Thursday, February 25, 2010
കുണ്ടപേറണം......................
പുലര്‍ച്ചെ മൂന്നുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ ഉടനെ ഞാനെന്റെ ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു.കിട്ടുന്ന എട്ടു മണിക്കൂര്‍ റെസ്റ്റില്‍ കുട്ടികളുടെ അടുത്തെത്താമല്ലോ എന്ന ചിന്തയാണ് ഒന്നര മണിക്കൂര്‍ ബൈക്കോടിച്ച് വീട്ടിലേക്കോടാന്‍ എന്നെ നിര്‍ബന്ധിച്ചത്.യാത്രക്കിടയിലാണ് അതേ റൂട്ടില്‍ തന്നെ വീടുള്ള സഹപ്രവര്‍ത്തകയെ വിളിക്കാന്‍ മറന്നുപോയ കാര്യം ഓര്‍ക്കുന്നത്. പിറ്റേന്ന് (അന്നു തന്നെ) അവരെ കണ്ടപ്പോള്‍ ............ പോകുമ്പോള്‍ വിളിക്കാന്‍ മറന്നുപോയി...എന്ന് ഒരു കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു.` സാറേ.................. ഞാനറഞ്ഞിരുന്നു സാറ് പോകുന്നതൊക്കെ എന്തിനാപ്പം വീട്ടീ പോയിട്ട് എന്തായാലും ഒറങ്ങാന്‍ പറ്റില്ല.പിന്നെ വെറുതെ പോയി കുണ്ട പേറാനോ.ഇവിടെത്തന്നെ ഇരുന്നതുകൊണ്ട് മനസമാധാനത്തോടെ ഉറങ്ങി.ഭക്ഷണം കഴിച്ചു.കുളിച്ചു.അതുകൊണ്ടെന്താ നല്ല ഫ്രഷായി ഡ്യൂട്ടി ചെയ്യാം.സാറിനെന്ത് റെസ്റ്റാ കിട്ടിയത് ? സാറിന് പിന്നൊന്നുമല്ലെങ്കിലും സ്വന്തം വീടാ....എനിക്കതുപോലല്ല തറവാടാ..ഇത്ര കഷ്ടപ്പെട്ട് അവടെച്ചെന്ന് നൂറ് കുറ്റോം കേട്ട് തിരിച്ചിങ്ങോട്ടോടണം.ആദ്യമൊക്കെ ഞാന്‍ ഇതുപോലെ ഡ്യൂട്ടി റെസ്റ്റില്‍ വീട്ടിലേക്കോടുമായിരുന്നു.ചെയ്‌ത ഡ്യൂട്ടിക്ക് അനുവദിക്കുന്ന റെസ്‌റ്റ് ചെയ്‌ത ഡ്യൂട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കണം സാറേ.......................` ഒരു തത്വചിന്തകയുടെ ഭാവത്തോടെ അത്രയും പറഞ്ഞ് ലത്തിയുമെടുത്ത് സാവധാനം ഡ്യൂട്ടിക്കായി അവള്‍ പുറത്തേക്കുപോയി.തിരക്കിട്ട് യൂണിഫോം ധരിച്ച് ഓടിക്കിതച്ച് ഞാനും അവള്‍ക്കൊപ്പം കൃത്യ സമയത്തു തന്നെ ഡ്യൂട്ടിക്കെത്തി.
Wednesday, February 17, 2010
പ്രതികാരം
പ്രതികാരം
തുടര്‍ച്ചയായി തന്റെ വീട്ടിലെ മഴവെള്ള സംഭരണി ആരോ തുറന്നു വിടുന്നു എന്ന പരാതിയുമായി ഇടക്കിടെ ഒരു വൃദ്ധന്‍ സ്റ്റേഷനില്‍ വരാറുണ്ടായിരുന്നു. അപ്രകാരം ചെയ്യുന്നത് അടുത്ത വീട്ടിലുള്ള ഒരു സ്‌ത്രീയാണെന്നും താനതു കണ്ടു പിടിച്ചെന്നും സാറ് അവരെ വിളിച്ചൊന്ന് ചോദിക്കണമെന്നും അയാള്‍ സ്റ്റേഷനില്‍ വന്നു പറഞ്ഞപ്പോള്‍ .ഇരു കൂട്ടരേയും അന്നു നാലു മണിക്കു തന്നെ സ്‌റ്റേഷനിലെത്തിക്കാന്‍ ഒരു പോലീയുകാരനെ ചുമതലപ്പെടുത്തി.കൃത്യ സമയത്തു തന്നെ സ്റ്റേഷനിലെത്തിയ അവരോട് എസ്.ഐ കാര്യം തിരക്കി, ജല സംഭരണി തുറന്നു വിട്ടത് താന്‍ തന്നെ ആണെന്നവര്‍ സമ്മതിച്ചു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.`സാറേ എനിക്ക് കെട്ട്യോനില്ല. ഞാന്‍ കൂലിപ്പണിക്ക് പോയാണ് കുട്ടികളെ പോറ്റുന്നത്.എനിക്ക് കടയുടെ മുന്നിലൂടെ തന്നെ വേണം പണിക്കു പോകാന്‍. വൈകിട്ട് സാധനങ്ങള്‍ വാങ്ങാനും കടയില്‍ വരണം.ഞാനെപ്പൊ അതിലൂടെ പോകുമ്പളും ഇയാള്‍ അനാവശ്യം പറയും കൊറേ പ്രാവശ്യം എന്നെ അനാവശ്യം പറയരുതെന്ന് ഇയാളോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട് .ഇയാള് നിര്‍ത്തണ്ടേ.... സഹിക്കാന്‍ പറ്റാഞ്ഞിട്ടാ സാറേ... ഇനി എന്നെ അനാവശ്യം പറയരുതെന്ന് സാറ് ഇയാളോട് പറയണം... പരാതി രമ്യമായി പരിഹരിച്ചു.എന്തായാലും പിന്നീടയാള്‍ പരാതിയുമായി സ്‌റ്റേഷനില്‍ വന്നിട്ടില്ല.
Wednesday, February 10, 2010
ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.
ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.
അച്ഛനും ആങ്ങളയും അമ്മയെ അടിക്കും.അവനേയും അച്ഛനേയും വിളിച്ചൊന്നു ഞെട്ടിക്കണം എന്നആവശ്യവുമായിട്ടാണ് ജയ സ്റ്റേഷനിലേക്കു വന്നത്.കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോള്‍ അപ്പനും മോനും പലപ്പോഴും ജയയുടെ അമ്മയെ അടിക്കാറുണ്ടെന്നു മനസ്സിലായി.വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ജയയോട് നേരിട്ടും ഫോണിലും പലപ്പോഴും ആങ്ങള പറയുന്നത്
"അമ്മടെ കൈയ്യിലിരിപ്പ് ശരിയല്ല ഇന്നും അപ്പനെടുത്തിട്ട് നല്ലണം കൊടുത്തു.ഞാനും കൊടുത്തു രണ്ടെണ്ണം" എന്നാണെന്ന് ജയ വിഷമത്തോടെ പറഞ്ഞപ്പോള്‍ ആങ്ങളയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.എസ്.ഐ പുറത്തുപോയതായതുകൊണ്ട് അയാളെ സ്‌റ്റേഷനില്‍ ഇരുത്തി.അല്‌പം കഴിഞ്ഞപ്പോള്‍ അയാളുടെ അച്ഛന്‍ സ്‌റ്റേഷനിലേക്ക് കയറിവന്ന് "എന്തിനാണ് എന്റെ മോനെ സ്‌റ്റേഷനില്‍ പിടിച്ചു വെച്ചതെന്നു പറഞ്ഞ് ബഹളം വെച്ചു.ഇതിനിടെ തന്നെ മുറ്റത്തുനിന്ന പോലീസുകാരുമായി അയാള്‍ സംസാരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
".............അവനെന്ത് തെറ്റ് ചെയ്‌തിട്ടാ.... ....................."എന്നെല്ലാം പറഞ്ഞ് പ്രകോപിതനായി സ്റ്റേഷനിലേക്ക് കയറി വന്ന അയാളോട് "പെണ്ണുങ്ങളെ അടിച്ചു നന്നാക്കാന്‍ നിങ്ങള്‍ക്കാരാ അധികാരം തന്നത്‌് ?" എന്ന് അല്‌പം പരുഷമായിത്തന്നെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു അധ്യാപകന്റെ ഭാവത്തോടെ എന്നെനോക്കി പറഞ്ഞു "ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും"
Sunday, February 7, 2010
ഓതറൈസേഷന്‍ എന്ന കടലാസുപുലി
ഓതറൈസേഷന്‍ എന്ന കടലാസുപുലി
ഡിപ്പാര്‍്‌ട്ടുമെന്റെ ജീപ്പ് ഓടിക്കുക എന്ന മോഹം ഏറെക്കാലമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടെങ്കിലും പല പല കാരണങ്ങള്‍ കണ്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റെിലെ ആണ്‍കോയ്‌മ അതു മുടക്കികൊണ്ടേയിരുന്നു.തിരുവനന്തപുരത്ത് ജോലി നോക്കുമ്പോള്‍ അന്നും ഞാന്‍ എന്റെ മോഹം കമ്മീഷണര്‍ക്കെഴുതി.പെണ്ണുങ്ങള്‍ക്കൊന്നും വണ്ടി കൊടുക്കില്ലെന്ന വാക്കാലുള്ള ഉത്തരം പോരെന്നും അത് രേഖാപരമായി വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കു കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു......... വനിതാ സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍ നിലവിലുള്ളതുകൊണ്ട് ഡ്രൈവറെ ആവശ്യമില്ല......... ഈ മറുപടിയില്‍ യാതൊരു നിയമ നടപടികള്‍ക്കും സാധ്യതയില്ലാത്തതിനാല്‍ ഞാന്‍ എന്റെ മോഹം അവിടെ അവസാനിപ്പിച്ചു.1992-ല്‍ LMV ലൈസന്‍സുള്ള എനിക്ക് ഒരിക്കല്‍ പോലും പോലീസ് ജീപ്പ് ഓടിക്കുന്നതിന് അവസരം ലഭിച്ചിട്ടില്ല.എങ്കിലും കഴിഞ്ഞരണ്ടു മാസം മുമ്പുവരെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് വല്ലപ്പോഴും തിരിച്ചു നിര്‍ത്തുകയും ,കഴുകുകയും ചെയ്യാറുണ്ടായിരുന്നു. വണ്ടിയുടെ കണ്ടീഷന്‍ നോക്കാനായി ഒന്നു രണ്ടു പ്രാവശ്യം സ്റ്റേഷനു പുറത്തേക്കും കൊണ്ടു പോയിട്ടുണ്ട്.ഡ്രൈവിംഗ് അറിയുന്ന പോലീസുകാര്‍ പലരും പുറത്തേക്കെടുത്തപ്പോള്‍ ആരും ശ്രദ്ധിക്കുകകൂടി ചെയ്യാതിരുന്ന ഈ നിസ്സാര പ്രശ്‌നം എന്റെ സ്റ്റേഷനിലെ പലരുടേയും മനസമാധാനം തന്നെ കെടുത്തി.നിങ്ങള്‍ക്ക് ലൈസന്‍സുണ്ടോ എന്നചോദ്യത്തിന് ലൈസന്‍സുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റെ് വാഹനം ഓടിക്കുന്നതിനുള്ള ഓതറൈസേഷന്‍ ഉണ്ടോ എന്നതായി അടുത്ത ചോദ്യം. സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്‌ത് സ്‌റ്റേഷനില്‍ വരുന്ന എനിക്ക് ഓതറൈസേഷന്‍ എന്ന കടമ്പയിലൂടെയല്ലാതെ ഡിപ്പാര്‍ട്ടുമെന്റെ് ജീപ്പ് ഓടിക്കുക എന്ന മോഹം നടക്കില്ലെന്നു ബോധ്യമായപ്പോള്‍ ഞാന്‍ ഓതറൈസേഷനു വേണ്ടി അപേക്ഷിച്ചു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 10 ദിവസത്തിനുള്ളില്‍ എനിക്ക് ഓതറൈസേഷന്‍ ലഭിച്ചു.എനിക്ക് അഭിമാനം തോന്നി.പക്ഷേ എനിക്ക് ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ എന്നെക്കൊണ്ട് ആ വണ്ടിയുടെ സ്‌റ്റിയറിംഗ് തൊടീക്കാതിരിക്കാന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ തന്നെ നിര്‍ദ്ദേശം കൊടുത്തതായി പോലീസുകാര്‍ പറഞ്ഞറിഞ്ഞും നേരിട്ടും എനിക്ക് ബോധ്യമായി.സാധാരണ പുറത്തു പോയി വന്ന ജീപ്പ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോവുകയായിരുന്നു അതുവരെയുള്ള പതിവ്.മിക്കവാറും ഞാനായിരിക്കും അതു തിരിച്ചിടുക .എനിക്ക് ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ ജീപ്പോടിക്കുന്നവര്‍ തന്നെ കൃത്യമായി അത് തിരിച്ചിടും.സബ്ബ് ഇന്‍സ്‌പെക്ടറുടെ കാരുണ്യമില്ലാതെ ഡിപ്പാര്‍ട്ട്‌മെന്റെ ജീപ്പ് ഓടിക്കാന്‍ കഴിയില്ലല്ലോ.ഓതറൈസേഷന്‍ എന്ന കടലാസു പുലി എന്റെ ഫയലില്‍ ഭദ്രം........
Thursday, February 4, 2010
വിശ്വാസം
വിശ്വാസം
2005 ഡിസംബര്‍ മാസം 25-ം തിയ്യതിയായിരുന്നു എന്റെ അച്ഛന്‍ മരിച്ചത്.പ്രമേഹസംബന്ധമായ അസുഖത്തെതുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അച്ഛന്‍ കിടപ്പിലായിരുന്നു.കിടപ്പിലായ കാലത്തെല്ലാം അച്ഛനെ ചികിത്സിച്ചതും പരിചരിച്ചതും ഞങ്ങള്‍ അഞ്ചു പെണ്‍മക്കള്‍ തന്നെയായിരുന്നു.കിടപ്പിലായകാലത്തോ ചികിത്സയിലിരുന്ന കാലത്തോ പറയത്തക്ക യാതൊരു വിധ സഹകരണവും അച്ഛന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.മരിച്ചു കഴിഞ്ഞ് ചടങ്ങുകള്‍ തുടങ്ങും മുമ്പ് ഉമ്മറത്തുനിന്നും മുതിര്‍ന്ന ആണുങ്ങള്‍ എന്തോ പ്രധാനകാര്യം ചര്‍ച്ച ചെയ്യുന്നു. ഞാനടുത്തെത്തിയപ്പോള്‍ മുത്തച്ഛന്‍ എന്നോടു ചോദിച്ചു,
മോളേ ആരാ ചെത കത്തിക്കുന്നത് ?
"വാസന്തിയേടുത്തി." ഞാനുത്തരം പറഞ്ഞു. (ഞങ്ങള്‍ അഞ്ചു പെണ്‍മക്കളില്‍ മൂത്തത് വാസന്തിയേടുത്തിയാണ്)
"എന്തിനാ.... നിങ്ങള്‍ക്കെല്ലാവര്‍ക്കും ആണ്‍കുട്ടികളുണ്ടല്ലോ ? പിന്നെന്താ....?മുത്തച്ഛന്‍ തെല്ലതിശയത്തോടെ ചോദിച്ചു.
"പെണ്‍കുട്ടികള് കത്തിച്ചാ എന്താ ചിത കത്തില്ലേ മുത്തച്ഛാ............... ? "ഞാനേറെ വിഷമത്തോടെ ചോദിച്ചു.
"അതല്ല മോളേ...അതിനുള്ള മനക്കരുത്ത് ഓക്ക് (വാസന്തിയേടുത്തിയെ ഉദ്ദേശിച്ചുകൊണ്ട്) ഇണ്ടാവ്വോ ?" മുത്തച്ഛന്‍ സംശയം പ്രകടിപ്പിച്ചു.ഞാന്‍ വാസന്തിയേടുത്തിയെ വിളിച്ച് വിവരം അറിയിച്ചു.വാസന്തിയേടുത്തി ഉടനെ തന്നെ പൊട്ടിക്കരഞ്ഞെങ്കിലും സമ്മതിച്ചു.അച്ഛനെ കുളിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
"ഇത്രയും കാലം അച്ഛനെ കുളിപ്പിച്ചത് ഞാനല്ലേ. അച്ഛനെ അവസാനമായി ഞാന്‍ തന്നെ കുളിപ്പിക്കും" എന്ന് വനജേടുത്തി വികാരാധീനയായി പറഞ്ഞു.അച്ഛന്റെ ശരീരം കുളിപ്പിക്കലും ചിത കത്തിക്കലും എല്ലാം ഞങ്ങള്‍ മക്കള്‍ തന്നെ നടത്തി.തക്ക സമയത്ത് ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു വന്ന അച്ഛന്റെ ബന്ധുക്കളായ പുരുഷ പ്രജകള്‍ അവസരം കിട്ടാതെ നിരാശരായി.തികച്ചും അര്‍ഹതപ്പെട്ടതു തന്നെയാണവര്‍ ചെയ്‌തത് എന്നും, ആത്മാവിന് ശാന്തി കിട്ടാതാക്കി എന്നുമുള്ള അഭിപ്രായങ്ങള്‍ വ്യാപകമായി പ്രചരിച്ചുഎങ്കിലും അച്ഛന്റെ ജേഷ്ടന്റെ മകനായ പ്രസാദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ ആത്മാവിന് നിത്യശാന്തി തന്നെ ലഭിക്കും എന്നു ഞാനുറപ്പിച്ചു.
" അവര് ചെയ്‌തതില്‍ ഒരു തെറ്റുമില്ല. എനിക്കും രണ്ട് പെണ്‍കുട്ടികളാണ്.ഞാന്‍ മരിച്ചാല്‍ എന്റെ ചിത എന്റെ മക്കള് തന്നെ കത്തിക്കണം അതുംവെച്ചാരും വെലപേശരുത് എന്നതാണെന്റെ ആഗ്രഹം." പ്രസാദിനെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ളഅച്ഛനമ്മമാരുടെ അനുഗ്രഹം എന്നും എനിക്കും എന്റെ കുടുംബത്തിനുമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.
Tuesday, February 2, 2010
തിരിച്ചടി
പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഞാനുമായി നടന്ന ഒരു തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനായ റെജി എന്ന പോലീസുകാരന്‍ തര്‍ക്കം ഇങ്ങനെ അവസാനിപ്പിച്ചു
"നീയൊന്നും ആണിനെ കണ്ടിട്ടില്ല, ആണെന്താണെന്നറിഞ്ഞിരുന്നെങ്കില്‍ നീ ഇങ്ങനെയൊന്നുമാകില്ല"
ഇങ്ങനെ പറഞ്ഞയാള്‍ പുച്ഛഭാവത്തില്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങവേ ഞാന്‍ പറഞ്ഞു
"റെജീ............. ഒരു മിനിട്ട്.. തന്റെ ഭാര്യയെ ഇന്നൊന്ന് എന്റെ വീട്ടിലേക്കയക്കാമോ ? മറ്റൊന്നിനുമല്ല എന്റെ ഭര്‍ത്താവ് ആണാണെന്ന് നിന്നെയൊന്ന് മനസ്സിലാക്കിക്കാനാ.........." ഞാന്‍ തിരിച്ചടിച്ചു.