Tuesday, September 21, 2010

മോളേ അതു കൊള്ളാവോ.........

മോളേ അതു കൊള്ളാവോ.........
അഡ്വക്കറ്റ്‌ മരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അവരുടെ ഓഫീസിലേക്ക്‌ 70 വയസ്സു പ്രായം തോന്നിക്കുന്ന ഒരു സ്‌ത്രീയും അവരുടെ മകളും കടന്നു വന്നു..കാഴ്‌ചയില്‍ മകള്‍ക്ക്‌ വളരെ വൃത്തിയും വെടിപ്പും ഉണ്ടായിരുന്നെങ്കിലും അമ്മക്ക്‌ വൃത്തി തൊട്ടു തീണ്ടിയിട്ടുപോലുമുണ്ടായിരുന്നില്ല.വന്നപാടേ അവര്‍ മരിയയോടു സംസാരിക്കാന്‍ തുടങ്ങി.
"മോളേ എന്റെ മൂത്ത മോളും ഭര്‍ത്താവും അവരുടെമകനും കൂടി എന്റെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ എന്നെപ്പറ്റിച്ചെടുത്തു.എന്റൊരു കാപവന്റെ മോതിരവും ഞാന്‍ വാങ്ങിയ ടി.വിയും അവരുടെ കൈയ്യിലുണ്ട്‌.എന്റെ പണോം എന്റെ സാധനങ്ങളും മോളെനിക്ക്‌ വാങ്ങിത്തരണം."അവര്‍ തൊട്ടടുത്തിരുന്ന മകളുടെ ബാഗില്‍നിന്നും ഒരു പാസ്‌ബുക്കെടുത്ത്‌ മരിയയുടെ നേരെ നീട്ടി.മരിയയോടൊപ്പം ഞാനും ആ പാസ്‌ബുക്ക്‌ പരിശോധിച്ചു.10,000 രൂപ വെച്ച്‌ ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ്‌ തുക പിന്‍വലിച്ചിരിക്കുന്നത്‌.പാസ്‌ബുക്ക്‌ പരിശോധിച്ചതിനു ശേഷം മരിയ അവരോടായ്‌ വളരെ മയത്തില്‍ ചോദിച്ചു
"അമ്മച്ചിക്കെവിടുന്നാ ഇതിനുമാത്രം പൈസ" ?
"ഞാന്‍ തെണ്ടി ഉണ്ടാക്ക്യേതാ...മോളേ " അവര്‍ കണ്ണുതുടച്ചുകൊണ്ട്‌ പറഞ്ഞു.
"എന്നുവെച്ചാല്‍ " ? അറിയാതെ ഞാനും ഇടപെട്ടുപോയി
"അമ്മ പറഞ്ഞതു ശരിയാ അപ്പച്ചന്‍ മരിച്ചേപ്പിന്നെ അമ്മ വീട്ടല്‍ നിക്കാറില്ല.4 മക്കളുള്ളതില്‍ ചേച്ചിയുടെ അടുത്തുമാത്രമാണ്‌ വല്ലപ്പോഴും പോവുക." മകള്‍ ഇടപെട്ടു.
"അതെന്താ അമ്മച്ചി മൂത്ത മോളുടെ അടുത്ത്‌ മാത്രം പോയത്‌ " മരിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ചോദിച്ചു.
"അവള്‍ടെ വീട്‌്‌ റോഡ്‌ സൈഡില്‍തന്ന്യാ.ഇവര്‌ടൊക്ക വീട്ടിലേക്ക്‌ കൊറേ നടക്കണം.
മോള്‍ അമ്മച്ചീനെ പറ്റിക്കുന്നെന്ന്‌ അമ്മച്ചിക്കെപ്പഴാ മനസിലായത്‌ ?
"ഞാനൊരു പള്ളിപ്പെരുന്നാളും കഴിഞ്ഞ്‌ മിനിഞ്ഞാന്ന്‌ വൈകിട്ടാണ്‌ മോള്‍ടെ അടുത്തെത്തിയത്‌.രാത്രി ഞാന്‍ കഞ്ഞികുടിക്കാന്‍ അകത്തേക്ക്‌ കയറുമ്പം അവളുടെ 22 വയസ്സുള്ള മകന്‍ അലമാരയില്‍ നിന്നും ഒരു പ്ലേറ്റ്‌ കഞ്ഞികുടിക്കാനെടുക്കുന്നതു കണ്ട്‌ അവന്റെ അമ്മ അതു പിടിച്ചു വാങ്ങിക്കൊണ്ട്‌ 'എടാ ആ പാത്രം എടുക്കല്ലേ അതാ തള്ളക്ക്‌ കൊടുക്കുന്നതാ ' എന്നു പറയുന്നതു ഞാന്‍കേട്ടു എനിക്ക്‌ സങ്കടം വന്നു.
മോളേ അവക്കതു പറയാന്‍ കൊള്ളാവോ " അവര്‍ പിന്നേയും പറ്റിക്കലിന്റെ കഥ തുടര്‍ന്നു .ബാക്കി ഭാഗം കേട്ടു നിന്‍ക്കാന്‍ സമയമില്ലാത്തതുകൊണ്ട്‌ ഞാന്‍ ഓഫീസ്‌ വിട്ടിറങ്ങി

Tuesday, September 14, 2010

അദ്ദേഹം

അദ്ദേഹം
ബൈക്കോടിക്കുന്നതിനിടെ തുടര്‍ച്ചയായി മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഏതോ അത്യാവശ്യക്കാര്‍ ആയിരിക്കുമെന്നുകരുതി കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഒരു ചെറിയ ബസ്‌ വെയിറ്റിംഗ്‌ ഷെഡ്ഡിനു സമീപം വണ്ടി നിര്‍ത്തി ഞാന്‍ ഫോണെടുത്ത്‌ ഹലോ പറഞ്ഞു. എന്റെ അവസ്ഥയോ സാഹചര്യമോ അന്യേഷിക്കാതെ മറുവശത്ത്‌ പെണ്‍കുട്ടി സംസാരിക്കാന്‍ തുടങ്ങി
"മേഡം ഞാന്‍ മിനിയാണ്‌ കോട്ടയത്താണ്‌ വീട്‌.ഇപ്പോള്‍ കൈരളി ടി.വി യില്‍ മുന്‍ ജസ്‌റ്റിസ്‌ ശ്രീദേവി മേഡത്തിന്റെ പാചകമേള നടക്കുകയാണ്‌ (ഞാന്‍ നടു റോട്ടിലാണെന്നും ടി.വി തുറക്കാന്‍ നിവൃത്തിയില്ലെന്നും അറിയിച്ചപ്പോള്‍ അവള്‍ തുടര്‍ന്നു) അവര്‍ അവരുടെ ഭര്‍ത്താവിനിഷ്ടപ്പെട്ട ഭക്ഷണത്തെപ്പറ്റിയും അതവരുണ്ടാക്കികൊടുക്കുന്ന രീതിയും വിവരിക്കുകയാണ്‌. അതിനിടെ പത്തു തവണയെങ്കിലും അവര്‍ അദ്ദേഹം അദ്ദേഹം എന്നവരുടെ ഭര്‍ത്താവിനെ സംബോധന ചെയ്യുന്നു.മേഡം എനിക്ക്‌ നണക്കേടു തോന്നുന്നു അവര്‍ക്കെന്താ അയാള്‍ എന്നു പറഞ്ഞാല്‍. ഇത്രയും ഉയരത്തിലിരിക്കുന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നത്‌ ഇവന്മാരുടെയൊക്കെ ഹുങ്ക്‌ കൂട്ടില്ലേ ?"
ഒറ്റ ശ്വാസത്തില്‍ മിനി പറഞ്ഞു നിര്‍ത്തി.കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറച്ചു നില്‍ക്കുന്നതിനിടയിലും എനിക്ക്‌ു ചിരിവന്നു ഞാന്‍ ശാന്തയായി മിനിയോടു പറഞ്ഞു
" മിനീ അവരൊക്കെ പ്രായമള്ളവരല്ലേ. അതവര്‍ ശീലിച്ചുപോയതാണ്‌.അതിനവരെ കുറ്റംപറയുന്നതു ശരിയല്ല.എല്ലാം ശരിയാകും മിനീ... . മിനിപോലും അയാളിലെത്തിയിട്ടേയുള്ളൂ അവന്‍ എന്നതിലെത്താനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌." ഞാന്‍ പറഞ്ഞത്‌ മിനിക്കു മനസ്സിലായോ എന്തോ മിനിയോട്‌ നന്ദി പറഞ്ഞ്‌ പെരും മഴയത്തു തന്നെ ഞനെന്റെ യാത്രതുടര്‍ന്നു.

Thursday, September 9, 2010

സംഭാവന

സംഭാവന
ട്രയിന്‍ യാത്രക്കിടയില്‍ ഒരു യുവാവ്‌ ഇങ്ങനെ ചോദിച്ചു
"നിങ്ങള്‍ പുരുഷനെ അനുകരിക്കുന്നതുകൊണ്ട്‌ പുരുഷവര്‍ഗ്ഗത്തിനെന്ത്‌ സംഭാവനയാണ്‌ കൊടുക്കുന്നത്‌ ?'
ഉത്തരം:- ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്നത്‌ എന്റെ ഹീറോ ഹോണ്ട സ്‌പ്ലണ്ടര്‍ മോട്ടോര്‍ സൈക്കിളിലാണ്‌.(ഹെല്‍മറ്റ്‌ ധരിച്ചിരിക്കും)അതില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റക്കും കൂട്ടായും നടന്നുപോകുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടി ഒന്നു സ്ലോ ചെയ്‌ത്‌ അവര്‍ക്കരികിലെത്തി ചൂളം വിളിക്കുകയോ, വണ്ടി അവരെ തട്ടി എന്ന നിലയില്‍ പേടിപ്പിക്കുകയോ ചെയ്യും. ഇങ്ങനെയുള്ള പെരുമാറ്റം അവരില്‍ അറപ്പ്‌ ,പേടി, വെറുപ്പ്‌ എന്നിവ ഉണ്ടാക്കും.അതവര്‍ പ്രകടിപ്പിക്കുന്നത്‌ കണ്ണാടിയിലൂടെ കണ്ട്‌ ആസ്വദിക്കും.അങ്ങനെ കാലങ്ങളായി സ്‌ത്രീ വര്‍ഗ്ഗം പുരുഷന്മാരെക്കുറിച്ച്‌ വച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന്‌ ഇത്തരത്തില്‍ എന്നാലാകും വിധം പ്രയത്‌നിച്ചു പോരുന്നു എന്നതാണ്‌ ഞാന്‍ നല്‌കുന്ന സംഭാവന

Sunday, September 5, 2010

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ
ഡ്യൂട്ടിക്കിടയില്‍ കിട്ടിയ ചെറിയ ഇടവേളയില്‍ തൊട്ടടുത്ത ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയതായിരുന്നു.ഒരു മേശക്കു ചുറ്റുമായി അഞ്ച്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാതൃഭൂമി മനോരമ ദേശാഭിമാനി തുടങ്ങിയ പത്രങ്ങളില്‍ വന്ന റാണി എന്ന പെണ്‍കുട്ടിയുടെ ആള്‍മാറാട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച്‌ ചിരിക്കുന്നതിനിടെ ഒരാള്‍ പറഞ്ഞു "എടാ.... ഇപ്പോ ആ പെണ്ണിന്റെ കൂടെ കള്ളുകുടിക്കാനും സിഗററ്റു വലിക്കാനും സിനിമ കാണാനും എല്ലാം പോയ അണ്ണന്മാരൊക്കെ ഒന്നു തൊടാന്‍ പോലും തോന്നാത്തതും ചിന്തിച്ച്‌ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ കണ്ണും മിഴിച്ചിരിക്കുന്നുണ്ടാവും.


ആണ്‍വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടി ഒടുവില്‍ റാണി പിടിയിലായി

Posted on: 29 Aug 2010
കൊല്ലം: ആണ്‍വേഷത്തില്‍ മാസങ്ങളോളം ജോലി ചെയ്ത് സ്വകാര്യസ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ച യുവതി പോലീസിന്റെ പിടിയില്‍. തട്ടിപ്പിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 'ആണ്‍കുട്ടി' പെണ്ണെന്നു തെളിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധന നടത്തി 'സ്ത്രീ' എന്ന് സ്ഥിരീകരിച്ചു.

കൊല്ലം, കൈക്കുളങ്ങര നോര്‍ത്ത് രമാമന്ദിരത്തില്‍ റാണി(29)യാണ് ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയത്. കൊട്ടിയം, തഴുത്തല ആബ്‌സ് ടൈല്‍സ് എന്ന സ്ഥാപനത്തില്‍ 'കണ്ണന്‍' എന്ന 'ശ്രീകാന്ത് ' ആയി ജോലി ചെയ്തായിരുന്നു തട്ടിപ്പ്.

കടകളില്‍നിന്ന് പിരിച്ചെടുത്ത തുക അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 'കണ്ണന്‍' എന്ന യുവതിയുടെ കള്ളി വെളിച്ചത്തായത്. സാമ്പത്തിക തിരിമറി നടത്തിയതിനെത്തുടര്‍ന്ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയ കണ്ണനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോഴാണ് കണ്ണന്‍ എന്ന ശ്രീകാന്ത് റാണിയാണെന്ന് അറിഞ്ഞത്.

ഏപ്രില്‍ മാസത്തിലാണ് ശ്രീകാന്ത് എന്ന പേരില്‍ റാണി ജോലിയില്‍ പ്രവേശിച്ചത്. കളക്ഷന്‍ ഏജന്‍റായിട്ടായിരുന്നു നിയമനം. അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥാപനത്തിലെത്തിയ 'യുവാവ് ' ശ്രീകാന്ത് എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ബി.കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതായി കടയുടമ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് 'കണ്ണന്‍' പെരുമാറിയിരുന്നത്.

ജോലിയില്‍ 'സമര്‍ത്ഥനാ'യിരുന്നതിനാല്‍ കൂടുതല്‍ ചുമതലകള്‍ കണ്ണന്‍ എന്ന ശ്രീകാന്തിനെ കടയുടമ ഏല്‍പ്പിച്ചു. എന്നാല്‍ ഓണത്തിനു മുമ്പുള്ള കച്ചവടത്തിരക്കിലാണ് കണ്ണന്റെ കണക്കിലെ കള്ളക്കളികള്‍ കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവിധ കടകളില്‍നിന്ന് പിരിച്ചെടുത്ത തുകകള്‍ പൂര്‍ണമായി കണ്ണന്‍ അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് രസീത് ബുക്കില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. ഈ തരത്തില്‍ അഞ്ചരലക്ഷം രൂപയോളം വെട്ടിച്ചതായി കടയുടമ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് 21ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷിച്ച് നാട്ടിലെത്തിയപ്പോഴാണ് ആ വീട്ടില്‍ ആണ്‍മക്കളില്ലെന്നും മൂന്നു പെണ്‍കുട്ടികള്‍ മാത്രമാണെന്നും പരിസരവാസികള്‍ പറഞ്ഞത്. എന്നാല്‍ 'കണ്ണന്റെ' ഫോട്ടോ കാണിച്ചപ്പോള്‍ ആളുകള്‍ റാണിയെ തിരിച്ചറിഞ്ഞു. ഒടുവില്‍ വീട്ടില്‍നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആണുങ്ങളെപ്പോലെ വേഷം ധരിച്ച്, മുടി പറ്റെ വെട്ടിയ റാണി മറ്റു പുരുഷന്മാര്‍ക്കൊപ്പം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അഞ്ചുമാസം ഒപ്പം ജോലി ചെയ്ത 'കണ്ണന്‍' പെണ്‍കുട്ടിയാണെന്നറിഞ്ഞ ഞെട്ടലിലാണ് കടയുടമയും ജീവനക്കാരും.