ല ?ഒരു റാലിയുടെയെന്നല്ല ഏതൊരു ചടങ്ങിന്റേയും ആദ്യാവസാനം വരെയുള്ള ഏറ്റവും നിസ്സാരം എന്നു തോന്നുന്ന ജോലിമുതല്‍ ഏറ്റവും പ്രയാസമുള്ള ജോലി വരെ ഒറ്റക്കും കൂട്ടായും ഏറ്റെടുത്ത്‌ നടത്താനുള്ള പ്രാപ്‌തി പെണ്‍കുട്ടികള്‍ കൈവരിക്കുക തന്നെ വേണം.രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആത്മാര്‍ത്ഥമായി സ്‌ത്രീ പുരോഗതി ലക്ഷ്യം വെക്കുന്നു എങ്കില്‍ ഇത്തരത്തിലുള്ള ഒരു ഇടപെടല്‍ സാധ്യമാക്കുന്നതിനെപ്പറ്റി സ്‌ത്രീകളുമായി ചര്‍ച്ച ചെയ്യുകയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

3 comments:

Roy said...

You said it Vinayaji,
Do not cry against discrimination without moving a finger against it.
Let's hope, the so called feminists may realize this.

yousufpa said...

സ്ത്രീകളില്‍ ബോധവത്കരണം അനിവാര്യമാണ്.

ശ്രീ said...

സത്യം തന്നെ