Sunday, May 31, 2009

മാധവിക്കുട്ടിയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍

മാധവിക്കുട്ടിയോടൊത്തുള്ള എന്റെ നിമിഷങ്ങള്‍
2003 സെപ്‌റ്റംബര്‍ 11 ാം തിയ്യതി എന്റെ ആത്മകഥയുടെ(എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര) പ്രകാശനകര്‍മ്മം നടത്തിയത്‌ കമലാസുരയ്യ യായിരുന്നു.വളരെ പ്രസരിപ്പോടെ അവര്‍ എന്റെ ഓരോ ചോദ്യത്തിനും കൊച്ചുകുട്ടികളെപ്പോലെ കുസൃതിയില്‍ പൊതിഞ്ഞ മറുപടികള്‍ തന്നു എന്നേയും മറ്റുള്ളവരേയും ഏറെ ചിരിപ്പിച്ചു..അവരോടുള്ള എന്റെ ഒരു ചോദ്യവും അവര്‍ എനിക്കു തന്ന ഉത്തരവും ഞാന്‍ ഈ നിമിഷം ഏറെ വേദനയോടെ നിങ്ങളുമായി പങ്കു വെക്കട്ടെ.പുസ്‌തക പ്രകാശനചടങ്ങ്‌ ദിവസം അവരുടെ തലയില്‍ പ്രത്യേക രീതിയില്‍ അലങ്കരിച്ചു വെച്ച വെള്ള നിറമുള്ള തട്ടത്തില്‍ ഒരു സൈഡില്‍ പിടിപ്പിച്ചിരിക്കുന്ന മുത്തുകള്‍ തൊട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു... "അമ്മേ...എന്തിനാണ്‌ ഈ കിരീടം പോലെ ഇങ്ങനെ മുത്തൊക്കെ വെച്ചിട്ട്‌........ ?കുട്ട്യേ.......... മതം മാറീതല്ലേ....... അപ്പംപിന്നെ എന്തിനാ കൊറക്കിന്നത്‌ രാജകുടുംബം തന്നെ ആയ്‌ക്കോട്ടേന്ന്‌ ........" അവരുടെ നിഷ്‌കളങ്കമായ അടക്കം പറച്ചില്‍ കേട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
.

Saturday, May 23, 2009

സൗഹൃദം

സൗഹൃദം

എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല

എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്

ബന്ധം

നെയ്യുമായ് നിനക്കെന്തു ബന്ധം നെയ്യപ്പമേ

വാക്ക്

നാളെ ഞാൻ ആരുടേതാണെന്നെനിക്കറിയില്ല

എങ്കിലും ഒന്നറിയാം ഇന്നു ഞാൻ നിന്റേതാണ്

Saturday, May 16, 2009

ശൃംഗാരത്തിന്റെ ശക്തി

ശൃംഗാരത്തിന്റെ ശക്തി

പോലീസില്‍ ഏറെ പ്രാധാന്യം കല്‌പിക്കുന്ന ഒന്നാണ്‌ സീനിയോരിറ്റി.ഒരു നമ്പര്‍ സീനിയര്‍ പോലും സീനിയര്‍ ആണെന്നും സാര്‍ എന്നു മാത്രമേ അഭിസംഭോധന ചെയ്യാവൂ എന്നുമാണ്‌ ട്രയിനിംങ്ങിന്റെ നാളുകളില്‍ അച്ചടക്കത്തിന്റെ ആണിക്കല്ലായി ഓരോ ട്രയിനിയേയും ഇന്‍സ്‌ട്രക്ടര്‍ ഇടക്കിടക്ക്‌ ഓര്‍മ്മിപ്പിക്കുക.(അത്‌ സ്‌ത്രീകളാണെങ്കില്‍ മേഡം എന്നുമതിയെന്നത്‌ മുകളിലുള്ള ചില സാറമ്മാരുടെ അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ ഉത്തരവു മാത്രം.sir എന്ന പദത്തിന്‌ superior in rank എന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌ dictionry ല്‍ പറയുന്നു എങ്കിലും അതിന്റെ കൈവശാവകാശവും തങ്ങള്‍ക്കുതന്നെയാണെന്ന്‌ സ്ഥാപിക്കുനാനുള്ള തന്ത്രപ്പാടിലാണിവര്‍)ട്രയിനിംങ്‌ നാളില്‍ കേട്ടു ശീലിച്ച ഈ സീനിയോരിറ്റി വനിതാപോലീസുകാരോട്‌ പുരുഷപോലീസിന്‌ പ്രകടിപ്പിക്കേണ്ടതില്ലെന്ന്‌ മനസ്സിലാക്കാന്‍ അധിക കാലമൊന്നും എനിക്ക്‌ വേണ്ടി വന്നില്ല.

സാധാരണ മറ്റേതു വകുപ്പിലും അതത്‌ ഓഫീസിലെ സ്റ്റാഫിന്റെ പേരുകള്‍ ഓഫീസ്‌ റജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത്‌ സീനിയോരിറ്റി ക്രമത്തില്‍ തന്നെയായിരിക്കും .എന്നാല്‍ പോലീസ്‌ വകുപ്പില്‍ മുഴുവന്‍ പുരുഷപോലീസുകാരുടേയും പേരും നമ്പരും രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ വനിതാപോലീസുകാരുടെ പേരുകള്‍ എഴുതാറുണ്ടായിരുന്നുള്ളൂ.(ഉദാഹരണത്തിന്‌ 2004-ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരന്റെ പേരും നമ്പരും രേഖപ്പെടുത്തിയതിന്റെ ശേഷംമാത്രമേ 1991 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരിയുടെ പേരും നമ്പരും രേഖപ്പെടുത്തൂ)ഈ പ്രകടമായ ആണ്‍കോയ്‌മയെ ഞാന്‍ പലപ്പോഴും പല രീതിയില്‍ ചോദ്യം ചെയ്‌തെങ്കിലും എഴുത്തിന്റെ രീതിയില്‍ യാതൊരു മാറ്റവും വരുത്താതെ ഈ പോക്രിത്തരം അധികാരികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ്‌ ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രേഖകളിലും ഫോമുകളിലും ആണ്‍കോയ്‌മാപരമായുള്ള രീതികള്‍ ഒഴിവാക്കണമെന്നും gender nutral ആയി മാത്രമേ രേഖകളില്‍ പരാമര്‍ശമുണ്ടാകാവൂ എന്നുമുള്ള അനുകൂല വിധിവാങ്ങിയത്‌.ഈ വിധി ചൂണ്ടിക്കാട്ടി പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ല.വനിതാപോലീസുകാരുടെ പേരുകള്‍ താഴേതട്ടില്‍ തന്നെ കിടന്നു.

പരാതിപറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായ ഞാന്‍ ശൃംഗാരം ഗുണം ചെയ്യുമോ എന്നൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.വിശ്വാമിത്രന്‍ പോലും മേനകയുടെ ശൃംഗാരത്തില്‍ വീണുപോയില്ലേ........ ? പിന്നെയാണോ ഒരു സ്‌റ്റേഷന്‍ റൈട്ടര്‍............ (സ്‌റ്റഷനിലെ രേഖകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സ്‌റ്റേഷന്‍ റൈട്ടറാണ്‌.)ഞാന്‍ മനസ്സിനെ അതിനായി പരുവപ്പെടുത്തി.ഏതൊരു പെണ്ണിനും എളുപ്പം സാധിക്കുന്നതും ഏറ്റവും പ്രയാസമെന്ന്‌ അവള്‍ കരുതുന്നതുമായ ഒന്നാണ്‌ ശൃംഗാരം

ഒരു ദിവസം വൈകുന്നേരം ഞാന്‍ റൈട്ടര്‍ക്കഭിമുഖമായി ഒന്നും മിണ്ടാതെ അയാളെതന്നെ നോക്കിയിരുന്നു.എന്റെ സാമീപ്യത്തെ ആര്‍ത്തിയോടെ ഏതു നിമിഷവും സ്വാഗതം ചെയ്‌തു പോന്ന അയാള്‍ "എന്തിനാ............ വിനയേ ഈ ഗൗരവം ? എനിക്ക്‌ പണ്ടേ വിനയയെ ഇഷ്ടമാണ്‌.................. എന്നു തുടങ്ങി പഞ്ചാരയടിക്ക്‌ തുടക്കം കുറിച്ചു.

"നിങ്ങള്‍ക്കെന്നോടിഷ്ടമൊന്നുമില്ല " ഞാനും ചിണുങ്ങി.

"അതെന്താ............ വിനയേ " അയാള്‍ പരിഭവത്തോടെ മൃദുവായ രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.

"ഇഷ്ടമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ.......... ?" ഞാന്‍ നിബന്ധന വെച്ചു.

"എന്താ വേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി.എന്നെക്കൊണ്ട്‌ കഴിയുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും" അയാള്‍ അയാളുടെ പരിമിതി വ്യക്തമാക്കി.

"സാറിനു കഴിയുന്നതു തന്നെയാണ്‌.ഞാന്‍ പറയട്ടെ.................." ഞാന്‍ വീണ്ടും ചിണുങ്ങി.

"പറയ്‌ വിനയേ............ "അയാള്‍ക്ക്‌ ക്ഷമകെട്ടു.അയാള്‍ പ്രണയാതുരനായി തന്റെ സീറ്റില്‍ നിന്നുമെണീറ്റ്‌ എന്റെടുക്കല്‍ ഒരു കൈ എന്റെ കസേരക്കു പിറകില്‍ പിടിച്ച്‌ എന്നോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്റെ വാക്കുകള്‍ക്കായി കാത്തു നിന്നു.

"വേറൊന്നുമല്ല സാര്‍, നാളെമുതല്‍ duty book സീനിയോരിറ്റി ക്രമത്തില്‍ എഴുതണം. അത്രേയുള്ളൂ" ഞാന്‍ കാര്യം പറഞ്ഞു.(അപ്രകാരം എഴുതുമ്പോള്‍ എന്റെ നമ്പര്‍ ആദ്യം വരും.)"

ഓ......... അതാണോ അതെഴുതാം."വര്‍ഷങ്ങളായി ഞാന്‍ പാടുപെട്ട്‌ ചെയ്യിക്കാന്‍ ശ്രമിച്ച ഒരു മഹാകാര്യം അരമണിക്കൂര്‍കൊണ്ട്‌ സാധിച്ചത്‌കേട്ട്‌ അത്ഭുതത്തോടെ ഞാന്‍ എണീറ്റു.സമയം ഏറെ വൈകിയതുകൊണ്ട്‌ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ച്‌ എന്റെ പ്രണയം ഉറപ്പിച്ച്‌ "പോട്ടെ സാര്‍ സമയം വൈകി" എന്ന്‌ പറഞ്ഞ്‌ ഏറെ പ്രതീക്ഷയോടെ ഞാനിറങ്ങി.

പിറ്റേന്ന്‌ വന്നയുടനെ തന്നെ ഞാന്‍ ഡ്യൂട്ടിബുക്ക്‌ നോക്കി.അത്ഭുതം !അതെഴുതിയിരിക്കുന്നത്‌ സീനിയോരിറ്റി പ്രകാരം തന്നെയാണ്‌. പോലീസുകാരുടെ നമ്പര്‍ തുടങ്ങുന്നതു തന്നെ എന്റെ നമ്പര്‍ മുതലാണ്‌.എനിക്കു ശേഷം ഏകദേശം പതിനഞ്ചോളം പോലീസുകാര്‍................. ആദ്യമായി കിട്ടിയ അംഗീകാരം ഞാന്‍ നെടുവീര്‍പ്പിട്ടു.ഈ ശൃംഗാരം കൊണ്ട്‌ ഈ സ്റ്റേഷനിലെ ഡ്യൂട്ടി ബുക്കില്‍ മാറ്റം വരുത്താനല്ലാതെ കേരളത്തിലെ മുഴുവന്‍ ഡ്യൂട്ടിബുക്കിലും മാറ്റം വരുത്താനാവില്ലല്ലോ.......... അല്ലെങ്കില്‍ എല്ലാ സ്‌റ്റേഷനിലേക്കും വിളിച്ച്‌ അവിടുത്തെ പോലീസുകാരികളോട്‌ ഞാനിവിടെ സ്വീകരിച്ച മാര്‍ഗ്ഗം ഉപദേശിച്ചുകൊടുക്കേണ്ടി വരും.അഭിമാനത്തോടെ ജോലിചെയ്യണമെങ്കില്‍ റൈട്ടറോട്‌ ശൃംഗരിക്കൂ എന്നുപദേശിക്കലും അത്ര എളുപ്പമല്ലല്ലോ............

ആ രീതി തന്നെ പിറ്റേ ദിവസം മുതല്‍ തുടരുമെന്ന്‌ഞാന്‍ വിചാരിച്ചു.പിറ്റേന്ന്‌ അയാളോട്‌ ശൃംഗരിക്കാന്‍ ഞാന്‍ മിനക്കട്ടില്ല.പല കാരണങ്ങളുണ്ടാക്കി അയാളെന്നെ അയാളുടെ അടുക്കലേക്ക്‌ ക്ഷണിച്ചു.ഏതായാലും റിക്കാര്‍ഡിക്കലായി ഒരു കാര്യം തുടങ്ങിവെച്ചല്ലോ ......... ?ഇനി അത്ര എളുപ്പമല്ല അതു മാറ്റാന്‍ എന്നു ചിന്തിച്ച്‌ അയാളോട്‌ പോയി പണി നോക്കാന്‍ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ എന്റെ ഡ്യൂട്ടിയില്‍ മുഴുകി.പിറ്റേ ദിവസം രാവിലെ ഞാന്‍ വന്നപ്പോള്‍ അയാളുടെ മുഖം കടന്നലു കുത്തിയപോലെ .........ഞാനുടനെ തന്നെ DUTY BOOK എടുത്തുനോക്കിഅയ്യോ............! ദേ കിടക്കുന്നു ഞാന്‍ പഴയതുപോലെ ഏറ്റവും അവസാനം തന്നെ .......!( ഈ രീതിയില്‍ മാറ്റം വരുത്താനും പിന്നീടെന്റെ നിയമപരമായ ഇടപെടലിലൂടെ സാധിച്ചു.)

Monday, May 11, 2009

അയോഗ്യത

അയോഗ്യത
ഒരു ദിവസം സ്‌റ്റേഷനിലേക്ക്‌ ഒരാള്‍ ഫോണ്‍ വിളിച്ച്‌ സ്‌റ്റേഷന്‍ പരിധിയിലെ ഒരു പുഴയില്‍ നിന്നും അനധികൃതമായി മണലുകോരുന്നുണ്ട്‌ എത്രയും പെട്ടന്ന്‌ വരണം എന്നു പറഞ്ഞു.ഉടനെ തന്നെ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായിരുന്ന ASI എല്ലാവരോടുമായി ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു
"വെയിറ്റിംഗില്‍ ഉള്ളവരെല്ലാവരും വണ്ടിയില്‍ കയറ്‌.........."
അന്ന്‌ ഞാനും വെയിറ്റിംഗ്‌ ഡ്യൂട്ടിയിലായിരുന്നു.(Emergency waiting എന്നാണ്‌ പറയാറ്‌.ഓരോ ദിവസവും നിശ്ചിതയെണ്ണം പോലീസുകാരെ ഇത്തരത്തില്‍ Emergency waiting duty ക്കായി നിയമിക്കും.അപ്രതീക്ഷിതമായുണ്ടാകുന്ന അത്യാഹിത സംഭവങ്ങള്‍ക്ക്‌ ഉചിതമായ രീതിയില്‍ ഈ വിഭാഗത്തെ വിനിയോഗിക്കുകയാണ്‌ പതിവ്‌.)
ഞാനുള്‍പ്പെടെ അഞ്ചുപേരാണ്‌ അന്ന്‌ വെയിറ്റിംഗില്‍ ഉണ്ടായിരുന്നത്‌.അവരോടൊപ്പം ഞാനും വണ്ടിയില്‍ കയറാനായി ഇറങ്ങി.ഞാന്‍ ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോള്‍ "എന്തിനാ വിനയ കയറുന്നത്‌.മണലു കോരലാണ്‌ അവിടെ പെണ്ണുങ്ങളൊന്നും ഉണ്ടാകില്ല.വേണ്ട വിനയ കയറേണ്ട " എന്ന്‌ ASI ഒറ്റശ്വാസത്തില്‍ ഉത്തരവിറക്കി.
"ഓ........... അപ്പം പെണ്ണുങ്ങള്‌ മണലു കക്കുന്നില്ല എന്നുള്ളതാണോ ഈ ഡ്യൂട്ടിക്കുള്ള എന്റെ disqualification ? ഞാന്‍ മുമ്പിലെ കണ്ണാടിയിലൂടെ ASI സാറിന്റെ മുഖത്തുനോക്കി ചോദിച്ച്‌ എന്റെ പ്രതിഷേധം പ്രകടിപ്പിച്ച്‌ പിന്തിരിഞ്ഞു.വണ്ടി സ്റ്റാര്‍ട്ടിംഗ്‌ നിലയിലായിരുന്നു. ഒരു വാക്കേറ്റത്തിന്‌ സമയവുമില്ല.അവര്‍ ജീപ്പെടുത്തു.തികച്ചും മറ്റുള്ളവര്‍ക്കു മുന്നില്‍ പരിഹാസ്യയായി ഞാന്‍ സ്റ്റേഷനിലേക്കു കയറി.
ഇതെന്തൊരു ഗതികേടാണ്‌ ? ഇന്ന്‌ നിലവിലുള്ള കള്ളന്മാരും കൊള്ളക്കാരും മാഫിയക്കാരും ,ചൂതാട്ടക്കാരും എല്ലാം പുരുഷന്മാരാണ്‌.അങ്ങിനെയുള്ള സാഹചര്യം നിലനില്‌ക്കുമ്പോള്‍ sex തിരിച്ചു മാത്രമേ പോലീസുകാര്‍ക്ക്‌ ജോലി ചെയ്യാനൊക്കൂ എന്ന നില അപകടകരം തന്നെ.
വനിതാപോലീസുകാര്‍ക്ക്‌ ചടുലമായ ഒരു ജോലി ചെയ്യണമെങ്കില്‍ സ്‌ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ചടുലതയുള്ളവരാകണം.മണലുകക്കാനും,പണം വെച്ച്‌ ചീട്ടുകളിക്കാനും, കൊള്ളചെയ്യാനും മറ്റും മറ്റും സ്‌ത്രീകള്‍ മുന്നോട്ടു വരണേയെന്ന്‌ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വനിതാപോലീസുകാര്‍ പ്രാര്‍ത്ഥിക്കണോ............?
നിലവിലുള്ള മോശമായ അവസ്ഥയെ വീണ്ടും വീണ്ടും മോശമാക്കാതെ അത്‌ ഇല്ലായ്‌മ ചെയ്യണമെങ്കില്‍ അത്തരത്തിലുള്ള Duty കളില്‍ താത്‌പര്യത്തോടെ കടന്നു വരുന്നവരെയെങ്കിലും തടയാതിരിക്കണം.

Saturday, May 9, 2009

തീരുമാനം

തീരുമാനം
"മേമേ............. വീടിന്റെ പെയിംന്റിംഗ്‌ പണി ഞങ്ങള്‍ക്കു തരണേ"യെന്നുപറഞ്ഞ്‌ എന്റെ വീടിന്റെ പെയിംന്റെിംഗ്‌ പ്രവര്‍ത്തിയുടെ ഓര്‍ഡര്‍ പിടിച്ചത്‌ എന്റെ ബന്ധുവായ ജേഷ്ടന്റെ മകനാണ്‌.അയാളിപ്പോള്‍ ബി.കോം പാസ്സായി.ഇന്ന്‌ വിദ്യാസമ്പന്നരായ ആണ്‍കുട്ടികളില്‍ പലരും ഇടക്കാല തൊഴില്‍മേഖലയായി തിരഞ്ഞെടുക്കുന്ന പല ജോലികളിലൊന്നാണ്‌ പെയിംന്റെിംഗ്‌ .എന്നോടു ചോദിച്ച ഉടനെ ഞാന്‍ സമ്മതം കൊടുത്തു. -
"ചിലവടക്കം കൂലി ആയിട്ടുമതി പണി. "ഞാന്‍ എന്റെ നിബന്ധന പറഞ്ഞു.
"അതു പറ്റില്ല മേമേ....... ചിലവു വേണം ഭക്ഷണം പുറത്തു പോയി കഴിക്കലെല്ലാം വലിയ പ്രയാസമാണ്‌.നല്ല ഭക്ഷണമൊന്നും കിട്ടില്ല മേമേ........ മേമ എന്തുണ്ടാക്കിയാലും മതി ഞങ്ങള്‍ കഴിച്ചോളും. കൂട്ടത്തിലുള്ളോരൊക്കെ എന്റെ കൂട്ടുകാരാണ്‌. അവര്‍ക്കൊന്നും ഒരു ജാഡയുമില്ല.............." അയാള്‍ അയാളുടെ ബുദ്ധിമുട്ടുകളും തന്റെ കൂട്ടുകാരുടെ മഹത്വവും വര്‍ണ്ണിച്ചു." ചിലവൊക്കെ തരാം പക്ഷേ തിന്ന പാത്രം മോറണം" ഞാന്‍ എന്റെ മനോഗതം വ്യക്തമാക്കി.
"ഓ........ അതൊന്നും കുഴപ്പമില്ല മേമേ.......... ഞങ്ങള്‌ കഴുകിക്കോളും " അയാളെന്റെ നിബന്ധന അംഗീകരിച്ചു.
തിന്ന പാത്രം അപ്പാടെ ഇട്ടിട്ടുപോകുന്ന ആഡ്യന്മാരായ ചില ആണുങ്ങള്‍ എന്റെ വീട്ടില്‍ പണിക്കുവരുമ്പോഴേ ഞാന്‍ പറയും ചിലവടക്കം (ഭക്ഷണമടക്കം) കൂലിമതിയെന്ന്‌ . ദാസേട്ടനുമായി അവര്‍ സംസാരിച്ച്‌ പലപ്പോഴും ചിലവുള്‍പ്പെടെ കൂലിയാക്കും.വിവരം എന്നോടു പറയുമ്പോള്‍ ഞാന്‍ പറയുന്നത്‌ ഒന്നു മാത്രം "അവന്മാരൊക്കെ തിന്നുന്ന പാത്രം നിങ്ങള്‍ കഴുകുമെങ്കില്‍ ചിലവുകൊടുക്കാം "
. ആ നിബന്ധന ദാസേട്ടന്‍ അംഗീകരിക്കും.ആണുങ്ങള്‍ തിന്ന പാത്രം കഴുകുക എന്നുവെച്ചാല്‍ എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്‌.ഏകദേശം ഇരുപതു ദിവസത്തോളം നാല്‌ ആണ്‍കുട്ടികള്‍ (പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവര്‍ , നല്ല വിദ്യാഭ്യാസമുള്ളവര്‍, തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തില്‍ പിറന്നവര്‍ ) ഞാന്‍ പറഞ്ഞ നിബന്ധന പാലിച്ചു കൊണ്ട്‌ ജോലി ചെയ്‌തു.പക്ഷേ അവര്‍ ഒരു ദിവസം പോലും ചായ കുടിച്ച ഗ്ലാസോ ,വെള്ളം കുടിച്ച ഗ്ലാസോ കഴുകിയില്ല.എന്റെ വാചകത്തിലെ പിഴവ്‌ അവര്‍ ശരിക്കും മുതലെടുത്തു.മേലില്‍ പണിക്കുവരുന്ന 'മാന്യന്മാരായ' ആണുങ്ങളോട്‌ വളരെ കൃത്യമായിതന്നെ തിന്ന പാത്രവും കുടിക്കുന്ന ഗ്ലാസ്സും മോറണമെന്ന്‌ പറയാന്‍ ഞാന്‍ തീരുമാനിച്ചു.

Friday, May 8, 2009

പുതുമ

പുതുമ
മത്സരം ദിനചര്യയാകിടില്‍
പുതുമയെന്തുണ്ട്‌ കാണുവാന്‍
‍സൗഹൃദം
എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല
എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്‌
പ്രശ്‌നം
പ്രശ്‌നത്തിലിടപെട്ടാല്‍പ്രശ്‌നം കണിശം
ആ വഴി പ്രശ്‌നമതാണെങ്കില്‍നീ
പോവുക പോവുക ഈ വഴിയെ
യജമാനന്‍
പിച്ച നല്‍കും തെണ്ടിയും
യജമാനന്‍ തന്നെയാ നിമിഷം

Thursday, May 7, 2009

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?

ഭാര്യയെങ്ങിനെ രക്ഷാകര്‍ത്താവാകും ?
പോലീസ്‌ സ്‌റ്റേഷനില്‍ വ്യക്തികളുടെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ നടത്തുന്നതിനായിമാത്രം ഒരു printed form നിലവിലുണ്ട്‌.അതിന്റെ രണ്ടാം കോളത്തില്‍ രക്ഷിതാവിന്റെ പേരാണ് എഴുതേണ്ടത്.(സ്വന്തമായി ഉപജീവനം നടത്തി പലര്‍ക്കും താങ്ങും തണലുമായി നില്‌ക്കുന്നവര്‍ക്കും ഒരു രക്ഷിതാവിന്റെ പേരു വേണം എന്നത്‌ വെറും ദുശ്ശാഠ്യംമാത്രമാണെന്ന്‌ പറയാതിരിക്കാനാവില്ല.)
ആരാണ്‌ ഗാര്‍ഡിയന്‍ ? ഒരു വ്യക്തിയേയോ,വസ്‌തുവിനേയോ,സ്ഥലത്തിനേയോ സംരക്ഷിക്കുവാനോ കൈകാര്യംചെയ്യുവാനോ നിയമപരമായി ചുമതലപ്പെട്ട ആള്‍.
ഒരു ദിവസം എനിക്കു കിട്ടിയ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഫോമില്‍ അപേക്ഷകന്റെ (കോടതി എന്തു വിധിച്ചിട്ടും കാര്യമില്ല ഇപ്പോഴും 'അപേക്ഷകന്‍ ' തുടരുന്നു) രക്ഷാകര്‍ത്താവിന്റെ പേര്‌ എന്ന കോളത്തില്‍ ഞാന്‍ അയാളുടെ ഭാര്യയുടെ പേരെഴുതി.വെരിഫിക്കേഷനു ശേഷം ഞാന്‍ ഫോം സ്‌റ്റേഷനില്‍ ഹാജരാക്കി.സ്‌റ്റേഷനിലെ പുരുഷാധിപത്യക്കോമരങ്ങള്‍ കലിതുള്ളിയിളകി.
"അതെങ്ങനെയാണ്‌ ഭാര്യ ഭര്‍ത്താവിന്റെ രക്ഷാകര്‍ത്താവാകുന്നത്‌ ? "
"ഭാര്യക്ക്‌ ഭര്‍ത്താവിനെ സംരക്ഷിക്കാനാകുമോ ?"
"ഇതെവിടുത്തെ ന്യായം?"
"കേട്ടുകേള്‍വിപോലുമില്ലല്ലോ.... ?"
"ചിരിക്കാന്‍ വകയുണ്ട്‌"
ഇത്തരത്തില്‍ നേരിട്ടും അല്ലാതേയും വാക്കുകള്‍ കൊണ്ടുള്ള ആക്രമണങ്ങളും പരിഹാസങ്ങളും തുടര്‍ന്നുകൊണ്ടിരിക്കെ സ്റ്റേഷന്‍ റൈട്ടര്‍ എന്നെ വിചാരണക്കായി വിളിപ്പിച്ചു.ഞാന്‍ പൂരിപ്പിച്ചുകൊടുത്ത ഫോം കൈയ്യിലെടുത്ത്‌ എല്ലാവരുടേയും ഇടയില്‍ വെച്ചുകൊണ്ട്‌ അയാള്‍ ഗൗരവത്തോടെ ചോദിച്ചു.
" എന്താ......... ഇയാള്‍ക്ക്‌ അച്ഛനില്ലേ...............?"
"സാര്‍ അതിലെന്താണ്‌ തെറ്റ്‌ ? അയാളുടെ അച്ഛനുമമ്മയും രോഗികളാണ്‌.അച്ഛന്‌ പരസഹായമില്ലാതെ നടക്കാന്‍പോലുമാവില്ല.അയാള്‍ക്ക്‌ ഏതു വിധത്തിലും എന്തെങ്കിലും ഒരു സഹായം ചെയ്യാനകുക അയാളുടെ ഭാര്യക്കുമാത്രമാണ്‌.ഇനി അയാള്‍ പുറത്തു പോയാലും അയാളുടെ അച്ഛനേയും അമ്മയേയും അവരുടെ രണ്ടു മക്കളേയും തരക്കേടില്ലാത്ത രണ്ടു നില വീടും അഞ്ചേക്കറോളം വരുന്ന ഭൂമിയുമെല്ലാം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടി വരിക അവര്‍മാത്രമായിരിക്കും.അതുകൊണ്ടുതന്നെ ആ കോളത്തില്‍ അവരുടെ പേര്‌ തന്നെയാണ്‌ ചേര്‍ക്കേണ്ടത്‌." എല്ലാവരോടുമായി ഞാന്‍ എന്റെ വാദവും നിരത്തി.
പ്രത്യേകിച്ചെനിക്കൊരു മറുപടിയും തരാതെ അയാള്‍ (റൈട്ടര്‍) എന്റെ മുന്നില്‍വെച്ചുതന്നെ ആ കോളം വെട്ടി അപേക്ഷകന്റെ അച്ഛന്റെ പേര്‌ എഴുതി വിജയഭാവത്തില്‍ എന്നെ നോക്കി ഒരു താക്കീതെന്നോണം പറഞ്ഞു
"ഇനി മേലില്‍ ഇത്തരത്തില്‍ എഴുതുകയാണെങ്കില്‍ നിങ്ങളെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഡ്യൂട്ടിയില്‍ നിന്നുതന്നെ ഒഴിവാക്കേണ്ടി വരും "
ഞാന്‍ ഒന്നും മിണ്ടിയില്ല.അങ്ങനെ എഴുതിയില്ലെങ്കില്‍ ആ ഡ്യൂട്ടിയില്‍ നിന്നുകൂടി ഞാന്‍ മാറ്റി നിര്‍ത്തപ്പെടും എന്നല്ലാതെ പ്രത്യേകിച്ചൊരുഗുണവും അതുകൊണ്ടുണ്ടാകാനില്ലെന്ന്‌ കൃത്യമായി ബോധ്യമുള്ളതുകൊണ്ട്‌ അല്‌പം കഴിഞ്ഞ്‌ ഞാന്‍ വളരെ ശാന്തമായിതന്നെ പറഞ്ഞു
" ഇല്ല സാര്‍ ഇനി മേലില്‍ ഞാന്‍ ആവര്‍ത്തിക്കുകയില്ല."
തന്റെ ആധിപത്യത്തിനേല്‍ക്കുന്ന നേരിയ വിള്ളല്‍ പോലും സഹിക്കാന്‍ അവനാകുന്നില്ലെന്നുമാത്രമല്ല ആ നീര്‍ക്കുമിള പൊട്ടാതിരിക്കാന്‍ ഏറിയ പങ്കപ്പാടിലുമാണവന്‍

Friday, May 1, 2009

ഭക്ഷണം, പ്രീതി...........

ഭക്ഷണം
മറ്റുള്ളോര്‍ കഴിക്കുന്നു എന്നുള്ളതല്ല
എന്റെ വിശപ്പിനെ ശമിപ്പിക്കുവാനാണ്‌

പ്രീതി
ചെകുത്താന്റെ പ്രീതിയും ദൈവത്തിന്‍ പ്രീതിയും
ഒരുപോലെയിന്നെനിക്കത്യാവശ്യം
വലുത്‌
ആശയമല്ല ആമാശയമാണ്‌