Saturday, July 12, 2014

തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

 തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

സ്ഥലം ആവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്‌.ഒരു കുടുംബശ്രീ സംഗമം.എന്റെ ക്ലാസിനു ശേഷം ഒരു കൂട്ടം സ്‌ത്രീകളും പെണ്‍കുട്ടികളും എന്ന വളഞ്ഞു.അവര്‍ എന്നോടു പറഞ്ഞു
"ഞങ്ങള്‍ക്കും പൂരത്തിന്റെ തിരക്കില്‍പ്പെട്ട്‌്‌ ഒഴുകണം" അവര്‍ എന്റെ പ്രതികരണത്തിനായ്‌ ചോദ്യഭാവത്തില്‍ നോക്കി.
"അതിനെന്താ...... നിങ്ങള്‍ പോകണം ഇതുപോലെ കൂട്ടത്തോടെ സംഘംചേര്‍ന്ന്‌...."ഞാന്‍ ഒട്ടും ആവേശമില്ലാതെ മറുപടി പറഞ്ഞു.ഞാന്‍ വലിയ താത്‌പര്യമോ അതിശയമോ കാണിക്കുന്നില്ലെന്ന്‌ കണ്ട്‌ അവരിലൊരാള്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രതീക്ഷിച്ച്‌ പതിവു ചോദ്യം ആവര്‍ത്തിച്ചു.
"ഞങ്ങളുടെ ദേഹത്ത്‌ ആണുങ്ങള്‌ തൊടൂലേ............. അവന്മാര്‌ അവിടേം ഇവിടേം പിടിക്കൂലേ..... "
" ആ തൊടും , പിടിക്കും ...........അതിനെന്താ....? അവരുടെ ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ട്‌ ഞാന്‍ നിസാരമാക്കി.
" അതു പ്രശ്‌നമാകൂലേ.......................? വീണ്ടും അവര്‍ക്ക്‌ സംശയം
"എന്തിനു പ്രശ്‌നമാക്കണം.അവര്‍ ബ്ലേഡു വെച്ചാണ്‌ നിങ്ങളെ തൊടുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രശ്‌നമാക്കണം.അല്ലെങ്കില്‍ അതൊന്നും മൈന്‍ഡ്‌ ചെയ്യേണ്ടതില്ല."ഞാന്‍ വീണ്ടും പോരാനുള്ള തിടുക്കത്തിലായി.അവര്‍ എന്നെ വിടാനുള്ള ഭാവത്തിലല്ല ചോദ്യം വീണ്ടും ശക്തമായി.
"മേഡം. മേഡം പറയുന്നതു ശരിയാണോ........."
ഞാനും തയ്യാറായി."നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആഗ്രഹമാണ്‌"
"ഞങ്ങളുടെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു
;ചോ -"നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആവശ്യമാണ്‌."
ഉ - "ഞങ്ങളുടെ"
ചോ- ഇങ്ങനെ ആണിനെക്കൊണ്ട്‌ നിങ്ങളെ തൊടാതിരിക്കേണ്ടത്‌ ആരുടെ ആവശ്യമാണ്‌?
അവര്‍ കൂട്ടത്തോടെ നിശബ്ദരായി.
കല്ല്യാണം കഴിച്ചവര്‍ ഭര്‍ത്താവെന്ന പുരുഷനു വേണ്ടിയും.അല്ലാത്തവര്‍ വരാനുള്ള ഭര്‍ത്താവെന്ന ആണിനു വേണ്ടിയും അല്ലേ....?
ഞാന്‍ അവരെ നോക്കി.
"അതെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു.
"മറ്റുള്ള എല്ലാ ആണുങ്ങളില്‍ നിന്നും ഒരു സര്‍ക്കസുകാരിയുടെ മെയ്‌ വഴക്കത്തോടെ ശരീരത്തെ തൊടീക്കാണ്ട്‌ ഈ ശരീരോം വഹിച്ച്‌ പൂരം കാണാനൊന്നും പറ്റില്ല.സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും ബലികഴിച്ച്‌ ജീവിക്കുന്നത്‌ മണ്ടത്തരമാണെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക.നിങ്ങളു വിചാരിക്കുന്ന ആണിനും ആണുങ്ങള്‍ തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താല്‍ മതി. ആരും തൊടാത്തേനെ അവര്‍ക്ക്‌ കിട്ടണമെങ്കില്‍ അവര്‍ സഹകരിച്ചോളും"
അവര്‍ 
കൂട്ടത്തോടെ ചിരിച്ചു. സമയം വൈകിയതുകൊണ്ട്‌ ഞാന്‍ തിടുക്കത്തില്‍ ഹാള്‍ വിട്ടിറങ്ങി 


2 comments:

ajith said...

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍!

Cv Thankappan said...

ആലോചനാമൃതം!
ആശംസകള്‍