Tuesday, June 24, 2014

മാതൃകാ ജീവിതങ്ങള്‍

 മാതൃകാ ജീവിതങ്ങള്‍


ഈയിടെ അവിചാരിതമായി ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു.വീടിന്റെ രണ്ടാം നിലയിലെ സുന്ദരവും വിശാലവുമായ മുറിയിലാരുന്നു എന്റെ താമസം.ഏറെ വൈകി ഉറങ്ങിയതുകൊണ്ട്‌ എണീറ്റതും ഏറെ വൈകിത്തന്നെയായിരുന്നു.രാവിലെ എണീറ്റ്‌ ജന്നല്‍ തുറന്നപ്പോള്‍ വിശാലമായ പാടത്തെ അവഗണിച്ച്‌ തൊട്ടടുത്ത വീട്ടിലെ സ്‌ത്രീയുടെ അലക്കു കല്ലിനടുത്താണ്‌ എന്റെ കണ്ണുടക്കിയത്‌.ഒരു ബക്കറ്റു നിറയെ കുതിര്‍ത്ത തുണി.വീടിന്റെ പിന്‍ഭാഗം വരാന്തയില്‍ നിന്നും അവരുടെ ഭര്‍ത്താവെന്നു തോന്നിക്കുന്ന ഒരാള്‍ ഒരു പുതിയ കരിംപച്ച ഫുള്‍കൈ ഷര്‍ട്ട്‌ ചുരുട്ടി ആ സ്‌ത്രീക്കു നേരെ എറിയുന്നതാണ്‌ ജനല്‍ തുറന്ന ഉടനെ ഞാന്‍ കണ്ടത്‌.അവര്‍ക്കു പിടിക്കാനാകാതെ ഷര്‍ട്ട്‌ നിലത്തു വീണു.അവരുടെ മുഖം വികൃതമായി .അവര്‍ ശക്തമായി എന്തോ പൊറുപൊറുത്തു. പരിസരബോധം പോലുമില്ലാതെ അയാള്‍ അലറി "എന്താ............ ഉറച്ചു പറ ഉറച്ചു പറ "ഒന്നുമില്ല എന്നുപറഞ്ഞവര്‍ വീണു കിടക്കുന്ന ഷര്‍ട്ടെടുക്കാതെ അലക്കു തുടര്‍ന്നു.അവര്‍ തിരിഞ്ഞു നോക്കി.അയാള്‍ അകത്തേക്കു കയറിപ്പോയി എന്നുറപ്പു വരുത്തിയ ഉടനെ ആ നല്ല ഷര്‍ട്ട്‌ അവരുടെ വലതുകാല്‍ക്കൊണ്ട്‌ എന്തോ അമര്‍ത്തിപ്രാകി ആ ചളിയിലിട്ട്‌ ചവിട്ടിക്കൊരട്ടി.അവര്‍ അലക്കു തുടര്‍ന്നു.ആ വൃത്തികെട്ട ഭര്‍ത്താവിനെ അവര്‍ എങ്ങനെ സഹിക്കുന്നു.............ഞാന്‍ അത്ഭുതപ്പെട്ടു.
11 മണിക്ക്‌ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ ബാക്കി കാഴ്‌ചകള്‍ക്കു കാത്തു നില്‌ക്കാതെ ഞാന്‍ എന്റെ പ്രാഥമിക കൃത്യങ്ങളിലേക്ക്‌ തിരിഞ്ഞു.
പ്രാതല്‍ കഴിക്കുന്നതിനിടെ ഞാന്‍ അയല്‍പക്കത്തെ പറ്റി അന്യേഷിച്ചു.
ഈ കോളനിയിലെ മാതൃകാ ദമ്പതികളാണെന്നും രണ്ടു പേരും ഹോമിയോ ഡോക്ടര്‍മ്മാരാണെന്നും മുതിര്‍ന്ന രണ്ടാണ്‍മക്കളാണുള്ളതെന്നും രണ്ടുപേരും പുറത്ത്‌ പഠിക്കുകയാണെന്നും സുഹൃത്ത്‌ വിശദീകരിച്ചു.ഞാന്‍ സംയമനത്തോടെ എല്ലാം കേട്ടു.
പത്തര മണിയോടെ സുഹൃത്തിനോടൊപ്പം കാറില്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിനു മുന്നിലൂടെ ഹൃദ്യമായി ചിരിച്ച്‌ സുഹൃത്തിനോട്‌ ഹായ്‌ പറഞ്ഞ്‌ കാറില്‍ ഡോക്ടര്‍ ദമ്പതികള്‍ എങ്ങോട്ടോ യാത്ര പോകുന്നു.
നിലത്തിട്ട്‌ ചവിട്ടിയരക്കാന്‍ മാത്രം ദേഷ്യമുള്ള , തന്നോട്‌ ഒരു തരി ബഹുമാനം പോലുമില്ലാത്ത ഭാര്യയോടൊപ്പം കേമത്തം നടിച്ചു പോകുന്ന ഭര്‍ത്താവെന്ന പുരുഷനെ നോക്കി ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
മാതൃകാജീവിതങ്ങള്‍ അന്യം നിന്നുപോകാത്തതിനുള്ള കാരണം ഇങ്ങനേയും കൂടിയാണെന്ന്‌ എനിക്ക്‌ ശരിക്കും ബോധ്യപ്പെട്ടു. 

3 comments:

ajith said...

അഭിനേതാക്കളാണ് അധികവും

Cv Thankappan said...

അങ്ങിനെയും കുറെ മാതൃകാദമ്പതികള്‍.....
ആശംസകള്‍ വിനയ മേഡം

Echmukutty said...

തന്നെ തന്നെ