Thursday, January 29, 2009
comment
ആകാവുന്ന അഭിമാനം
ആകാവുന്ന അഭിമാനം
പെണ്ണിന്റെ അഭിമാനം എത്രത്തോളം ആകാം ഏതെല്ലാം കാര്യത്തിലാകാം ഏതെല്ലാം കാര്യത്തിലാകരുത്, എന്നെല്ലാം വളരെ കൃത്യമായി ബോധ്യമുള്ളൊരു സമൂഹമാണ് നമ്മുടേത്.ഈ അറിവ് എനിക്ക് ബോധ്യമായത് കൊല്ലം ചവറയില്‍ വെച്ചാണ്.25 വര്‍ഷം പഴക്കമുള്ള വികാസ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാറില്‍ സംസാരിക്കാന്‍ പോയതായിരുന്നു ഞാന്‍.അഭിഭാഷക കൂടിയായ ഉത്‌ഘാടക പ്രാസംഗിക തന്റെടുക്കലെത്തിയ ഒരു വിവാഹ മോചനക്കഥ ഇങ്ങനെ വിവരിച്ചു "നമ്മുടെ പെണ്‍കുട്ടികള്‍ സ്‌ത്രീ സ്വാതന്ത്ര്യം എന്നതിനെയൊക്കെ വല്ലാതെ തെറ്റിദ്ധരിച്ചാണ് കാണുന്നത്.ഈയിടെ എന്റെടുക്കലെത്തിയ ഒരു വിവാഹ മോചനക്കഥ ഞാന്‍ പറയാം.വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുമ്പേ വിവാഹമോചനത്തിന് നോട്ടീസയപ്പിക്കാന്‍ ഒരു അമ്മയും മോളും കൂടി എന്റെടുത്തെത്തി.ഞാന്‍ കാരണം ചോദിച്ചു..വിവാഹമോചനമനുവദിക്കണമെങ്കില്‍ നിശ്ചിത കാലം പിരിഞ്ഞുകഴിയണമെന്നുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.ഒന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല.അവര്‍ക്ക് വിവാഹ മോചനം വേണം.അതിന്റെ കാരണവും പറയുന്നില്ല.കുറച്ചു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞ് ഞാനവരെ തിരിച്ചയച്ചു.പിന്നീട് ഞാന്‍ ആ കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രശ്‌നത്തെക്കുറിച്ചും അന്വേഷിച്ചു.അപ്പോഴാണ് അതിശയിപ്പിക്കുന്ന ആ വിവാഹമോചനക്കഥ ഞാനറിയുന്നത്. അവര്‍ വിശദീകരിച്ചു.വിവാഹം കഴിഞ്ഞ് 14-ം ദിവസം ഭര്‍ത്താവ് ജോലിക്കുപോയി.അയാള്‍ വൈകീട്ട് വീട്ടിലെത്തുമ്പോള്‍ ഏതോ പുസ്‌തകം വായിച്ചിരിക്കുകയായിരുന്ന മരുമകളോട് ഒരു ഗ്ലാസ് ചായ തിളപ്പിച്ച് മകനു കൊടുക്കാന്‍ അമ്മായിയമ്മ പറഞ്ഞു പോലും............ ഞാനെന്താ അവിടുത്തെ വേലക്കാരിയാണോ എന്ന് മകളും രണ്ടു ലക്ഷം രൂപയും ഒരു മാരുതികാറും 100 പവനും കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിഗണന കിട്ടുക തന്നെ വേണമെന്ന് അമ്മയും.എന്താണു കഥ ? നമ്മുടെ പെണ്‍കുട്ടികള്‍ അഭിമാനം സ്വാതന്ത്ര്യം എന്നൊക്കെ മനസ്സിലാക്കി വെച്ചത് എന്താണ് ? ഒരു ചായ തിളപ്പിച്ച് സ്വന്തം ഭര്‍ത്താവിന് കൊടുക്കുന്നതിന് അമ്മ പറഞ്ഞുപോയി എന്നതാണോ ഒരു വിവാഹമോചനത്തിനു കാരണം ? തീര്‍ച്ചയായും പെണ്‍കുട്ടികള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണിത്...നമ്മുടെ കുടുംബങ്ങളില്‍ വന്ന തെറ്റായസ്വാതന്ത്ര്യബോധമല്ലേ ഇതിനു കാരണം .....അങ്ങനെ കേള്‍വിക്കാരായ ആയിരങ്ങളുടെ മുന്നില്‍ ആ പെണ്‍കുട്ടിയും ലോകത്തില്‍ ചായതിളപ്പിച്ചുകൊടുക്കാന്‍ മനസ്സില്ലെന്നു വിചാരിച്ചുപോയ പെണ്‍കുട്ടികളും മോശക്കാരികളായി.പിന്നീടു പ്രസംഗിച്ച കോളേജധ്യാപികയും അഭിഭാഷകയുടെ പ്രസംഗത്തെ ന്യായീകരിച്ചു.ധാരാളം മുതല്‍ സ്‌ത്രീധനമായി കൊണ്ടുവന്നു എന്നതുകൊണ്ടുമാത്രം ഭര്‍ത്താവിനേയും കുടുംബത്തേയും പരിചരിക്കാനാവില്ലെന്ന പെണ്‍കുട്ടിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവരും വ്യക്തമാക്കി.
പിന്നീടുള്ള ഊഴം എന്റേതായിരുന്നു.എന്റെ പതിവുശൈലിയിലുള്ള ആരംഭത്തിനുശേഷം ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു"എനിക്കു മുമ്പു സംസാരിച്ച രണ്ടു പേരും വിവാഹമോചനത്തിനു തിരക്കുകൂട്ടിയ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്.എന്നാല്‍ എനിക്കാ പെണ്‍കുട്ടിയുടെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല.നമ്മള്‍ 1000 രൂപ കൊടുത്ത് ഒരു ചുരിദാര്‍ വാങ്ങുന്നു.ആ ചുരിദാര്‍ എപ്പോള്‍ ധരിക്കണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും നമ്മള്‍ തീരുമാനിക്കും,അതുപോലെ തന്നെ 30,000 രൂപകൊടുത്ത് ഒരു പശുവിനെ വാങ്ങുന്നു.അത് എത്ര പാല് തരണമെന്നും,അതിന്റെ പാല് വില്‌ക്കണമോ,കുടിക്കണമോ, എന്നുംമടുത്തു എന്നു തോന്നുമ്പോള്‍ വില്‌ക്കണമെന്നും,അതിനെ എവിടെ കെട്ടണമെന്നും ഏതു തരം തീറ്റ കൊടുക്കണമെന്നും എല്ലാം നമ്മള്‍ തീരുമാനിക്കും.നാം കാശു മുടക്കി എന്തെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ അധികാരവും നമ്മുക്കായിരിക്കണം.ഇല്ലെങ്കില്‍ അതിനെ മറിച്ചു വിറ്റ് മറ്റൊന്നിനെ വാങ്ങണം എന്നു ചിന്തിക്കുന്നതില്‍ ഒരു തെറ്റുമില്ല.100 പവനും 2 ലക്ഷം രൂപയും ഒരു മാരുതികാറും .... ഇത്രയും മുടക്കിയ പെണ്‍കുട്ടി ഇനി ചായയും തിളപ്പിച്ചു കൊടുക്കണോ..? ആ കുട്ടിക്ക് ചായയോ, പായസമോ എന്താണെന്നുവെച്ചാല്‍ കണ്ടറിഞ്ഞ് ഒരുക്കികൊടുക്കേണ്ടത് ഭര്‍ത്താവും വീട്ടുകാരും തന്നെയാണെന്ന് പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടെങ്കില്‍ എന്താണു തെറ്റ്...?നാം മുതലു മുടക്കി സ്വന്തമാക്കിയതെന്തും നമ്മുടെ ഇഷ്ടത്തിനും,നിലക്കും നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ പഠിക്കുക തന്നെ വേണം
Wednesday, January 28, 2009
എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകില്ല
എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകില്ല
2005 ഏപ്രില്‍ മാസം 15-ംതിയ്യതി എനിക്കു ഡെഡ് ബോഡി ബന്തബസ്‌ത് ഡ്യൂട്ടിയായിരുന്നു.24 വയസ്സുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയുടേതായിരുന്നു ബോഡി.പതിവിനു വിപരീതമായി ആശുപത്രിയും പരിസരവുംസ്‌ത്രീകളാല്‍ നിറഞ്ഞിരുന്നു.ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ പതിവുപോലെ കേള്‍ക്കാറുള്ള പുരുഷശബ്ദം അവിടേയും ഉണ്ടായി പെണ്ണ്‌ങ്ങളൊക്കങ്ങ് മാറി നില്‌ക്ക്................ അനുസരണയുള്ള സ്‌ക്കൂള്‍ കുട്ടികളുടെ നിഷ്‌കളങ്കതയോടെ സ്‌ത്രീകള്‍ കൂട്ടത്തോടെ മാറി നിന്നു.ഇന്‍ക്വസ്‌റ്റിനുകഴിഞ്ഞ് മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ എന്നെ ചുമതലപ്പെടുത്തിപോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം നഴ്‌സിംഗ് അസിസ്‌റ്റന്റെ് കുളിപ്പിച്ചബോഡി മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തുന്നതിനായി ബന്ധുക്കളായ കുറച്ചു സ്‌ത്രീകള്‍ എന്റെ സമ്മത പ്രകാരം മോര്‍ച്ചറിയിലേക്കു കയറി.
"ഏയ് എല്ലാരും കയറണ്ട" ശക്തമായ ഒരു പുരുഷശബ്ദം സ്‌ത്രീകള്‍ ശങ്കയോടെ എന്നെ നോക്കി."സാരമില്ല അവര് കയറിക്കോട്ടെ" ഞാന്‍ സമ്മതം കൊടുത്തു ഞാനും അവരോടൊപ്പം അകത്തു കയറി.അവര്‍ കുറച്ചു പേര്‍ ചേര്‍ന്ന് മൃതദേഹം കുളിപ്പിച്ചു.കുറച്ചുു പേര്‍ മറ്റൊരു സ്ലാബില്‍ (മോര്‍ച്ചറിക്കകത്ത്‌് 3-ഓ 4-ഓ സ്ലാബുകള്‍ ഉണ്ടാകും ) പായയും നിസ്‌ക്കാരക്കുപ്പായവും ചന്ദനത്തിരി കത്തിച്ച്‌്‌് പൂജിച്ചു.ചിലര്‍ തുണി കീറി പായക്കൊപ്പിച്ചുവച്ചു.മൃതദേഹം നന്നായി കുളിപ്പിച്ച് തുടപ്പിച്ച് പായയില്‍ കിടത്തി ലായിലാഹ ഇല്ലള്ളാ വിളികളോടെ കുപ്പായം ധരിപ്പിച്ചു.ഏകദേശം മുക്കാല്‍ മണിക്കൂറോളം അവര്‍ കര്‍മ്മനിരതരായി.ഒരു ശവശരീരം അതും വേണ്ടപ്പെട്ടവരുടേതാണെങ്കില്‍ അലമുറയിട്ട് കരഞ്ഞു വീഴുന്നവര്‍ വളരെ ഉത്തരവാദിത്തത്തോടെ കര്‍മ്മം ചെയ്‌തതു കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത അഭിമാനം തോന്നി.(പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്നതിലും ഉത്തരവാദിത്തത്തോടേയും അവസരോചിതമായും പെരുമാറുന്നതില്‍ മുസ്ലീം സ്‌ത്രീകളുടെ മിടുക്ക് ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്) കര്‍മ്മങ്ങള്‍ക്കുശേഷം മോര്‍ച്ചറിയില്‍ നിന്നും ബോഡി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് വിട്ടു കൊടുക്കുന്നതിനായി ഞാന്‍ കുട്ടിയുടെ ഉമ്മയുടെ ഉമ്മയെ വിളിച്ചു.വെളുത്ത് മെലിഞ്ഞ് ഉറച്ച ശരീരമുള്ള അരോഗ്യ ദൃഡഗാത്രയായ ഏകദേശം അറുപതു വയസ്സു തോന്നിക്കുന്ന ഒരു സ്‌ത്രീ.അവര്‍ അചഞ്ചലയായി ഒരു നെടുവീര്‍പ്പോടെ മൃതദേഹം ഏറ്റു വാങ്ങി.ഞാന്‍ ചാരിതാര്‍ത്ഥ്യത്തോടെ സ്‌റ്റേഷനിലേക്ക് മടങ്ങി.സ്‌റ്റേഷനിലെത്തി പാസ്‌പോര്‍ട്ടും കച്ചീട്ടും ഹെഡ്‌കോണ്‍സ്‌റ്റബിളിനു നല്‍കി.
കച്ചീട്ടു വായിച്ച് ഹെഡ്‌കോണ്‍സ്‌റ്റബിള്‍ മുഖം ചുളിച്ചു " എന്താ.............ബോഡി വാങ്ങാന്‍ ആണുങ്ങളാരും ഇല്ലായിരുന്നോ ? അയാള്‍ അയാളുടെ ആകാംക്ഷയും വെറുപ്പും വെളിപ്പെടുത്തി." എന്തിനാണ് ആണുങ്ങള്‍.......? കുട്ടിയുടെ ഉമ്മാമ്മക്കാണ് ഞാന്‍ വിട്ടു കൊടുത്തത് അതിലെന്താണ് ഉത്തരവാദിത്തക്കുറവ് ?" അല്ല അവര് ഉത്തരവാദിത്തത്തോടെ എല്ലാം ചെയ്യോ ? അയാള്‍ ജാള്യത മറക്കാനായി ചോദിച്ചു
ഏറ്റു വാങ്ങിയത് പുരുഷനായിരുന്നു എങ്കില്‍ അയാളൊറ്റക്ക് എല്ലാ കര്‍മ്മങ്ങളും ചെയ്യുമോ? നിയമപ്രകാരം ബോഡി ഏറ്റു വാങ്ങി എന്നതിന്റെ പേരില്‍ ഉറ്റവരും ഉടയവരുമുള്ള ശരീരത്തോട് ആരെങ്കിലും അനാദരവ് കാണിക്കുമോ ?. തങ്ങള്‍ക്കു നഷ്ടപ്പെട്ടവരെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നതിനിടക്ക് ആരാണ് ആ ബോഡി ഏറ്റു വാങ്ങിയത് എന്ന നിസ്സാര കാര്യം പോലീസല്ലാതെ മറ്റാരു തിരക്കും !
ഇവിടെ അതൊന്നുമല്ല കാര്യം .ഉത്തരവാദിത്തപ്പെട്ട ഒന്നും തന്നെ സ്‌ത്രീയുടെ പരിധിയില്‍ വരുന്നതല്ല എന്ന ആണ്‍കോയ്‌മാ മനോഭാവമാണ് ഹെഡ്‌കോണ്‍സ്‌റ്റബിളിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്.സ്‌ത്രീ അവള്‍ കരയാനും പരിചരിക്കാനും ഉള്ളവളാണ് അല്ലാതെ യാഥാര്‍ത്ഥ്യങ്ങളെ ഗൗരവമായിക്കണ്ട് അവസരോചിതമായി പ്രവര്‍ത്തിക്കേണ്ടവളല്ലഎന്നും പുരുഷന്റെ അധികാരമേഖലക്കേല്‍ക്കുന്ന ചെറിയ വിള്ളല്‍ പോലും അതിന്റെ വക്താക്കള്‍ സഹിക്കില്ലെന്നും പിറ്റേന്ന് രാവിലെ സ്റ്റേഷനിലേക്ക് കയറുമ്പോള്‍ തന്നെ എസ്.ഐ യുടെ വാക്കുകളില്‍ നിന്നും എനിക്ക് ബോധ്യമായി.
വിനയേ ............എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകൂലാ....
എന്താണു സാര്‍ ..............എനിക്ക് കാര്യം മനസ്സിലായില്ല
ഇന്നലെ ആര്‍ക്കാണ് ബോഡി വിട്ടു കൊടുത്തത്.?
കുട്ടിയുടെ ഉമ്മയുടെ ഉമ്മക്ക്‌എന്താ...........
അവിടെ ആണുങ്ങളാരും ഇല്ലായിരുന്നോ............? എസ്.ഐ
എന്തിനാ......ഞാന്‍ നിസ്സാര ഭാവത്തില്‍ ചോദിച്ചു. എന്റെ നിസ്സാര ഭവം കണ്ട് എസ്.ഐ ഒന്നു ചമ്മി. കൂടെ കാഴ്‌ചക്കാരായ അനുചരന്മാരും.
ആ.......... അതിലെന്തെങ്കിലും കുഴപ്പം വരികയാണെങ്കില്‍ ഞാന്‍ ഏല്‌ക്കുകയില്ല... എസ്.ഐ കൈമലര്‍ത്തി.
"സാരമില്ല സാര്‍ അതിന്റെ ഫലമെന്തായാലും ഞാന്‍ അനുഭവിച്ചു കൊള്ളാം.ഏതെങ്കിലും കാലത്ത് ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എനിക്കവസരം ലഭിച്ചാല്‍ പഞ്ചായത്തുകാരുള്‍പ്പെടെ എല്ലാം തന്നെ പെണ്ണുങ്ങളായിരിക്കും .അതിന്റെ പേരില്‍ എന്തു വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്." ഞാന്‍ ഒട്ടും കൂസാതെ മറുപടി പറഞ്ഞു (സാധാരണയായി ഇന്‍ക്വസ്റ്റ് ഫോമില്‍ പഞ്ചായത്തുകാരായി അഞ്ചുപേരുടെ മൊഴിയെടുത്ത് ഒപ്പു വാങ്ങാറുണ്ട് അതിനെപ്പോഴും പുരുഷന്മാരെയാണ് തിരഞ്ഞെടുക്കാറ് )കണ്ടു നിന്ന പോലീസുകാരില്‍ ചിലര്‍ അതിശയത്തോടും അത്ഭുതത്തോടും എന്നെ നോക്കി. (ഇന്നിപ്പോള്‍ പഞ്ചായത്തുകാരായി ചിലയിടങ്ങളില്‍ സ്‌ത്രീകളെ ചേര്‍ക്കുന്നതില്‍ ചില സബ്ബ് ഇന്‌സ്‌പെക്ടര്‍മാര്‍ താത്‌പര്യം കാണിക്കാറുണ്ട്)
Tuesday, January 6, 2009
അച്ഛന്റെ പ്രായമുള്ള ആള്
അച്ഛന്റെ പ്രായമുള്ള ആള്
ഞാന്‍ വൈത്തിരി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാലം.ഒരു ദിവസം സഹപ്രവര്‍ത്തകയായ മേരി ഒട്ടൊരു അധികാരത്തോടെ തന്നെ എന്നോടായി പറഞ്ഞു
"വിനയേ നമ്മുടെ മുറി ഇനിമുതല്‍ ടേണായി നമ്മള്‍ തന്നെ അടിക്കണം അടുത്ത പ്രാവശ്യം അടിച്ചു വാരേണ്ടത് നീയാണ്"
വൈത്തിരി പോലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ നാലു വനിതാപോലീസുകാരാണുള്ളത്.ഞങ്ങള്‍ക്ക് ഒരു മുറിയുമുണ്ട്.വനിതാപോലീസുകാര്‍ വസ്‌ത്രം മാറുന്നതും രാത്രി നില്‌ക്കേണ്ടി വന്നാല്‍ താമസിക്കുന്നതും ആ മുറിയിലാണ്
എന്തിന് ? ഇവിടെ ശ്രീധരേട്ടനില്ലേ ? ശ്രീധരേട്ടന്‍ സ്‌റ്റേഷനിലെ സ്വീപ്പറാണ്
നമ്മള് പെണ്ണുങ്ങള് നിക്കുന്ന മുറി അയാളെക്കൊണ്ട് അടിപ്പിക്കണോ ഒന്നുല്ലേലും നമ്മുടെ അച്ഛന്റെ പ്രായമില്ലേ....... മേരി വാചാലയായി
എന്തായാലും ഞാന്‍ അടിച്ചുവാരാന്‍ ഉദ്ദേശിക്കുന്നേയില്ല.സ്വീപ്പറെക്കൊണ്ട് അയാളുടെ പണിയെടുപ്പിക്കാന്‍ മടിക്കുന്നവര്‍ തന്നെ അതങ്ങ് ചെയ്‌താല്‍ മതി ഞാന്‍ മറുപടി പറഞ്ഞു"
എന്നാല്‍ മുറിയിലൊന്നും വലിച്ചിടാനും പാടില്ല മേരി എന്നെ താക്കീത് ചെയ്‌തു."
"അതും നടക്കില്ല ഞാനിത്ര കാലം എങ്ങനെ ഉപയോഗിച്ചോ അതുപോലെ മേലിലും തുടരും"മേരി മുഖം വീര്‍പ്പിച്ചു. പോലീസുകാര്‍ പല അഭിപ്രായങ്ങളും പറഞ്ഞു.അതില്‍ പറയത്തക്ക അഭിപ്രായം സ്റ്റഷന്‍ റൈട്ടര്‍ പറഞ്ഞതായിരുന്നു" ആ വയസ്സനെക്കൊണ്ട് അതും ചെയ്യിക്കണോ....?"നമ്മളുപയോഗിക്കുന്ന സ്‌റ്റേഷനല്ലേ......നമ്മുക്കോരോരുത്തര്‍ക്കും ടേണായിട്ടങ്ങ് അടിച്ചു വാരിയാല്‍ പോരേ..... പിന്നെ ശ്രീധരേട്ടന്റെ ആവശ്യവുമില്ലല്ലോ....ഞാന്‍ പൊതുവായി പറഞ്ഞു മറ്റു പല സ്റ്റേഷനുകളിലും സ്‌ത്രീകളും സീപ്പര്‍മാരായുണ്ട് വയസ്സത്തിയല്ലേ വാല്യക്കാരിയല്ലേ എന്നൊന്നും പറഞ്ഞ് ഒരു പോലീസുകാരനും അവരുടെ മുറി അടിച്ചു വാരുന്നതില്‍ നിന്നോ കക്കൂസു കഴുകിക്കുന്നതില്‍ നിന്നോ അവര വിലക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല.പുരുഷന് സ്‌ത്രീയേടു തോന്നാത്ത മര്യാദ എന്തിനാണ് സ്‌ത്രീക്ക് പുരുഷനോട്
Friday, January 2, 2009
നുറുങ്ങുകള്‍
വേഷം
വേഷത്തിലറിയണം ആണിനെ പെണ്ണിനെ
ആരു നിര്‍ക്കര്‍ഷിച്ച സംസ്‌ക്കാരമാണിത് ?
കുഞ്ഞു നാള്‍ തൊട്ടുതുടങ്ങുമീ
വേര്‍തിരിവെന്തിനാണെന്നൊത്തു ചിന്തിച്ചിടാം