Monday, November 19, 2012



ഡിവൈഡര്‍ സ്‌ക്കേര്‍ട്ട്

ഈയിടെ വിപ്ലവകരമായ ഒരു പരിവര്‍ത്തനമാണ് കേന്ദ്രീയ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ യൂണിഫോമിലുണ്ടായത്.മിഡിയെ രണ്ടായി വേര്‍തിരിക്കുന്ന ഡിവൈഡര്‍ സ്‌ക്കേര്‍ട്ട് പെണ്‍കുട്ടികള്‍ക്ക് അനിര്‍വചനീയമായ സ്വാതന്ത്ര്യം നല്കുന്നു.ഇനി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അധ്യാപകരുടെ 'താഴ്ത്തിയിട്ടിരിയെടീ...' എന്ന ഭീഷണി കേള്‍ക്കേണ്ടി വരില്ല. അവളുടെ കാലുകള്‍  ഇനി  അവളുടെ മാത്രം നിയന്ത്രണത്തിലാവുകയാണ്.ഷഡ്ഡി കാണും ,തുടകള്‍ കാണും എന്നൊന്നും അവള്‍ക്കിനി ശ്രദ്ധിക്കേണ്ടതില്ല.നൂണ്ടാണ്ടുകളായി പാവാടക്കുള്ളില്‍ തളക്കപ്പെട്ട അവളുടെ മനസ്സും മോചിതമാകുകയാണ്.പാപചിന്തകള്‍ വെടിഞ്ഞ് അവള്‍ക്കിനി അവളുടെ ശരീരത്തെ സ്‌നേഹിക്കാം... ബഹുമാനിക്കാം....  കാലങ്ങളായി ആണ്‍കുട്ടികള്‍ അനുഭവിച്ചുവരുന്ന കാലിന്റെ സ്വാതന്ത്യം ഇനി  അവള്‍ക്കുമാകാം.
       അങ്ങനെ നമ്മുടെ പെണ്‍കുട്ടികളും പൂര്‍ണ്ണസ്വാതന്ത്യത്തോടെ 'അനങ്ങി 'ത്തുടങ്ങട്ടെ.     

Thursday, November 15, 2012

മഹത്തായ മാപ്പ്



The Kerala Privacy And Dignity of Women (Protection)Actഎന്ന നിയമത്തിന്റെ ചര്‍ച്ച .70 വയസ്സുള്ള റിട്ടയേര്‍ഡു അദ്ധ്യാപകന്‍ എഴുന്നേറ്റു നിന്ന് സംസാരിച്ചു.സ്ത്രീകളെ സംരക്ഷിക്കാനെന്ന പേരില്‍ എന്തെന്തു നിയമങ്ങളാണ് ഓരോ ദിവസവും ഇറങ്ങുന്നത് ?അതുപോലെതന്നെ സ്ത്രീകളെ ബോധവത്ക്കരിക്കാന്‍ എത്രയെത്ര ബോധവത്ക്കരണ ക്ലാസുകള്‍.നിയമങ്ങള്‍.ഇതെവിടെച്ചെന്നവസാനിക്കും.ഒരു വിഭാഗം സദാ പരാതിപ്പെടാനും മറ്റേ വിഭാഗം സദാ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണോ ഈ നിയമത്തിന്റെ അന്ത്യം.പുരുഷന്റെ വികലമായ മാനസീകാവസ്ഥയില്‍ അവന് ലജ്ജ തോന്നുവാനെങ്കിലും ഉതകുന്ന തിരിച്ചറിയിക്കല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്.പുരുഷനെന്ന നിലയില്‍ ഇന്ന് ഞാനനുഭവിച്ച ഏറ്റവും മ്ലേച്ഛമായ ഒരവസ്ഥ ഞാനിവിടെ പങ്കുവെക്കട്ടെ
ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് ഞാന്‍ ഇവിടേക്ക് വന്നത്.മൂന്നു പേരിരിക്കുന്ന സീറ്റായിരുന്നു. 20 വയസ്സ് പ്രായം തോന്നിക്കു ഒരു പെണ്‍കുട്ടി മാത്രമായിരുന്നു ആ സീറ്റിലുണ്ടായിരുന്നത്.70 വയസ്സുള്ള ഞാന്‍ ആ സീറ്റിന്റെ അറ്റത്തിരുന്നതും സ്വിച്ചിട്ടപോലെ ആ പെണ്‍കുട്ടി എഴുന്നേറ്റ് പുച്ഛത്തോടെ എന്നെയൊന്ന് നോക്കിയിട്ട് മുന്നിലുള്ള മറ്റൊരു സീറ്റില്‍ പോയിരുന്നു.എന്റെ വര്‍ഗ്ഗം നൂറ്റാണ്ടുകളായി പെണ്‍വര്‍ഗ്ഗത്തോട് ചെയ്തു പോന്ന വൃത്തികേടിന്റെ പ്രതികരണമായിരുന്നു ആ നോട്ടത്തില്‍.ഇത്തരം അറക്കപ്പെടുന്ന ഒരു വിഭാഗമായി പുരുഷവര്‍ഗ്ഗം മാറാതിരിക്കാന്‍ ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോധവത്ക്കരണം നടത്തിയേ മതിയാകൂ.എങ്കില്‍ മാത്രമേ പേരക്കുട്ടിയുടെ പ്രായമുള്ള പെണ്ടകുട്ടികളുടെ അധിക്ഷേപത്തില്‍ നിന്നും മോചിതനാകാന്‍ പുരുഷനു കഴിയൂ.
അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഒരു ചോദ്യമുയര്‍ന്നു
'താങ്കള്‍ക്ക് ആ പെള്‍കുട്ടിയോട് വെറുപ്പു തോന്നിയോ'
ഇല്ല എന്റെ തലമുറക്കുവേണ്ടി ആ പെണ്‍കുട്ടിയോട് മാപ്പു പറയാനാണ് തോന്നിയത്.'
അയാളുടെ ശബ്ദ്ം വല്ലാതെ പതറിപ്പോയിരുന്നു.

Tuesday, April 17, 2012

നമ്മുടെ ജന്മം

നമ്മുടെ ജന്മം

കുളി നല്‍കുന്ന കുളിര്‍മ്മ ആസ്വദിക്കാന്‍ ആരെയാണ് നാം ഭയപ്പെടുന്നത് ?
വിഷു ആഘോഷിക്കുന്നതിനായി കുടുംബത്തോടും സുഹൃത്തുക്കളോടുമൊന്നിച്ച് അതിരപ്പള്ളിയിലെത്തിയപ്പോഴാണ് പലപ്പോഴും എന്നെ ഓര്‍മ്മപ്പെടുത്തുന്ന സംശയം വീണ്ടും ജനിച്ചത്.പാറക്കെട്ടുകള്‍ക്കിടയിലെ വെള്ളച്ചാട്ടത്തിന്റെ ശക്തിയെച്ചെറുത്ത് കൊടും ചൂടിനെ നിഷ്പ്രഭമാക്കുന്ന വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കുന്നതിനു തന്നെയാണ് എല്ലാവരും അവിടെ എത്തുന്നത്.അല്ലാതെ വെള്ളത്തിലാറാടുന്നവരെ കൊതിയോടെ നോക്കി പാറപ്പുറത്തും കരയിലുമായിരിക്കുന്നതിനല്ല.


ആരുടെയൊക്കയോ ചെറിയ സന്തോഷം ഇല്ലാതാക്കാന്‍ തങ്ങളുടെ വലിയ സന്തോഷം തന്നെ വേണ്ടെന്നു വക്കുന്ന മാനസികാവസ്ഥ ഇനിയെങ്കിലും സ്ത്രീകള്‍ പുനപ്പരിശോധിക്കണം.
ഷോട്‌സും സ്ലീവ്‌ലെസ് ബനിയനും ധരിച്ച് പുഴയില്‍ കുളിക്കുന്നതിന് പെണ്‍കുട്ടികള്‍ തയ്യാറാകണം.ചുരിദാറും സാരിയും ധരിച്ച് പുഴയില്‍ കളിക്കുമ്പോള്‍ ഒരിക്കലും അതിന്റെ യഥാര്‍ത്ഥ ആസ്വാദ്യത ലഭിക്കുകയില്ല.ഇവ കരയിലെപ്പോലെ വെള്ളത്തിലും അവളെ ശരീരകേന്ദ്രീകൃത ശ്രദ്ധയിലേക്ക് നയിക്കും.
അതിരപ്പള്ളിപോലെ സുരക്ഷിതമായ പുഴക്കരകളില്‍ വെച്ചെങ്കിലും വസ്ത്രം മാറാന്‍ നാം തയ്യാറാകണം.നമ്മുടെ ശരീരം മറ്റുള്ളവര്‍ക്കുമാത്രമല്ല നമ്മുക്കും കൂടി ആസ്വദിക്കാനുള്ള ഒന്നാണെന്ന് നാം് തിരിച്ചറിയണം.പുഴയില്‍ വരുന്നവര്‍ എല്ലാവരും അതാസ്വദിക്കാന്‍ തന്നെ വരുന്നവരാണെന്ന് നാം വിശ്വസിക്കണം. അതിനിടയില്‍ ആരെങ്കിലും നമ്മെ നോക്കി ആസ്വദിക്കുന്നുണ്ടെങ്കില്‍ അതിലെന്താണ് തെറ്റ്.സുരക്ഷിതമായ മേഖലകളിലെങ്കിലും സ്വന്തം ശരീരത്തേയും മനസ്സിനേയും സന്തോഷിപ്പിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് കഴിയണം

ഒരാണിന്റെ ശ്രദ്ധകിട്ടാനും ഒത്തിരി ആണിന്റെ ശ്രദ്ധ കിട്ടാതിരിക്കാനുമായി പാഴാക്കാനുള്ളതല്ല നമ്മുടെ ജന്മം.

Friday, February 17, 2012

വിചിത്രം

വിചിത്രം
യാതൊരു മുന്‍ധാരണയുമില്ലാതെയാണ് ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം ഡോക്ടര്‍ മിനിയുടെ വീട്ടിലെത്തിയതും ഒരു ദിവസം അവിടെ കഴിയേണ്ടി വന്നതും.പിറ്റേ ദിവസം കാലത്ത് ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.വെകിട്ട് എട്ടു മണിയോടെയാണ് ഞങ്ങളെത്തിയത്.ഉടനെ അഞ്ചുപേര്‍ക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതിന് അവര്‍ ഭര്‍ത്താവിനു ഫോണ്‍ ചെയ്തു.ഞങ്ങള്‍ക്കൊപ്പമുള്ള മീരയുടെ ആത്മസുഹൃത്താണ് മിനി.മിനിയുടെ ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയാണ് മിനി.അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഭര്‍ത്താവിന്റെ ആദ്യഭാര്യയില്‍ നിന്നും തന്റെ ഭര്‍ത്താവ് അനുഭവിച്ച അവഗണന പലപ്പോഴായി പല ഉദാഹരണങ്ങളിലൂടെ മിനി സൂചിപ്പിച്ചു.'ഒരിക്കലും ആ സ്ത്രീ ജബ്ബാര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ചായ പോലും ഉണ്ടാക്കി കൊടുക്കില്ലാത്രെ.കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ജബ്ബാര്‍ ഒരുപാട് സഹിച്ചിട്ടുണ്ട്........'.പിറ്റേന്ന് രാവിലെ ഒന്‍പതു മണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നുമിറങ്ങി .പ്രഭാത ഭക്ഷണം വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വെള്ളപ്പവും ചെറുപയറു കറിയും. ഞങ്ങള്‍ ചെലവിട്ട അത്രയും സമയം ആ വീട്ടില്‍ ഒരു സ്റ്റൗ പോലും ആരും കത്തിച്ചിരുന്നില്ല.വലിയൊരു മണ്‍ കൂജയില്‍ കുടിക്കാനുള്ള വെള്ളവും ഒരു മണ്ണിന്റെ കപ്പും ഡയനിംഗ് ഹാളില്‍ തന്നെയുണ്ടായിരുന്നു. താനെന്ന സ്ത്രീക്ക് ചെയ്യനാകാത്തതും പ്രവര്‍ത്തിക്കാനാകാത്തതും മറ്റൊരു സ്ത്രീ ചെയ്യണം എന്നാഗ്രഹിക്കുന്ന മിനിയുടെ സംഭാഷണവും പെരുമാറ്റവും എനിക്ക് വിചിത്രമായി തോന്നി.

Wednesday, February 1, 2012

ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം

ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റെിനു സമീപമള്ള പോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെകാത്ത് ഒഴിഞ്ഞ ഒരു കോണില്‍ ഒരു കാല്‍ പുറകോട്ടു മടക്കി മതിലില്‍ ചാരി കൈയ്യിലെ ജീരകം കൊറിക്കുന്നതിനിടെ തെല്ലകലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നില്ക്കുന്ന ചെറുപ്പക്കാരന്റെ ഫോണ്‍ സംഭാഷണം എന്നില്‍ വല്ലാത്ത അറപ്പുണ്ടാക്കി.ഞാന്‍ കേട്ട ചെറു ഭാഷണം ഇത്രമാത്രം
'എന്നാടാ ഒരുത്ത്യേ ഒള്ളോ..... അതെങ്ങനാടാ ശരിയാകുന്നേ... ഞങ്ങള് രണ്ടു പേരില്ലേ....ആ... എന്തേലുമാട്ടേ. ഒള്ളതോണ്ടഡ്ജസ്റ്റ് ചെയ്യാം കേറടാ....'
ഇത്രയും പറഞ്ഞ് രണ്ടുപേരും കൂടി ആ കാറില്‍ കയറി എങ്ങോട്ടോ പോയി.