Wednesday, May 26, 2010

വലുത്‌

വലുത്‌

ശര്‍ദ്ദിയും വയറ്റിളക്കവും ബാധിച്ച അമ്പലവയല്‍ വരിപ്ര പണിയകോളനിയിലെ 4 കുട്ടികളെ ആശാവര്‍ക്കര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.അതില്‍ 8 വയസ്സുള്ള കീരന്‍ എന്ന കുട്ടി ബത്തേരി ആശുപത്രിയിലെത്തിയ ഉടനെ തന്നെ മരിച്ചു.മരണ കാരണം പട്ടിണിയെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ .മറ്റു മൂന്നു കുട്ടികളേയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കുമാറ്റി.അവരിപ്പോള്‍ അപകട നില തരണം ചെയ്‌തു.കീരന്‍ സ്‌ക്കൂളില്‍ പോയിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ജനമൈത്രി പോലീസ്‌ബീറ്റ്‌ , കുടുംബശ്രീകള്‍, ഹെല്‍ത്ത്‌ വര്‍ക്കേഴ്‌സ്‌....... തുടങ്ങി ആദിവാസികള്‍ക്കിടയില്‍ ബോധവത്‌ക്കരണവും സാമൂഹ്യസേവനവും നടത്തുന്ന എന്തെല്ലാം സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ !കീരന്റെ വീട്ടില്‍ ഒരാഴ്‌ചയായിട്ട്‌ റേഷന്‍ വാങ്ങിയിട്ടില്ലായിരുന്നു.ഏഴുകുട്ടികള്‍ക്കും ഏഴ്‌ അച്ഛന്‍മാരാകുമ്പോള്‍ അച്ഛന്റെ റോളിന്‌ പ്രസക്തിയുമില്ല.അമ്മക്ക്‌ കൊടകില്‍ പണിക്കുപോകണം.കുട്ടികളെ പ്രസവിക്കുകമാത്രമാണ്‌ തന്റെ ബാധ്യതയെന്ന്‌ ആ സ്‌ത്രീ നിനച്ചിട്ടുണ്ടാവും.അങ്ങനെ അമ്മക്കും നാട്ടുകാര്‍ക്കും അംഗനവാടിക്കാര്‍ക്കും ആര്‍ക്കും വേണ്ടാത്ത നിസ്സഹായനായ ആ കുഞ്ഞ്‌ പട്ടിണികിടന്നു മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ .ഞാന്‍ ഡയറ്റ്‌കണ്‍ട്രോളിലാണ്‌ എന്നു പറയുന്നവര്‍ ഞാന്‍ മറ്റുള്ളവരുടെ ഭക്ഷണം അപഹരിക്കുന്നതു നിര്‍ത്തി എന്നു മാറ്റിപ്പറയേണ്ടിയിരിക്കുന്നു.

" ആശയമല്ല ആമാശയമാണ്‌ " വലുത്‌

അതിനിപ്പോഴെന്താ.................

അതിനിപ്പോഴെന്താ.................

ഒരു ദിവസം പുലര്‍ച്ചെ 'മാര്‍ക്കറ്റില്‍ അടി നടക്കുന്നു പെട്ടന്നു തന്നെ അവിടെ എത്തണം' എന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായ ഞാന്‍ മറ്റൊരു പോലീസുകാരനേയും കൂട്ടി സ്‌റ്റേഷനില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റു വരേയും മാര്‍ക്കറ്റിലെ പ്രശ്‌നം പരിഹരിച്ചതിനുശേഷം തിരിച്ചു സ്‌റ്റേഷന്‍വരേയും സ്റ്റേഷന്‍ ജീപ്പോടിച്ചു. ഒരിക്കല്‍ എനിക്കയിത്തം കല്‌പിച്ച ആ വാഹനം ഞാനെടുത്ത്‌ ഓടിച്ചിട്ടും പറയത്തക്ക ഒരു ചര്‍ച്ചപോലും ഉണ്ടായില്ല എന്നുമാത്രമല്ല ഞാന്‍ തന്നെ അതെപ്പറ്റി പറഞ്ഞപ്പോള്‍" അതിനിപ്പോഴെന്താ നിങ്ങള്‍ക്ക്‌ ഓതറൈസേഷന്‍ ഉള്ളതല്ലേ " എന്നായിരുന്നു ഒരു സഹപ്രവര്‍ത്തകന്റെ മറുപടി.

Thursday, May 13, 2010

കോലം മാറുക.

കോലം മാറുക.
സഹപ്രവര്‍ത്തകയായ പോലീസുകാരിയെ ഏതോ രണ്ട്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബസ്‌റ്റാറെിലിരിക്കെ അശ്ലീലം പറഞ്ഞു.വിവരം ഫോണ്‍ മുഖേനെ അറിയിച്ച ഉടനെ തന്നെ പോലീസ്‌ ജീപ്പുമായി പോയി കക്ഷികളെ സ്‌റ്റേഷനിലെത്തിച്ചു.പിന്നീട്‌ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍.ഒരു കമ്‌#റെടിക്കു പോലും സ്വയം പരിഹാരം കാണാന്‍ കഴിയാത്തത്‌ ഒരു പോരിമയായി എനിക്കും തോന്നിയില്ല.താന്‍ കേട്ട അശ്ലീലം മറ്റു നാലുപേരോടുകൂടി പറഞ്ഞ്‌ അതിന്റെ ചെലവില്‍ അവരും കുറേ അശ്ലീലം പറഞ്ഞ്‌ അതിന്റെ വ്യാപ്‌തി കൂട്ടുന്നതിലും ഭേദം തന്റെ കഴിവുകേട്‌ അംഗീകരിച്ച്‌ സഹിക്കുന്നതു തന്നെയല്ലേ.?
ഇതു രണ്ടിനും കഴിയുന്നില്ലെങ്കില്‍ പെണ്ണിന്‌ സമൂഹം കല്‌പിച്ചു തന്ന കോലം (മുടി, വസ്‌ത്ര ധാരണ രീതി )മാറ്റാന്‍ തയ്യാറായി എന്നെപ്പോലെ ആണ്‍ കോലത്തില്‍ നടക്കുക. ഏതു തിരക്കിലും ഒരാളും തോണ്ടാനോ ,പിടിക്കാനോ , അശ്ലീലം പറയാനോ വരില്ല .പേഴ്‌സ്‌ ഒഴികെ ഒന്നും ശ്രദ്ധിക്കാതെ എവിടെ വേണമെങ്കിവും കിടന്നുറങ്ങാം.ആണ്‍ രൂപത്തില്‍ മാത്രമേ ആണിന്‌ പെണ്‍ ശരീരത്തോടുള്ള ആര്‍ത്തിയും ആക്രാന്തവും ഒഴിവാക്കാനാകൂ എന്ന്‌ ബോധ്യമായാല്‍ അവരോട്‌ യുദ്ധം ചെയ്യാതെ അവരുടെ തന്നെ പ്രതിരൂപമാകുക (ആണും പെണ്ണും ഒറ്റ നോട്ടത്തില്‍ ഒരു പോലെയായാല്‍ ആണിനെങ്ങിനെ ചൂഷണം ചെയ്യാനാകും?)മറ്റൊന്നിനുമല്ല അവരുടെ അറക്കുന്ന വാക്കുകളും സ്‌പര്‍ശനങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യാമല്ലോ.
നമ്മുക്ക്‌ ആനന്ദിക്കാനും നമ്മെ ആനന്ദിപ്പിക്കാനും ഉപാധിയാകേണ്ട നമ്മുടെ ശരീരം നമ്മെ പേടിപ്പിക്കാനും നമ്മുക്ക്‌ പേടിക്കാനുമുള്ള ഒന്നായിതീരുമ്പോള്‍ നാം അതിനെ അവഗണിക്കുക തന്നെ വേണം.

Saturday, May 1, 2010

വിധിക്കപ്പെട്ട വര്‍ഗ്ഗം

വിധിക്കപ്പെട്ട വര്‍ഗ്ഗം
കേരളാ പോലീസ്‌ അസോസിയേഷന്റെ തൃശ്ശൂര്‍ ഘടകം സംഘടിപ്പിച്ച ചര്‍ച്ച വിഷയം സിനിമയിലെ പോലീസും യഥാര്‍ത്ഥപോലീസും. വേദിയില്‍ എന്നെക്കണ്ടതുകൊണ്ടോ എന്തോ പ്രാസംഗികരിലൊരാള്‍ തന്റെ അഭിപ്രായപ്രകടനത്തില്‍ "ഈയിടെ നടന്ന ഒരു സിനിമാനടിയുടെ വിവാഹത്തോടനുബന്ധിച്ച്‌ മൊബൈല്‍ ഫോണില്‍ വ്യാപകമായി വന്ന ഒരു മെസേജ്‌ നിങ്ങളും കണ്ടു കാണുമല്ലോ......... ? ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. സദസ്സില്‍ കൂട്ടച്ചിരി.വിഷയത്തില്‍ അധിഷ്ടിതമായും അല്ലാതേയും വളരെ ഗൗരവമായി സംസാരിച്ച്‌ അയാള്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു .എന്റെ ഊഴത്തില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.first I am a woman ,then i am a police.അതുകൊണ്ടു തന്നെ എനിക്ക്‌ ഇപ്പോള്‍ പറഞ്ഞ ആ സ്വകാര്യവത്‌ക്കരണത്തെക്കുറിച്ച്‌ പറഞ്ഞേ മതിയാകൂ......... പുരുഷന്‍ എപ്പോഴും വിശ്വാസത്തിന്റെ ലോകത്തിലാണ്‌. അവന്‌ വിശ്വസിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.വിവാഹം കഴിയുന്നതോടെ സ്‌ത്രീ സ്വകാര്യസ്വത്തായി മാറി എന്നതു പുരുഷന്റെ വിശ്വാസം മാത്രമാണ്‌.നിങ്ങളുടെ പ്രണയിനി മറ്റൊരാളെ വിവാഹം കഴിച്ചു എന്നുവെച്ച്‌ നിങ്ങള്‍ അവളോട്‌ സംസാരിക്കാതിരിക്കുന്നുണ്ടോ ? അവള്‍ക്ക്‌ മെസേജുകള്‍ അയക്കാതിരിക്കുന്നുണ്ടോ ?.അതുപോലെ തിരിച്ചും .കുടുംബത്തിന്റെ സമാധാനം പരിഗണിച്ച്‌ രണ്ടുകൂട്ടരും പരസ്‌പരം ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം.കാക്കയുടെ കൂട്ടില്‍ കുയിലിന്റെ മുട്ടയാണോ എന്ന്‌ കാക്കയെങ്ങനെ അറിയും.അത്‌ കൃത്യമായ വേര്‍തിരിവ്‌ കാണിക്കും വരെയെങ്കിലും കാക്കക്ക്‌ വിശ്വസിക്കുകമാത്രമേ നിര്‍വ്വാഹമുള്ളൂ.പാവം കാക്ക വിശ്വസിക്കാന്‍ മാത്രം വിധിക്കപ്പെട്ട വര്‍ഗ്ഗം. ഇനി നമ്മുക്ക്‌ വിഷയത്തിലേക്കു കടക്കാം.പിന്നീട്‌ ചര്‍ച്ചയുടെ വിഷയത്തില്‍ നിന്നുകൊണ്ടുമാത്രം സംസാരിച്ച്‌ ഞാന്‍ അവസാനിപ്പിച്ചു.