Thursday, December 15, 2011
അനന്തരഫലം
തൃശൂര്‍ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാര്‍ പാര്‍ക്കുചെയ്യുമ്പോള്‍ ഒരു പോലീസ് ജീപ്പ് എന്റെടുത്തു നിര്‍ത്തി വിനയാ.... എന്നു വിളിച്ചു.ഞാന്‍ തിരിഞ്ഞുനോക്കി.എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കാനാകാത്ത സന്തോഷം നല്കിയ ഒരു കാഴ്ചയായിരുന്നു അത്. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു പോലീസുകാരി.എന്നെ വിളിച്ചത് എന്റെ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ എലിസബത്ത് (അവരിപ്പോള്‍ തൃശ്ശൂര്‍ വനിതാസെല്ലില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്).വര്‍ഷങ്ങള്‍ക്കു മുമ്പ് ജീപ്പോടിക്കാന്‍ സമ്മതം ചോദിച്ചതിന്റെ പേരില്‍ ഇനി വനിതാപോലീസ് ജീപ്പോടിക്കാഞ്ഞിട്ടാ..... ആളുകള് മനസ്സമാധാനത്തോടെ നടക്കുന്നതില്ലാതാക്കാന്‍..എന്നു തുടങ്ങിയ കമന്റെുകളും, ഓതറൈശേഷന്‍ തരില്ലെന്ന പുരുഷ മേലുദ്യോഗസ്ഥരുടെ ദുര്‍വ്വാശിക്കും മുന്നില്‍ നാണം കെട്ട് നില്‌ക്കേണ്ടി വന്ന എന്റെ പ്രയത്‌നത്തിന്റെ അനന്തരഫലം ......... തിരക്കുപിടിച്ച തൃശ്ശൂര്‍ ടൗണിലും കൊല്ലം ടൗണിലും ഞാനുള്‍പ്പെടെ ചുരുക്കം ചില പോലീസുകാരികള്‍ ഒരാളുടേയും മനസ്സമാധാനം തകര്‍ക്കാതെ കളിയാക്കിയവര്‍ക്കുപോലും പലപ്പോഴും സഹായികളായി അഭിമാനത്തോടെ ഇന്ന് പോലീസ് ജീപ്പ് ഓടിക്കുന്നു.
Friday, December 9, 2011
ഞെളിയന്‍ പറമ്പുകള്‍
അമ്മ ഓര്‍മ്മ എന്ന പുസ്തകം വായിച്ചതാണ് ഈ കുറിപ്പിനാധാരം.ചില എഴുത്തുകാര്‍ അവരുടെ അമ്മമാരെക്കുറിച്ച് എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍.ജീവിച്ചിരുന്നപ്പോള്‍ അമ്മമാരെ അംഗീകരിക്കാന്‍ മടിച്ചവരും മറന്നവരും സ്ത്രീത്വത്തെ വിലമതിക്കാത്തവരും ,അവരെ അപമാനിച്ചവരും ണരിച്ചശേഷം അമ്മ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ ജീവിച്ചിരിക്കുന്ന അവരുടെ കുട്ടികളുടെ അമ്മമാരെക്കുറിച്ചെന്തു പറയുന്നു.ജീവിച്ചിരിക്കുന്ന ലക്ഷങ്ങളോളം അമ്മമാരെ മനുഷ്യരായിപ്പോലും അംഗീകരിക്കാത്തവര്‍ മരണശേഷം അമ്മ ഓര്‍മ്മകള്‍ എഴുതി മനശ്ശാന്തി തേടുകയാണ്.ഇവരുടെയെല്ലാം സ്‌ക്കൂള്‍,കോളേജ് ജോലി രേഖകളില്‍ ഈ അമ്മമാരുടെ പേരു പോലും parent/guardian എന്നീ തലങ്ങളില്‍ ചേര്‍ത്തിട്ടുണ്ടാവില്ല.എന്തിന് വിവാഹ ക്ഷണക്കത്തില്‍ പോലും ഈ വിശുദ്ധ അമ്മമാരുടെ പേര് കാണിച്ചിട്ടുണ്ടാവില്ല.അമ്മ ....ജീവിതത്തിലോ,രേഖകളിലോ ഇല്ലാത്തവര്‍ അമ്മയുടെ മരണശേഷം എഴുതുന്ന ഈ ഓര്‍മ്മകള്‍ പുതു തലമുറയെ വഴിതെറ്റിക്കാന്‍ മാത്രം ഉതകുന്നതാണ്.'ഓര്‍മ്മക്കു വേണ്ടി 'ഓര്‍മ്മിക്കാന്‍' വേണ്ടി ജീവിക്കുന്നവരാകാന്‍ സ്ത്രീകളെ ഇത്തരം അമ്മ ഓര്‍മ്മകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഏതൊരു ക്ലീന്‍ സിറ്റിക്കു പുറകിലും ഒരു ഞെളിയന്‍ പറമ്പുണ്ടാകും എന്നു പറയും പോലെ.(കോഴിക്കോട് നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റുവാങ്ങുന്ന ഗ്രാമമാണ് ഞെളിയന്‍ പറമ്പ്)
സ്ത്രീകള്‍ ഇന്നനുഭവിക്കുന്ന അടിമത്തവും വിവേചനവും ശരിയാണെന്ന് നമ്മെ പഠിപ്പിച്ച നമ്മുടെ മുന്‍ തലമുറകളേയും ആ മൂല്യ ബോധത്തേയും നമ്മള്‍ അവഗണിക്കുകയും ഇത്തരം മൂല്യബോധങ്ങള്‍ നമ്മെ പഠിപ്പിച്ച് സ്ത്രീയുടെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരാവുകയും ചെയ്ത ഇവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തവര്‍ തന്നെയാണ്.ഈ ശാപ വചനം വരും തലമുറ നമ്മെക്കൊണ്ടും പറയാതിരിക്കണമെങഅകില്‍ തുടര്‍ന്നുവരുന്ന ഈ മൂല്യബോധം നാം മാറ്റുക തന്നെ വേണം
Monday, October 17, 2011
എന്റെ വിധി
അപേക്ഷാ ഫോറങ്ങളിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്‌ത് 1999 ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ഞാന്‍ ഫയല്‍ ചെയ്‌ത writt op യില്‍ (2001 വര്‍ഷം) തികച്ചും അനുകൂലമായ വിധി നേടാനെനിക്കായി. ആ വിധി impliment ചെയ്യുന്നതിനായി അന്നു മുതല്‍ തന്നെ ഞാന്‍ കഠിനമായി പശ്രമിക്കുകയും ചെയ്‌തു പോരുന്നു.തുടര്‍ച്ചയായുള്ള എന്റെ പരിശ്രമത്തിന്റെ ഫലമായി സ്‌ക്കൂള്‍ അറ്റന്റെന്‍സ് ബുക്കിലും psc അപേക്ഷാ ഫോറങ്ങളിലും റവന്യൂ വകുപ്പിറക്കിയ പട്ടയത്തിന്റെ ഫോമിലും (ഫോറം 6) മാറ്റം വരുത്തുന്നതിലും, തുടര്‍ച്ചയായുള്ള ഇടപെടല്‍ നിമിത്തം സര്‍ക്കാര്‍ മേല്‍ വിധി നടപ്പില്‍ വരുത്തുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‌കുന്ന GO ഇറക്കുകയും ചെയ്‌തു.എന്നിട്ടും ഈ വിധി പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിനു കഴിഞ്ഞിട്ടില്ല.ഈ വിധി ഫലത്തിലെത്തിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.കോടതി വിധിയും, ഗവ: ഓര്‍ഡറും നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു.(കംമ്പ്യൂട്ടര്‍ expert അല്ലാത്തതിന്റെ പോരായ്‌മകള്‍ ക്ഷമിക്കുമല്ലോ....... )
B.N SRIKRISHNA, & RAMACHANDRAN
-------------------------------------------------------------
(O.P.No.28856 of 1999,I)
----------------------------------------------------------------------------
Dated this the 27th day of september, 2001
JUDGEMENT
Sri Krishna,C.J
-------------------
Though a large number of sweeping prayers are made ,some of which required changing of the social mindest.It is not possible for this court to entertain the prayers .The only legitimate prayer which appeals to us is that THE FORMS RINTED BY THE GOVERMENT SHOULD BE GENDER NEUTRAL SHOULD PROVIDE ALTERNATIVE OF BOTH GENDERS,unlike the one shownas ext-P1(2).We direct that respondence 1 and 2 should amend the concerned forms suitably when reprinting them, so that the grevance of this nature of gender discrimination does not arise in future.
With this direction we close this Original petition
sd
(B.N.SRIKRISHNA)
(Chief Justice)
sd
(RAMACHANDRAN)
Judge
കേരള സര്‍ക്കാര്‍
പൊതുഭരണ(ഏകോപന)വകുപ്പ്
സര്‍ക്കുലര്‍നമ്പര്‍ 15800/സി.ഡി.എന്‍4/2004/പൊ.ഭ.വ തിരുവനന്തപുരം 2004 ഏപ്രില്‍ 27.
വിഷയം- സര്‍ക്കാര്‍ ഫോറങ്ങള്‍ ലിംഗഭേദം പ്രതിഫലിപ്പിക്കാതെ അച്ചടിക്കുന്നത് സംബന്ധിച്ച്
സൂചന- 28856/99-നമ്പര്‍ ഒ.പി യിലെ ബഹു ഹൈക്കോടതിയുടെ 27-09-2001 ലെ വിധിന്യായം
പൊതു ആവശ്യങ്ങള്‍ക്കായി നിലവിലുള്ള പല സര്‍ക്കാര്‍ ഫോറങ്ങളിലും കൈവശ ഭൂമി,വീട്,കുടുംബം ഇത്യാതി രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ ,കൈവശക്കാരന്‍ / കുടുംബ നാഥന്‍ എന്നിങ്ങനെ പുരുഷനെ മാത്രമാണ് സൂചിപ്പിക്കുന്നത്.സര്‍ക്കാരിന്റെ ഫോറങ്ങള്‍ സ്‌ത്രീ പുരുഷഭേദമില്ലാത്തതാകണമെന്നും , അതിനാല്‍ ഫോറങ്ങള്‍ പുതുതായി അച്ചടിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളേയും തുല്യമായി സൂചിപ്പിക്കുന്ന തരത്തില്‍ ആവശ്യമായ ഭേദഗതി വരുത്തേണ്ടതാണെന്നും സൂചനയിലെ വിധിന്യായത്തില്‍ , ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍ പ്രസ്‌തുത വിധിക്കു ശേഷം അച്ചടിച്ചിട്ടുള്ള ഫോറങ്ങളിലും ,മേല്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി.ഇത് കോടതി വിധിയുടെ ലംഘനവും ഗുരുതരമായ വീഴ്‌ചയുമായി സര്‍ക്കാര്‍ കാണുന്നു.ഈ സാഹചര്യത്തില്‍ ഇത്തരം ഫോറങ്ങള്‍ പുതിയതായി അച്ചടിക്കുമ്പോള്‍ , സ്‌ത്രീ പുരുഷ പക്ഷഭേദമില്ലാത്ത രീതിയില്‍ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു വരുത്തേണ്ടതാണെന്ന് ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു.ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
Tuesday, July 26, 2011
കയ്‌ക്കും പുളിക്കും മുന്തിരിങ്ങ
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ടു ദിവസം യാതൊരു ശല്യവുമനുഭവിക്കാതെ റൗണ്ടിലൂടെ നടന്നു നീങ്ങിയ അനുഭവം സുഹൃത്തുക്കളോട് വിവരിക്കുകയായിരുന്നു.കൂട്ടത്തില്‍ മിടുക്കിയായ സാരി മാത്രം ധരിക്കാറുള്ള സ്‌ത്രീ "വിനയാ...... തിരക്കിലൂടെ നടന്നു മാത്രമേ തിരക്കാസ്വദിക്കാന്‍ കഴിയൂ എന്നു പറയുന്നതിലര്‍ത്ഥമില്ല.ഞങ്ങളും മാറി നിന്നുകൊണ്ട് തിരക്ക് ആസ്വദിച്ചു.പിന്നെന്താണതിലിത്ര പ്രത്യേകത ?"അവര്‍ അല്‌പം ഗമയില്‍ തന്നെ ചോദിച്ചു.
"അതെ മാഡം.അങ്ങനെ ആസ്വദിക്കുക മാത്രമേ നിങ്ങള്‍ക്കു നിവൃത്തിയുള്ളൂ.ഒരേ സമയം എനിക്കിതിനു രണ്ടിനും കഴിയും എന്നുള്ളതുമാത്രമാണ് ഇതിന്റെ പ്രത്യേകത".ഞാനും ഗമയില്‍ മറുപടി പറഞ്ഞു
Thursday, June 2, 2011
എന്തെളുപ്പം
'സാറേ ഞങ്ങളെ ജംഗ്ള്‍ ട്രയിനിംങ്ങില്‍ നിന്നും ഒഴിവാക്കി.ഞങ്ങളെല്ലാവരും വില്ലിംഗ് ആയിരുന്നു. ഞങ്ങളം കൂടി പോയാല്‍ അലിഗേഷനാകും പോലും ഞങ്ങളേയും കൂടി കൊണ്ടുപോകാന്‍ സാറൊന്നു പറയുമോ ?'. ഒരു പെണ്‍ പോലീസ് ട്രയിനി വളരെ രഹസ്യമായി തഞ്ചത്തില്‍ എന്നെ കണ്ടു കിട്ടിയപ്പോള്‍ ആവേശത്തോടെ പറഞ്ഞുപോയ വരികളാണിവ.കാര്യങ്ങള്‍ അന്യേഷിച്ചതില്‍ സംഗതി സത്യമാണെന്ന് ാേബോധ്യപ്പെട്ടു. എന്റെ ഇടപെടല്‍ കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ഉണ്ടാകില്ലെന്ന് കൃത്യമായ അറിവുണ്ടായിട്ടും ട്രെയിനിംഗിന്റെ ചുമതലയുള്ള ഉഥടജ യെ കണ്ട് ആ പെണ്‍കുട്ടികളെക്കൂടി ജംഗ്ള്‍ ട്രയിനിംഗില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നതിനായി ഞാന്‍ പിറ്റേ ദിവസം തന്നെ ഡി.വൈ.എസ്.പി യുടെ മുറിയിലേക്ക് കയറി.
ഏറെ മര്യാദപൂര്‍വ്വം തനിക്കഭിമുഖമായ കസേര ചൂണ്ടി എന്നോടിരിക്കാനാവശ്യപ്പെട്ട് കാര്യമന്യേഷിച്ച ഡി.വൈ എസ്.പി.യോട് എന്തിനാണ് പെണ്‍കുട്ടികളെ ജംഗിള്‍ ട്രയിനിംങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കൂടുതല്‍ നടക്കേണ്ട ദിവസവും എല്ലാ രാത്രിയും മാത്രമാണ് അവരെ ഒഴിവാക്കിയതെന്ന് മറുപടി പറഞ്ഞു. രാത്രിയില്‍ കാട്ടില്‍ നടക്കുന്നതിലെ വ്യത്യസ്തമായ അനുഭവം പുരുഷ പോലീസുകാരെപ്പോലെ സ്ത്രീപോലീസുകാര്‍ക്കും അറിയണമെന്ന് വനിതാപോലീസ് ട്രയിനികള്‍ക്കും ആഗ്രഹമുണ്ടെന്നും അതിനവര്‍ തയ്യാറുമാണ്. എന്നിട്ടും അവരെ എന്തിനാണ് സാര്‍ ഒഴിവാക്കുന്നത് എന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അല്ലെങ്കില്‍ തന്നെ ധാരാളം ആരോപണങ്ങള്‍ ഉണ്ടെന്നും ഇനി പെണ്‍പോലീസിന് രാത്രി കാട്ടില്‍ ട്രെയിനിങ്ങിന് വിട്ടാല്‍ പത്രക്കാര്‍ അതുമിതും എഴുതിയുണ്ടാക്കുമെന്നും അതിനാലാണ് അത് അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വിശദമാക്കി.
ശരിയാണ് സാര്‍. എപ്പോഴും സമൂഹത്തില്‍ ഏത് ആരോപണമുണ്ടായാലും ആരോപണമുണ്ടാകാന്‍ വിദൂര സാധ്യതയുണ്ടായാലും മാറ്റിനിര്‍ത്താന്‍ എളുപ്പം സ്ത്രീകളെയാണല്ലോ. പരിഹാരവും എത്ര എളുപ്പം!! സദാചാരത്തിന്റെ പേരിലും മഞ്ഞപ്പത്രങ്ങളെപ്പേടിച്ചും മാറ്റിനിര്‍ത്തപ്പെടേണ്ടത് സ്ത്രീകളാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എതിരഭിപ്രായവുമില്ല. എന്തൊരത്ഭുതം പട്ടി കടിക്കുമെന്ന് കരുതി മനുഷ്യരെ കെട്ടിയിടാന്‍ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമെന്ന പാപരത്വം!!
Sunday, March 27, 2011
പടിയിറക്കം
വൈകിയാണേലും പ്രമോഷനോടെ സ്ഥലംമാറിപ്പോകുന്ന എന്നോട് പോലീസുകാര്‍ സ്‌റ്റേഷനില്‍ ചിലവുചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനാകര്‍മ്മം ചെയ്‌തു.ഏകദേശം 1500 രൂപയോളം മുടക്കി ഞാന്‍ പോലീസകാര്‍ക്ക് പ്രഭാത ഭക്ഷണം നല്‌കി.25 പോലീസുകാര്‍ ആ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.പോലീസ് സ്‌റ്റേഷനില്‍ സാധാരണ ഒരാള്‍ പ്രമോഷനോടെ ട്രന്‍സ്‌ഫര്‍ ആയാല്‍ അയാള്‍ പോലീസുകാര്‍ക്ക് ചെലവു ചെയ്യുകയും തിരിച്ച് പോലീസുകാര്‍ അവര്‍ക്ക് യാത്രയയപ്പ് നല്‌കുകയും അതിന്റെ തുക പിരിച്ചെടുക്കുകയുമാണ് പതിവ്.ഇത്തരം യാത്രയയപ്പുകള്‍ക്കെല്ലാം അര്‍ഹത ആണ്‍പോലീസുകാര്‍ക്ക് മാത്രമാണെന്ന ധാരണ സ്‌റ്റേഷനിലുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ നേരിട്ടുള്ള അനുഭവത്തില്‍ നിന്നു തന്നെയാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചുമാസം അഞ്ചാം തിയ്യതി ഞാനുള്‍പ്പെടെ എട്ടോളം പോലീസുകാരികള്‍ പ്രമോഷനോടെ വയനാടു ജില്ലയില്‍ നിന്നും തൃശൂര്‍ ജില്ലയിലേക്ക് ട്രാന്‍സ്‌ഫര്‍ ആയി. ഓര്‍ഡര്‍ വന്ന അതേ ദിവസം തന്നെ ഞങ്ങള്‍ അതാതു സ്‌റ്റേഷനുകളില്‍ നിന്ന് റിലീവ് ചെയ്‌തു.ജില്ല മാറിയുള്ള സ്ഥലംമാറ്റമായതിനാല്‍ ഞങ്ങള്‍ക്ക് ഒരാഴ്‌ച ജോയിനിംഗ് ലീവുണ്ടായിരുന്നു.നിങ്ങള്‍ക്ക് നാളയോ മറ്റന്നാളോ ഞങ്ങളും ചെലവുചെയ്യും അറിയിക്കാം എന്നവര്‍ എന്നോടു പറഞ്ഞതുകൊണ്ട് പോകുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഞാനതു പ്രതീക്ഷിച്ചു.അപ്പോഴേക്കും പോലീസുകാരുടെ മനോഭാവം കൃത്യമായി മനസ്സിലാക്കാനെനിക്കു കഴിഞ്ഞു.എന്റെ സംശയം ദുരീകരിക്കാന്‍ ബത്തേരിയില്‍ നിന്നും ട്രാന്‍സ്‌ഫര്‍ ആയ റംല എന്ന പോലീസുകാരിയെ വിളിച്ച് കാര്യം തിരക്കി."വിനയേ 2000 രൂപയോളം ഞാന്‍ മുടക്കി .ഇന്നു തരും നാളെത്തരും എന്നു പോലീസുകാര്‍ ഓരോരുത്തരായി ഒന്നു രണ്ടു പ്രാവശ്യം പറഞ്ഞതല്ലാതെ എന്നെയാരും വിളിച്ചിട്ടൊന്നുമില്ല"
"താനതേക്കുറിച്ച് പോലീസുകാരോട് എന്തെങ്കിലും സംസാരിച്ചോ "ഞാന്‍ അവളോടു തിരക്കി
"എനിക്കു വേണ്ട വിനയേ അവരുടെ നാണം കെട്ട ചെലവ് " എല്ലാ വികാരവും പ്രകടമാക്കികൊണ്ട് റംല മറുപടി നല്‌കി.
എനിക്കര്‍ഹതപ്പെട്ട യാത്രയയപ്പ് റംലയെപ്പോലെ വേണ്ടെന്നു വെക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.തൃശൂരില്‍ പോകുന്നതിനു രണ്ടു ദിവസം മുമ്പ് പേഴ്‌സണല്‍ റിക്കാര്‍ഡ് വാങ്ങാനായി സ്റ്റേഷനില്‍ പോയപ്പോള്‍ എന്റെ യാത്രയയപ്പ് ഞാന്‍ തന്നെ പറഞ്ഞ് സെറ്റപ്പാക്കി.ചായയും ലഡു,കേക്ക് ,ബിസ്‌ക്കറ്റ്, മിഠായി തുടങ്ങിയവയുള്ള ഒരു ചെറിയ പാക്കറ്റ്.കൂടെ ഒരു ചെറിയ മീറ്റിംങും.ഉത്‌ഘാടനം,ആശംസ,മറുപടി നന്ദി.അര മണിക്കൂറിനുള്ളില്‍ ഏറെ അക്ഷമയോടെ എല്ലാം കഴിച്ചു.
പോലീസുകാര്‍ക്കു വേണ്ടി 1500 രൂപയോളം മുടക്കിപ്പോയ എനിക്ക് അവരെക്കൊണ്ട് തിരിച്ച് 250 രൂപയെങ്കിലും മുടക്കിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്‌തിയാലെ ഞാന്‍ അമ്പലവയല്‍ സ്റ്റേഷന്റെ പടിയിറങ്ങി.
Thursday, February 24, 2011
എനിക്കു കിട്ടിയ പുരസ്‌ക്കാരം
അബുദാബിയിലെ KSC ,ISC സംഘടനകള്‍ സംഘടിപ്പിച്ച സ്‌ത്രീയും സാമൂഹിക നിര്‍മ്മിതിയും എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു.(26 / 01/2011 തിയ്യതി മുതല്‍ 4 /02 /2011 l തിയ്യതി വരെ മേല്‍ സംഘടകളുടെ അഥിതിയായി UAE യില്‍ കഴിയുന്നതിനുള്ള ഭാഗ്യം എനിക്കും ദാസേട്ടനും ഉണ്ടായി)ചര്‍ച്ച യുടെ സമയമായപ്പോള്‍ ഞാനെന്റെ പതിവു ശൈലിയില്‍ ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് സദസ്സിനോടായി പറഞ്ഞു
"നിങ്ങള്‍ക്കെന്തും എന്നോടു ചോദിക്കാം പക്ഷേ ഒന്നെനിക്കുറപ്പുണ്ട് നിങ്ങള്‍ക്കൊരിക്കലും എന്നെ തോല്‍പ്പിക്കാനാവില്ല.............. ok ചോദ്യങ്ങല്‍ വരട്ടെ" ഞാന്‍ സദസ്സിലെ ചോദ്യങ്ങള്‍ക്കായി കാത്തു നിന്നു..
ഉടനെ തന്നെ മുന്നിലിരുന്ന ഒരു സ്‌ത്രീഎഴുന്നേറ്റു നിന്ന് ആവേശത്തോടേയും അഭിമാനത്തോടേയും പറഞ്ഞു" വിനയാ................. ആരും നിങ്ങളെ തോല്‍പ്പിക്കാന്‍ പാടില്ല. ഈ ലോകം നിങ്ങളെ തോല്‍പ്പിച്ചു എന്നു കേള്‍ക്കാനിഷ്ടപ്പെടുന്നില്ല.വിനയയുടെ തോല്‍വി ഞങ്ങള്‍ക്ക് സഹികകാന്‍ കഴിയില്ല.നിങ്ങളെന്നും ജയിക്കണം ജയിക്കാനേ പാടുള്ളൂ
അവര്‍ പറഞ്ഞതിനു പിന്നാലെ അവര്‍ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് സദസ്സില്‍ കൈ.്‌യ്യടിയുയര്‍ന്നു
ഒരു നിമിഷം എനിക്കു ശബ്ദിക്കാനായില്ല . ലോകം എന്നെ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവ് .ഞാന്‍ മനസ്സില്‍ പറഞ്ഞു എനിക്കു കിട്ടിയ പുരസ്‌ക്കാരം
Tuesday, January 18, 2011
"അല്ലാ....... പെണ്ണ്‌ങ്ങക്ക് ഇങ്ങനിരിക്കാന്‍ പാട്വോ
"എന്താ മോളെ "എന്നുചോദിച്ചു.
ഉടനെ വന്നു അതിശയത്തോടെയുള്ള മറുചോദ്യം "അല്ലാ....... പെണ്ണ്‌ങ്ങക്ക് ഇങ്ങനിരിക്കാന്‍ പാട്വോ ?
Monday, January 10, 2011
മനസുവൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട
ഒരു ദിവസത്തെ നൈറ്റ് റെസ്റ്റില്‍ വീട്ടിലെത്തിയതായിരുന്നു ദാസേട്ടന്‍(ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ അസി.സബ്ബ് ഇന്‍സ്‌പെക്ടറാണ്) വന്ന പാടേ ഭക്ഷണം കഴിച്ച് ദാസേട്ടന്‍ പതിവു പണികള്‍ തുടങ്ങി.ഞാനെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. വീടു മുഴുവന്‍ വണ്ണാമ്പല കെട്ടിയത് തട്ടിക്കളഞ്ഞും ബര്‍ത്തിലെ സാധനങ്ങള്‍ അടുക്കിവെച്ചും ദാസേട്ടന്‍ പ്രാക്ക് തുടങ്ങി
"എപ്പോഴെങ്കിലും ഒഴിവുള്ള നേരം ഇതൊക്കെയൊന്ന് തട്ടിക്കൂടേ..... ഈ വീടിന്റെയൊരു കോലം. ബാക്കിയുള്ളോന്‍ ഈ ാെറക്കൊഴിഞ്ഞു വന്നിട്ടുവേണം ...... എന്റെ എഴുത്തിന്റെ ശ്രദ്ധയെ ബാധിക്കാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ ഇടപെട്ടു
"ദാസേട്ടാ നിങ്ങളിങ്ങനെ മനസു വൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട." മറ്റൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ എഴുത്തു തുടര്‍ന്നു.