Thursday, February 12, 2009

എമര്‍ജന്‍സി സേനയും സി.ഐ യുടെ ആശങ്കയും

എമര്‍ജന്‍സി സേനയും സി.ഐ യുടെ ആശങ്കയും

ഓരോ പോലീസ്‌ സ്‌റ്റേഷനിലും പോലീസ്‌ പൊതുജന സമ്പര്‍ക്ക പരിപാടി ചിട്ടയോടെ നടത്തിയിരുന്ന കാലം, ഓരോ ബീറ്റിലേയും(ഒരു പോലീസ്‌ സ്‌റ്റേഷന്‍ പരിധിയെ കാര്യക്ഷമമാക്കുന്നതിനായി മൂന്നോ നാലോ ഭാഗമായി തിരിക്കുന്നത്‌) പോലീസുകാര്‍ അവരവര്‍ക്ക്‌ നിശ്ചയിച്ച ബീറ്റുകളില്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ വെച്ച്‌ ഓരോ മാസവും അതാതു പ്രദേശത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി പൊതു ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കണം.ഇപ്രകാരം നടത്തുന്ന പരിപാടികളില്‍ പ്രദേശവാസികള്‍ക്ക്‌ അവരവരുടെ വിഷമങ്ങളും, പോലീസിനോടുള്ള നിര്‍ദ്ദേശങ്ങളും, പോലീസിനെക്കുറിച്ചുള്ള പരാതികളും എന്നു വേണ്ട ഏതു തരം പ്രശ്‌നങ്ങളും അവതരിപ്പിക്കാനും പരിഹാരം ആരായാനും അവസരമുണ്ടായിരിക്കും.കൂടാതെ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും പോലീസിന്‌ പൊതുജനങ്ങളില്‍ നിന്ന്‌ സഹായം തേടാം

എന്റെ ബീറ്റ്‌ പൊഴുതണ പഞ്ചായത്തിലായിരുന്നു.ഞാന്‍ അവിടുത്തെ പഞ്ചായത്തു പ്രസിഡണ്ടും,തുടര്‍വിദ്യാഭ്യാസ പ്രേരക്‌ ആയി ജോലി ചെയ്യുന്ന പെണ്‍കുട്ടിയും, അവിടുത്തെ കുടുംബശ്രീ അംഗങ്ങളും മറ്റുമായി ചര്‍ച്ചചെയ്‌ത്‌ ഒരു എമര്‍ജന്‍സി സേനക്ക്‌ രൂപം കൊടുക്കുന്നതിനായി തീരുമാനിച്ചു.ആ സേനക്ക്‌ ഞാന്‍ നിര്‍ദ്ദേശിച്ച നിബന്ധന അതില്‍ അന്‍പതു പേര്‍ വേണമെന്നും അതില്‍ പകുതി സ്‌ത്രീകളായിരിക്കണമെന്നുമായിരുന്നു.അനൗദ്യോഗികമായി എല്ലാവരും എന്റെ നിബന്ധന അംഗീകരിച്ചു.ഇവരുടെ ചുമതല അവശ്യ സന്ദര്‍ഭങ്ങളില്‍ സേനയെ സഹായിക്കുക എന്നതു തന്നെയാണ്‌.കടലുണ്ടി,പൂക്കിപ്പറമ്പ്‌്‌,മാനന്തവാടി ബസ്സപകടം,തുടങ്ങിയ ദിക്കുകളില്‍ അപകടം നടന്നപ്പോള്‍ ഇത്തരം ചില സംഘടിത ഗ്രൂപ്പുകള്‍ സംഭവസ്ഥലത്തെത്തി നടത്തിയ സേവനങ്ങള്‍ അവിടം സന്ദര്‍ശിച്ച എനിക്ക്‌ നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

സേനയുടെ ലക്ഷ്യങ്ങളും നടപ്പില്‍ വരുത്തേണ്ട രീതിയും ഞാന്‍ അവര്‍ക്ക്‌ വിശദീകരിച്ചു അവര്‍ക്കതില്‍ വിശ്വാസവും കൈവന്നു.ഈ സേനയിലേക്ക്‌ തയ്യാറായി വരുന്നവരുടെ എല്ലാവരുടേയും ഫോണ്‍ നമ്പരും വിലാസവും പഞ്ചായത്തിലും പോലീസ്‌ സ്‌്‌റ്റേഷനിലും ശേഖരിച്ചു വെക്കുകയും ഒരിക്കല്‍ മാത്രം അംഗങ്ങള്‍ക്ക്‌ ഇതിനെക്കുറിച്ച്‌ ട്രയിനിംഗ്‌ നല്‍കുകയും ചെയ്യുക... ഒരു അപകടമുണ്ടായാല്‍ പ്രസ്‌തുത പഞ്ചായത്തുപ്രസിഡണ്ടുമായി ബന്ധപ്പെട്ട്‌ മുഴുവന്‍ അംഗങ്ങളേയും ഒരു സ്ഥലത്ത്‌ ഒത്തു കൂട്ടുവാനും അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനും ഈ സേന കൊണ്ട്‌ കഴിയും എന്നതായിരുന്നു ഇതിന്റെ നേട്ടം

പൊഴുതണ അച്ചൂര്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഞാന്‍ സംഘടിപ്പിച്ച പോലീസ്‌ പൊതുജന സമ്പര്‍ക്ക പരിപാടിക്കാടി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം രണ്ടു മണിക്കു തന്നെ ഞാനവിടെ എത്തുകയും അവിടെ എത്തിച്ചേര്‍ന്ന പഞ്ചായത്തു പ്രസിഡണ്ടായും മറ്റ്‌ അംഗങ്ങളായും ഒരിക്കല്‍ കൂടി ഈ വിഷയം ചര്‍ച്ചചെയ്‌ത്‌ ആ കൂട്ടത്തിന്റെ പിന്തുണ ഉറപ്പിച്ച്‌ ഞങ്ങള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാത്തു നിന്നു.(ഓരോ പൊതുജന സമ്പര്‍ക്ക പരിപാടിയിലും ഡി.വൈ.എസ്‌.പി.യോ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോ പങ്കെടുക്കും)അന്നു പങ്കെടുത്ത അന്‍പതു പേരില്‍ മുപ്പതു പേര്‍ സ്‌ത്രീകളായിരുന്നു.മൂന്നു മണിക്ക്‌ എസ്‌.ഐ യും സി.ഐ യും സ്ഥലത്തെത്തി.പതിവു ചടങ്ങുകള്‍ക്കു ശേഷം ബീറ്റിന്റെ ചുമതലയുള്ള ഞാന്‍ വിഷയം അവതരിപ്പിച്ചു.(ജനങ്ങളുടെ പരാതിയും നിര്‍ദ്ദേശങ്ങളും മിക്കവാറും ആവര്‍ത്തനവിരസങ്ങളായ ഒരേ കാര്യ്‌ങ്ങള്‍ തന്നെയായിരുന്നു. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അര മണിക്കൂറില്‍ കൂടുതല്‍ ഉണ്ടായില്ല)എന്റെ ആശയം ഞാന്‍ മുന്നോട്ടുവെച്ചു കഴിഞ്ഞതേ സി.ഐ വളരെ ആധികാരികമായിട്ടെന്നവണ്ണം ഇങ്ങനെ പറഞ്ഞു

"ആ.... നല്ല ആശയമൊക്കെയാണ്‌.ദൂരത്തേക്കൊക്കെപ്പം സ്‌ത്രീകള്‍ക്ക്‌ വരാന്‍ പറ്റ്വോ.അവര്‍ക്കിവിടെ അടുത്തൊക്കെ എന്തെങ്കിലുമുണ്ടെങ്കില്‍ സഹകരിക്കാം". എല്ലാവരും അതു ശരിവച്ചു.തൊട്ടു മുമ്പ്‌ ഏറെ ആവേശത്തോടെ എനിക്കു പിന്തുണ നല്‌കിയ ജനക്കൂട്ടം ഒരു വലിയ ഉദ്യോഗസ്ഥന്‍ സ്‌ത്രീകള്‍ക്ക്‌ ദൂരെ പോകാന്‍ പറ്റില്ലെന്നു പറഞ്ഞതില്‍ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ലെന്ന അന്ധമായ ഭക്തിയോടെ എന്റെ ആ ഉദ്യമത്തിന്‌ അന്നുതന്നെ റീത്തുവെച്ചു.(അന്നു വീറോടെ പറഞ്ഞ പെണ്ണുങ്ങളല്ലാത്തവരും ഒരു സേനയും രൂപീകരിച്ചില്ല)സ്‌ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കത്തക്ക ഒന്നും പുരുഷഓഫീസര്‍മാര്‍ ശ്രമിക്കാറില്ലെന്നുമാത്രമല്ല അതിനെ കഴിവതും നിരുത്സാഹപ്പെടുത്തി ഇല്ലാതാക്കാനും ശ്രമിക്കുന്നു എന്നതും നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.വിവരവും പദവിയുമുള്ളവര്‍ പറയുന്നതെന്തും വിഴുങ്ങുന്ന ജന സമൂഹത്തില്‍ ഉദ്യോഗസ്ഥരുടെ ഇത്തരം പ്രസ്‌താവനകള്‍ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്‌ . സ്‌ത്രീകളുടെ ആത്മവിശ്വാസത്തിന്‌ കോട്ടം തട്ടും വിധത്തിലുള്ള പ്രസ്‌താവനകളോ പ്രവര്‍ത്തികളോ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഉണ്ടാകാതിരിക്കുന്നതിന്‌ സര്‍ക്കാര്‍ ഉത്തരവിറക്കേണ്ടത്‌ തികച്ചും അനിവാര്യം തന്നെയാണ്‌