Thursday, November 15, 2012

മഹത്തായ മാപ്പ്



The Kerala Privacy And Dignity of Women (Protection)Actഎന്ന നിയമത്തിന്റെ ചര്‍ച്ച .70 വയസ്സുള്ള റിട്ടയേര്‍ഡു അദ്ധ്യാപകന്‍ എഴുന്നേറ്റു നിന്ന് സംസാരിച്ചു.സ്ത്രീകളെ സംരക്ഷിക്കാനെന്ന പേരില്‍ എന്തെന്തു നിയമങ്ങളാണ് ഓരോ ദിവസവും ഇറങ്ങുന്നത് ?അതുപോലെതന്നെ സ്ത്രീകളെ ബോധവത്ക്കരിക്കാന്‍ എത്രയെത്ര ബോധവത്ക്കരണ ക്ലാസുകള്‍.നിയമങ്ങള്‍.ഇതെവിടെച്ചെന്നവസാനിക്കും.ഒരു വിഭാഗം സദാ പരാതിപ്പെടാനും മറ്റേ വിഭാഗം സദാ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണോ ഈ നിയമത്തിന്റെ അന്ത്യം.പുരുഷന്റെ വികലമായ മാനസീകാവസ്ഥയില്‍ അവന് ലജ്ജ തോന്നുവാനെങ്കിലും ഉതകുന്ന തിരിച്ചറിയിക്കല്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ആരംഭിക്കേണ്ടതുണ്ട്.പുരുഷനെന്ന നിലയില്‍ ഇന്ന് ഞാനനുഭവിച്ച ഏറ്റവും മ്ലേച്ഛമായ ഒരവസ്ഥ ഞാനിവിടെ പങ്കുവെക്കട്ടെ
ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് ഞാന്‍ ഇവിടേക്ക് വന്നത്.മൂന്നു പേരിരിക്കുന്ന സീറ്റായിരുന്നു. 20 വയസ്സ് പ്രായം തോന്നിക്കു ഒരു പെണ്‍കുട്ടി മാത്രമായിരുന്നു ആ സീറ്റിലുണ്ടായിരുന്നത്.70 വയസ്സുള്ള ഞാന്‍ ആ സീറ്റിന്റെ അറ്റത്തിരുന്നതും സ്വിച്ചിട്ടപോലെ ആ പെണ്‍കുട്ടി എഴുന്നേറ്റ് പുച്ഛത്തോടെ എന്നെയൊന്ന് നോക്കിയിട്ട് മുന്നിലുള്ള മറ്റൊരു സീറ്റില്‍ പോയിരുന്നു.എന്റെ വര്‍ഗ്ഗം നൂറ്റാണ്ടുകളായി പെണ്‍വര്‍ഗ്ഗത്തോട് ചെയ്തു പോന്ന വൃത്തികേടിന്റെ പ്രതികരണമായിരുന്നു ആ നോട്ടത്തില്‍.ഇത്തരം അറക്കപ്പെടുന്ന ഒരു വിഭാഗമായി പുരുഷവര്‍ഗ്ഗം മാറാതിരിക്കാന്‍ ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും ബോധവത്ക്കരണം നടത്തിയേ മതിയാകൂ.എങ്കില്‍ മാത്രമേ പേരക്കുട്ടിയുടെ പ്രായമുള്ള പെണ്ടകുട്ടികളുടെ അധിക്ഷേപത്തില്‍ നിന്നും മോചിതനാകാന്‍ പുരുഷനു കഴിയൂ.
അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഒരു ചോദ്യമുയര്‍ന്നു
'താങ്കള്‍ക്ക് ആ പെള്‍കുട്ടിയോട് വെറുപ്പു തോന്നിയോ'
ഇല്ല എന്റെ തലമുറക്കുവേണ്ടി ആ പെണ്‍കുട്ടിയോട് മാപ്പു പറയാനാണ് തോന്നിയത്.'
അയാളുടെ ശബ്ദ്ം വല്ലാതെ പതറിപ്പോയിരുന്നു.

1 comment:

ajith said...

അത് വല്ലാത്ത എഴുന്നേറ്റുപോകല്‍ തന്നെ