Monday, February 2, 2009

എന്റെ സ്വപ്‌നം (സ്‌ത്രീകളുടേയും )

എന്റെ സ്വപ്‌നം (സ്‌ത്രീകളുടേയും )
പുല്ലു വിരിച്ച മൈതാനത്തു സ്വസ്ഥമായ്‌
തെല്ലു നേരം ഹാ...! കിടന്നിടേണം
വല്ലോരു കാണുമെന്നുള്ളോരല്ലല്
‍ഇല്ലാതാ പുല്ലില്‍ മയങ്ങിടേണം
എന്റെ ഗ്രാമത്തിലെ സ്‌നേഹിതയെ
ഒച്ചയിട്ടൊന്നു വിളിച്ചിടേണം
നനാലുപേര്‍ കൂടും നാല്‍ക്കവലയിലും
പത്രം നിവര്‍ത്തി വായിച്ചിടേണം
എന്തേ..... യിന്നേരത്തെന്നാരും തിരക്കാതെ
അന്തിക്കാ ചന്തയില്‍ ചുറ്റിടേണം
ഒട്ടുമേയാരേയും കൂസാതെ കൈവീശി
ഒട്ടു നേരം ഹാ....! നടക്കേണം
കൂട്ടുകാരികളോടൊത്തു കലിങ്കിന്മേല്
‍നാട്ടുകാര്യം ചൊന്നിരിക്കേണം
പാട്ടുകച്ചേരിയില്‍ കേള്‍വിക്കാരോടൊപ്പം
കൂട്ടത്തില്‍ കൂവിത്തിമര്‍ക്കേണം
പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്നു വലിക്കേണം
മുന്‍ വാതിലില്‍ക്കൂടി കള്ളുഷാപ്പില്‍ കേറി
അന്തിക്കള്ളല്‌പം നുണയേണം
മാവിന്റെ തുഞ്ചത്ത്‌ തത്തിക്കയറീട്ട്‌
മാങ്ങാ തിന്നണ്ടിയെറിയേണം
ജീപ്പിന്റെ കമ്പിയില്‍ തൂങ്ങും കിളിയായി
ആര്‍ത്തുകൊണ്ടാളെ വിളിക്കേണം
ആര്‍ത്തിരമ്പും തിര മാല മുറിച്ചുകൊണ്ടീ
ക്കടല്‍ നീന്തിത്തുടിക്കേണം
ആഴക്കടലില്‍ തുഴഞ്ഞേറി വലയിട്ടി
ട്ടാവോളം മീനും കൊണ്ടെത്തേണം
ആഴത്തിലേക്കാഴ്‌ന്നു പോകും ഖനിയിലെ
വേലക്കു നിര്‍ഭയം പോകേണം
വാശിയേറുന്നോരു കാളപൂട്ടില്‍
കാളക്കാരിയായ്‌ കുതിക്കേണം
വാരിക്കുഴിയിലകപ്പെട്ടൊരാനേടെ
പാപ്പാനായ്‌ ചട്ടം നടത്തേണം
മാനം തൊടുന്നോരു കൊട്ടാരംചുമരിനു
ചായമടിക്കാന്‍ കയറേണം
പാട്ടു പാടിയെത്തും ക്രിസ്‌മസ്‌ കരോളിന്റെ
കൂട്ടത്തില്‍ സാന്താക്ലാസ്സാകേണം
ഓത്തു പള്ളീലിരുന്നോതാന്‍ പഠിപ്പിക്കും
ഓത്തുകാരന്‍ മൊല്ലയാകേണം
കത്തനാരായോരു കുംബസാരക്കൂട്ടില്‍
മറ്റുള്ളോര്‍ക്കായി കാതോര്‍ക്കേണം
പൂവും പ്രസാദവും കൈയ്യിലേന്തീട്ടൊരു
പൂജാരിയായിട്ടിരിക്കേണം
മുത്തപ്പന്‍ കാവിലുറഞ്ഞുതുള്ളും
തെയ്യക്കോലം കെട്ടിയാടേണം
ഇരുമുടി ക്കെട്ടുമായ്‌ പടികേറി സ്വാമീടെ
ബ്രഹ്മചര്യത്തെയിളക്കേണം
കാശു കൊടുത്തൊരു സുന്ദരക്കുട്ടന്റെ
നഗ്നമാം നൃത്തവും കാണേണം
കാടും നാടും വിറപ്പിച്ചു വാണൊരു
വീരപ്പനെങ്കിലുമാവേണം
നല്ല പെണ്ണായിട്ടു ജീവിച്ചു ജീവിച്ച്‌
വല്ലാതെ അയ്യോ ! മടുത്തുപോയ്‌ ഞാന്‍
നല്ലതെന്നു പറയിക്കേണ മെന്നിനി
തെല്ലേതുമില്ലല്ലോ എന്‍ മനസ്സില്‍.....

4 comments:

t.k. formerly known as തൊമ്മന്‍ said...

വിനയയുടെ ആയുസ്സില്‍ ഇതൊക്കെ ചെയ്യണമെന്നുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തേക്ക് താമസം മാറ്റേണ്ടി വരും. ഉദാഹരണത്തിന്, തെയ്യവും മൊല്ലാക്കയും ഒന്നും ആവാന്‍ പറ്റിയില്ലെങ്കിലും ബാക്കി മിക്കവാറും കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് അമേരിക്കയില്‍ ചെയ്യാം; പുരോഹിത (ആംഗ്ലിക്കന്‍ പള്ളികളില്‍) ആവുന്നതുവരെ.

കവിതയെഴുതിയിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കവിത വായിച്ച് രസിക്കുന്നത് ഏറെയും കൊടുംയാഥാസ്തികരാണ്.

Haree | ഹരീ said...

:-)
ആണുങ്ങള്‍ ചെയ്യുന്നതൊക്കെ ചെയ്യുക എന്നതാണോ ലക്ഷ്യം! വ്യക്തിസ്വാതന്ത്ര്യത്തോടെ അവനവന് ആവശ്യമുള്ള കാര്യങ്ങള്‍ (അന്യരെ ബാധിക്കാതെ) ചെയ്യുവാന്‍, ആണായാലും പെണ്ണായാലും കഴിയുക എന്നതിനാണ് പ്രാധാന്യം. അല്ലാതെ ആണുങ്ങള്‍ ചെയ്യുന്നതെല്ലാം പെണ്ണുങ്ങള്‍ ചെയ്താല്‍ തുല്യതയായി എന്നത് ബാലിശമല്ലേ?

“പൂവും പ്രസാദവും കൈയ്യിലേന്തീട്ടൊരു
പൂജാരിയായിട്ടിരിക്കേണം” - മണ്ണാറശ്ശാലയില്‍ അങ്ങിനെയാണ് കേട്ടോ...

“ഇരുമുടി ക്കെട്ടുമായ്‌ പടികേറി സ്വാമീടെ
ബ്രഹ്മചര്യത്തെയിളക്കേണം” - “കന്യകയല്ലാത്ത പെണ്ണുങ്ങള്‍ക്കായൊരു അയ്യപ്പന്‍ കോവില്‍ പണിഞ്ഞിടേണം” എന്നതല്ലേ കുറച്ചു കൂടി ഉശിരന്‍? :-)

“നല്ല പെണ്ണായിട്ടു ജീവിച്ചു ജീവിച്ച്‌
വല്ലാതെ അയ്യോ ! മടുത്തുപോയ്‌ ഞാന്‍
നല്ലതെന്നു പറയിക്കേണ മെന്നിനി
തെല്ലേതുമില്ലല്ലോ എന്‍ മനസ്സില്‍.....” - ഹ ഹ ഹ, ഇതു പെണ്ണുങ്ങള്‍ക്കു മാത്രമല്ല, പൊതുവെ നല്ല മനുഷ്യരായി ജീവിക്കുന്നത് വല്ലാതെ മടുപ്പു തോന്നുന്ന പരിപാടിയാണ്.
--

santhosh|സന്തോഷ് said...

"പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌
ചൂളാതിരുന്നു വലിക്കേണം
മുന്‍ വാതിലില്‍ക്കൂടി കള്ളുഷാപ്പില്‍ കേറി
അന്തിക്കള്ളല്‌പം നുണയേണം
...............
കാടും നാടും വിറപ്പിച്ചു വാണൊരു
വീരപ്പനെങ്കിലുമാവേണം"

ഈ വക കാര്യങ്ങള്‍ ആണുങ്ങളായാലും ചെയ്യരുത് എന്നാ കാര്‍ന്നോന്മാര്‍ പറഞ്ഞത്. ഇനിയിപ്പോ അത് ചെയ്താലേ എന്തെങ്കിലുമൊക്കെ ആവൂള്ളൊങ്കീ ഇനീ ഞാനും അതു ചെയ്യാന്‍ പോവാ.. :)

(ഒരുപാട് കൊമ്പ്ലക്സ് ഉണ്ട് ല്ലേ??)

Anonymous said...

Rose mary de oru kavithayude vikalamaaya anukaranamalle ithu? :(