Monday, July 19, 2010
പാല്‍ പായസവും കോളാമ്പിയും
ഒരിക്കല്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജു കിട്ടിയപ്പോള്‍ പോലീസ് ജീപ്പെടുത്ത് പുറത്തു പോവേണ്ടി വന്നു.സ്‌റ്റേഷനില്‍ ഡ്രൈവിംഗ് അറിയുന്ന ആണ്‍ പോലീസുകാര്‍ ഉണ്ടായിട്ടും ഞാന്‍ വാഹനമോടിച്ചത് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനുള്ള ശിക്ഷയായി എന്നെ സ്റ്റേഷന്‍ ചാര്‍ജ്ജ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി.ഇതിനെപ്പറ്റി സ്റ്റേഷനില്‍ നിന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍ പോലീസുകാര്‍ ഒന്നടങ്കം അതു ഭാഗ്യമല്ലേ ഇപ്പോള്‍ ഉറക്കൊഴിയേണ്ടല്ലോ എന്നു പറഞ്ഞ് ഗൗരവമായി എന്നെ സമാധാനിപ്പിച്ചു. കൂട്ടത്തിലൊരു പോലീസുകാരന്‍ ഇങ്ങനെ പറഞ്ഞു
"സാറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു"
ഉടനെ തന്നെ ഞാന്‍ അയാളോടു ചോദിച്ചു" പാല്‍ പ്പായസം ഇഷ്ടമാണെന്നു കരുതി കോളാമ്പിയില്‍ വിളമ്പിയാല്‍ കഴിയാന്‍ പറ്റുമോ "?
Friday, July 16, 2010
ആണോ............എന്നാലൊരു ഗോപാലന്‍
ആണോ............എന്നാലൊരു ഗോപാലന്‍
മകന്റെ സ്‌ക്കൂളിലെ PTAതിരഞ്ഞെടുപ്പിനോടനുബന്ധിച്ച മീറ്റിംഗ്‌് .തുടക്കത്തിലെ പതിവു ചടങ്ങുകള്‍ക്കു ശേഷം തിരഞ്ഞെടുപ്പിനു മുന്നോടിയായ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഞാനും സംസാരിച്ചു.300 പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ ആകെ പങ്കെടുത്തത് 30പരുഷന്മാര്‍ .ഇപ്രാവശ്യമെങ്കിലും സ്‌ത്രീകളുടെ ഭാഗത്തു നിന്നായിരിക്കണം നമ്മുടെ PTA പ്രസിഡണ്ട്.വളരെ ചുരുങ്ങിയ പുരുഷന്മാര്‍ വന്ന് അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന പതിവു ശൈലി ഒന്നു മാറ്റണം.അവര്‍ക്കും ഒരു അവസരം നല്‌കണം. ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.ഞാന്‍ പറഞ്ഞതിനു മറുപടിയെന്നോണം തൊട്ടു പുറകേ തന്നെ ഹെഡ്‌മാസ്റ്റര്‍ സംസാരിച്ചു.
"എനിക്ക് ഏതു സമയത്തും അത്യാവശ്യത്തിന് വിളിച്ചാല്‍ കിട്ടുന്നവരായിരിക്കണം പ്രസിഡണ്ടായിരിക്കേണ്ടത്.എല്ലാവരും വിനയയേപ്പോലെ ആകില്ലല്ലോ.സ്‌ത്രീകളാണെങ്കില്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് സമ്മതം വേണം.നാലു മണിക്കു ശേഷം എത്ര അമ്മമാര്‍ക്ക് വീട്ടില്‍ നിന്ന് വരാന്‍ കഴിയും ? Exicutie അംഗങ്ങളായി 8 പേരാണ് വേണ്ടത് അതില്‍ മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം."
അങ്ങനെ സ്‌ത്രീകളുടെ എല്ലാ ആത്മവിശ്വാസത്തേയും ഇകഴ്‌ത്തിയും മീറ്റിംംഗില്‍ പങ്കെടുത്ത എല്ലാ സ്‌ത്രീകളും നാലു മണിക്കു ശേഷം പുറത്തിറങ്ങാത്ത ഉത്തമ സ്‌ത്രീകളാണെന്ന് സമ്മതിച്ചുകൊണ്ട് 'ശരിയാണ്, ശരിയാണ് ' എന്ന് സ്വയം മന്ത്രിക്കുവാനും ഹെഡ്‌മാസ്റ്ററുടെ പ്രസംഗം പ്രേരണയായി.
ശേഷം ചിന്തിക്കാനിടം കൊടുക്കാതെ സ്റ്റാഫ് സെക്രട്ടറി Exicutive കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരു പറയേണ്ടുന്നതിന്റെ നിബന്ധന വിവരിച്ചു." ഒരാള്‍ക്ക് ഒരാളുടെ പേരേ നോമിനേറ്റ് ചെയ്യാന്‍ പാടുള്ളൂ.Exicutive -ല്‍ 5 പുരുഷന്മാരും 3 സ്‌ത്രീകളുമാണ് വേണ്ടത്."അല്ല മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം എന്നേയുള്ളൂ" ഹെഡ്‌മാസ്റ്റര്‍ തിരുത്തി. ആര്‍ക്കും തെല്ലും ചിന്തിക്കാനിടം നല്‌കാതെ " ആ പെട്ടന്ന് തീര്‍ക്കണം സമയം വൈകി പേരു പറയ് പേരു പറയ് .സ്റ്റാഫ് സെക്രട്ടറി ധൃതി കൂട്ടി.
''ആയിഷ..... ''ഞാന്‍ ഒരു സ്‌ത്രീയുടെ പേരു പറഞ്ഞു .
''വനജ'' മറ്റൊരു സ്‌ത്രീ സ്വയം എഴുന്നേറ്റു നിന്ന് അവരുടെ പേരു തന്നെ പറഞ്ഞു.അപ്പോഴേക്കും നാലു പുരുഷന്മാര്‍ മറ്റു നാലു പുരുഷന്മാരുടെ പേരു പറഞ്ഞു കഴിഞ്ഞിരുന്നു.
ഉടനെ തന്നെ ഞാന്‍ വിളിച്ചു പറഞ്ഞു "നാരായണന്‍ "
" നാരായണന്റെ പേര് മുമ്പേ പറഞ്ഞതാണ് " സ്റ്റാഫ് സെക്രട്ടറി ഗൗരവത്തോടെ എന്നെ നോക്കി പറഞ്ഞു
" ആണോ ................... എന്നാലൊരു ഗോപാലന്‍ " ഞാന്‍ തിരിച്ചടിച്ചു.വേദിയിലും സദസ്സിലും പൊട്ടിച്ചിരി ഉയര്‍ന്നു."ആരായാലെന്താ................ നിങ്ങള്‍ക്കു വേണ്ടത് ഒരാണിന്റെ പേരല്ലേ...? തിരഞ്ഞെടുപ്പിന്റെ ബാക്കിചടങ്ങുകള്‍ക്ക് നില്‌ക്കാതെ എന്റെ വികാരം പ്രകടമാക്കി എല്ലാവരോടുമൊന്നിച്ച് ചിരിച്ചുകൊണ്ടു തന്നെ ഞാന്‍ ഹാള്‍ വിട്ടിറങ്ങി.
Friday, July 9, 2010
ആരും അക്കൗണ്ട് ആക്കുന്നില്ല
രണ്ടു കുട്ടികളുള്ള ഒരു സ്‌ത്രീ മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഭാര്യയുമുള്ള ഒരാളുടെ കൂടെ ഒളിച്ചോടി.പെണ്ണിന്റെ വീട്ടുകാര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ പിടികൂടി കോടതിയില്‍ എത്തിച്ചു.കോടതിയില്‍ വെച്ച് സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചവര്‍ കോടതിക്കു പുറത്തുവെച്ച് ബന്ധുക്കളുടേയും സ്‌നേഹിതരുടേയും കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് രണ്ടു കുടുംബവും പഴയ ബന്ധങ്ങളിലേക്കു തന്നെ തിരിച്ചുപോയി. ആ ഇടപെടലില്‍ നിര്‍ണ്ണായകമായ ഉപദേശം എന്നെ ഏറെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു.വഴി തിരിച്ചുവിട്ട ആ ഉപദേശം നല്‌കിയ ആള്‍ക്ക് ഏകദേശം നാല്‌പതു വയസ്സ് പ്രായം കാണും. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലിന്റേയും ഉപദേശത്തിന്‍േയും ഇടക്ക് അയാള്‍ പറഞ്ഞു " നിങ്ങള്‍ വെറും പാവങ്ങളാണ്.ലോകത്തില്‍ ഇതു പോലുള്ള ബന്ധങ്ങളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും.പക്ഷേ ആരും നിങ്ങളെപ്പോലെ അക്കൗണ്ട് ആക്കുന്നില്ല അത്രേയുള്ളൂ"
Sunday, July 4, 2010
ബോധമില്ലാത്തവര്
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി വിശാലിന് (മകന്‍) ജാകിരി വാങ്ങിക്കാന്‍ ടൗണിലിറങ്ങിയതായിരുന്നു.ബസ്‌റ്റോപ്പിനോടു ചേര്‍ന്ന് കെട്ടിയുണ്ടാത്തിയ വലിയസ്‌ക്രീനില്‍ ലോകകപ്പ് ഫുട്‌പോള്‍ ആവേശത്തോടെ കാണുന്നവര്‍ക്കിടയിലൂടെ ഞാന്‍ ബേക്കറിയിലേക്കു കയറി .ജാകിരി വാങ്ങി ഇറങ്ങാന്‍ തുടങ്ങവേ ബസ്‌റ്റോപ്പില്‍ നിന്നും വിട്ട് രണ്ടു സ്‌ത്രീകള്‍ അബദ്ധത്തില്‍ പോലും ആ സ്‌ക്രീനിലേക്കൊന്നു നോക്കാതെ വളരെ കാര്യമായി എന്തോ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നുണ്‌ടായിരുന്നു. വണ്ടിയില്‍ കയറാന്‍ തുടങ്ങവേ എന്റെടുത്ത് കളി കണ്ടു നില്‍ക്കുന്നവരിലൊരാള്‍ ആ സ്‌ത്രീകളെ നോക്കികൊണ്ടു പറഞ്ഞു "ആര് ജയിച്ചാലെന്ത് തോറ്റാലെന്ത് ഒരു പ്രശ്‌നവുമില്ല അങ്ങനെയാകണം "എല്ലാവരും ചിരിച്ചു അടുത്ത കമന്റെ് ആരംഭിക്കുന്നതിനുമുമ്പേ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു"അതുപോലെ ബോധമില്ലാത്ത കുറേപ്പേരുള്ളതുകൊണ്ടാണ് നിങ്ങള്‍ക്കൊക്കെ ബോധത്തോടെ നില്‍ക്കാന്‍ കഴിയുന്നത".