Thursday, July 31, 2014

പരിഹാരം

പരിഹാരം 

എന്തുകൊണ്ടാണ്‌ എല്ലാ മേഖലയിലും സംവരണത്തിനുവേണ്ടി ഇപ്പോഴും സ്‌ത്രീകള്‍ക്ക്‌ കേഴേണ്ടി വരുന്നത്‌? എന്താണതിനു പരിഹാരം ? (ക്ലാസിലെ ചോദ്യങ്ങള്‍)

ഉത്തരം:- സമയോചിതമായുള്ള തീരുമാനങ്ങള്‍ ഉരുത്തിരിയുന്ന അവസരങ്ങളിലൊന്നും തന്നെ സ്‌ത്രീ സാന്നിധ്യം ഇല്ലാതിരിക്കുന്നതാണ്‌ അത്തരം കൂട്ടങ്ങളില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടാതെ പോകുന്നത്‌.അതുകൊണ്ടു തന്നെ എല്ലായിടങ്ങളിലും മേഖലകളിലും മനപ്പൂര്‍വ്വം സ്‌ത്രീ സാന്നിധ്യം സാധ്യമാക്കുക എന്നതാണ്‌ നാം ആദ്യമായി നടപ്പിലാക്കേണ്ടത്‌.
എന്തെല്ലാം കാര്യങ്ങളാണ്‌ സമയോചിതമായി ഒരു ഗ്രാമം ചര്‍ച്ച ചെയ്യുന്നത്‌ എന്നകാര്യം അവള്‍ക്കജ്ഞാതമായിരിക്കും.സ്വന്തം നാടും നാട്ടുകാരും ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അന്യമാണ്‌.അപൂര്‍വ്വം സ്‌ത്രീകള്‍ ഇതു തിരിച്ചറിയുകയും സ്വയം മുന്നോട്ടു വരികയും ചെയ്യാറുണ്ട്‌.അതുകൊണ്ടു മാത്രമാണ്‌ നാമമാത്രമായ സ്‌ത്രീപങ്കാളിത്തമെങ്കിലും ചില മേഖലകളില്‍ സാധ്യമാകുന്നത്‌.

വൈകിട്ട്‌ ആറു മണി മുതല്‍ 9 മണി വരെയാണ്‌ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതു താത്‌പര്യ പ്രവര്‍ത്തനങ്ങളും ചിന്തകളും പരസ്‌പരം പങ്കു വെക്കുന്നത്‌ .ഈ സമയം സ്‌ത്രീകള്‍ പൂര്‍ണ്ണമായും വീടിനകത്തോ വീട്ടിലേക്കുള്ള നെട്ടോട്ടത്തിലോ ആയിരിക്കും.ക്ലബ്ബ്‌,പൗരസമിതികള്‍,വായനശാല,രാഷ്ട്രീയ പാര്‍ട്ടികള്‍,തീവ്രവാദം, തുടങ്ങി എല്ലാറ്റിന്റെയും ജനനവും വളര്‍ച്ചയും നടക്കുന്ന സമയമതാണ്‌.പ്രാദേശികമായ ഒരു ക്ലബ്ബില്‍ പോലും പ്രാതിനിത്യമില്ലാത്തവര്‍ അവിടം മുതല്‍ തുടങ്ങുന്നു സംവരണത്തിനു വേണ്ടിയുള്ള കേഴല്‍. മുക്കിലും മൂലയിലും പെണ്ണുങ്ങളെ കാണുന്ന കാലം സ്‌ത്രീ സംവരണത്തിനു വേണ്ടി നമ്മുക്ക്‌ കേഴേണ്ടി വരില്ല
http://www.youtube.com/watch?v=uDqcRqKbSLs

Tuesday, July 29, 2014

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കണമെന്ന്‌ നിങ്ങള്‍ പല യോഗങ്ങളിലും പറയുന്നുണ്ട്‌.എന്തുകൊണ്ടാണ്‌ ഫുട്‌ബോള്‍.?വോളീബോളോ ബാസ്‌ക്കറ്റ്‌ബോളോ ആയാലും പോരേ.....?( എന്നോടു ചോദിച്ച ചോദ്യങ്ങള്‍)

പോരാ പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ തന്നെയാണ്‌ കളിക്കേണ്ടത്‌.മറ്റു കളികള്‍ക്കില്ലാത്ത പല സാധ്യതകളും ഫുട്‌ബോളിനുണ്ട്‌.കാരണം താഴ്‌ത്തിയിട്ടിരിയെടീ......... എന്നു കേള്‍ക്കാതെ ഒരു പെണ്‍കുട്ടിയും വളരുന്നില്ല.കുഞ്ഞു നാള്‍ മുതലേ കേട്ടു ശീലിക്കുന്ന വിലക്കിന്റെ ഈ ശബ്ദം അവളുടെ കാലുകളെ പരസ്‌പരം ബന്ധിക്കുന്ന ഒരു സാങ്കല്‍പ്പിക മാംസച്ചങ്ങല സൃഷ്ടിക്കുന്നുണ്ട്‌.എപ്പോഴും മുട്ടുകള്‍ ചേര്‍ത്തിരുന്നു മാത്രം പരിശീലിക്കുന്ന പെണ്‍കുട്ടി തന്നോടൊപ്പം തന്നിലെ ആത്മവിശ്വാസമില്ലായ്‌മയേയും വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.അവളുടെ കാലുകള്‍ അകത്തി വെക്കുന്നതിന്‌ ഉടുപ്പും,പാവാടയും,മിഡിയും സാരിയും ഒരുപോലെ എതിരു നിന്നു.അത്തരം വസ്‌ത്രങ്ങളെ നിലനിര്‍ത്താനുതകും വിധം വാഹനങ്ങളും അവള്‍ക്കുവേണ്ടി പിറവിയെടുത്തു.കൈനറ്റിക്‌ ഹോണ്ടയും ലേഡീസ്‌ സൈക്കിളും അവളുടെ ചലനസ്വാതന്ത്ര്യമില്ലാത്ത വസ്‌ത്രധാരണരീതിക്ക്‌ പിന്‍ബലമേകി.

നിലവിലുള്ള സമൂഹം തന്നെയാണ്‌ ഫുട്‌ബോള്‍ കളിയും.അതിന്‌ കൃത്യമായ ഒരു ഫ്രയ്‌മുണ്ട്‌.അതു മനസ്സിലാക്കി ആ ഫ്രയ്‌മിലെവിടേയും കളിക്കാര്‍ക്ക്‌ പ്രവേശിക്കാം.സ്ഥലവും പന്തും ടീം അംഗങ്ങളേയും നിരീക്ഷിക്കണം.പരമ്പരാഗതമായി അവളില്‍ അടിഞ്ഞു കൂടിയ ഉത്തരവാദിത്തമില്ലായ്‌മ,തീരുമാനമെടുക്കാനുള്ള പ്രാപതിയില്ലായ്‌മ,സൗഹൃദം....ഇവയെല്ലാം അവള്‍ക്ക്‌ സാധ്യമാകും.പൊതു ഇടവും പൊതുബോധവും അവരെത്തേടിയെത്തും.കാലുകളിലെ വിലക്ക്‌ പൂര്‍ണ്ണമായും ഇല്ലാതാകും .ശരീരം മുഴുവന്‍ ഫുട്‌ബോള്‍കളിയില്‍ പ്രയോജനപ്പെടുത്താം.അവള്‍ ആത്മാഭിമാനത്തോടെ നെഞ്ചു നിവര്‍ത്തി നടക്കും.ക്രമേണ ശരീര ബോധം അവളെവിട്ടകലും. കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.അത്‌ ജീവിതക്കളരിക്കളങ്ങള്‍കൂടിയാണ്‌.

Sunday, July 13, 2014

കടപ്പാട്‌

കാസര്‍ക്കോട്ടൈക്കുള്ള ബസ്‌ യാത്രയില്‍ എന്റെടുത്തിരുന്ന പെണ്‍കുട്ടി എന്നോടു ചോദിച്ചു.
ചോ- താങ്കളുടെ ഇന്നത്തെ ഈ ജീവിതത്തിന്‌ താങ്കള്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു.അതിന്റെ വ്യക്തമായ കാരണങ്ങള്‍ എന്തൊക്കെയാണ്‌.

ഉ- ഇന്നത്തെ എന്റെ ജീവിതാവസ്ഥയോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ രണ്ടു സ്‌ത്രീകളോടാണ്‌. ഒന്നാമ്മാമത്തേത്‌ എന്റെ സുഹൃത്ത്‌ അഡ്വ.മരിയ. ചെറുപ്പത്തിലേ എന്നിലുണ്ടായിരുന്ന ഒരു ചിന്തക്ക്‌ ഉത്തരം കിട്ടാതിരിക്കുന്ന കാലത്താണ്‌ മറിയ എന്നെ പരിചയപ്പെടുന്നത്‌.പിന്നീടുള്ള എന്റെ സംശയങ്ങള്‍ നാട്ടുകാരും വീട്ടുകാരും ഒരുപോലെ പക്വതയില്ലാത്തത്‌ എന്നു പറഞ്ഞ്‌ അധിക്ഷേപിച്ചപ്പോള്‍ എന്റെ ഓരോരോ ആകാംക്ഷക്കും ചരിത്രപരമായ സംഭവങ്ങളുടെ പില്‍ബലത്തില്‍ ഉത്തരങ്ങള്‍ നല്‌കി ഇപ്പോഴും കൂടെ നില്‌ക്കുന്നു.മരിയയുടെ സൗഹൃദം എനിക്കു ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന്‌ സീമന്ത രേഖ വരച്ച്‌ ഭര്‍ത്താവിന്റെ പേരും വാലായ്‌ സ്വീകരിച്ച്‌ സ്വയം പ്രാകി ജീവിക്കുന്ന 'ഒരുത്തമ കുടുംബിനിയായ ്‌' ജീവിതം തുലക്കുമായിരുന്നു.
രണ്ടാമത്തെ സ്‌ത്രീ എന്റെ ഭര്‍ത്താവിന്റെ അമ്മ മീനാക്ഷിയമ്മയാണ്‌. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ എന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രത്യകതകളും നന്മകളും മാത്രം കണ്ട്‌ കൗതുകത്തോടെ വീട്ടുകാരോടും,ബന്ധുക്കളോടും ,അയല്‍പക്കക്കാരോടും ,അവരുടെ മകനോടും എന്നെക്കുറിച്ച്‌ അഭിമാനത്തോടെ മാത്രം സംസാരിക്കുകയും,എന്റെ കുട്ടികളോട്‌ നിങ്ങളുടെ അമ്മ മിടുക്കിയാണ്‌,ബോധോം വിവരോം ,സ്‌നേഹോം ഉള്ളവള്‍ എന്നെല്ലാം പറഞ്ഞുകൊടുക്കുകയും,എന്റെ വീട്ടിലെ എന്റെ അസാന്നിധ്യത്തിന്‌ വലിയ വലിയ മാനങ്ങള്‍ നല്‌കി എനിക്കു ഭക്ഷണം എടുത്തു വെക്കാനും,എന്നെ പരമാവധി ശ്രദ്ധിക്കാനും, എന്നേയും മക്കളേയും എന്നെന്നും ചേര്‍ത്തുപിടിക്കാന്‍ മകനെ ഉപദേശിക്കുകയും ചെയ്യുന്ന അമ്മയുടെ ഇടപെടല്‍.ഞങ്ങളുടെ ജീവിതത്തില്‍ നിരന്തരം അമ്മ നടത്തുന്ന കരുതലും ഇടപെടലുമാണ്‌ സ്വസ്ഥതയുള്ള ഒരു കുടുംബ ജീവിതം നയിക്കാനെനിക്കിപ്പോഴും കഴിയുന്നത്‌

Saturday, July 12, 2014

തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

 തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

സ്ഥലം ആവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്‌.ഒരു കുടുംബശ്രീ സംഗമം.എന്റെ ക്ലാസിനു ശേഷം ഒരു കൂട്ടം സ്‌ത്രീകളും പെണ്‍കുട്ടികളും എന്ന വളഞ്ഞു.അവര്‍ എന്നോടു പറഞ്ഞു
"ഞങ്ങള്‍ക്കും പൂരത്തിന്റെ തിരക്കില്‍പ്പെട്ട്‌്‌ ഒഴുകണം" അവര്‍ എന്റെ പ്രതികരണത്തിനായ്‌ ചോദ്യഭാവത്തില്‍ നോക്കി.
"അതിനെന്താ...... നിങ്ങള്‍ പോകണം ഇതുപോലെ കൂട്ടത്തോടെ സംഘംചേര്‍ന്ന്‌...."ഞാന്‍ ഒട്ടും ആവേശമില്ലാതെ മറുപടി പറഞ്ഞു.ഞാന്‍ വലിയ താത്‌പര്യമോ അതിശയമോ കാണിക്കുന്നില്ലെന്ന്‌ കണ്ട്‌ അവരിലൊരാള്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രതീക്ഷിച്ച്‌ പതിവു ചോദ്യം ആവര്‍ത്തിച്ചു.
"ഞങ്ങളുടെ ദേഹത്ത്‌ ആണുങ്ങള്‌ തൊടൂലേ............. അവന്മാര്‌ അവിടേം ഇവിടേം പിടിക്കൂലേ..... "
" ആ തൊടും , പിടിക്കും ...........അതിനെന്താ....? അവരുടെ ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ട്‌ ഞാന്‍ നിസാരമാക്കി.
" അതു പ്രശ്‌നമാകൂലേ.......................? വീണ്ടും അവര്‍ക്ക്‌ സംശയം
"എന്തിനു പ്രശ്‌നമാക്കണം.അവര്‍ ബ്ലേഡു വെച്ചാണ്‌ നിങ്ങളെ തൊടുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രശ്‌നമാക്കണം.അല്ലെങ്കില്‍ അതൊന്നും മൈന്‍ഡ്‌ ചെയ്യേണ്ടതില്ല."ഞാന്‍ വീണ്ടും പോരാനുള്ള തിടുക്കത്തിലായി.അവര്‍ എന്നെ വിടാനുള്ള ഭാവത്തിലല്ല ചോദ്യം വീണ്ടും ശക്തമായി.
"മേഡം. മേഡം പറയുന്നതു ശരിയാണോ........."
ഞാനും തയ്യാറായി."നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആഗ്രഹമാണ്‌"
"ഞങ്ങളുടെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു
;ചോ -"നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആവശ്യമാണ്‌."
ഉ - "ഞങ്ങളുടെ"
ചോ- ഇങ്ങനെ ആണിനെക്കൊണ്ട്‌ നിങ്ങളെ തൊടാതിരിക്കേണ്ടത്‌ ആരുടെ ആവശ്യമാണ്‌?
അവര്‍ കൂട്ടത്തോടെ നിശബ്ദരായി.
കല്ല്യാണം കഴിച്ചവര്‍ ഭര്‍ത്താവെന്ന പുരുഷനു വേണ്ടിയും.അല്ലാത്തവര്‍ വരാനുള്ള ഭര്‍ത്താവെന്ന ആണിനു വേണ്ടിയും അല്ലേ....?
ഞാന്‍ അവരെ നോക്കി.
"അതെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു.
"മറ്റുള്ള എല്ലാ ആണുങ്ങളില്‍ നിന്നും ഒരു സര്‍ക്കസുകാരിയുടെ മെയ്‌ വഴക്കത്തോടെ ശരീരത്തെ തൊടീക്കാണ്ട്‌ ഈ ശരീരോം വഹിച്ച്‌ പൂരം കാണാനൊന്നും പറ്റില്ല.സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും ബലികഴിച്ച്‌ ജീവിക്കുന്നത്‌ മണ്ടത്തരമാണെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക.നിങ്ങളു വിചാരിക്കുന്ന ആണിനും ആണുങ്ങള്‍ തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താല്‍ മതി. ആരും തൊടാത്തേനെ അവര്‍ക്ക്‌ കിട്ടണമെങ്കില്‍ അവര്‍ സഹകരിച്ചോളും"
അവര്‍ 
കൂട്ടത്തോടെ ചിരിച്ചു. സമയം വൈകിയതുകൊണ്ട്‌ ഞാന്‍ തിടുക്കത്തില്‍ ഹാള്‍ വിട്ടിറങ്ങി 


Thursday, July 10, 2014

ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സ

ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സ

ഒരു പ്രോഗ്രം കഴിഞ്ഞുള്ള മടക്കയാത്ര.കാറില്‍ എന്നെകൂടാതെ രണ്ടു കുടുംബശ്രീ അംഗങ്ങളും ഒരു പുരുഷ പഞ്ചായത്തുമെമ്പറും .കാറോടിച്ചത്‌ പഞ്ചായത്തു മെമ്പറായിരുന്നു.കാറില്‍ കയറിയ ഉടനെ പുറകിലിരുന്ന രണ്ടു പേരും ഏറെ ആവേശത്തോടെ സ്‌ത്രീപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു.തുടക്കം മുതലേ ഞങ്ങളുടെ സംഭാഷണത്തില്‍ ഒട്ടും താത്‌പര്യം കാണിക്കാത്ത പഞ്ചായത്തു മെമ്പര്‍ ഏറെ ആധികാരികമായിട്ടെന്ന വണ്ണം എന്നോടു പറഞ്ഞു."നെയ്‌മറിനു നമ്മുടെ മുഖ്യമന്ത്രി ചികിത്സ വാഗ്‌ദാനം 
ചെയ്‌തല്ലോ...........കേള്‍ക്കണ്ട താമസം പുറകിലിരുന്നവരില്‍ ഒരാള്‍ '' ഇവിടുത്തെ മൊത്തം പെണ്ണുങ്ങളുടെ നട്ടെല്ലും പൊട്ടിക്കിടക്കുവാ.... അതിനെപ്പറ്റി ചിന്തിക്കാന്‍ നേരമില്ലാത്ത മുഖ്യമന്ത്രിയാ അങ്ങു ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സയെപ്പറ്റി വീമ്പു പറയുന്നത്‌." പിന്നേയും അവര്‍ സ്‌ത്രീ പ്രശനത്തിലേക്കിറഞ്ഞി.
L 

Tuesday, July 8, 2014

രസച്ചരട്‌

 രസച്ചരട്‌

സ്ഥലം കാസര്‍ഗോഡ്‌ നെഹ്‌റു കോളേജ്‌.കോളേജ്‌ അധികൃതരുടെ ക്ഷണപ്രകാരം അലങ്കരിക്കപ്പെട്ട തടവറ എന്ന ഫോട്ടോപ്രഗര്‍ശനം നടത്തുന്നതിനായി എത്തിയതായിരുന്നു.കുറച്ചു കുട്ടികള്‍ ഫോട്ടോകള്‍ ക്രമീകരിക്കുന്നു.കുട്ടികള്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞാന്‍ എന്‍ടുത്തെത്തിയ കുട്ടികളുമായി (ആണ്‍കുട്ടികളും പെണ്‍കുട്ടികളും)സംസാരിക്കുന്നു.ഞങ്ങള്‍ക്കു മുന്നിലൂടെ ലേഡീസ്‌ റൂമിലേക്ക്‌ കയറിപ്പോയ പെണ്‍കുട്ടി പര്‍ദ്ദ അഴിച്ചുവെച്ച്‌ ചുരിദാര്‍ വേഷത്തില്‍ ഞങ്ങള്‍ക്കരികിലെത്തി.. ഉടനെ എന്റെടുക്കല്‍ നിന്ന പെണ്‍കുട്ടി വന്നു ചേര്‍ന്ന കുട്ടിയെ കളിയാക്കികൊണ്ടു ചോദിച്ചു.ലേഡീസ്‌ റൂമില്‍ ഊരിവെക്കാനായിട്ട്‌ നീയെന്തിനാ പര്‍ദ്ദയിട്ടു വരുന്നത്‌.?കല്യാണത്തിനോ അങ്ങനെന്തെങ്കിലും function നു പോകുമ്പോഴാ ഞാന്‍ പര്‍ദ്ദയിടുക.നര്‍മ്മം കലര്‍ന്നതും ഊര്‍ജ്ജ്വസ്വലവുമായ അവളുടെ സംഭാഷണം ഞങ്ങള്‍ നന്നായി ആസ്വദിക്കവേ ചുറ്റും നിന്ന ആണ്‍കുട്ടികളിലൊരാള്‍ അവള്‍ക്കു നേരെ കൈ ചൂണ്ടി ആ സംഭാഷണത്തിന്റെ രസച്ചരടു മുറിച്ചുകൊണ്ട്‌ പറഞ്ഞു.
"നീ പര്‍ദ്ദയിടുകയോ പര്‍ദ്ദയിടാതിരിക്കുകയോ ജീന്‍സിടുകയോ തലയിലിടാതിരിക്കുകയോ ചെയ്‌തോ.അതു നിന്റെ ഇഷ്ടം.പക്ഷേ വര്‍ത്താനം പറയരുത്‌". മിനിറ്റുകള്‍ക്കുള്ളില്‍ രൂപംകൊണ്ട ആ സൗഹൃദസംഘം ഒരേയൊരു നിമിഷംകൊണ്ട്‌ ചിഹ്നഭിന്നമായി. 

Tuesday, July 1, 2014

പതിവുശൈലി.

 പതിവുശൈലി.
ഓഫീസിലെത്തിയപ്പോള്‍ രണ്ടു സുഹൃത്തുക്ക
ള്‍  സൗഹൃദ സംഭാഷണത്തില്‍ ഏര്‍ ്‌പ്പെട്ടിരിക്കുന്നതാണു കണ്ടത്‌.സംഭാഷണമധ്യേ ഒരാള്‍ മറ്റേയാളോട്‌ 
."പറയാനുള്ള കാര്യങ്ങള്‍ നേരിട്ടു പറയണം.അല്ലാതെ ചുമ്മാ പെണ്ണുങ്ങളെപ്പോലെ അവിടേം ഇവിടേം പോയി പറയരുത്‌."

അതെന്താ നിങ്ങള്‍ ആണുങ്ങളിങ്ങനെ അവിടേം ഇവിടേം പോയി പറയാത്തവരാണോ ? അവരുടെ സംഭാഷണത്തില്‍ ഞാനിടപെട്ടു.

സര്‍, ഇതു ഞങ്ങളുടെ സ്വകാര്യ സംഭാഷണമാണ്‌.ആവശ്യമില്ലാതെ ഇതിലിടപെടേണ്ട കാര്യം നിങ്ങള്‍ക്കില്ല.സംസാരിച്ചുകൊണ്ടിരുന്ന ആള്‍ സീരി.സായി.

-സ്വകാര്യ സംഭാഷണങ്ങള്‍ സ്വകാര്യമായിത്തന്നെ പറയണം.പെണ്ണുങ്ങളെപ്പോലെ എന്നൊക്കെ പറയുമ്പോള്‍ സൂക്ഷിച്ചു.പറയണം

-എന്തിന്‌ ഞങ്ങളുടെ വീട്ടിലും പെണ്ണുങ്ങളുണ്ട്‌. അയാള്‍ തന്റെ ഭാഗം ഒന്നുകൂടി ന്യായീകരിച്ചു.
-അപ്പോള്‍ അതുപോലെത്തന്നെ തെളിച്ചു പറയണം എന്റെ വീട്ടിലെ പെണ്ണിനെപ്പോലെ എന്നോ, പെണ്ണുങ്ങളെപ്പോലെ എന്നോ.........
സംഭാഷണം സീരിയസാകുന്നു എന്നുകണ്ടപ്പോള്‍ രണ്ടാമന്‍ ഇടപെട്ടു.

"പോട്ടെ സാറെ അതൊരു പതിവു ശൈലിയല്ലേ........? അങ്ങനെ ഓര്‍ത്തിട്ടൊന്നുമല്ല. എന്നു പറഞ്ഞയാള്‍ എന്റെ കൈയ്യില്‍പിടിച്ച്‌ സൗഹൃദത്തോടെ പുറത്തിറങ്ങി.

പതിവു ശൈലികള്‍ പലതും മാറ്റണം സുഹൃത്തേ..... ലോകത്തിലുള്ള സകല പെണ്ണുങ്ങളേയും കുറ്റം പറയാന്‍ നിങ്ങള്‍ക്കവകാശമില്ല.സൗഹൃദത്തിന്‌ പരിക്കേല്‌പിക്കാതെ അയാളോട്‌ മറുപടി പറഞ്ഞ്‌ ഞാന്‍ എന്റെ ലക്ഷ്യം ലാക്കാക്കി മുന്നോട്ടു നടന്നു.