Friday, September 4, 2009

പെണ്ണിനു മാറിടം ബാധ്യതയോ.............. ?

പെണ്ണിനു മാറിടം ബാധ്യതയോ.............. ?

പെണ്ണിന്‌ അവളുടെ മാറിടം ബാധ്യതയാണോ....?ഒരു വ്യക്തി എന്ന നിലയിലും പ്രകൃതിയിലെ ഒരു ജീവി എന്ന നിലയിലും അവള്‍ക്കേറെ അഭിമാനിക്കാന്‍ വക നല്‌കുന്ന ഒരവയവമാണ്‌ അവളുടെ മുലകള്‍.അമ്മയുടെ മുലയോട്‌ കടപ്പാടില്ലാത്തവര്‍ അത്യപൂര്‍വ്വം പേരേ ഉണ്ടാകൂ.പരമ്പരാഗതമായി ഒരു സമൂഹത്തിനു തന്നെ പ്രഥമോര്‍ജ്ജം നല്‌കിയ , നല്‌കികൊണ്ടിരിക്കുന്ന ,നല്‌കാനുള്ള അവളുടെ മുലകള്‍ അതി മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ച്‌ വാണിജ്യപ്പരസ്യങ്ങള്‍ക്കായുപയോഗിക്കുന്ന വെറും ചരക്കായി മാറ്റികൊണ്ടിരിക്കുന്നു.പെണ്ണിന്‌ വ്യക്തമായി അഭിമാനിക്കുന്നതിന്‌ വസ്‌തു നിഷ്ടമായ കാരണമുള്ള ഒരു അവയവമാണ്‌ മുല.തെറ്റായ പ്രചാരണം ഹേതുവായി മുല എന്നത്‌ ഏറ്റവും നിന്ദ്യമായ ഒരു പദമായും അവയവമായും മാറിപ്പോയിരിക്കുന്നു.അതുകൊണ്ടു തന്നെ അത്‌ പെണ്‍കുട്ടികളില്‍ സദാ അപകര്‍ഷതാ ബോധവും മറ്റു പല ബാധ്യതകളും ഉണ്ടാക്കുന്നു.തന്റെ സഹജീവിയായ പുരുഷന്‌ ഇതിനു സമാനമായ മറ്റൊരവയവം പ്രകൃതിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനുതകും വിധത്തില്‍ ഇല്ല എന്നതു തന്നെയാണിതിന്റെ മഹത്വം.എന്നിട്ടും മറച്ചു പിടിക്കേണ്ട ഒന്നായി കൗമാര പ്രായത്തിലേ പെണ്‍കുട്ടികള്‍ മാറിടത്തെ കാണുന്നു.തനിക്കില്ലാത്തതായ അപൂര്‍വ്വസിദ്ധിയുള്ള ഈ അവയവം അവനില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും അസൂയയും സൃഷ്ടിച്ചു.ഈ മാനസീകവസ്ഥയെ ലഘൂകരിക്കുന്നതിനായി പെണ്ണിന്റെ മാറിടത്തെക്കുറിച്ച്‌ അവളില്‍ ആവുന്നത്ര അപകര്‍ഷതാബോധം ജനിപ്പിക്കുന്നതിനും അവന്‍ ശ്രമിച്ചു. തന്റെ നയനസുഖത്തിനാണ്‌ പ്രകൃതി ഇങ്ങനെയൊരു അവയവം സ്‌ത്രീക്ക്‌ നല്‌കിയത്‌ എന്ന ചിന്ത അവന്‍ പ്രചരിപ്പിച്ചു.തത്‌ഫലമായി അവനില്‍ മോഹം ജനിപ്പിക്കുന്ന ഈ അവയവം പരമാവധി അവനില്‍ നിന്നും മറച്ചുവെക്കാനും അവന്റെ ചിന്തയാല്‍ സൃഷ്ടിച്ചെടുത്ത സമൂഹം അവളെ പഠിപ്പിച്ചു.അല്ലെങ്കില്‍ സദാ ഓര്‍മ്മപ്പെടുത്തി.ശരീരത്തിന്റെ നഗ്നത മറക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച വസ്‌ത്രധാരണ രീതിയിലും മറ്റെല്ലാ മേഖലയിലും അവന്‍ കാണിച്ച ആധിപത്യമനോഭാവം വസ്‌ത്രധാരണത്തിലും പ്രയോഗിച്ചു.പെണ്ണ്‌ ഏത്‌ രീതിയിലുള്ള വസ്‌ത്രം ധരിക്കണമെന്ന്‌ അവന്‍ ചിന്തിച്ചു.അവന്റെ കണ്ണിലൂടെ അവന്‍ അവളുടെ വസ്‌ത്രത്തിനു രൂപകല്‌പന നടത്തി.വളരെ അടുത്ത കാലം വരെ ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന നമ്മുടെ അമ്മൂമ്മമാര്‍ ഒട്ടേറെ സമരങ്ങളിലൂടെയാണ്‌ മാറു മറക്കാനുള്ള അവകാശം നേടിയെടുത്തത്‌.അങ്ങനെയുള്ള അവകാശം അവള്‍ നേടിയെടുത്തപ്പോഴും അതെങ്ങനെ മറക്കണമെന്ന തീരുമാനമെടുത്തതും പുരുഷന്‍ തന്നെയായിരുന്നു എന്നത്‌്‌ ബ്ലൗസിന്റെ പ്രത്യേകതയില്‍ നിന്നും മനസ്സിലാക്കാം.മാറു മറക്കണമെങ്കില്‍ നിങ്ങള്‍ മറച്ചുകൊള്ളൂ പക്ഷേ അത്‌ അതിന്റെ രൂപത്തില്‍ ഭാവത്തില്‍ തന്നെ ഞങ്ങള്‍ക്കു കാണണം......ബ്രേസിയറും ബ്ലൗസും സ്‌ത്രീയുടെ മാറിടത്തെ വസ്‌ത്രം ഉപയോഗിച്ച്‌ ആകൃതി നല്‌കുന്നതാണ്‌ . ശരീരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ ശരീരത്തോടു ചേര്‍ന്നു തന്നെ നിന്നില്ലെങ്കില്‍ അതിന്റെ ചലനം ആത്മ വിശ്വാസം നഷ്ടപ്പെടുത്തും അതുകൊണ്ടു തന്നെ അവയുടെ ചലനം നിയന്ത്രിക്കും വിധം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തുകയേവേണ്ടൂ. കളരിപയറ്റിനും മറ്റ്‌ കായികാഭ്യാസത്തിലും ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ലങ്കോട്ടി ഉപയോഗിക്കുന്നതിന്റെ പിന്നിലെ ശാസ്‌ത്രവും ഇതു തന്നെയാണ്‌.ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കുഞ്ഞിനെ കാണാനായി പോകുന്നത്‌ പതിവാണ്‌.ഇതിനായി ഒരു കുഞ്ഞുടുപ്പ്‌ സമ്മാനമായി വാങ്ങുന്നതിന്‌ കടയിലേക്കു ചെന്ന്‌ ഒരു മാസം പ്രായമുള്ള കുട്ടിക്കുള്ള ഒരുടുപ്പ്‌ വേണമെന്നു പറഞ്ഞാല്‍ ഉടനെ കുട്ടി ആണോ...? പെണ്ണോ....... ? എന്ന മറു ചോദ്യം ഉയരുകയായി.പെണ്ണാണെന്നു പറഞ്ഞ ഉടനെ തന്നെ കടക്കാരി / കടക്കാരന്‍ കഴുത്തിനു ചുറ്റും വര്‍ണ്ണശബളതയില്‍ ഫ്രില്ലുകള്‍ തീര്‍ത്ത വിവിധയിനം കുഞ്ഞുടുപ്പുകള്‍ കാണിക്കുകയായി.ഇത്തരത്തില്‍ ഫ്രില്ലുവെച്ച ഉടുപ്പുകള്‍ ധരിച്ചു വളരുന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ നൈറ്റിക്കു മുന്‍വശം വെച്ച ഫ്രില്ലിന്റേയും തന്റെ ഉടുപ്പിനു മുന്‍വശം വെച്ച ഫ്രില്ലിന്റേയും ഉദ്ദേശം എന്തെന്ന്‌ സ്വയം മനസിലാക്കാന്‍ കാലക്രമത്തില്‍ പരിശീലിക്കുന്നു.സ്‌ക്കൂള്‍തലം മുതല്‍ പെണ്‍കുട്ടികളെ അവരുടെ മാറിടത്തെക്കുറിച്ച്‌ കൃത്യമായ അവബോധം ഉണ്ടാക്കുംവിധമാണ്‌ അവര്‍ക്കുവേണ്ടി രൂപകല്‌പന ചെയ്‌തരിക്കുന്ന യൂണിഫോമുകള്‍.നഴ്‌സറി തലം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ യൂണിഫോം മിഡിയും ഷര്‍ട്ടും പിന്നെ ഒരു ഓവര്‍കോട്ടും ആകുമ്പോള്‍ ആണ്‍കുട്ടിക്ക്‌ ട്രൗസറും ഷര്‍ട്ടും മാത്രമായിരിക്കും.ഈ ഓവര്‍ക്കോട്ട്‌ സമ്പ്രദായം സ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടെ അവസാനിക്കുകയും അത്‌ കോളേജിലെത്തുമ്പോഴേക്കും അത്‌ സാരിയിലേക്കോ ചുരിദാറിലേക്കോ തിരിയുകയും ചെയ്യും..ഇത്തരത്തില്‍ ചെറുപ്പം മുതലേ മാറിടത്തില്‍ ശ്രദ്ധ പതിപ്പിച്ചു വളരുന്ന പെ്‌ണ്‍കുട്ടി ഒരു സ്‌ത്രീയായി കഴിയുമ്പോഴേക്കും ഈ ശ്രദ്ധ അവളില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരിക്കും.സാരി എന്ന വസ്‌ത്രം തന്നെ മാറിടത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നാണ്‌.മാറിടം വളര്‍ച്ചയെത്താത്ത ഒരു പെണ്‍കട്ടിക്ക്‌ ചുരിതാര്‍ ധരിക്കുന്നതിലോ മറ്റേത്‌ വസ്‌ത്രം ധരിക്കുന്നതിലോ അപാകതയില്ല എന്നാലവള്‍ സാരി ധരിക്കണമെങ്കില്‍ നിര്‍ബന്ധമായും അവള്‍ക്ക്‌ വളര്‍ച്ചയെത്തിയ മാറിടം ഉണ്ടായിരിക്കണം.മാറിടത്തെ ഭംഗിയായി പാതി മറക്കുന്നതിലാണ്‌ സാരി ഉടുക്കുന്നതിലെ ഭംഗിയും അഭംഗിയും.ജനിക്കുമ്പോള്‍ പൂര്‍ണ്ണ രൂപം കൈവരിച്ചിട്ടില്ലാത്ത മുലയെ മാത്രം കേന്ദ്രീകരിച്ചുള്ള ഈ വേഷം സ്‌ത്രീയെ ഒരു ശരീരം മാത്രമാക്കി ചുരുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.മുലകള്‍ക്ക്‌ സമൂഹം നല്‌കിയ അമിതപ്രാധാന്യം നിമിത്തം ഒരു പെണ്‍കുട്ടിയുടെ സകലമാന സന്തോഷങ്ങളും അവള്‍ ഈ അവയവത്തിന്റെ പേരില്‍ നിയന്ത്രിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നു.പുസ്‌തകങ്ങളുമായി നടന്നുപോകുന്ന പെണ്‍കുട്ടി മാറിടത്തിന്‌ രക്ഷാകവചമായി പുസ്‌തകത്തെ ഉപയോഗിക്കുന്നത്‌ നമ്മുക്ക്‌ സുപരിചിതമാണല്ലോ .നമ്മുക്കിഷ്ടമല്ലാത്ത ഒരു വ്യക്തിയുടെ ദുരുദ്ദേശത്തോടെയുള്ള സ്‌പര്‍ശം പോലും നാമെതിര്‍്‌ക്കില്ലേ....? അത്ര പ്രാധാന്യം മാത്രമേ ഈ അവയവത്തിനും കൊടുക്കേണ്ടതുള്ളൂ.മതി മറന്നാഹ്ലാദിക്കേണ്ട സന്ദര്‍ഭങ്ങളിലും സാമൂഹികമായി വലിയ വലിയ കര്‍ത്തവ്യങ്ങളിലേര്‍പ്പെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും തന്റെ മാറിടത്തെ ഒരു ബാധ്യതയായി കാണുന്ന പെണ്‍കുട്ടി സമൂഹത്തോടും തന്നോടു തന്നെയുമുള്ള കടപ്പാടില്‍ നിന്നും ഒളിച്ചോടുന്നത്‌ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു.സ്‌ത്രീ / പരുഷന്‍ എന്ന വേര്‍തിരിവ്‌ സ്‌പഷ്ടമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വസ്‌ത്രധാരണ രീതി തന്നെയാണ്‌.രണ്ടു കാലില്‍ നിവര്‍ന്നു നില്‌ക്കുന്ന മനുഷ്യര്‍ക്ക്‌ (ആണിനും പെണ്ണിനും)ഒരേ രീതിയിലുള്ള വസ്‌ത്രധാരണ രീതിയും യോജിക്കുന്നതു തന്നെയാണ്‌.സ്‌ക്കൂള്‍ തലം മുതലാരംഭിക്കുന്ന ഈ ലിംഗ വിവേചനപരമായ വസ്‌ത്രധാരണ രീതി ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.കുട്ടികള്‍ കുട്ടികളായിതന്നെ വളരട്ടെ. അവര്‍ ആണോ പെണ്ണോ എന്നറിയേണ്ട ബാധ്യത അധ്യാപകര്‍ക്കെന്തിനാണ്‌......? അതുപോലെ നടന്നുപോകുന്ന വ്യക്തി ആണോ പെണ്ണോ എന്നെന്തിനാണ്‌ സമൂഹത്തെ മുഴുവന്‍ അറിയിക്കുന്നത്‌ .അത്‌ അറിയേണ്ടവര്‍ അറിഞ്ഞാല്‍പോരേ ? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ...............?

21 comments:

Anonymous said...

ഒന്നാന്തരം പോസ്റ്റ്. നമ്മുടെ റ്റീ റ്റീ സീ/ ബി എഡ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സാരി നിർബന്ധമാണെന്നറിയാമല്ലോ? ടീച്ചർമാർ കാണിക്കേണ്ട മാതൃക അതാണെന്ന പാഠമാണത് ഉത്പാദിപ്പിക്കുന്നത്. ഈയിടെയാണ് ടീച്ചർമാർക്ക് ചുരിദാർ ധരിക്കാമെന്ന ഉത്തരവ് വന്നത്. എന്നാൽ ഭൂരിപക്ഷം ടീച്ചർമാരും ഇപ്പോഴും സാരി തന്നെയാണു ധരിക്കുന്നത്. സാരിയാണത്രേ ‘കുലീന’ വേഷം! ആ ഉത്തരവു വന്ന കാലത്ത് ചാനലുകളിൽ നടന്ന ചർച്ചയിൽ ചെറുപ്പക്കാർ മിക്കവരും സാരിക്കനുകൂലമായിരുന്നു; സ്ത്രീകളുൾപ്പെടെ(മറ്റു വേഷങ്ങൾ ധരിച്ചു ചർച്ചയ്ക്കു വന്നവർ പോലും സാരിയെ ഐഡിയൽ ആയി കാണുന്നു. അതാണു ‘പ്രബുദ്ധ’ കേരളീയർ എന്ന വോയറിസ്റ്റുകൾ.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ........
മുലകള്‍ മാത്രമല്ല,സ്ത്രീയുടെ എല്ലാ അവയവങ്ങളും
ഇപ്പോള്‍ സുഖഭോഗവസ്തുവാണ്.സ്ത്രീ എന്നത് ഒരു മനുഷ്യ ജീവിയാണെന്നതൊക്കെ വളരെ കാല്‍പ്പനിക ചിന്താഗതിയായിരിക്കുന്നു.സ്ത്രീ ആകെമൊത്തം ഒരു ചരക്കാകുന്നു ! അല്ലെന്ന് സ്ത്രീപോലും ഇന്ന് കരുതുന്നില്ല.
ഇതിന് മറ്റം വരുത്താനായി നാം എന്തുചെയ്യുന്നു എന്നതാണ് പ്രധാനം.ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല,
നാം ആവശ്യപ്പെടുന്ന പരിഹാരങ്ങള്‍ ഏറെയും വളരെ നാമമാത്രവുമാണ്.കാരണം,ആവശ്യങ്ങളുന്നയിക്കുന്നത് സ്ത്രീകളാണ്.സ്ത്രീകള്‍ക്ക് ചെറിയ ചെറിയ വഴിപാടുപോലുള്ള പരിഷ്ക്കാരങ്ങള്‍ തന്നെ ധാരാളം !

നിലവിലുള്ള ഉടുപ്പോ,നഗ്നതയോ ഒന്നുമല്ല പ്രശ്നം.
സമൂഹത്തിന്റെ മൂല്യബോധമാണ് പുനര്‍നിര്‍മ്മിക്കേണ്ടത്.അസ്ലീലമാക്കപ്പെട്ട മൂല്യബോധം
കഴുകി വൃത്തിയാക്കണം.
ഒരു ഉദാഹരണം പറയാം: നമ്മുടെ സുഹൃത്ത് ഒരു ജ്വല്ലറിയില്‍ ജോലിചെയ്യുന്നു.നൂറു കിലോയില്‍ കൂടുതല്‍ സ്വര്‍ണ്ണാഭരണങ്ങളുള്ള ജ്വല്ലറി!
പിടിക്കപ്പെടാതെ തനിക്കാവശ്യമായ സ്വര്‍ണ്ണം സ്വന്തമാക്കാനുള്ള ബുദ്ധിയും അയാള്‍ക്കുണ്ട്.
പക്ഷേ, അയാള്‍ വളരെ അരിഷ്ടിച്ച് ജീവിക്കുകയാണെങ്കിലും,തന്റെ സത്യസന്ധതയിലും,സല്‍പ്പേരിലും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
മോഷ്ടാവെന്ന പേരുവിഴാതെ തന്നെ സ്വര്‍ണ്ണം സ്വന്തമാക്കാനുള്ള വഴിയുണ്ടായിട്ടും അതു സ്വന്തമാക്കണമെന്ന് ചിന്തിക്കാത്ത അയാളെ നമുക്കു
വിഢിയെന്നു വിളിക്കാം. പക്ഷേ, സ്വര്‍ണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് ...അല്ലെങ്കില്‍ അമൂല്യമായ ആ വ്യക്തിത്വത്തെ അല്ലേ അയാള്‍ ശുദ്ധിയോടെ സൂക്ഷിക്കുന്നത് ! ആ ശുദ്ധി നമ്മുടെ സമൂഹത്തില്‍ വളരെ അപൂര്‍വ്വമായിരിക്കുന്നു.അതായത് വ്യക്തിഗതമായ മൂല്യബോധം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
കടം വാങ്ങിയാല്‍ എങ്ങിനെ തിരിച്ചുകൊടുക്കാതിരിക്കാം,അന്യനെ എങ്ങിനെ ചൂഷണം ചെയ്ത് പണമുണ്ടാക്കാം,എന്നിങ്ങനെയുള്ള ചിന്തകള്‍ ഒരാളുടെ സാമര്‍ത്ഥ്യവും കഴിവും മികവുമായി
പരിണമിച്ചിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീക്കെന്നല്ല,പുരുഷനും ചരക്കെന്നോ, വോട്ടെന്നോ,ലേബറെന്നോ ഉള്ള ഉപഭോഗ വസ്തുവിന്റെ സ്ഥാനം തന്നെയാണുള്ളത്.

സമൂഹത്തിന്റെ സാംസ്ക്കാരികത പുതുക്കിപ്പണിയുക,സത്യത്തിനും,നന്മക്കും,ആത്മാഭിമാനത്തിനും ബഹുമാന്യതയുണ്ടാക്കുക... സ്ത്രീക്ക് കരിംബുലികളുടെ പരി രക്ഷയില്ലാതെ ഉടുതുണിയില്ലാതെയോ,സര്‍വ്വാഭരണ വിഭൂഷിതയായോ
എവിടെയും,ഏതു സമയത്തും സഞ്ചരിക്കാനാകും.

അതിനായി ഒരു സാംസ്ക്കാരിക നവോദ്ധാനത്തിനായി
പ്രവര്‍ത്തിക്കുക.അടുക്കളയില്‍ ഒളിച്ചിരിക്കുന്ന പെണ്‍കോന്തന്മാരായ ആണുങ്ങളെ പരിഹസിച്ച് തെരുവിലേക്ക് ഓടിക്കുക.വര്‍ത്തമാനസമൂഹത്തെ മാറ്റിമറിക്കേണ്ട
ജോലി അവര്‍ക്കുള്ളതാണ്. ഭാവിയെ സ്നേഹം കൊണ്ട്
കരുത്തുറ്റതും സംസ്കൃത ചിത്തരുമാക്കേണ്ട ജോലി ഗൃഹഭരണത്തിലൂടെ സ്ത്രീകളും അനുഷ്ടിക്കട്ടെ !
മുലകള്‍ വരും തലമുറയെ പാലൂട്ടി വളര്‍ത്താനുള്ള
അനുഗ്രഹമാണെന്ന് നാം മനസ്സിലാക്കും.
(എന്തൊരു പഴഞ്ചന്‍ ചിന്ത അല്ലേ ? :)ഹഹഹ,...

chithrakaran:ചിത്രകാരന്‍ said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

മുകളില്‍ പറഞ്ഞ സ്വര്‍ണ്ണത്തിന്റെ ഉദാഹരണം
യഥാര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞതാണ്.
ഒരു മനുഷ്യന്‍ അന്യനായ മറ്റൊരു മനുഷ്യന്റെ
സ്വകാര്യതയെ ബഹുമാനിക്കുകയും ആദരിക്കുകയും
ചെയ്യുന്ന ആത്മബോധം,സാമൂഹ്യബോധം,സംസ്ക്കാരം
എന്നിവ നമ്മളില്‍ സാമൂഹ്യ സംസ്ക്കരണത്തിലൂടെ
സംജാതമാകുംബോള്‍ ആണും പെണ്ണും
വിവേചനമില്ലാതെ ബഹുമാന്യരായി ജീവിക്കും.
അതുവരെ മാറിടമാണൊ പ്രശ്നം...മറ്റുവല്ല അവയവവുമാണോ പ്രശ്നം എന്ന് നമൂക്ക് പ്രശ്നം വച്ചുകൊണ്ടിരിക്കേണ്ടിവരും !

ജോ l JOE said...

Madam,

I appreciate you for this post.

മാണിക്യം said...

ചുളിഞ്ഞ നെറ്റികള്‍ കൂര്‍‌പ്പിച്ച കണ്ണുകള്‍ ഇതിലെ കടന്നു പോയില്ലെ?
ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും മനുഷ്യരുടെ വേഷം സല്‍‌വാര്‍ കുര്‍ത്ത അവിടെ തണുപ്പ് ജാസ്തി ആയതിനാലാവും ഒരു പുതമുണ്ടും ഉണ്ട് അത് തലവഴി ... അത് തെക്ക് വന്നപ്പോഴുള്ള സ്റ്റൈല്‍ അല്ല അതിന്റെ അസ്സല്‍ രൂപം തുല്യപ്രാധന്യമുള്ള വസ്ത്രധാരണം എന്ന് തന്നെ പറയാം.
മറ്റ് കയ്യ് കാല്‍ തുടങ്ങിയ അവയവം പൊലെ സ്ത്രീ ശരീരത്തില്‍ മുലകള്‍ എന്നു കരുതിയാല്‍ പ്രശ്നം തീര്‍ന്നു അല്ലാതെ മുലയില്‍ തറപ്പിച്ചു നോക്കാനും യ്യോ ല്ലവന്‍ നോക്കുന്നൊ എന്നു വ്യാകുലപ്പെടാനും എന്തിരിക്കുന്നു? പണ്ട് ഒരു മൂപ്പത്തി പറഞ്ഞതാ ഇതിനു മറുപടി മണ്ണടിഞ്ഞു പോവാനുള്ളതല്ലെ മാളോര് കണ്ട് പോട്ടെന്ന് [മൂപ്പത്തി ബ്ലൗസോ റൗക്കയോ ഒന്നും ഇടുമാരുന്നില്ലാ.] എനിക്ക് തോന്നുന്നു ഇത്ര വല്യകാര്യം പറച്ചില്‍ കേരളത്തിലെയുള്ളു കാരണം അല്ലല്‍ ഇല്ലാ ജീവിതം ധാരാളം സമയം മറ്റുള്ളവരുടേ കാര്യവും കൂടി ആലോചിക്കാന്‍ മാത്രം ഇടവേള . ....

|santhosh|സന്തോഷ്| said...

നന്നായിരിക്കുന്നു പോസ്റ്റ്. മുല എന്നെഴുതുമ്പോഴും വായിക്കുമ്പോഴും അശ്ലീലം കാണുന്നവര്‍ അധികമുള്ള ഈ ഭൂലോകത്തിലും ബൂലോഗത്തിലും തികച്ചും കാലികവും ചിന്തനീയവുമായ പോസ്റ്റ്

|santhosh|സന്തോഷ്| said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

വ്യത്യസ്ഥമായ പോസ്റ്റ്.പ്രസക്തമായ വിഷയം. അഭിനന്ദനങ്ങൾ!മുല പള്ളുവാക്കായി കരുതുന്നതിനാൽ നമ്മുടെ നാ‍ട്ടിൽ ഇപ്പോൾ ഇതിനു മിൽമ എന്നു തമാശയായി പറഞ്ഞു തുടങ്ങിയിരിയ്ക്കുന്നു. ഈയുള്ളവൻ ഒരു സോഷ്യൽ നെറ്റ് വർക്കിൽ ഒരു കവിതയിട്ടപ്പോൾ മുല എന്ന ഒരു വാക്കുള്ളതിന്റെ പേരിൽ ആ കവിത അതിന്റെ അഡ്മിനുകൾ നീക്കംചെയ്തു. അവൾ ഏതോ മുലകളിൽ പാൽനുണഞ്ഞവൾ എന്നു മാത്രമേ ഞാൻ എഴുതിയിരുന്നുള്ളു. അഡ്മിന്റെ കുഴപ്പമല്ല. അവിടുത്തെ കപടസദാചാരധാരികളായ ചില വായനക്കാർ പരാതിപ്പെടുമെന്നതുകൊണ്ടാണ്!

mini//മിനി said...

ഇയിടെയായി കണക്ക് പുസ്തകത്തില്‍ വന്ന മുല കാരണം ഒരു പാഠപുസ്തകം തന്നെ മാറ്റേണ്ടി വന്നില്ലെ. ക്ലാസ്സില്‍ ബയോളജി പഠിപ്പിക്കുമ്പോള്‍ മുല എന്നു പറയുമ്പോള്‍ കുട്ടികള്‍‌ക്ക് ചിരി വരും. അപ്പോള്‍ ഞാന്‍ അത്‌തന്നെ ആവര്‍ത്തിച്ചു പറയുമ്പോള്‍ ചിരി മാറി സാധാരണ ഒരു അവയവമാണെന്ന ധാരണ കുട്ടികള്‍ക്ക് വരും. പുരുഷന്മാര്‍ മാത്രമാണോ മുലക്ക് പ്രാധാന്യം നല്‍കുന്നത്? സ്ത്രീകളും ഇതിന് അമിതപ്രാധാന്യം നല്‍കുന്നില്ലേ എന്നു ചിന്തിക്കേണ്ടതുണ്ട്. ബോഡീ ഷേപ്പില്‍ ചൂരിദാര്‍ തുന്നി ചന്തിയും മുലയും പ്രത്യേകം എടുത്തു കാണിക്കേണ്ട ആവശ്യം ഉണ്ടോ?

VINAYA N.A said...

ചന്തിയും മുലയും ഒക്കെ കാണിക്കട്ടെന്നെ.ആണുങ്ങള്‍ നോക്കും എന്നതുകൊണ്ടുതന്നെയാണവര്‍ അതു പ്രദര്‍ശിപ്പിക്കുന്നത്‌.ആത്മവിശ്വാസത്തോടെ പ്രദര്‍ശിപ്പിക്കുന്നവരുടെ ദേഹത്ത്‌ ഒരുത്തനും കൈവെക്കാറില്ല.വളരെ അച്ചടക്കത്തോടെ മൂടിപ്പുതച്ച്‌ മാന്യമായി വസ്‌ത്രം ധരിച്ചു നടക്കുന്നവര്‍ക്കു തന്നെയാണ്‌ പലപ്പോഴും ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത്‌.

വയ്സ്രേലി said...
This comment has been removed by the author.
വയ്സ്രേലി said...

ബ്ലോഗ്‌ പ്രേതെകിച്ചു ഒന്നും പറയുനില്ല. മുലയെ കുറിച്ച് വിനയ കുറച്ചു എഴുതി. എഴുത്ത് നല്ലത്. പക്ഷെ എഴുതിയത് കേവലം സമൂഹത്തില്‍ വളരെ കുറച്ചു പേര് മാത്രം ചിന്തികുന്നെ ഒന്നാനെന്നെ എനിക്ക് തോനുനുളൂ. അമ്മയുടെ എല്ലാ അവയവങ്ങളും എല്ലാവര്ക്കും ബഹുമാനവും, കടപ്പാടും ഉള്ളതാണ്. പക്ഷെ ഒരു 'ഭാര്യ'-യുടെ മുലകള്‍ ഭര്‍ത്താവിന്നോ? അത് കേവലം തന്റെ കുഞ്ഞിന്റെ പാനതിന്നു മാത്രം ഉള്ളതാന്നോ?
---------
എഴുത്ത് നന്നായിടുണ്ട് വിനയ. പക്ഷെ ഉള്ളടക്കം എവിടെയോകെയോ പിഴകുന്നൂ!

അനില്‍@ബ്ലോഗ് // anil said...

വിനയ,
ഇതില്‍ എന്തെങ്കിലും സന്ദേശമോ വിമര്‍ശനമോ കണ്ടെത്താനാവുന്നില്ല. പുരുഷനും സ്ത്രീക്കും പ്രകൃത്യാല്‍ ചില ശാരീക വ്യത്യാസങ്ങളുണ്ട്, അതിന് അതിന്റ്റെതായ ധര്‍മ്മവും നിറവേറ്റാനുണ്ട്. മുലകള്‍ ആരെങ്കിലും കാണാനാണെന്ന ധാരണ ആരാണ് കുട്ടികളില്‍ വളര്‍ത്തുന്നത് , മാതാപിതാക്കള്‍ തന്നെയാണ്. അതാ അവന്‍ എന്റെ മുലയില്‍ നോക്കുന്നു എന്ന ഒരു പെണ്‍കുട്ടിയെക്കൊണ്ട് ചിന്തിപ്പിക്കുന്നത്‍ പുറം ലോകമാണ്. മതിയായ ബോധവല്‍ക്കരണം ഉണ്ടെങ്കില്‍ ഇതെല്ലാം മാറ്റിയെടുക്കാവുന്നതേ ഉള്ളൂ.
ഇനി സാരിയിയെക്കുറിച്ച് എന്തിനാണ് ഇത്ര വേവലാ‍തി? അതുടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടുക്കട്ടെ,അതില്‍ മറിടം മുഴച്ച് കാണുന്നു എന്നുള്ളതൊക്കെ ഒരുതരം സങ്കുചിത ചിന്താഗതിയാണെന്നെ തോന്നുന്നുള്ളൂ.

നാട്ടുകാരന്‍ said...

"വളരെ അടുത്ത കാലം വരെ ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന നമ്മുടെ അമ്മൂമ്മമാര്‍ ഒട്ടേറെ സമരങ്ങളിലൂടെയാണ്‌ മാറു മറക്കാനുള്ള അവകാശം നേടിയെടുത്തത്‌."

ഇപ്പോള്‍ ഇതുടുക്കാതിരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള ശ്രമമല്ലേ ......
സമരം അങ്ങനെ തുടരട്ടെ.....

രാജേശ്വരി said...

വിനയാ....
ഹൈ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍ കുട്ടി നടന്നു പോകുന്ന വഴി എന്തൊക്കെ കമന്റ്സ് കേള്‍ക്കുന്നു.?...മുതിര്‍ന്നു തുടങ്ങി എന്ന് അവളെ ഓര്‍മ്മിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ അതല്ലേ. ചുറ്റുമുള്ളവരുടെ കണ്ണില്‍അവള്‍ ഒരു കുട്ടിയല്ലാതാകുന്നു.
വൃത്തികേടുകള്‍ പച്ചക്ക് പറയുന്ന പലരും നമ്മുടെ നാട്ടില്‍ ഉണ്ട്. . നടന്നു പോകും വഴി പെണ്‍കുട്ടികളുടെ കയ്യില്‍ കയറി പിടിക്കലും മറ്റും രണ്ട് മൂന്ന് തവണ ഞാന്‍ പഠിച്ചിരുന്ന സ്കൂളിന് അടുത്തുള്ള ഇടവഴിയില്‍വച്ചു സംഭവിച്ചിട്ടുണ്ട്.... ...അപ്പോള്‍പിന്നെ പക്വതയില്ലാത്ത, സ്വയം സംരക്ഷിക്കാന്‍ പാകതയെത്താത്ത പ്രായത്തില്‍, ഒരു മുന്‍ കരുതല്‍ എന്ന നിലയ്ക്കല്ലേ, വസ്ത്ര ധാരണ രീതിയെ പറ്റിയുള്ള വീട്ടുകാരുടെയും അധ്യാപകരുടെയും മുന്നറിയിപ്പുകളും ഉപദേശങ്ങളും. ? സ്വന്തം മക്കള്‍ക്ക്‌ അപകടം ഉണ്ടാകരുത് എന്നുള്ള നല്ല ഉദ്ദേശം അല്ലേ ഇതിനൊക്കെ പുറകില്‍..?
പ്രായപൂര്‍ത്തിയായ സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് വസ്ത്ര ധാരണത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം...അതുപോലെ അല്ലല്ലോ കൗമാരം കഴിയാത്ത കുട്ടികളുടെ കാര്യം.
ജീവിക്കുന്ന ചുറ്റുപാടും ആളുകളുടെ മനോഭാവവും അനുസരിച്ച് ഇതെല്ലാം മാറും..

VINAYA N.A said...

ഇവിടെ ആരും സുരക്ഷിതര്‍ അല്ല. ഈ സത്യം ആദ്യം നാം മനസിലാക്കുകയേ വേണ്ടൂ.ആ വലിയ കൂട്ടത്തില്‍ പെണ്‍കുട്ടികളും പെടുന്നു എന്നതിനു പകരം പെണ്‍കുട്ടികള്‍ മാത്രം സുരക്ഷിതരല്ല എന്ന അബദ്ധ ധാരണ നിലനിര്‍ത്താന്‍ സമൂഹം മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്‌.എപ്പോഴും വലിയ ഗ്രൂപ്പില്‍ നില്‌ക്കുവാന്‍ മാനസീകമായി തയ്യാറെടുക്കുന്നതിനാണ്‌ പരിശീലിക്കേണ്ടത്‌.അപ്പോള്‍ അരക്ഷിതത്വ മനോഭാവം ഇല്ലാതാകും.

said...

വായന ഇത്തിരി വൈകി..... വളരെ പ്രസക്തിയുള്ള ലേഖനം... ശാസ്ത്രവും സമൂഹവും എത്ര പുരോഗമിച്ചാലും പര്‍ദ്ദയുടെ ഉപഭോഗം വര്‍ദ്ധിക്കുന്നതിന്‌ മതവിശ്വാസം മാത്രമാണു കാരണം എന്നു വിശ്വസീക്കാന്‍ ബുദ്ധിമുട്ടുണ്ട്‌....

ടോട്ടോചാന്‍ said...

സ്ത്രീയും പുരുഷനും മനുഷ്യരാകണമെങ്കില്‍ അവര്‍ ഒരേ പോലെ ആകണം. വസ്ത്രധാരണരീതിയിലോ, ഭാഷയിലോ, വിദ്യാഭ്യാസത്തിലോ, ജോലികളിലോ ഒന്നു വിവേചനം ഉണ്ടാകാന്‍ പാടില്ല. ജനിക്കുമ്പോള്‍ മുതല്‍ കുട്ടികളെ മനുഷ്യരായി വളര്‍ത്താന്‍ നാം ശ്രദ്ധിക്കാറില്ല. അതാണ് വേണ്ടതും. ചെറിയ ക്ലാസുകള്‍ മുതല്‍ ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ഇടപഴകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. പക്ഷേ നമ്മുടെ ക്ലാസുകളില്‍ അത് സദാചാരവിരുദ്ധമാണ്...
ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിക്കാതെ ഇരുത്താം എന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ മതത്തിന്റെ വാളുപയോഗിച്ച് പൊരുതിയവരാണ് ഇവിടെത്തെ സദാചാരവാദികള്‍..
ഇവിടെ കുട്ടികള്‍ ഒരുമിച്ച് പഠിക്കട്ടെ, ഒരുമിച്ച് കളിക്കട്ടെ... അതും ഒരേ വസ്ത്രം ധരിച്ച്..
വസ്ത്രം നാണം മറയ്ക്കാനുള്ള ഉപാധിയാണ് എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത്. വസ്ത്രം എന്നത് ശരീരത്തെ സംരക്ഷിക്കാന്‍ മാത്രമുള്ള ഒന്നാണ് അല്ലാതെ നാണം മറയ്കാകനുള്ള ഒന്നല്ല എന്ന പാഠം എന്നാണാവോ കുട്ടികള്‍ പഠിക്കുക?

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറേ വേറേ മത്സരങ്ങള്‍, വേറേ വേറേ കളികള്‍, വേറേ വേറേ ജോലികള്‍ ഇതാണിന്ന് നമ്മുടെ വിദ്യാഭ്യാസം. അതു മാറാതെ ഈ പ്രശ്നങ്ങള്‍ മാറില്ല. ആണ്‍കുട്ടികള്‍ മാത്രമോ പെണ്‍കുട്ടികള്‍ മാത്രമോ അല്ലാതെ 'കുട്ടികളുടെ'(അഥവാ മനുഷ്യരുടെ) ക്രിക്കറ്റ് ടീമുകളും ഫുട്ബാള്‍ ടീമുകളും ഉണ്ടാകുന്ന കാലത്തേ വിനയുടേയും മറ്റ് എല്ലാ സമത്വവാദികളുടേയും സ്വപ്നങ്ങള്‍ പൂവണിയൂ...

വസ്ത്രധാരണരീതി ഉണ്ടാക്കിയ അപകര്‍ഷതാബോധം മൂലം പെണ്‍കുട്ടികള്‍ ഹൈജമ്പിലും ലോംഗ് ജമ്പിലും പങ്കെടുക്കാന്‍ മടിക്കുന്നത് ഏതു സ്കൂളിലും ഒരു കാഴ്ചയാണ്... കാറ്റത്ത് ഉയരുന്ന വസ്ത്രം അവരുടെ കായികസ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാണ് എന്നതില്‍ സംശയം വേണ്ട...

തെത്സുകോ കുറോയാനഗിയുടെ 'ടോട്ടോചാന്‍'എന്ന പുസ്തകത്തില്‍ ടോമോ സ്കൂളിലെ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ കുളിച്ചിരുന്നത് ആണ്‍പെണ്‍ ഭേദമന്യേ ആയിരുന്നു. അതും പലപ്പോഴും വസ്ത്രങ്ങള്‍ പോലുമില്ലാതെ...
ശരീരഅവയവങ്ങളെക്കുറിച്ച് അനാവശ്യമായ കൌതുകം കുട്ടികള്‍ക്ക് ഉണ്ടാകരുത് എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു കൊബായാഷി മാസ്റ്റര്‍ ഇത്തരം ഒരു നിയമം ആവിഷ്കരിച്ചത്.. ടോമോയിലെ വികലാംഗരായ കുട്ടികള്‍ക്കു പോലും അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ ഈ പൊതുകുളി സംവിധാനം ഉപകരിച്ചു എന്നാണ് 'ടോട്ടോചാന്‍'എന്ന തെത്സുകോകുറോയാനഗി എടുത്തു പറയുന്നത്...
ഈ കൃതിയും കൊബായാഷി മാസ്റ്ററുടെ അധ്യാപനരീതികളും ലോകത്തെ വികസിതരാജ്യങ്ങളില്‍ വിദ്യാഭ്യാസരീതിയുടെ ഭാഗമായി മാറുമ്പോള്‍ ഇന്ത്യയിലും കേരളത്തിലും സദാചാരവാദികള്‍ ഇവിടെ കുട്ടികളെ ആണും പെണ്ണുമായി വേര്‍തിരിക്കാനുള്ള തത്രപ്പാടിലാണ്...
ആണ്‍പെണ്‍ ഭേദമില്ലാതെ ഹാജര്‍ബുക്ക് എഴുതണം എന്ന ഉത്തരവ് പോലും സദാചാരവിരുദ്ധമായിക്കാണുന്ന ക്രൂരതയ്ക്ക് മുന്നില്‍ വിനയയുടെ വാക്കുകള്‍ക്ക് ഒരു ചെറുവെളിച്ചാമാകാനെങ്കിലും സാധിക്കട്ടെ...

വ്യക്തമായ കാഴ്ചപ്പാടോടെയുള്ള ഇത്തരം എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു....

Unknown said...

അങ്ങനെയാണങ്കിൽ
ചുമ്മാ വാചകമടിച്ചാൽ പോരാ

സ്വന്തം വീട്ടിൽ നിന്നു തന്നെ മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുത്താൽ നന്നായിരിക്കും

i mean :സ്വന്തം ഭാര്യയോട് ആത്മ വിശ്വാസത്തോടെ ചന്തിയും മുലയും കാണിച്ചു നടക്കാൻ പറ!

ചന്തിയും മുലയും ഒക്കെ കാണിക്കട്ടെന്നെ
ആണുങ്ങൾ നോക്കും എന്നതു കൊണ്ടു തന്നെയാണവർ അതു പ്രദർശിപ്പിക്കുന്നത്

ആ .... ആർക്കറിയാം

Unknown said...

അങ്ങനെയാണങ്കിൽ
ചുമ്മാ വാചകമടിച്ചാൽ പോരാ

സ്വന്തം വീട്ടിൽ നിന്നു തന്നെ മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുത്താൽ നന്നായിരിക്കും

i mean :സ്വന്തം ഭാര്യയോട് ആത്മ വിശ്വാസത്തോടെ ചന്തിയും മുലയും കാണിച്ചു നടക്കാൻ പറ!

ചന്തിയും മുലയും ഒക്കെ കാണിക്കട്ടെന്നെ
ആണുങ്ങൾ നോക്കും എന്നതു കൊണ്ടു തന്നെയാണവർ അതു പ്രദർശിപ്പിക്കുന്നത്

ആ .... ആർക്കറിയാം