Sunday, March 27, 2011

പടിയിറക്കം

പടിയിറക്കം

വൈകിയാണേലും പ്രമോഷനോടെ സ്ഥലംമാറിപ്പോകുന്ന എന്നോട്‌ പോലീസുകാര്‍ സ്‌റ്റേഷനില്‍ ചിലവുചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനാകര്‍മ്മം ചെയ്‌തു.ഏകദേശം 1500 രൂപയോളം മുടക്കി ഞാന്‍ പോലീസകാര്‍ക്ക്‌ പ്രഭാത ഭക്ഷണം നല്‌കി.25 പോലീസുകാര്‍ ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.പോലീസ്‌ സ്‌റ്റേഷനില്‍ സാധാരണ ഒരാള്‍ പ്രമോഷനോടെ ട്രന്‍സ്‌ഫര്‍ ആയാല്‍ അയാള്‍ പോലീസുകാര്‍ക്ക്‌ ചെലവു ചെയ്യുകയും തിരിച്ച്‌ പോലീസുകാര്‍ അവര്‍ക്ക്‌ യാത്രയയപ്പ്‌ നല്‌കുകയും അതിന്റെ തുക പിരിച്ചെടുക്കുകയുമാണ്‌ പതിവ്‌.ഇത്തരം യാത്രയയപ്പുകള്‍ക്കെല്ലാം അര്‍ഹത ആണ്‍പോലീസുകാര്‍ക്ക്‌ മാത്രമാണെന്ന ധാരണ സ്‌റ്റേഷനിലുണ്ടെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌ എന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നു തന്നെയാണ്‌.
ഇക്കഴിഞ്ഞ മാര്‍ച്ചുമാസം അഞ്ചാം തിയ്യതി ഞാനുള്‍പ്പെടെ എട്ടോളം പോലീസുകാരികള്‍ പ്രമോഷനോടെ വയനാടു ജില്ലയില്‍ നിന്നും തൃശൂര്‍ ജില്ലയിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ആയി. ഓര്‍ഡര്‍ വന്ന അതേ ദിവസം തന്നെ ഞങ്ങള്‍ അതാതു സ്‌റ്റേഷനുകളില്‍ നിന്ന്‌ റിലീവ്‌ ചെയ്‌തു.ജില്ല മാറിയുള്ള സ്ഥലംമാറ്റമായതിനാല്‍ ഞങ്ങള്‍ക്ക്‌ ഒരാഴ്‌ച ജോയിനിംഗ്‌ ലീവുണ്ടായിരുന്നു.നിങ്ങള്‍ക്ക്‌ നാളയോ മറ്റന്നാളോ ഞങ്ങളും ചെലവുചെയ്യും അറിയിക്കാം എന്നവര്‍ എന്നോടു പറഞ്ഞതുകൊണ്ട്‌ പോകുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഞാനതു പ്രതീക്ഷിച്ചു.അപ്പോഴേക്കും പോലീസുകാരുടെ മനോഭാവം കൃത്യമായി മനസ്സിലാക്കാനെനിക്കു കഴിഞ്ഞു.എന്റെ സംശയം ദുരീകരിക്കാന്‍ ബത്തേരിയില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ആയ റംല എന്ന പോലീസുകാരിയെ വിളിച്ച്‌ കാര്യം തിരക്കി."വിനയേ 2000 രൂപയോളം ഞാന്‍ മുടക്കി .ഇന്നു തരും നാളെത്തരും എന്നു പോലീസുകാര്‍ ഓരോരുത്തരായി ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞതല്ലാതെ എന്നെയാരും വിളിച്ചിട്ടൊന്നുമില്ല"
"താനതേക്കുറിച്ച്‌ പോലീസുകാരോട്‌ എന്തെങ്കിലും സംസാരിച്ചോ "ഞാന്‍ അവളോടു തിരക്കി
"എനിക്കു വേണ്ട വിനയേ അവരുടെ നാണം കെട്ട ചെലവ്‌ " എല്ലാ വികാരവും പ്രകടമാക്കികൊണ്ട്‌ റംല മറുപടി നല്‌കി.
എനിക്കര്‍ഹതപ്പെട്ട യാത്രയയപ്പ്‌ റംലയെപ്പോലെ വേണ്ടെന്നു വെക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.തൃശൂരില്‍ പോകുന്നതിനു രണ്ടു ദിവസം മുമ്പ്‌ പേഴ്‌സണല്‍ റിക്കാര്‍ഡ്‌ വാങ്ങാനായി സ്റ്റേഷനില്‍ പോയപ്പോള്‍ എന്റെ യാത്രയയപ്പ്‌ ഞാന്‍ തന്നെ പറഞ്ഞ്‌ സെറ്റപ്പാക്കി.ചായയും ലഡു,കേക്ക്‌ ,ബിസ്‌ക്കറ്റ്‌, മിഠായി തുടങ്ങിയവയുള്ള ഒരു ചെറിയ പാക്കറ്റ്‌.കൂടെ ഒരു ചെറിയ മീറ്റിംങും.ഉത്‌ഘാടനം,ആശംസ,മറുപടി നന്ദി.അര മണിക്കൂറിനുള്ളില്‍ ഏറെ അക്ഷമയോടെ എല്ലാം കഴിച്ചു.
പോലീസുകാര്‍ക്കു വേണ്ടി 1500 രൂപയോളം മുടക്കിപ്പോയ എനിക്ക്‌ അവരെക്കൊണ്ട്‌ തിരിച്ച്‌ 250 രൂപയെങ്കിലും മുടക്കിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്‌തിയാലെ ഞാന്‍ അമ്പലവയല്‍ സ്റ്റേഷന്റെ പടിയിറങ്ങി.