Thursday, February 4, 2010

വിശ്വാസം

വിശ്വാസം

2005 ഡിസംബര്‍ മാസം 25-ം തിയ്യതിയായിരുന്നു എന്റെ അച്ഛന്‍ മരിച്ചത്‌.പ്രമേഹസംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ ഒന്നര വര്‍ഷത്തോളം അച്ഛന്‍ കിടപ്പിലായിരുന്നു.കിടപ്പിലായ കാലത്തെല്ലാം അച്ഛനെ ചികിത്സിച്ചതും പരിചരിച്ചതും ഞങ്ങള്‍ അഞ്ചു പെണ്‍മക്കള്‍ തന്നെയായിരുന്നു.കിടപ്പിലായകാലത്തോ ചികിത്സയിലിരുന്ന കാലത്തോ പറയത്തക്ക യാതൊരു വിധ സഹകരണവും അച്ഛന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.മരിച്ചു കഴിഞ്ഞ്‌ ചടങ്ങുകള്‍ തുടങ്ങും മുമ്പ്‌ ഉമ്മറത്തുനിന്നും മുതിര്‍ന്ന ആണുങ്ങള്‍ എന്തോ പ്രധാനകാര്യം ചര്‍ച്ച ചെയ്യുന്നു. ഞാനടുത്തെത്തിയപ്പോള്‍ മുത്തച്ഛന്‍ എന്നോടു ചോദിച്ചു,

മോളേ ആരാ ചെത കത്തിക്കുന്നത്‌ ?

"വാസന്തിയേടുത്തി." ഞാനുത്തരം പറഞ്ഞു. (ഞങ്ങള്‍ അഞ്ചു പെണ്‍മക്കളില്‍ മൂത്തത്‌ വാസന്തിയേടുത്തിയാണ്‌)

"എന്തിനാ.... നിങ്ങള്‍ക്കെല്ലാവര്‍ക്കും ആണ്‍കുട്ടികളുണ്ടല്ലോ ? പിന്നെന്താ....?മുത്തച്ഛന്‍ തെല്ലതിശയത്തോടെ ചോദിച്ചു.

"പെണ്‍കുട്ടികള്‌ കത്തിച്ചാ എന്താ ചിത കത്തില്ലേ മുത്തച്ഛാ............... ? "ഞാനേറെ വിഷമത്തോടെ ചോദിച്ചു.

"അതല്ല മോളേ...അതിനുള്ള മനക്കരുത്ത്‌ ഓക്ക്‌ (വാസന്തിയേടുത്തിയെ ഉദ്ദേശിച്ചുകൊണ്ട്‌) ഇണ്ടാവ്വോ ?" മുത്തച്ഛന്‍ സംശയം പ്രകടിപ്പിച്ചു.ഞാന്‍ വാസന്തിയേടുത്തിയെ വിളിച്ച്‌ വിവരം അറിയിച്ചു.വാസന്തിയേടുത്തി ഉടനെ തന്നെ പൊട്ടിക്കരഞ്ഞെങ്കിലും സമ്മതിച്ചു.അച്ഛനെ കുളിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

"ഇത്രയും കാലം അച്ഛനെ കുളിപ്പിച്ചത്‌ ഞാനല്ലേ. അച്ഛനെ അവസാനമായി ഞാന്‍ തന്നെ കുളിപ്പിക്കും" എന്ന്‌ വനജേടുത്തി വികാരാധീനയായി പറഞ്ഞു.അച്ഛന്റെ ശരീരം കുളിപ്പിക്കലും ചിത കത്തിക്കലും എല്ലാം ഞങ്ങള്‍ മക്കള്‍ തന്നെ നടത്തി.തക്ക സമയത്ത്‌ ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു വന്ന അച്ഛന്റെ ബന്ധുക്കളായ പുരുഷ പ്രജകള്‍ അവസരം കിട്ടാതെ നിരാശരായി.തികച്ചും അര്‍ഹതപ്പെട്ടതു തന്നെയാണവര്‍ ചെയ്‌തത്‌ എന്നും, ആത്മാവിന്‌ ശാന്തി കിട്ടാതാക്കി എന്നുമുള്ള അഭിപ്രായങ്ങള്‍ വ്യാപകമായി പ്രചരിച്ചുഎങ്കിലും അച്ഛന്റെ ജേഷ്ടന്റെ മകനായ പ്രസാദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ ആത്മാവിന്‌ നിത്യശാന്തി തന്നെ ലഭിക്കും എന്നു ഞാനുറപ്പിച്ചു.

" അവര്‌ ചെയ്‌തതില്‍ ഒരു തെറ്റുമില്ല. എനിക്കും രണ്ട്‌ പെണ്‍കുട്ടികളാണ്‌.ഞാന്‍ മരിച്ചാല്‍ എന്റെ ചിത എന്റെ മക്കള്‌ തന്നെ കത്തിക്കണം അതുംവെച്ചാരും വെലപേശരുത്‌ എന്നതാണെന്റെ ആഗ്രഹം." പ്രസാദിനെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ളഅച്ഛനമ്മമാരുടെ അനുഗ്രഹം എന്നും എനിക്കും എന്റെ കുടുംബത്തിനുമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.

13 comments:

Unknown said...

മാഡം, നിങ്ങള്‍ സഹോദരിമാരുടെ ധീരമായ തീരുമാനം. കാലത്തിനനുസരിച്ച മാറ്റങ്ങള്‍
ഉള്‍ക്കൊണ്ട്‌ മതത്തിലെ എല്ലാ യാധാസ്ഥികതയെയും എതിര്‍ത്ത് മാറ്റങ്ങള്‍ ഇഷ്ടപെടാത്ത കപട പുരോഗമന വാദികളുടെ മുന്‍പിലേക്ക് പുതിയൊരു രീതി മുന്നോട്ടു വെച്ചതില്‍ എന്റെ അഭിനന്ദനങ്ങള്‍.

ഇതുപോലെ ഒരു സംഭവം നോര്‍ത്ത് ഇന്ത്യയില്‍ നടന്നിട്ടുണ്ട് എന്ന് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു.

ഷാജി ഖത്തര്‍.

ഇ.എ.സജിം തട്ടത്തുമല said...

വിനയയോട് പല കാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും ഈ കാര്യത്തിൽ പൂർണ്ണമായും യോജിയ്ക്കുന്നു. പെൺകുട്ടികൾ ചിതയ്ക്കു തീ കൊളുത്തുന്നതിൽ തെറ്റൊന്നിമില്ലെന്നതു മാത്രമല്ല ഈ പോസ്റ്റ് ഇഷ്ടപ്പെടാൻ കാരണം. രോഗാവസ്ഥയിൽ കഴിയുന്നവരെ ഒരു നോക്കു കാണാൻ പോലും സമയം കണ്ടെത്താതെ മരണസമയത്ത് വന്ന് വലിയ കാര്യക്കാരാകുന്നവരുടെ കാപട്യം തുറന്നു കാട്ടിയതും കൂടിയാണ് ഇതിഷ്ടപ്പെടാൻ കാരണം.

ഷിബിന്‍ said...

സജിം പറഞ്ഞത് പോലെ പല കാര്യത്തിലും എതിര്‍പ്പുണ്ടെങ്കിലും ഈ കാര്യത്തില്‍ വിനയയോടു നൂറു ശതമാനവും യോജിക്കുന്നു.. സുഗമില്ലാതെ കിടന്ന കാലത്ത് അച്ഛനെ തിരിഞ്ഞു നോക്കാതിരുന്നവര്‍ വെറും ചടങ്ങിനു വേണ്ടി അദ്ധേഹത്തിന്റെ ചിതക്ക്‌ തീ കൊളുതിയിരുന്നെങ്കില്‍ ആ ആത്മാവിനു ഒരിക്കലും ശാന്തി കിട്ടില്ല.. വിനയക്കും സഹോദരിമാര്‍ക്കും തന്നെയാണ് അതിനു യോഗ്യത..

vasanthalathika said...
This comment has been removed by the author.
vasanthalathika said...

മരിയ്ക്കുംവരെയാനു മനുഷ്യന് പരാശ്രയം വേണ്ടത്.അതുവരെ തിരിഞ്ഞുനോക്കാത്തവര്‍ കൊള്ളി വെച്ചാല്‍ അതാണ്‌ തെറ്റ്.വിനയയും ചേച്ചിമാരും ചെയ്ത ശരിയ്ക്കുമുന്നില്‍ ഒരു പൂചെന്ടു വെയ്ക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

തികച്ചും ന്യായമായ കാര്യം.
ധൈര്യശാലികളായ മക്കളുള്ളപ്പോള്‍ ...
ചിതക്ക് തീകൊളുത്താനുള്ള അവകാശം ബന്ധുക്കളെ ഏല്‍പ്പിക്കേണ്ടതില്ല. കരഞ്ഞു നിലവിളിച്ച് അതിനാകതെ വന്നാല്‍(ആണായാലും പെണ്ണായാലും) ബന്ധുക്കളേയോ, നാട്ടുകാരേയോ,പഞ്ചായത്തുകാരേയോ ആ ചുമതല ഏല്‍പ്പിക്കുന്നതിലും കുഴപ്പമില്ല.
സമൂഹത്തില്‍ നാട്ടുനടപ്പിനെ അതിലഘിക്കാന്‍
കാണിച്ച ആര്‍ജ്ജവത്തിന്
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍.
ആണ്മക്കളില്ലാത്തതിനാല്‍ ആ കുറവു നികത്താന്‍
തയ്യാറായി മുന്നോട്ടു വന്ന ബന്ധു ജനങ്ങളെയും
സ്നേഹപൂര്‍വ്വം സ്മരിക്കുക... മനുഷ്യത്വത്തിന്റെ പേരില്‍.

Unknown said...

വിനയയുടെ പ്രവൃത്തി സ്വഗതാര്‍ഹാമാണ്....

പ്രമുഖ ശാസ്ത്രകാരനായ വിക്രം സാരാഭായി മരിച്ചപ്പോള്‍ ചിതക്ക്‌ തീ കൊടുത്തത് മകള്‍ മല്ലികാസാരാഭായി ആയിരുന്നുവെന്നത്‌ ഇതിനൊപ്പം ഓര്‍ത്തു പോകുന്നു

മാഹിഷ്മതി said...
This comment has been removed by the author.
ആവനാഴി said...

പിതാവിന്റെ ചിതക്കു തീ വക്കാനുള്ള അവകാശം മക്കൾക്കു തന്നെയാണു. അതിൽ ആണെന്നോ പെണ്ണെന്നോ ഭേദമില്ല എന്നാണു എന്റെ അഭിപ്രായം. പെണ്മക്കൾ മാത്രമേ ഉള്ളുവെങ്കിൽ, ചിതക്കു തീ വക്കാൻ ബന്ധുക്കളുടെ ആണ്മക്കളെ അന്വേഷിച്ചു കൊണ്ടു വരേണ്ട കാര്യമില്ല.

നന്ദന said...

വളരെ ധീരമായ തീരുമാനത്തിന് അഭിനന്ദനങ്ങൽ.

Anonymous said...

തീരുമാനം ഒരു രീതിയില്‍ വലിയ ശരി തന്നെ , പക്ഷെ മത സംബന്ധമായ ചടങ്ങുകള്‍ തന്നെ അര്‍ത്ഥരഹിതമായിരിക്കുമ്പോള്‍ !

നിസ്സഹായന്‍ said...

അന്ധവിശ്വാസമായാലും അത് ആചരിക്കുന്നതിനുള്ള അവകാശം പങ്കുവെക്കുന്നതില്‍ സ്ത്രീപുരുഷ പക്ഷപാതിത്വം ഉള്ളത് ചോദ്യം ചെയ്യപ്പെടെണ്ടതു തന്നെ ! ആ നിലയില്‍ വിനയയേയും വാസന്തിയേടത്തിയേയും പ്രസാദിനേയും അഭിനന്ദിക്കുന്നു !

ഷൈജൻ കാക്കര said...

ഞാനും യോജിക്കുന്നു.