Monday, June 30, 2014

എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?

 എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?


29-06-2014 തിയ്യതി തൃശ്ശൂര്‍ മുല്ലശ്ശേരി താണവീഥി സ്‌ക്കൂളില്‍ വെച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിടുകയായിരുന്നു. രണ്ടിടങ്ങളിലായി ഏകദേശം 200 -ഓളം സ്‌ത്രീകളുണ്ടായിരുന്നു.രാവിലെ പത്തു മണി മുതല്‍ വൈകിട്ട്‌ അഞ്ചു മണിവരെ അവരോടൊപ്പം ചിലവിടേണ്ടി വന്നു.രണ്ടിടങ്ങളിലുമുള്ള 100% സ്‌ത്രീകളുടേയും ആഗ്രഹം എന്നെപ്പോലെ ജീവിക്കണമെന്നാണെന്നും ,എങ്ങിനെയാണിങ്ങനെ ജീവിക്കാനൊക്കുന്നത?്‌.ഞങ്ങള്‍ക്കും നിങ്ങളെപ്പോലെ ആകാന്‍ കഴിയുമോ ? എന്നുമായിരുന്നു അവര്‍ ഒറ്റക്കും കൂട്ടായും സദസ്സില്‍ വെച്ചും എന്നോട്‌ ചോദിച്ചത്‌.ഞാന്‍ അവരോടിപ്രകാരം സംസാരിച്ചു.
കഴിയും നിങ്ങളോരോരുത്തരും ഓരോ നിമിഷവും നിങ്ങളോട്‌ നീതി പുലര്‍ത്തിയാല്‍ മാത്രം മതി.എന്നെപ്പോലാകാന്‍ പ്രത്യേകിച്ചൊരു പ്രയാസവുമില്ല.നീണ്ട 12 വര്‍ഷക്കാലമായി നിരാഹാരം തുടരുന്ന ഈറോംഷര്‍മ്മിളയാകാനോ സ്വന്തം ശരീര സൗന്ദര്യം ഇല്ലാതാക്കിയ ദയാഭായ്‌ ആകാനോ നമ്മുക്ക്‌ പ്രയാസം തന്നെയാണ്‌.അവരെല്ലാം സ്വന്തം ജീവിതത്തിലെ പല സുഖങ്ങളും,സ്വകാര്യതകളും, ത്യജിച്ചവരാണ്‌.അവരെപ്പോലൊക്കെയാകാന്‍ പ്രയാസം തന്നെയാണ്‌.അങ്ങനെയാകാന്‍ നാം ആഗ്രഹിച്ചിട്ടും കാര്യമില്ല.ഒരിക്കലും ഒരു സമൂഹത്തിനും അനുകരിക്കാനാകാത്ത മഹനീയ ത്യാഗങ്ങള്‍ തന്നെയാണവ.
എന്നാല്‍ ഞാനോ................?ജീവിതത്തില്‍ സ്വകാര്യജീവിതവും,ഔദ്യോഗിക ജീവിതവും,കുടുംബജീവിതവും,സൗഹൃദജീവിതവും ,സമൂഹജീവിതവും തുടങ്ങി ജീവിതമേഖലയിലെ ഒന്നുപോലും മാറ്റിവെക്കാതെ ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന കുടിലത,പരദൂഷണം,സത്യസന്ധത,സത്യസന്ധതയില്ലായ്‌മ,സ്‌നേഹം,ദേഷ്യം,വെറുപ്പ്‌,തുടങ്ങിയ സകല വിചാര വികാരങ്ങളും അതേ അളവില്‍ പ്രകടിപ്പിച്ച്‌ ജീവിക്കുന്നവള്‍.എന്നെപ്പോലാകാന്‍ എന്താണു പ്രയാസം.

Tuesday, June 24, 2014

മാതൃകാ ജീവിതങ്ങള്‍

 മാതൃകാ ജീവിതങ്ങള്‍


ഈയിടെ അവിചാരിതമായി ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു.വീടിന്റെ രണ്ടാം നിലയിലെ സുന്ദരവും വിശാലവുമായ മുറിയിലാരുന്നു എന്റെ താമസം.ഏറെ വൈകി ഉറങ്ങിയതുകൊണ്ട്‌ എണീറ്റതും ഏറെ വൈകിത്തന്നെയായിരുന്നു.രാവിലെ എണീറ്റ്‌ ജന്നല്‍ തുറന്നപ്പോള്‍ വിശാലമായ പാടത്തെ അവഗണിച്ച്‌ തൊട്ടടുത്ത വീട്ടിലെ സ്‌ത്രീയുടെ അലക്കു കല്ലിനടുത്താണ്‌ എന്റെ കണ്ണുടക്കിയത്‌.ഒരു ബക്കറ്റു നിറയെ കുതിര്‍ത്ത തുണി.വീടിന്റെ പിന്‍ഭാഗം വരാന്തയില്‍ നിന്നും അവരുടെ ഭര്‍ത്താവെന്നു തോന്നിക്കുന്ന ഒരാള്‍ ഒരു പുതിയ കരിംപച്ച ഫുള്‍കൈ ഷര്‍ട്ട്‌ ചുരുട്ടി ആ സ്‌ത്രീക്കു നേരെ എറിയുന്നതാണ്‌ ജനല്‍ തുറന്ന ഉടനെ ഞാന്‍ കണ്ടത്‌.അവര്‍ക്കു പിടിക്കാനാകാതെ ഷര്‍ട്ട്‌ നിലത്തു വീണു.അവരുടെ മുഖം വികൃതമായി .അവര്‍ ശക്തമായി എന്തോ പൊറുപൊറുത്തു. പരിസരബോധം പോലുമില്ലാതെ അയാള്‍ അലറി "എന്താ............ ഉറച്ചു പറ ഉറച്ചു പറ "ഒന്നുമില്ല എന്നുപറഞ്ഞവര്‍ വീണു കിടക്കുന്ന ഷര്‍ട്ടെടുക്കാതെ അലക്കു തുടര്‍ന്നു.അവര്‍ തിരിഞ്ഞു നോക്കി.അയാള്‍ അകത്തേക്കു കയറിപ്പോയി എന്നുറപ്പു വരുത്തിയ ഉടനെ ആ നല്ല ഷര്‍ട്ട്‌ അവരുടെ വലതുകാല്‍ക്കൊണ്ട്‌ എന്തോ അമര്‍ത്തിപ്രാകി ആ ചളിയിലിട്ട്‌ ചവിട്ടിക്കൊരട്ടി.അവര്‍ അലക്കു തുടര്‍ന്നു.ആ വൃത്തികെട്ട ഭര്‍ത്താവിനെ അവര്‍ എങ്ങനെ സഹിക്കുന്നു.............ഞാന്‍ അത്ഭുതപ്പെട്ടു.
11 മണിക്ക്‌ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ ബാക്കി കാഴ്‌ചകള്‍ക്കു കാത്തു നില്‌ക്കാതെ ഞാന്‍ എന്റെ പ്രാഥമിക കൃത്യങ്ങളിലേക്ക്‌ തിരിഞ്ഞു.
പ്രാതല്‍ കഴിക്കുന്നതിനിടെ ഞാന്‍ അയല്‍പക്കത്തെ പറ്റി അന്യേഷിച്ചു.
ഈ കോളനിയിലെ മാതൃകാ ദമ്പതികളാണെന്നും രണ്ടു പേരും ഹോമിയോ ഡോക്ടര്‍മ്മാരാണെന്നും മുതിര്‍ന്ന രണ്ടാണ്‍മക്കളാണുള്ളതെന്നും രണ്ടുപേരും പുറത്ത്‌ പഠിക്കുകയാണെന്നും സുഹൃത്ത്‌ വിശദീകരിച്ചു.ഞാന്‍ സംയമനത്തോടെ എല്ലാം കേട്ടു.
പത്തര മണിയോടെ സുഹൃത്തിനോടൊപ്പം കാറില്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിനു മുന്നിലൂടെ ഹൃദ്യമായി ചിരിച്ച്‌ സുഹൃത്തിനോട്‌ ഹായ്‌ പറഞ്ഞ്‌ കാറില്‍ ഡോക്ടര്‍ ദമ്പതികള്‍ എങ്ങോട്ടോ യാത്ര പോകുന്നു.
നിലത്തിട്ട്‌ ചവിട്ടിയരക്കാന്‍ മാത്രം ദേഷ്യമുള്ള , തന്നോട്‌ ഒരു തരി ബഹുമാനം പോലുമില്ലാത്ത ഭാര്യയോടൊപ്പം കേമത്തം നടിച്ചു പോകുന്ന ഭര്‍ത്താവെന്ന പുരുഷനെ നോക്കി ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
മാതൃകാജീവിതങ്ങള്‍ അന്യം നിന്നുപോകാത്തതിനുള്ള കാരണം ഇങ്ങനേയും കൂടിയാണെന്ന്‌ എനിക്ക്‌ ശരിക്കും ബോധ്യപ്പെട്ടു. 

Wednesday, June 18, 2014



പെണ്ണുങ്ങള്‍ക്കായ്‌ എന്തിനൊരു പോലീസ്‌ സ്‌റ്റേഷന്‍

കേരളത്തില്‍ പുതിയതായി 6 വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നതായി പത്രദ്വാരാ അറിഞ്ഞു.(വനിതാ പോലീസ്‌ സ്‌റ്റേഷന്‍ എന്ന പേരുപോലും തികച്ചും സ്‌ത്രീവിരുദ്ധമാണ്‌.മലയാള നിഘണ്ടുവില്‍ വനിത എന്നാല്‍ വെപ്പാട്ടി എന്നാണ്‌ അര്‍ത്ഥം)
ആണും പെണ്ണും ഇടകലര്‍ന്നതാണ്‌ കുടുംബവും സമൂഹവും എന്നിരിക്കേ പെണ്ണുങ്ങള്‍ക്കു മാത്രമായ്‌ എന്തിനാണൊരു പോലീസ്‌ സ്‌റ്റേഷന്‍ ?(ആണ്‍പള്ളിക്കൂടങ്ങളും പെണ്‍പള്ളിക്കൂടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണു നമ്മള്‍) നീണ്ട 23 വര്‍ഷക്കാലം കേരളാ പോലീസില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും നിരന്തരം സ്‌ത്രീകളുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതേയും ഇടപെടുന്ന ഒരു സ്‌ത്രീ എന്ന നിലയിലും സര്‍ക്കാരിന്റെ വനിതാപോലീസ്‌ സ്‌റ്റേഷന്റെ ആവശ്യകത എന്തെന്ന്‌ എനിക്ക്‌ ബോധ്യപ്പെടുന്നതേയില്ല.
സ്‌ത്രീകള്‍ക്ക്‌ സ്വകാര്യമായ്‌ സംസാരിക്കാനും അവരുടെ കുടുംബ പ്രശ്‌നങ്ങക്ക്‌ ഉപദേശം തേടാനും അവരുടെ പരാതികള്‍ പറയാനുമായി ഓരോ ജില്ലയിലും വനിതാ സെല്ലുകളും വനിതാ ഹെല്‍പ്പു ലൈനുകളുമുണ്ട്‌.
ഗുരുതര സ്വഭാവമുള്ള ഒരു കേസും രജിസ്റ്റര്‍ ചെയ്യാനോ അന്യോഷിക്കാനോ വനിതാ സ്‌റ്റേഷനെ സാധാരണ ചുമതലപ്പെടുത്തുക പതിവില്ല.ഒരു വനിതാ പോലീസ്‌ സ്‌റ്റേഷന്‍ മറ്റൊരു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലായിരിക്കും എന്നതാണ്‌ മറ്റൊരു വിരോധാഭാസം.ഒരു വനിതാ എസ്‌.ഐ ഒരു പുരുഷ എസ്‌.ഐ യുടെ പരിധിയിലായിരിക്കും.
നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന സ്‌ത്രീ പീഡനക്കേസുകള്‍ക്ക്‌ പരിഹാരമായാണ്‌ ഇങ്ങനെ ഒരു സംരഭം തുടങ്ങുന്നതെങ്കില്‍ സ്‌ത്രീക്ക്‌ സംരക്ഷണം വേണ്ടത്‌ സ്‌ത്രീയില്‍ നിന്നല്ല പീഡകരായ പുരുഷനില്‍ നിന്നുമാണല്ലോ.......? അതിന്‌ പെണ്‍ പോലീസുകാര്‍ എന്തു ചെയ്യും.
മുഴുവന്‍ അംഗങ്ങളും സ്‌ത്രീകളായ പോലീസ്‌ സ്‌റ്റഷനാണ്‌ വരിക എന്നും പത്രം പറയുന്നു.അപ്രകാരമുള്ള പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഭര്‍ത്താവിന്റേയോ മറ്റേതെങ്കിലും പുരുഷന്റേയോ ക്രൂരതയില്‍ നിന്നും ഓടി രക്ഷപ്പെട്ട്‌ മേല്‍പ്പറഞ്ഞ പോലീസ്‌ സ്‌റ്റഷനില്‍ അഭയം തേടുമ്പോള്‍ അവള്‍ക്കു പിന്നാലെ വരുന്ന പുരുഷനെ എങ്ങനെ പോലീസുകാരികള്‍ നേരിടും?(പുരുഷപീഡകര്‍ക്ക്‌ സധൈര്യം കടന്നു വരാനുള്ള പുതിയൊരിടമായി ഇത്‌ മാറുമോ)
അടിക്കടിയുണ്ടാകാനിടയുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷപോലീസിനെ ആശ്രയിക്കുക സ്വാഭാവികം മാത്രം.
ചുരുക്കിപ്പറഞ്ഞാല്‍ വനിതാപോലീസ്‌ സ്‌റ്റേഷനു സമീപം തന്നെ ഒരു പുരുഷപോലീസ്‌ സഹായ കേന്ദ്രം(MALE POLICE AID POST) തുറക്കാനും അവിടെ ഒരു പുരുഷ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മതിയായ പുരുഷ പോലീസ്‌ ഉദ്യോഗസ്ഥരെ നിയമിച്ച്‌ പുരുഷപോലീസ്‌ ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ സാധ്യത വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്‌.സ്‌ത്രീകളുടെ കാര്യം നോക്കാന്‍ സ്‌ത്രീകള്‍ മതി എന്നതാണ്‌ ആശയമെങ്കില്‍ Cattle Treaspas Act പ്രകാരമുള്ള കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പോത്തു വരേണ്ടി വരുമോ...? 

Friday, June 13, 2014

 ആര്‌ ജയിച്ചാലെന്ത്‌................... തോറ്റാലെന്ത്‌..............?


പൊതുവായതെന്തും ആണിന്റേത്‌ എന്ന തെറ്റായ സന്ദേശത്തെ അരക്കിട്ടുറപ്പിക്കാന്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും ലോകപുരുഷന്‍ നടത്തുന്ന മാമാങ്കമാണ്‌ FIFA WORLD CUP.ഇത്‌ ലോകമെങ്ങുമുള്ള ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ആണുങ്ങളാല്‍ നടത്തപ്പെടുന്ന ആണുങ്ങളുടെ ആഘോഷമാണ്‌.FIFA WORLD CUP FOR MEN എന്ന നാമകരണം നടത്തേണ്ടതിനു പകരം FIFA WORLD CUP എന്ന പൊതു നാമം അനധികൃതമായി ചാര്‍ത്തി ലോകപുരുഷന്‍ സ്‌ത്രീ വര്‍ഗ്ഗത്തെ അപമാനിക്കുകയാണ്‌.ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ നിശബ്ദമായി നടത്തുന്ന ഒരു ചടങ്ങായിമാത്രം Women's world cup നെ ചുരുക്കുന്നതും ഈ ആണ്‍ കൗശലം തന്നെ.
ജനിക്കുമ്പോള്‍ തന്നെ വെട്ടിയൊതുക്കപ്പെട്ട ചിറകുകളാല്‍ ജീവിതം തുടങ്ങുന്ന പെണ്‍കുട്ടിക്ക്‌ പൊതുയിടങ്ങളും,കളിക്കളങ്ങളും തന്ത്രപൂര്‍വ്വം നിഷേധിക്കുന്നു.പെണ്‍കുട്ടികളെ വളര്‍ത്തുന്നത്‌ ആണിന്‌ താലോലിക്കാനും,അവനെ പരിചരിക്കാനും,അവനെ സന്തോഷിപ്പിക്കാനും ,അവന്‌ വെച്ചു വിളമ്പാനും, അവന്റെ കിടപ്പുസുഖത്തിനുമാണെന്ന ധാര്‍ഷ്ട്യം റോട്ടിലും നാട്ടിലും ലോകത്തെവിടേയും മതിമറന്നാടുകയാണിപ്പോള്‍.ആ ധാര്‍ഷ്ട്യത്തിനു മുഖത്തേക്ക്‌ കാറിത്തുപ്പാനുള്ള തുപ്പലുമായി നിസ്സഹായതയോടെ നില്‌ക്കുകയാണ്‌ ലോകമെങ്ങുമുള്ള പെണ്‍വര്‍ഗ്ഗം.
വോട്ടവകാശം നിഷേധിച്ച ജനതക്ക്‌ തിരഞ്ഞെടുപ്പില്‍ ആര്‌ ജയിച്ചാലെന്ത്‌ ..........ആര്‌  
 തോറ്റാലെന്ത്‌.?
അഭിമാനമുള്ള പെണ്‍വര്‍ഗ്ഗം ആണിനോടൊപ്പം കൂട്ടത്തില്‍ തുള്ളാതെ തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കുകയാണ്‌ വേണ്ടത്‌.