Tuesday, September 14, 2010

അദ്ദേഹം

അദ്ദേഹം
ബൈക്കോടിക്കുന്നതിനിടെ തുടര്‍ച്ചയായി മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഏതോ അത്യാവശ്യക്കാര്‍ ആയിരിക്കുമെന്നുകരുതി കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഒരു ചെറിയ ബസ്‌ വെയിറ്റിംഗ്‌ ഷെഡ്ഡിനു സമീപം വണ്ടി നിര്‍ത്തി ഞാന്‍ ഫോണെടുത്ത്‌ ഹലോ പറഞ്ഞു. എന്റെ അവസ്ഥയോ സാഹചര്യമോ അന്യേഷിക്കാതെ മറുവശത്ത്‌ പെണ്‍കുട്ടി സംസാരിക്കാന്‍ തുടങ്ങി
"മേഡം ഞാന്‍ മിനിയാണ്‌ കോട്ടയത്താണ്‌ വീട്‌.ഇപ്പോള്‍ കൈരളി ടി.വി യില്‍ മുന്‍ ജസ്‌റ്റിസ്‌ ശ്രീദേവി മേഡത്തിന്റെ പാചകമേള നടക്കുകയാണ്‌ (ഞാന്‍ നടു റോട്ടിലാണെന്നും ടി.വി തുറക്കാന്‍ നിവൃത്തിയില്ലെന്നും അറിയിച്ചപ്പോള്‍ അവള്‍ തുടര്‍ന്നു) അവര്‍ അവരുടെ ഭര്‍ത്താവിനിഷ്ടപ്പെട്ട ഭക്ഷണത്തെപ്പറ്റിയും അതവരുണ്ടാക്കികൊടുക്കുന്ന രീതിയും വിവരിക്കുകയാണ്‌. അതിനിടെ പത്തു തവണയെങ്കിലും അവര്‍ അദ്ദേഹം അദ്ദേഹം എന്നവരുടെ ഭര്‍ത്താവിനെ സംബോധന ചെയ്യുന്നു.മേഡം എനിക്ക്‌ നണക്കേടു തോന്നുന്നു അവര്‍ക്കെന്താ അയാള്‍ എന്നു പറഞ്ഞാല്‍. ഇത്രയും ഉയരത്തിലിരിക്കുന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നത്‌ ഇവന്മാരുടെയൊക്കെ ഹുങ്ക്‌ കൂട്ടില്ലേ ?"
ഒറ്റ ശ്വാസത്തില്‍ മിനി പറഞ്ഞു നിര്‍ത്തി.കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറച്ചു നില്‍ക്കുന്നതിനിടയിലും എനിക്ക്‌ു ചിരിവന്നു ഞാന്‍ ശാന്തയായി മിനിയോടു പറഞ്ഞു
" മിനീ അവരൊക്കെ പ്രായമള്ളവരല്ലേ. അതവര്‍ ശീലിച്ചുപോയതാണ്‌.അതിനവരെ കുറ്റംപറയുന്നതു ശരിയല്ല.എല്ലാം ശരിയാകും മിനീ... . മിനിപോലും അയാളിലെത്തിയിട്ടേയുള്ളൂ അവന്‍ എന്നതിലെത്താനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌." ഞാന്‍ പറഞ്ഞത്‌ മിനിക്കു മനസ്സിലായോ എന്തോ മിനിയോട്‌ നന്ദി പറഞ്ഞ്‌ പെരും മഴയത്തു തന്നെ ഞനെന്റെ യാത്രതുടര്‍ന്നു.

14 comments:

ea jabbar said...

രാഷ്ട്ര “പതി” പ്രതിഭാ പാട്ടീല്‍ വക ഒരു പാചകമേള ടീവിയില്‍ വന്നാലും അല്‍ഭുതപ്പെടേണ്ടതില്ല വിനയാ ...!

മുകിൽ said...

നീ നിന്റെ എന്നെല്ലാം ഭർത്താവിനെ പറയുന്നതു അതിരു കടന്ന തെറ്റായതുകൊണ്ട് കൂടിവന്നാൽ ‘അങ്ങേർ’ എന്നു പറയുമായിരിക്കും. പക്ഷേ, നീ‍ നിന്റെ എന്നെല്ലാമുള്ള കറയില്ലാത്ത വിളി ഒരു പെണ്ണു നിർത്തി സമൂഹത്തിന്റെ ചട്ടക്കൂട്ടിനകത്തേക്കു കയറുമ്പോൾ, ആദ്യം അവർക്കിടയിലെ പ്രണയം ഊർദ്ധ്വൻ വലിക്കും. അതിന്റെ കൂടെ സ്ത്രീപുരുഷബന്ധത്തിന്റെ ഇഴയടൂപ്പം സൂക്ഷിക്കുന്ന പലതും.

മാണിക്യം said...

ഇംഗ്ലീഷില്‍ ഭര്ത്താവിനെ പറ്റി
Are you coming home now?
Can you do the shopping too?
He is not home yet.
എന്ന് പറയാം .
വീട്ടിലേക്ക് നീയിപ്പോള്‍ വരുന്നോ?
നിനക്ക് ആ കടയിലും കൂടി ഒന്നു പോയി വരാമൊ?
അവന്‍ ഇതുവരെ വീട്ടില്‍ എത്തീട്ടില്ല ...

എന്നാല്‍ മലയാളത്തില്‍ ഭര്ത്താവിനെ പറ്റി ഈ രീതിയില്‍ പറയാന്‍ സാധിക്കുന്നില്ല.
അത് ഭാഷയുടെ നമ്മുടെ സംസ്കാരത്തിന്റെ മേന്മ ..

പിന്നെ പ്രതിപക്ഷത്തെ ബഹുമാനിക്കുമ്പോള്‍ സത്യത്തില്‍ നമ്മള്‍ നമ്മളെ തന്നെയാണ് ബഹുമാനിക്കുന്നത്.

"Give respect and take respect!"

രശ്മി കെ എം said...

“എടാ, നീ എന്നിങ്ങനെ വിളിച്ചുപോന്നിരുന്ന ഒരാളെ കല്യാണം ചെയ്ത ശേഷം വളരെ ശ്രമപ്പെട്ട് അതു നിര്‍ത്തി പേരു വിളിക്കാന്‍ ശീലിച്ചു ഞാന്‍. അതില്‍ എത്ര കാപട്യമുണ്ടെങ്കിലും എന്നെ എടീയെന്നോ അവര്‍ എന്നോ വിളിക്കുന്നത് എനിക്കിഷ്ടമില്ല. അന്യോന്യം പേരു വിളിക്കുന്നതില്‍ ഒരു ഭംഗിയുണ്ടെന്ന് പിന്നീടു തോന്നിയിട്ടുണ്ട്. മേലുദ്യോഗസ്ഥനെ പേരു വിളിക്കാവുന്ന ഒരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നതിനാല്‍ (നിരന്തരം ഇടപെടാത്ത ഒരു പാടു കൂടിയ കേസുകളെ മിസ്റ്റര്‍ ചേര്‍ത്ത്)അതിലും ഒരു രസം തോന്നിയിട്ടുണ്ട്. എന്നാല്‍ എന്റെ അച്ഛനെപ്പറ്റി സംസാരിക്കേണ്ടി വരുമ്പോള്‍, പേരു വിളിച്ചു ശീലിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം എന്നു തന്നെയാണ് മനസ്സില്‍ വരിക. അയാള്‍ എന്നു വരികയില്ല. അതു ഒരു പോരായ്മയാണ് എന്നു തോന്നിയിട്ടുമില്ല.

കെ.പി.സുകുമാരന്‍ said...

:)

nalan::നളന്‍ said...

അദ്ദേഹം എന്നതിന്റെ സ്ത്രീലിംഗം എന്താണു ?.

ഭാഷ പോലും സ്ത്രീ വിരുദ്ധമായത് പതിയെ തിരിച്ചറിയുന്നു.

അദ്ദേഹത്തിനു പറ്റിയ ഒരു സ്ത്രീ ലിംഗം ഭാഷയില്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു..ഒത്തു പിടിച്ചാല്‍ ഒരെണ്ണം കണ്ടു പിടിക്കാം.

നീ, നിന്റെ, അവന്‍ ഒന്നും ബഹുമാനമില്ലാതായതിനു പിന്നിലെ കഥ കൂടി കേള്‍ക്കുന്നത് ഉപകരിക്കും.

ഗിവ് റെസ്പെക്റ്റ് ആന്റ് ടേക്ക് റെസ്പെക്റ്റ്
എടീന്നു വിളിച്ചാല്‍ എടാന്നും വിളിക്കുക, അച്ഛനായാല്‍ പോലും.

jayanEvoor said...

എന്റെ അച്ഛൻ അമ്മയെ ഒരിക്കലും എടീ, എന്നോ നീ എന്നോ വിളിച്ചു ഞാൻ കേട്ടിട്ടില്ല. അമ്മ അച്ഛനെ ഏട്ടൻ എന്നോ ചേട്ടൻ എന്നോ വിളിക്കാറും ഇല്ലായിരുന്നു. എന്നാൽ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അമ്മ അച്ഛനെ ‘അദ്ദേഹം’ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്.

മാണിക്യം ചേച്ചി പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത് - ഗിവ് റെസ്പെക്റ്റ് ആൻഡ് ടേക്ക് റെസ്പെക്റ്റ്!

VINAYA N.A said...

ഇത്രയധികം പ്രകോപനമുണ്ടാക്കാനായതില്‍ സന്തോഷിക്കുന്നു.ജന്മിയെ സംതൃപ്‌തിപ്പെടുത്തിക്കൊണ്ട്‌ കുടിയാന്‌ മോചനം സാധ്യമല്ല. ജന്മി അസ്വസ്ഥനായിരിക്കുന്നു.എന്നുവെച്ചാല്‍ കുടിയാന്റെ മോചനവും അടത്തിരിക്കുന്നു.പ്രതികരണങ്ങള്‍ക്കു നന്ദി.

ഡോ.ആര്‍ .കെ.തിരൂര്‍ said...

"കന്യക" എന്നാ വാക്കിന്റെ പുല്ലിംഗ പടം ഇല്ലാത്തിടത്തോളം മലയാളവും മലയാളിയും പുരുഷകെന്ദ്രീകൃതം തന്നെയാണ്. പ്രതികരിക്കുക.

poor-me/പാവം-ഞാന്‍ said...

ടിവിയിൽ അവർ ഒരു മൂന്നാമത്തെ വ്യക്തിയോട് പറയുകയല്ലെ(അതായത് ടി വി കാണുന്നവരോട്)അപ്പോൾ നല്ല വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ?
ഏതായാലും എന്റെ ഭാര്യയും ഞാനും പരസ്പരം പൂജക ബഹുവചനമായ എടൊ” എന്ന് സംബോധന ചെയ്യുന്നു...തിരുവനന്തപുരത്തുകാർ മറ്റുള്ളവരോട് സർ/മാഡം എന്നി രീതിയിൽ ഇണകളെ സൂചിപ്പിക്കാൻ പറയുന്നത് കേട്ടിട്ടുണ്ട്...ജസ്റ്റീസ് ശ്രീദേവിയുടെ കഴുത്തിൽ കത്തിയൊന്നും ആരും വെച്ചിട്ടില്ലാത്ത നിലക്ക് മഴയത്ത് വണ്ടി ഓടിച്ചിരുന്ന വിനയയെ ഇതുപറവാൻ ബുദ്ധിമുട്ടിക്കേണ്ടതുണ്ടായിരുന്നോ? വല്ല പോലീസുകാരും കണ്ടിരുന്നെങ്കിൽ വണ്ടിയിലിരുന്നു ഫോണിയതിനു ആ പാവത്തിനു പിഴയുമിട്ടേനെ!!!!

Anonymous said...

എല്ലാം സാഹചര്യം അനുസരിച്ചാണ് വിനയ..

നമ്മള്‍ മറ്റൊരാളെപറ്റി പറയുമ്പോള്‍ ആദ്യം നോക്കുക, ..ആരോട്.. ഏതു സാഹചര്യത്തില്‍ പറയുന്നു എന്നാണ്..
കൂടാതെ.... പല ബഹുമാന്യ ജനകമായ വാക്കുകളും, അവജ്ഞ്ഞാ രൂപത്തിലും, അവഗനനാ രൂപത്തിലും ഉപയോഗിച്ചും കണ്ടിട്ടുണ്ട്..!,,,
പിന്നെ .. എന്‍റെ കാര്യത്തില്‍ ഇത് വരെ എന്‍റെ ഭാര്യ " അദ്ദേഹം" എന്ന് പറഞ്ഞു കേട്ടിട്ടില്ല ആരോടും പറയുമെന്നും തോന്നുന്നില്ല.. ഇനി പരസ്പരമുള്ള സംബോധനയില്‍.. ഒരു പരസ്പര ബഹുമാനം ഞങ്ങള്‍ വച്ച് പുലര്‍ത്തുന്നുണ്ട്..!
അവിടെ എല്ലാ വാക്കുകളും ഉണ്ടാകാറുണ്ട്..
" എടീ.. ക്ക് എടാ..., പോടി.. ക്ക് പോടാ....അവനു.മറുപടി അവള്‍..
ഇനി പേരിനു പേര്... എല്ലാം അതതു സാഹചര്യം അനുസരിച്ചന്നു.

ഒന്ന് കൂടി.. അദ്ദേഹം എന്ന വാക്കിനു തുല്യമായി നാം " അവര്‍" എന്ന വാക്കാണ്‌ ഉപയോഗിക്കുന്നത്... അല്ലാതെ വേറെ പദം വല്ലതും ഉണ്ടോ..?

അദ്ദേഹത്തില്‍ നിന്നും അയാളിലൂടെ അവനിലേക്ക്‌.. !
പക്ഷെ.. ഈ മൂന്നു വാക്കുകളും നമുക്കാവശ്യമുണ്ട്..!

ഈ മൂന്നു ആള്‍ക്കാരും നമ്മുടെ ജീവിതത്തിലുണ്ട് .. ! ആണുങ്ങളും പെണ്ണുങ്ങളുമായി ..!

അനാമിക said...

കൂടെ ജീവിക്കുന്നവനെ കുറച്ചൊന്നു ബഹുമാനിക്കുന്നത് നല്ലതാണ്. കാരണം നമ്മുടെ കൂടെ ജീവിക്കുന്നവന്റെ നിലവാരവും സംസ്കാരവും നമ്മളെയും ആശ്രയിച്ചിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ നമ്മളെ ബഹുമാനിക്കുന്നതിനു തുല്യാമാണ് കൂടെ കഴിയുന്നവനെ ബഹുമാനിക്കുന്നതും. പ്രത്യേകിച്ച് മൂന്നമാതോരാളോട് പറയുമ്പോള്‍ അതിലൂടെ വെളിവാകുന്നത് അദ്ധേഹത്തിന്റെ കൂടെ ജീവിക്കാന്‍ മാത്രം അന്തസ്സ് ഉള്ളവളാണ് താന്‍ എന്നാണ് .. അതുകൊണ്ട് വിനയാ ...നമ്മുടെ പെണ്‍കുട്ടികളെ സഹജീവികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക

Anonymous said...

http://www.mathrubhumi.com/mb4eves/story.php?id=130723

ലിജിത്ത് പയ്യന്നൂര്‍ said...

ഇതൊന്നും അല്ല വിനയേ ഇന്നത്തെ പ്രധാന പ്രശ്നം...അവന്‍ എന്നോ അവള്‍ എന്നോ അദ്ദേഹം എന്നോ എന്തെങ്കിലും വിളിക്കട്ടെ...പുരുഷന്മാരെയെല്ലാം വാദത്തിനു വേണ്ടി മാത്രം എതിര്‍ക്കാതെ സ്ത്രീയും പുരുഷനും ഒരേ പോലെ പരിഗണിക്കപെടാന്‍ പറ്റുന്നതെന്തെങ്കിലും ചെയ്യ്..നമ്മളെല്ലാം കൂടെയുണ്ട്..പക്ഷെ നീ പലപ്പോഴും വളരെ ബാലിശമായി പോകുന്നു...