Wednesday, June 18, 2014



പെണ്ണുങ്ങള്‍ക്കായ്‌ എന്തിനൊരു പോലീസ്‌ സ്‌റ്റേഷന്‍

കേരളത്തില്‍ പുതിയതായി 6 വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നതായി പത്രദ്വാരാ അറിഞ്ഞു.(വനിതാ പോലീസ്‌ സ്‌റ്റേഷന്‍ എന്ന പേരുപോലും തികച്ചും സ്‌ത്രീവിരുദ്ധമാണ്‌.മലയാള നിഘണ്ടുവില്‍ വനിത എന്നാല്‍ വെപ്പാട്ടി എന്നാണ്‌ അര്‍ത്ഥം)
ആണും പെണ്ണും ഇടകലര്‍ന്നതാണ്‌ കുടുംബവും സമൂഹവും എന്നിരിക്കേ പെണ്ണുങ്ങള്‍ക്കു മാത്രമായ്‌ എന്തിനാണൊരു പോലീസ്‌ സ്‌റ്റേഷന്‍ ?(ആണ്‍പള്ളിക്കൂടങ്ങളും പെണ്‍പള്ളിക്കൂടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണു നമ്മള്‍) നീണ്ട 23 വര്‍ഷക്കാലം കേരളാ പോലീസില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും നിരന്തരം സ്‌ത്രീകളുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതേയും ഇടപെടുന്ന ഒരു സ്‌ത്രീ എന്ന നിലയിലും സര്‍ക്കാരിന്റെ വനിതാപോലീസ്‌ സ്‌റ്റേഷന്റെ ആവശ്യകത എന്തെന്ന്‌ എനിക്ക്‌ ബോധ്യപ്പെടുന്നതേയില്ല.
സ്‌ത്രീകള്‍ക്ക്‌ സ്വകാര്യമായ്‌ സംസാരിക്കാനും അവരുടെ കുടുംബ പ്രശ്‌നങ്ങക്ക്‌ ഉപദേശം തേടാനും അവരുടെ പരാതികള്‍ പറയാനുമായി ഓരോ ജില്ലയിലും വനിതാ സെല്ലുകളും വനിതാ ഹെല്‍പ്പു ലൈനുകളുമുണ്ട്‌.
ഗുരുതര സ്വഭാവമുള്ള ഒരു കേസും രജിസ്റ്റര്‍ ചെയ്യാനോ അന്യോഷിക്കാനോ വനിതാ സ്‌റ്റേഷനെ സാധാരണ ചുമതലപ്പെടുത്തുക പതിവില്ല.ഒരു വനിതാ പോലീസ്‌ സ്‌റ്റേഷന്‍ മറ്റൊരു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലായിരിക്കും എന്നതാണ്‌ മറ്റൊരു വിരോധാഭാസം.ഒരു വനിതാ എസ്‌.ഐ ഒരു പുരുഷ എസ്‌.ഐ യുടെ പരിധിയിലായിരിക്കും.
നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന സ്‌ത്രീ പീഡനക്കേസുകള്‍ക്ക്‌ പരിഹാരമായാണ്‌ ഇങ്ങനെ ഒരു സംരഭം തുടങ്ങുന്നതെങ്കില്‍ സ്‌ത്രീക്ക്‌ സംരക്ഷണം വേണ്ടത്‌ സ്‌ത്രീയില്‍ നിന്നല്ല പീഡകരായ പുരുഷനില്‍ നിന്നുമാണല്ലോ.......? അതിന്‌ പെണ്‍ പോലീസുകാര്‍ എന്തു ചെയ്യും.
മുഴുവന്‍ അംഗങ്ങളും സ്‌ത്രീകളായ പോലീസ്‌ സ്‌റ്റഷനാണ്‌ വരിക എന്നും പത്രം പറയുന്നു.അപ്രകാരമുള്ള പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഭര്‍ത്താവിന്റേയോ മറ്റേതെങ്കിലും പുരുഷന്റേയോ ക്രൂരതയില്‍ നിന്നും ഓടി രക്ഷപ്പെട്ട്‌ മേല്‍പ്പറഞ്ഞ പോലീസ്‌ സ്‌റ്റഷനില്‍ അഭയം തേടുമ്പോള്‍ അവള്‍ക്കു പിന്നാലെ വരുന്ന പുരുഷനെ എങ്ങനെ പോലീസുകാരികള്‍ നേരിടും?(പുരുഷപീഡകര്‍ക്ക്‌ സധൈര്യം കടന്നു വരാനുള്ള പുതിയൊരിടമായി ഇത്‌ മാറുമോ)
അടിക്കടിയുണ്ടാകാനിടയുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷപോലീസിനെ ആശ്രയിക്കുക സ്വാഭാവികം മാത്രം.
ചുരുക്കിപ്പറഞ്ഞാല്‍ വനിതാപോലീസ്‌ സ്‌റ്റേഷനു സമീപം തന്നെ ഒരു പുരുഷപോലീസ്‌ സഹായ കേന്ദ്രം(MALE POLICE AID POST) തുറക്കാനും അവിടെ ഒരു പുരുഷ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മതിയായ പുരുഷ പോലീസ്‌ ഉദ്യോഗസ്ഥരെ നിയമിച്ച്‌ പുരുഷപോലീസ്‌ ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ സാധ്യത വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്‌.സ്‌ത്രീകളുടെ കാര്യം നോക്കാന്‍ സ്‌ത്രീകള്‍ മതി എന്നതാണ്‌ ആശയമെങ്കില്‍ Cattle Treaspas Act പ്രകാരമുള്ള കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പോത്തു വരേണ്ടി വരുമോ...? 

No comments: