Sunday, March 28, 2010

ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............................

ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............................
ഹൈസ്‌ക്കൂളില്‍ പഠിച്ചപ്പോള്‍ മിടുക്കിയായിരുന്ന പുഷ്‌പ ഏറെ തളര്‍ന്നാണ്‌ എന്റെടുത്തെത്തിയത്‌.ഭര്‍ത്താവിന്റെ ഉപദ്രവം തന്നെയായിരുന്നു കാരണമെങ്കിലും ആദ്യം അയാളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടുത്തിയവര്‍ ഇന്ന്‌ അയാളുടെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടിക്കുകയാണെന്നുംനാട്ടുകാരേയും വീട്ടുകാരേയും മുഷിപ്പിക്കാതെ താന്‍ സ്വന്തമായി പണിത തന്റെ വീ്‌ടില്‍ രണ്ടുകുഞ്ഞുങ്ങളോടൊത്ത്‌ ഇനിയുള്ള കാലം മനസമാധാനത്തോടെ ജീവിക്കണം എന്നതാണ്‌ പുഷ്‌പയുടെ ആവശ്യം.മുഴുക്കുടിയനും ഉപദ്രവകാരിയുമായിരുന്ന ഭര്‍ത്താവ്‌ നാട്ടുകാരുടെ ഇടപെടലും പുഷ്‌പ കൊടുത്ത പോലീസ്‌ കേസും നിമിത്തം രണ്ടു വര്‍ഷമായി അയാളുടെ നാടായ തിരുവനന്തപുരത്തായിരുന്നു.രണ്ടുമാസം മുമ്പ്‌ നാട്ടില്‍ വന്ന അയാള്‍ നാട്ടുകാരേയും വീട്ടുകാരേയും കൈയ്യിലെടുത്തു.അയാള്‍ പോട്ടയില്‍ പോയി ധ്യാനം ചെയ്‌തെന്നും തത്‌ഫലമായി മാനസാന്തരപ്പെട്ടെന്നുമാണ്‌ അയാളും നാട്ടുകാരും വീട്ടുകാരും പറയുന്നത്‌.മാനസാന്തരപ്പെട്ടവന്‌ ഒരവസരം കൊടുത്തുകൂടേ എന്നതാണ്‌ അവരുടെ ഭാഷ്യം .രാവിലത്തെ തിരക്കും പതിവു ഡ്യൂട്ടികളും എന്നെ അക്ഷമയാക്കി. പുഷ്‌പയുടെ കഥക്ക്‌ വിരാമമിടാനെന്നവണ്ണം അവര്‍ ഉദ്ദേശിക്കുന്ന പരിഹാരമറിയാനായി ചോദിച്ചു."തനിക്ക്‌ എന്ത്‌ സഹായമാണ്‌ അയാളില്‍നിന്നും വേണ്ടത്‌ " അങ്ങനെ ചോദിക്കാനുള്ള കാരണം സാധാരണയായി സ്‌ത്രീകള്‍ ചിലവിനു കിട്ടാനും അയാളുടെ(ഭര്‍ത്താവിന്റെ) പേരിലുള്ള സ്വത്തിന്റെ വിഹിതം നേടുക തുടങ്ങിയവക്കുള്ള നിയമോപദേശവും മറ്റുമാണ്‌ ചോദിക്കുക.അയാള്‍ക്ക്‌ തിരുവനന്തപുരത്ത്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ച്‌ സെന്റെ ഭൂമിയുണ്ടെന്നവള്‍ സംസാരമധ്യേ സൂചിപ്പിച്ചത്‌കൂടി മനസ്സില്‍ വെച്ചാണ്‌ ഞാന്‍ അപ്രകാരം ചോദിച്ചത്‌.എന്റെ ചോദ്യം കഴിഞ്ഞുതീരും മുമ്പ്‌ പുഷ്‌പ മറുപടി പറഞ്ഞു"വിനയേ............... വേറൊന്നും വേണ്ട അയാളെന്നെയൊന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............

Thursday, March 25, 2010

അവളിപ്പോഴും സൂ................പ്പര്‍

അവളിപ്പോഴും സൂ................പ്പര്‍

രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ഔദ്യോഗിക ഡ്യൂട്ടിയില്‍ എന്നെ ഏറെ സഹായിച്ച ചടുലതയുള്ള ചെറുപ്പക്കാരനായിരുന്നു ജലീല്‍ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയേറെ കഷ്ടപ്പെടാനും ത്യാഗം ചെയ്യാനുമുള്ള ജലീലിന്റെ നല്ല മനസ്സ്‌ ഭൂമിയിലിപ്പോഴും നന്മ വറ്റിയിട്ടില്ലെന്നതിന്റെ തെളിവായി എനിക്കു തോന്നി.മിതഭാഷിയായ ജലീല്‍ ഏറെ തിരക്കും ഉത്തരവാദിത്തങ്ങളും ഉള്ള വ്യക്തിയാണെന്നും ആര്‍ക്കൊക്കയോ ഏറെ വേണ്ടപ്പെട്ടവനാണെന്നും അയാളുടെ ഫോണ്‍ സന്ദേശങ്ങളിലൂടേയും,ആളുകള്‍ അയാളോട്‌ പെരുമാറുന്ന രീതിയില്‍ നിന്നും എനിക്ക്‌ ബോധ്യമായി.രണ്ടാമത്തെ ദിവസം ഉച്ചയോടെ ജലീലിന്റെ കുടുംബത്തെക്കുറിച്ചന്യേഷിച്ചു.

" ജലീല്‍ married അല്ലേ , കുട്ടികള്‍ "?

"അതെ. " ജലീല്‍ ഉത്തരം പറഞ്ഞ്‌ നിര്‍ത്തി.

"കുട്ടികളില്ലേ" സ്വാഭാവികമായ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചുപോയി.

"ഉം............ " ജലീല്‍ ഒരു മൂളലില്‍ നിര്‍ത്തി.

"എത്ര പേരുണ്ട്‌ "? ഞാന്‍ ശീലിച്ച രീതിയില്‍ തുടര്‍ന്നു.

" പന്ത്രണ്ട്‌ " വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞ്‌ ജലീല്‍ ഡ്രൈവിംഗ്‌ തുടര്‍ന്നു.

"ന്റെമ്മോ............ പന്ത്രണ്ടോ...... അവരാകെ തളര്‍ന്നിട്ടുണ്ടാകുമല്ലോ " ഒരു നിമിഷം എന്റെ ശ്വാസം പോലും നിന്നുപോയിഎന്റെ അത്‌ഭുതത്തെ ഒന്നുകൂടി അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ഡ്രൈവിംഗിനിടെ വലതുകൈയ്യുയര്‍ത്തി തള്ളവിരല്‍ പുറകോട്ടു മടക്കി വീറോടെ ജലീല്‍ പറഞ്ഞു " ഉം....................... അവളിപ്പോഴും സൂ....................പ്പര്‍ "

Tuesday, March 16, 2010

അഭ്യര്‍ത്ഥന

അഭ്യര്‍ത്ഥന

തിരുവന്തപുരത്തുള്ള ഹിന്ദികോളേജിലെ ഒരു ചടങ്ങ്‌ . അഥിതിയായി എന്നെ കൂടാതെ വേദിയില്‍ ആറു പുരുഷന്മാരും ഉണ്ടായിരുന്നു.(മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവര്‍)സ്വാഗത പ്രാസംഗികന്‍ ഓരോരുത്തര്‍ക്കും സ്വാഗതമരുളുമ്പോള്‍ സ്‌റ്റേജിനു പിന്നില്‍ നിന്നും സെറ്റു സാരി ധരിച്ച്‌ മുല്ലപ്പൂ ചൂടി ചന്ദനക്കുറി അണിഞ്ഞ സുന്ദരികളായ യുവതികള്‍ സ്വാഗതമരുളുന്ന വ്യക്തികള്‍ക്ക്‌ റോസാപ്പൂകൊണ്ടുള്ള ഓരോ ബൊക്കെകള്‍ കൊടുത്തു.അഞ്ചാമതായിട്ടാണ്‌ എനിക്ക്‌ സ്വാഗതം പറഞ്ഞത്‌.എനിക്കും കിട്ടി സുന്ദരിയില്‍ നിന്നും ഒരു ബൊക്കെ.എന്റെ പ്രസംഗവേളയില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.

"എന്നെ വിളിച്ചതില്‍ എനിക്കു സന്തോഷമുണ്ടെങ്കിലും നിങ്ങളുടെ ബൊക്കെ തന്ന രീതിയില്‍ ഞാന്‍ തീര്‍ത്തും നിരാശവതിയാണ്‌. ഇവിടിരിക്കുന്ന പ്രായഭേദമന്യേ എല്ലാ പുരുഷന്മാര്‍ക്കും സുന്ദരികളായ യുവതികള്‍ ബൊക്കെ കൊടുക്കുന്നതും അവരെല്ലാം ആ സുനദരിമാരോട്‌ ചിരിച്ച്‌ ചാരിതാര്‍ത്ഥ്യത്തോടെ ബൊക്കെ വാങ്ങുന്നതും കണ്ടപ്പോള്‍ ഞാനും കൊതിയോടെ കാത്തിരുന്നു, കൗപീനം നിഴലിക്കുന്ന ഒറ്റമുണ്ടുടുത്ത്‌ രണ്ടാം മുണ്ടും തോളിലിട്ട്‌ ചന്ദനക്കുറിയണിഞ്ഞ ഒരു സുന്ദരന്‍.ആ സുന്ദരന്റെ വിരലുകളില്‍ മനപ്പൂര്‍വ്വമല്ലാതെന്നവണ്ണം നന്നായിട്ടൊന്ന്‌ സ്‌പര്‍ശിച്ച്‌ സായൂജ്യമടയാന്‍ ഞാനും വല്ലാതെ മോഹിച്ചുപോയി.തീര്‍ച്ചയായും ഞാന്‍ നിരാശപ്പെട്ടു.അടുത്ത തവണ നിങ്ങള്‍ എന്നെ വിളിക്കുകയാണെങ്കില്‍ ബൊക്കെ തരാന്‍ ഒരു സുന്ദരനെ ശട്ടംകെട്ടണേ...... ഞാന്‍ അവരോടഭ്യര്‍ത്ഥിച്ചു.

Tuesday, March 9, 2010

മിഠായി

മിഠായി
രാജ്യസഭയില്‍ വനിതാബില്‍ പാസായതിനെത്തുടര്‍ന്ന്‌ ' ചരിത്രപരമായ നിമിഷം ' എന്ന ടെലിവിഷന്‍സ്ലൈഡ്‌ കണ്ട്‌ ഞാന്‍ എന്റെ ഗ്രാമമായ മാടക്കരരയിലേക്കോടി.പ്രതീക്ഷിച്ചതായ യാതൊരുവിധ ആരവങ്ങളോ , ജയ്‌ വിളിയോ ഇല്ലാതെ ആണുങ്ങള്‍ കൂട്ടം കൂട്ടമായി നാട്ടുകാര്യങ്ങള്‍ പറയുന്നു.ഞാന്‍ സനിക ബേക്കറിയില്‍ നിന്നും കുറച്ചു മിഠായി വാങ്ങി ടൗണിലുള്ള ആണ്‍കൂട്ടങ്ങള്‍ക്ക്‌ വിതരണം ചെയ്‌തു.ഓരോരുത്തരും കാര്യം തിരക്കി.വനിതാ ബില്ല്‌ പാസായതിന്‌ എന്നു ഞാന്‍ മറുപടിയും കൊടുത്തു.ടൗണില്‍ മിഠായി വിതരണം നടത്തി ഞാന്‍ വീട്ടിലെത്തി.അല്‌പം കഴിഞ്ഞപ്പോള്‍ എന്നെകാണാന്‍ ജോര്‍ജ്ജേട്ടന്‍ എത്തി.ഞാന്‍ ജോര്‍ജ്ജേട്ടനോട്‌ കാര്യം തിരക്കി.(മിനിട്ടുകള്‍ക്കു മുമ്പ്‌ കണ്ടതുകൊണ്ട്‌ )"മാഡം ഞാന്‍ നിങ്ങളെയൊന്ന്‌ അഭിനന്ദിക്കാന്‍ വന്നതാ..... " " എന്തിനാ ജോര്‍ജ്ജേട്ടാ വനിതാ ബില്ല്‌ പാസായ വകയിലാ " ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു." അതിനു മാത്രമല്ല ആ സമയം വരെ ആര്‍ക്കും ഒരു വിഷയം പോലുമല്ലാതിരുന്ന വനിതാബില്‍ ആ മിട്ടായി വിതരണത്തിനുശേഷം എല്ലാവരുടേയും മുഖ്യ വിഷയമായി മാറി.മാടക്കരയിലിപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നതുതന്നെ വനിതാബില്ലാണ്‌.ഒരു മിഠായിക്ക്‌ ഇത്രയും കഴിവുണ്ടെന്നിപ്പഴാ മനസ്സിലായത്‌. ജോര്‍ജ്ജേട്ടന്‍ ചിരിച്ചു.ജോര്‍ജ്ജേട്ടന്‍ പറഞ്ഞപ്പോള്‍ മാത്രമാണ്‌ ആ മിഠായി വിതരണത്തിന്റെ ഉദ്ദേശം ഞാനും ഓര്‍ത്തത്‌.

Sunday, March 7, 2010

എന്തെല്ലാം പഠനങ്ങള്‍.......

എന്തെല്ലാം പഠനങ്ങള്‍.......!വ്യക്തികളുടെ വിലാസം അവരെ തിരിച്ചറിയാന്‍ മാത്രമാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌.സ്‌ത്രീയുടെ വിലാസം എഴുതുന്ന രീതിയില്‍ തന്നെ പുരുഷന്റെ വിലാസവും എഴുതാം എന്നാണെങ്കില്‍ അത്‌ വെറും വ്യാമോഹം.കാര്യത്തോടടുക്കുമ്പോളറിയാം സ്‌ത്രീയും പുരുഷനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നൊക്കെ വീമ്പു പറയുന്ന മനുഷ്യസ്‌നേഹികളുടെ യഥാര്‍ത്ഥമുഖം .ഇക്കാര്യം ഞാനറിയാന്‍ തുടങ്ങിയിട്ട്‌ ശ്ശി കാലമായെങ്കിലും രണ്ടു മാസങ്ങള്‍ക്കു മമ്പാണ്‌ അതിന്റെ ശക്തി വളരെ നേരിട്ട്‌ അനുഭവിക്കാനുള്ള 'ഭാഗ്യം' ഉണ്ടായത്‌.സ്ഥലം എന്റെ തൊഴിലിടം തന്നെ.ഞാന്‍ പുരുഷന്മാരുടെ വിലാസമെഴുതുന്ന രീതിയാണ്‌ എന്റെ പുരുഷ സഹപ്രവര്‍ത്തകരേയും പുരുഷമേലുദ്യോഗസ്ഥരേയും ചൊടിപ്പിച്ചത്‌."സീത w/o(Wife of) രാമന്‍, തെക്കേടത്ത്‌ (വീട്‌) മാങ്കൊമ്പ്‌ ,അമ്പലവയല്‍ ഈ വിലാസമെഴുതിയ രീതി ശരിയാണ്‌ അംഗീകരിക്കത്തക്കതാണ്‌.രാമന്റെ വിലാസമാണ്‌ പ്രകോപനമുണ്ടാക്കിയത്‌."രാമന്‍ H/o(Husbend of)സീത,തെക്കേടത്ത്‌ വീട്‌ മാങ്കൊമ്പ്‌ അമ്പലവയല്‍ (പേരുകള്‍ സാങ്കല്‍പികം) വിലാസം ശ്രദ്ധയില്‍ പെട്ട മാത്രയില്‍ സ്റ്റേഷനിലെ പുരുഷാധിപത്യത്തിനു വിള്ളലേറ്റു.അവര്‍ പ്രതികരിച്ചു.മാറ്റിയെഴുതണം. സ്‌ത്രീകള്‍ അറിയപ്പെടാത്തവരാണ്‌.പുരുഷന്‍ അറിയപ്പെടേണ്ടത്‌ അവന്റെ അച്ഛന്റെ പേരിലാണ്‌.... ന്യായങ്ങള്‍ പലവിധം.എവിടെയോ കിടന്ന ഒരു രാമനു വേണ്ടി ഒത്തിരി രാമന്‍മാര്‍ ശബ്ദിച്ചു.മാറ്റി എഴുതണമെങ്കില്‍ അതിലെ തെറ്റു കാണിച്ച്‌ മെമ്മോ തരണമെന്നും,രേഖാപരമായി ആവശ്യപ്പെട്ടാലല്ലാതെ തിരുത്താനാകില്ലെന്ന്‌ ഞാനും ശഠിച്ചു.പ്രശ്‌നം ഉന്നത(പുരുഷ)ാധികാരികളുടെ മുന്നിലും എത്തിച്ചു.ഇപ്പോള്‍ സ്വതന്ത്രമായ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി ഒരു കാഴ്‌ചവസ്‌തുവായി സ്‌റ്റേഷന്റെ മുന്നിലരുത്തി മറ്റുള്ളവരുടെ തിരക്കിട്ട ജോലികളും ചര്‍ച്ചകളും ശ്രദ്ധിച്ച്‌ അവഗണനയുടെ തീഷ്‌ണത എത്രത്തോളം സഹിക്കാമെന്ന്‌ അനുഭവിച്ച്‌ പഠിക്കാന്‍ ശ്രമിക്കുന്നു.എന്തെല്ലാം പഠനങ്ങള്‍......!

Tuesday, March 2, 2010

സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍

സത്‌പേര്‌ കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍
വയനാട്ടിലെ ആദിവാസികളാണ്‌ മൂപ്പന്‍മാര്‍.കുറുമര്‍ എന്നും പറയും.ഇവരുടെ കുടുംബങ്ങള്‍ സ്‌ത്രീകളെ വ്യാപകമായ ചൂഷണത്തിനു വിധേയമാക്കുന്നതിനുപയോഗിക്കുന്ന ഒരു ആചാരമാണ്‌ കുലം.ഒരു പെണ്‍കുട്ടിക്ക്‌ ഏതെങ്കിലും വിധത്തില്‍ ഒരു വിവാഹം ആരെങ്കിലും തരപ്പെടുത്തുമ്പോള്‍ കുലം ചേരില്ലെന്നു പറഞ്ഞ്‌ കാരണവന്‍മാര്‍ വളരെ എളുപ്പത്തില്‍ ആ വിവാഹം മുടക്കുന്നു. ഒരു പുരുഷനും കുലം ചേരാത്തതിന്റെ പേരില്‍ വിവാഹം കഴിക്കാതേയുമിരിക്കുന്നില്ല എന്നതാണ്‌ ഇതിലെ പൊള്ളത്തരം. ചൊവ്വാദോഷത്തന്റേയും ശുദ്ധ ജാതകത്തിന്റേയും പേരില്‍ വിവാഹം മുടങ്ങുന്ന മേല്‍ജാതിക്കാരില്‍ ആണും പെണ്ണും ഒരുപോലെയുണ്ട്‌ എന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്‌. ഇന്ന്‌ ഏതൊരു മൂപ്പന്‍ കോളനിയെടുത്താലും മുപ്പതു വയസ്സില്‍ ഏറെ പ്രായമുള്ള അവിവാഹിതരായ നാലും അഞ്ചും യുവതികളെ നമ്മുക്ക്‌ കാണാനാകും.ഇവരുടെ സ്വത്തും അധ്വാനവും ഇവര്‍ കുടുംബത്തിനു വേണ്ടി തന്നെ ഉപയോഗിച്ച്‌ യാതൊരു മാനസീകാനന്ദവും കണ്ടെത്താനാകാതെ നിസ്സഹായരായി ജീവിക്കന്നത്‌ ആരിലും സഹതാപം ഉളവാക്കും. സമുദായത്തിന്റെ വിലക്കും പുറത്താക്കലും ഭയന്ന്‌ ഇവര്‍ പ്രേമിക്കാന്‍ പോലും മടിക്കുന്നു. ഇവരില്‍ ഏതൊരു സ്‌ത്രീയോടും നമ്മള്‍ സ്വകാര്യമായി ചോദിച്ചാല്‍ അവരുടെ ചെറുപ്പകാലത്ത്‌ ഒരു നിബന്ധനയുമില്ലാതെ അവരെ വിവാഹം കഴിക്കാന്‍ തയ്യാറായ പുരുഷന്മാരെ കുറിച്ച്‌ അവര്‍ക്ക്‌ പറയാന്‍ മധുരിക്കുന്ന ഒരു കഥയുമുണ്ടാകും.ബ്രോക്കര്‍ മാരില്ല എന്നതാണ്‌ ഇവര്‍ക്കിടയിലെ മറ്റൊരു കാര്യം.പെണ്ണിനെ തേടി ആണ്‌ വരികതന്നെ വേണം.തന്റെ വീട്ടില്‍ ഒരു പെണ്ണുണ്ട്‌ എന്ന്‌ വീട്ടുകാര്‍ മറ്റുള്ളവരെ അറിയിക്കുക എന്നത്‌ ഒരു കുറച്ചിലായും ഇവര്‍ കാണുന്നു.വീട്ടിലുള്ള ആണ്‍കുട്ടികള്‍ ഇരുപതു വയസ്സാകുമ്പോഴേക്കും പെണ്ണു തേടി ഇറങ്ങും. ഇരുപത്തഞ്ചു വയസ്സാകുമ്പോഴേക്കും അവരുടെ വിവാഹവും തരപ്പെടും.സമൂഹവിവാഹത്തിലും ഇവര്‍ക്ക്‌ കാര്യമായ യാതൊരു പങ്കും ഇല്ല.അത്‌ തികച്ചും ആലോചിക്കാനും ചിന്തിക്കാനും ആളുകളുള്ള മേല്‍ജാതിക്കാര്‍ക്കു മാത്രമുള്ളതാകുന്നു.കുടുംബ ജീവിതത്തെപ്പറ്റി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ യുവതികള്‍ ഈ കുടുംബങ്ങളുടെയെല്ലാം സത്‌പേരും നിലനിര്‍ത്തി തങ്ങളുടെ യൗവ്വന ചിന്തകള്‍ സ്വന്തം മനസ്സില്‍ തന്നെ കുഴിച്ചുമൂടി കാലം കഴിക്കുന്നു.