Tuesday, July 29, 2014

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കണമെന്ന്‌ നിങ്ങള്‍ പല യോഗങ്ങളിലും പറയുന്നുണ്ട്‌.എന്തുകൊണ്ടാണ്‌ ഫുട്‌ബോള്‍.?വോളീബോളോ ബാസ്‌ക്കറ്റ്‌ബോളോ ആയാലും പോരേ.....?( എന്നോടു ചോദിച്ച ചോദ്യങ്ങള്‍)

പോരാ പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ തന്നെയാണ്‌ കളിക്കേണ്ടത്‌.മറ്റു കളികള്‍ക്കില്ലാത്ത പല സാധ്യതകളും ഫുട്‌ബോളിനുണ്ട്‌.കാരണം താഴ്‌ത്തിയിട്ടിരിയെടീ......... എന്നു കേള്‍ക്കാതെ ഒരു പെണ്‍കുട്ടിയും വളരുന്നില്ല.കുഞ്ഞു നാള്‍ മുതലേ കേട്ടു ശീലിക്കുന്ന വിലക്കിന്റെ ഈ ശബ്ദം അവളുടെ കാലുകളെ പരസ്‌പരം ബന്ധിക്കുന്ന ഒരു സാങ്കല്‍പ്പിക മാംസച്ചങ്ങല സൃഷ്ടിക്കുന്നുണ്ട്‌.എപ്പോഴും മുട്ടുകള്‍ ചേര്‍ത്തിരുന്നു മാത്രം പരിശീലിക്കുന്ന പെണ്‍കുട്ടി തന്നോടൊപ്പം തന്നിലെ ആത്മവിശ്വാസമില്ലായ്‌മയേയും വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.അവളുടെ കാലുകള്‍ അകത്തി വെക്കുന്നതിന്‌ ഉടുപ്പും,പാവാടയും,മിഡിയും സാരിയും ഒരുപോലെ എതിരു നിന്നു.അത്തരം വസ്‌ത്രങ്ങളെ നിലനിര്‍ത്താനുതകും വിധം വാഹനങ്ങളും അവള്‍ക്കുവേണ്ടി പിറവിയെടുത്തു.കൈനറ്റിക്‌ ഹോണ്ടയും ലേഡീസ്‌ സൈക്കിളും അവളുടെ ചലനസ്വാതന്ത്ര്യമില്ലാത്ത വസ്‌ത്രധാരണരീതിക്ക്‌ പിന്‍ബലമേകി.

നിലവിലുള്ള സമൂഹം തന്നെയാണ്‌ ഫുട്‌ബോള്‍ കളിയും.അതിന്‌ കൃത്യമായ ഒരു ഫ്രയ്‌മുണ്ട്‌.അതു മനസ്സിലാക്കി ആ ഫ്രയ്‌മിലെവിടേയും കളിക്കാര്‍ക്ക്‌ പ്രവേശിക്കാം.സ്ഥലവും പന്തും ടീം അംഗങ്ങളേയും നിരീക്ഷിക്കണം.പരമ്പരാഗതമായി അവളില്‍ അടിഞ്ഞു കൂടിയ ഉത്തരവാദിത്തമില്ലായ്‌മ,തീരുമാനമെടുക്കാനുള്ള പ്രാപതിയില്ലായ്‌മ,സൗഹൃദം....ഇവയെല്ലാം അവള്‍ക്ക്‌ സാധ്യമാകും.പൊതു ഇടവും പൊതുബോധവും അവരെത്തേടിയെത്തും.കാലുകളിലെ വിലക്ക്‌ പൂര്‍ണ്ണമായും ഇല്ലാതാകും .ശരീരം മുഴുവന്‍ ഫുട്‌ബോള്‍കളിയില്‍ പ്രയോജനപ്പെടുത്താം.അവള്‍ ആത്മാഭിമാനത്തോടെ നെഞ്ചു നിവര്‍ത്തി നടക്കും.ക്രമേണ ശരീര ബോധം അവളെവിട്ടകലും. കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.അത്‌ ജീവിതക്കളരിക്കളങ്ങള്‍കൂടിയാണ്‌.

2 comments:

ajith said...

കുട്ടികള്‍ ആത്മവിശ്വാസത്തോടെ വളരട്ടെ.

(ഈ കുറിപ്പ് മുമ്പ് വായിച്ചിട്ടുണ്ടല്ലോ. വേറേ എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നോ?)

Cv Thankappan said...

വിനയാ മേഡം ഊര്‍ജ്ജസ്വലമായ നേതൃത്വം നല്‍കി വില്ലടത്തു വളര്‍ത്തിയെടുത്ത പെണ്‍ക്കുട്ടികളുടെ മുപ്പതംഗ ഫുട്ബോള്‍ ടീം മാതൃകയാണ് ഇക്കാര്യത്തില്‍............ആശംസകള്‍