Sunday, February 15, 2009

ഒരു കുടുംബശ്രീ സംഗമം

ഒരു കുടുംബശ്രീ സംഗമം

2000 വര്‍ഷം നെന്മേനി പഞ്ചായത്തിലെ കുടുംബശ്രീ സംഗമത്തില്‍ പങ്കെടുക്കണമെന്നും പരിപാടി കഴിയുന്നത്ര കേമമാക്കണമെന്നും CDS മാരായ സൂസനും മറ്റു രണ്ടു സ്‌ത്രീകളും ഒരു ദിവസം എന്നെ വീട്ടില്‍ വന്നു ക്ഷണിച്ചതു പ്രകാരം ഞാന്‍ സമ്മതിച്ചു.ചുള്ളിയോട്‌ ക്ലബ്ബില്‍ വെച്ചായിരുന്നു സംഗമ റാലിക്കുള്ള ഒരുക്കങ്ങള്‍.ഞാന്‍ അന്നേ ദിവസം രാവിലെ തന്നെ എന്നെ കൂട്ടികൊണ്ടു പോകാനെത്തിയ സ്‌ത്രീകളോടൊപ്പം ക്ലബ്ബിലെത്തി.ക്ലബ്ബില്‍ പ്ലക്കാര്‍ഡുകളും മറ്റും ഒരുക്കുന്ന കുറച്ചു സ്‌ത്രീകളുണ്ടായിരുന്നു.പക്ഷേ അവരിലൊന്നും തന്നെ അന്നു വൈകിട്ട്‌ നടക്കാനുണ്ടായിരുന്ന സ്‌ത്രീ സംഗമം സ്‌ത്രീകളുടെ ഒരു മഹാസംഭവമാക്കി മാറ്റാനുള്ള യാതൊരു പ്രത്യേക താത്‌പര്യവും കണ്ടെത്താനെനിക്കായില്ല.
"അല്ല ടൗണ്‍ അലങ്കരിക്കുന്നില്ലേ...?" ഞാന്‍ അവരോടായി ചോദിച്ചു.
"ആ വേണം" അവരില്‍ ചിലര്‍ ഒന്നിച്ചു പറഞ്ഞു ഉടനെ തന്നെ മറ്റൊരാള്‍ എന്തോ അരുതാത്തതു കേട്ടപോലെ
"അതിനെപ്പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ " എന്ന്‌ തെല്ലൊരു ശങ്കയോടേയും നിഷ്‌കളങ്കമായും പറഞ്ഞു.ഞാന്‍ അവര്‍ എഴുതി വെച്ച പ്ലക്കാര്‍ഡുകള്‍ ശീമക്കൊന്ന വടിയില്‍ ചാക്കുനൂലുകൊണ്ട്‌ കെട്ടുന്ന ജോലിയിലേര്‍പ്പെട്ടു. ഇതിനിടയിലെല്ലാം അവര്‍ ടൗണ്‍ അലങ്കരിക്കുന്നതിനെക്കുരറിച്ച്‌ ചര്‍ച്ച ചെയ്‌തുകൊണ്ടിരുന്നു.അവരുടെ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ പഞ്ചായത്തു പ്രസിഡണ്ട്‌ അങ്ങോട്ടു വന്നു. ഉടനെ സൂസന്‍ പറഞ്ഞു... "സര്‍..... ഞങ്ങള്‍ക്ക്‌ ജീപ്പൊന്നു വിട്ടു തരണം കൊറേ പൂ ശേഖരിക്കാനാ... " അയാള്‍ മറുത്തൊന്നും പറയാതെ സമ്മതിച്ചു. ഞാനും സൂസനും മറ്റു രണ്ടു പെണ്‍കുട്ടികളും കൂടി ജീപ്പില്‍ പൂ ശേഖരിക്കാന്‍ യാത്രയായി.എന്റെ വീട്ടില്‍ നിന്നും അയല്‍പക്കത്തെ വീട്ടില്‍ നിന്നുമായി ഏകദേശം ഒരു ചാക്കോളം ചെണ്ടു മല്ലിപ്പൂക്കള്‍ ശേഖരിച്ചു രാവിലെ 11 മണിക്കു മുമ്പുതന്നെ ഞങ്ങള്‍ ക്ലബ്ബിലെത്തിച്ചു. അപ്പോഴേക്കും ധാരാളം സ്‌ത്രീകളും അവിടെയെത്തിയിരുന്നു.തെങ്ങോല ചീന്തി ഈര്‍ക്കിലില്‍ പൂക്കള്‍ കോര്‍ത്തുവെക്കാന്‍ എല്ലാവരും ഉത്സാഹം കാട്ടി.
" ഇഷ്ടം പോലെ പൂക്കളുണ്ട്‌ നമ്മുക്ക്‌ ടൗണ്‍ മൊത്തം അലങ്കരിക്കാം" സൂസനാണ്‌ അതു പറഞ്ഞത്‌ .എല്ലാവരും സൂസനെ അനുകൂലിച്ചു.ഏകദേശം രണ്ടു മണിയോടെ ഈര്‍ക്കിലില്‍ തൂക്കിയ പൂമാലയുമെടുത്ത്‌ സ്‌ത്രീകള്‍ ടൗണിലേക്കിറങ്ങി.മാല തൂക്കുന്നതിനായി റോഡരികിലെ ഇലക്ട്രിക്‌ പോസ്‌റ്റുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ ചാക്കുനൂല് ‍കെട്ടാന്‍ തുടങ്ങി.റോഡിന്റെ ഇരുസൈഡിലെ പോസ്‌റ്റിലമായി മൂന്നോ നാലോ പോസ്‌റ്റു കഴിഞ്ഞപ്പോഴേക്കും എല്ലാവരേയും പഞ്ചായത്തു പ്രസിഡണ്ട്‌ വിളിക്കുന്നു എന്നൊരു പുരുഷന്‍ വന്നു പറഞ്ഞു.ഞാനുള്‍പ്പെടെയുള്ളവര്‍ ക്ലബ്ബിലേക്കു മടങ്ങി.ഞങ്ങള്‍ ക്ലബ്ബിലെത്തിയപ്പോള്‍ കണ്ടത്‌ ആകെ അസ്വസ്ഥനായിരിക്കുന്ന പഞ്ചായത്തു പ്രസിഡണ്ടിനേയും അയാളുടെ മൂന്നുനാല്‌ അനുയായികളേയുമാണ്‌.
"ടൗണൊന്നും അലങ്കരിക്കേണ്ടന്നാണ്‌ തീരുമാനം " പ്രസിഡണ്ട്‌ ഏറെ ധാര്‍ഷ്ട്യത്തോടെ പറഞ്ഞു.
"ആരുടെ ? ഞാന്‍ ചോദിച്ചു
"കമ്മറ്റിയുടെ" പ്രസിഡണ്ട്‌ ഉത്തരം പറഞ്ഞു.കൂടിനിന്ന സ്‌ത്രീകളാരും ഒന്നും പറഞ്ഞില്ലഞാന്‍ കുടുംബശ്രീയിലെ അംഗവുമല്ല.എങ്കിലും ഞാന്‍ ചോദിച്ചുപോയി......
" ഏതു കമ്മറ്റ്‌ിയുടെ ഈ സ്‌ത്രീകളുടെ മുഴുവന്‍ ആഗ്രഹമാണിത്‌ ഞാനല്‍പം വികാരത്തോടെ തന്നെ പറഞ്ഞു.
"നിങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിയുമെങ്കില്‍ സഹകരിക്കാം അല്ലെങ്കില്‍ അതിന്റെ ആവശ്യവുമില്ല " പ്രസിഡണ്ട്‌ എന്റെ നേരെ ചൂണ്ടിക്കൊണ്ട്‌ താക്കീതു ചെയ്‌തു.വന്നു കയറിയവളായതുകൊണ്ട്‌ എനിക്കൊന്നും പറയാന്‍ അവകാശമില്ലായിരുന്നു.പ്രസിഡണ്ട്‌ എന്ന പുരുഷനോടെതിരിട്ട്‌ ഒരു വാക്ക്‌ പറയാന്‍ പോലും കൂടിനിന്ന പെണ്‍കൂട്ടം തയ്യാറായതുമില്ല.എനിക്കാകെ വിഷമമായി.
" വേണ്ട വിനയേ ഒരു വാക്കേറ്റം ഉണ്ടാക്കേണ്ട." സൂസന്‍ എന്റെ കൈ പിടിച്ച്‌ എന്നെ പുറകിലേക്ക്‌ വലിച്ചുകൊണ്ട്‌ പറഞ്ഞു.
" function place അലങ്കരിച്ചു കൂടെ " ഞാന്‍ വീണ്ടും പ്രസിഡണ്ട്‌ പുരുഷന്റെ അടുത്തു പോയി അനുകൂല ഉത്തരവിനായി കെഞ്ചി.
" ആ............. അതലങ്കരിച്ചോളൂ " ഉത്തരവ്‌ അനുകൂലമായി.
അയ്യായിരത്തോളം സ്‌ത്രീകള്‍ പങ്കെടുക്കുന്ന ആ സംഗമത്തിന്റെ സാംസ്‌ക്കാരികവേദി ക്ലബ്ബ്‌ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും സുമാര്‍ ഒരു കിലോമീറ്റര്‍ മാറിയുള്ള ആനപ്പാറ ഗവ : മോഡല്‍ ഹൈസ്‌ക്കൂളിലായിരുന്നു.ഞങ്ങള്‍ കുറച്ചു പേര്‍ ആനപ്പാറ സ്‌ക്കൂളിലേക്കു പോയി.സ്‌ക്കൂളിലോ വേദിയിലോ സ്‌ക്കൂള്‍ പരിസരത്തോ യാതൊരുവിധ ഒരുക്കങ്ങളും നടത്തിയിരുന്നില്ല.വാടകക്കെടുത്ത മൈക്ക്‌ കസേര, കര്‍ട്ടന്‍ തുടങ്ങിയ ജോലിക്ക്‌ നിര്‍ബന്ധിതരായചുരുക്കം ചില ജോലിക്കാരായ ആണുങ്ങള്‍ അവിടെയുണ്ടായിരുന്നു.
ഞങ്ങള്‍ അടുത്തുള്ള തോട്ടത്തില്‍ പോയി കുറച്ചു ശീമക്കൊന്ന വടികള്‍ മുറിച്ചു കൊണ്ടു വന്നു ആ കമ്പുകള്‍ കവാടം മുതല്‍ ഏകദേശം മുപ്പതു മീറ്റര്‍ ദൂരത്തില്‍ തുല്ല്യ അകലത്തില്‍ കുത്തിനിര്‍ത്തി കമ്പുകള്‍ പരസ്‌പരം ചാക്കു നൂലുകൊണ്ട്‌ ബന്ധിപ്പിച്ച്‌ ഈര്‍ക്കിലില്‍ കോര്‍ത്ത പൂക്കള്‍ തൂക്കി.നാലു മണിക്കു മുമ്പുതന്നെ അനുവാദം കിട്ടിയ അലങ്കാരപ്പണി ചെയ്‌തു തീര്‍ത്തു.ഇത്‌ നമ്മുടെ പരിപാടിയാണ്‌ ഇതു വിജയിപ്പിക്കേണ്ടത്‌ തങ്ങളാണെന്നുമുള്ള യാതൊരു വര്‍ഗ്ഗബോധവുംഅവരില്‍ കാണാന്‍ എനിക്കായില്ല.
സ്‌ത്രീകളുടെ പരിപാടിയെന്നവകാശപ്പെടന്ന ആ പരിപാടിയുടെ മുഴുവന്‍ തീരുമാനങ്ങളും - അവരെന്തു ചെയ്യണം , എങ്ങനെ നടക്കണം, എന്തു വസ്‌ത്രം ധരിക്കണം ആരെല്ലാം വേദിയില്‍ വേണം അങ്ങനെയങ്ങനെ എല്ലാം തീരുമാനിച്ചത്‌ രണ്ടു മൂന്നു പരുഷന്മാര്‍ തന്നെയായിരുന്നു എന്ന്‌ ഞാന്‍ കണ്ടും അനുഭവിച്ചും അറിഞ്ഞു.യാതൊരുവിധ അവകാശബോധമോ,അധികാരബോധമോ ജനിക്കുകപോലും ചെയ്യാത്ത ചലിക്കുന്ന ഒരടിമക്കൂട്ടമായ്‌ മാത്രമേ എനിക്കാ പെണ്‍രൂപക്കൂട്ടങ്ങളെ കാണാനായുള്ളൂ
സ്‌ത്രീകളെല്ലാം സെറ്റു സാരിയും അതിനനുസരിച്ച ബ്ലൗസും ധരിക്കണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിരുന്നു എന്ന്‌ എനിക്കു മനസ്സിലായത്‌ പിന്നീട്‌ മറ്റൊരു മീറ്റിംഗിലായിരുന്നു.ആ മീറ്റിംഗില്‍ ആശംസാപ്രസംഗം നടത്തിയ പഞ്ചായത്ത്‌ സ്റ്റാന്റെിംഗ്‌ കമ്മറ്റി അംഗമായ ഒരാള്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌ " നമ്മുടെ കുടുംബശ്രീകളുടെ സംഗമം സ്‌ത്രീകളുടെ കരുത്തു തെളിയിക്കുന്നതു തന്നെയായിരുന്നു.അന്നു ചിലര്‍ സെറ്റും മുണ്ടും കിട്ടാത്തതു കൊണ്ടു മാത്രം പങ്കെടുത്തിട്ടില്ല സെറ്റും മുണ്ടും നിര്‍ബ്ബന്ധം പറഞ്ഞിരുന്നില്ല. ഒരു യൂണിഫോമിറ്റിക്കു വേണ്ടി അങ്ങനെ പറഞ്ഞെന്നേയുള്ളൂ.വളരെ മനോഹരമായി അതു നടത്താന്‍ പഞ്ചായത്തിനു കഴിഞ്ഞു എന്നതുപോലെ സ്‌ത്രീകളുടെ കരുത്തു തെളിയിക്കുന്നതിന്‌ അവര്‍ക്കൊരു അവസരവുമായിരുന്നു അത്‌......." അയാള്‍ തുടര്‍ന്നും കഴിഞ്ഞുപോയ ആ മഹാസംഗമത്തെ വാഴ്‌ത്തി.
എന്തായിരുന്നു അവര്‍ തെളിയിച്ച കരുത്ത്‌ ? തങ്ങളുടെ പ്രകടനം പോകുന്ന വഴികള്‍ പോലും അലങ്കരിക്കാന്‍ അവകാശമില്ലാതെ എവിടേയും പോലെ ആണിന്റെ ആജ്ഞാനുവര്‍ത്തികളായി ചലിക്കാന്‍ വിധിക്കപ്പെട്ട പാവകള്‍.എണ്ണം കാട്ടിഅതാണ്‌ കരുത്തെന്ന്‌ അവരെ തെറ്റിദ്ധരിപ്പിക്കുക,ആ ധാരണയില്‍ എന്താണ്‌ യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ അന്യേഷിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുക ഇത്തരത്തിലൊരു റാലി പുരുഷന്മാരുടെ അയല്‍ക്കൂട്ടങ്ങളുടേതാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ സംഘടിപ്പിച്ചിരുന്നതെങ്കില്‍ അവരോടും ഈ പ്രസിഡണ്ട്‌ പുരുഷന്‍ പറയുമായിരുന്നോ അലങ്കരിക്കേണ്ട സ്ഥലത്തിന്റെ പരിമിതി ?യൂണിഫോമിറ്റിക്കു വേണ്ടി എല്ലാവരും വെള്ള മുണ്ടും നീല ഷര്‍ട്ടും ധരിക്കണമെന്ന്‌ ? അഥവാ അങ്ങനെ നിര്‍ദ്ദേശിച്ചാല്‍ തന്നെ പ്രകടനക്കാരില്‍ എത്ര പേരനുസരിക്കും ?
ഇത്തരത്തിലുള്ള നിരവധി പ്രകടനങ്ങള്‍ സ്‌ത്രീകളുടെ കരുത്ത്‌ തെളിയിക്കുന്നതാണെന്ന്‌ പുരുഷന്‍ വീമ്പു പറയുമ്പോളും സ്‌ത്രീകളുടെ ചിന്താശക്തിയെ തന്റെ വരുതിയില്‍ നിര്‍ത്താനുള്ള അവന്റെ തന്ത്രങ്ങളിലൊന്നുമാത്രമാണതെന്ന്‌ എത്ര സ്‌ത്രീകള്‍ തിരിച്ചറിയുന്നുണ്ട്‌ ?
ഒരിക്കല്‍ മറ്റൊരു പ്രകടനത്തില്‍ പഞ്ചായത്തുമെമ്പര്‍മാരായ സ്‌ത്രീകളായിരുന്നു ബാനറു പിടിച്ചതും മുന്നില്‍ നിരനിരയായി സെറ്റും മുണ്ടും ധരിച്ചു നടന്നതും.ഇതിന്റെ പ്രത്യേകത രണ്ടു നിരകളുടേയും ഇടയില്‍ നടന്ന പ്രധാന വ്യക്തികള്‍ പഞ്ചായത്തു പ്രസിഡണ്ടും ആണ്‍ പഞ്ചായത്തു മെമ്പര്‍മാരുമായിരുന്നു എന്നതാണ്‌. !
ബത്തേരിയില്‍ വെച്ച്‌ ആയിടക്കുതന്നെ നടത്തിയ ഹിന്ദു ഐക്യവേദിയുടെ മഹാപ്രകടനവും സെറ്റുസാരി ധരിച്ച സ്‌ത്രീകളാല്‍ അലങ്കൃതമായിരുന്നു.സ്വതന്ത്രമൈതാനിയിലെ വേദിയില്‍ നിരത്തിയ മുപ്പതോളം കസേരകളില്‍ സെറ്റു സാരി ധരിച്ച ഒരാള്‍ പോലും ഉണ്ടായിരുന്നില്ല.സംഘാടകരില്‍ പ്രമുഖനായ ഒരു പുരുഷനോട്‌ ഞാന്‍ ചോദിച്ചു. " എന്താണ്‌ വേദിയില്‍ ഒറ്റ സ്‌ത്രീപോലുമില്ലല്ലോപ്രകടനക്കാരില്‍ ഭൂരിഭാഗം സ്‌ത്രീകളാണുതാനും" ഉടനെ വന്നു ധാര്‍ഷ്ട്യത്തോടെയുള്ള അയാളുടെ ഉത്തരം
" അതിന്‌ വേദിയിലിരിക്കാന്‍മാത്രം യോഗ്യതയുള്ള പെണ്ണുങ്ങള്‍ വേണ്ടേ" ?
എന്താണീ യോഗ്യത ? അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെപ്പറ്റി വാതോരാതെ പറഞ്ഞ്‌ സ്‌ത്രീകളെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്തുന്ന നേതാവിന്റെ യഥാര്‍ത്ഥ മനസ്ഥിതിയാണ്‌ അയാളിലൂടെ പുറത്തുവന്നത്‌.ഇതൊന്നുമറിയാതെ തങ്ങള്‍ വിവരം കെട്ടവരും യോഗ്യതയേതുമില്ലാത്തവരുമാണെന്ന്‌ സ്വയം അംഗീകരിച്ചുകൊണ്ട്‌ ഇവരുടെയൊക്കെ ശക്തിപ്രകടനങ്ങളില്‍ ഭാഗബാക്കാവുന്നതെന്തിനെന്ന്‌ സ്‌ത്രീകള്‍ എന്നാണ്‌ ചിന്തിച്ചുതുടങ്ങുക

2 comments:

പ്രതിധ്വനി said...

എന്തൊക്കെ പറഞ്ഞാലും ,സ്ത്രീക്കു അവരുടേതായ പരിമിതികൾ ഉണ്ട്.ആ പരിമിതികൾക്കകത്തു സ്വാതന്ത്രെം കണ്ടെത്തലാൺ വേണ്ടതു.പരസ്പര പൂരകമാണു ആണും പെണ്ണും .ഒന്നില്ലാതെ മറ്റൊന്നില്ല.

VINAYA N.A said...

സുഹ്രുത്തേ പരിമിതി സ്ത്രീക്കല്ല,പുരുഷനാണ് ,സ്ത്രീ പറയുന്ന ആളാണ്‍ പിതാവ്. ഈ പൊള്ള്യായ പൈത്രുകം ഏന്ന വ്യവസ്തിതി തന്നെ -അവളുടെ നാവിന്‍ തുംബില്‍ നിന്നും വരുന്ന അക്ഷരങളാണ് നിശ്ചയിക്കുന്നത്