Thursday, January 29, 2009

ആകാവുന്ന അഭിമാനം

ആകാവുന്ന അഭിമാനം

പെണ്ണിന്റെ അഭിമാനം എത്രത്തോളം ആകാം ഏതെല്ലാം കാര്യത്തിലാകാം ഏതെല്ലാം കാര്യത്തിലാകരുത്‌, എന്നെല്ലാം വളരെ കൃത്യമായി ബോധ്യമുള്ളൊരു സമൂഹമാണ്‌ നമ്മുടേത്‌.ഈ അറിവ്‌ എനിക്ക്‌ ബോധ്യമായത്‌ കൊല്ലം ചവറയില്‍ വെച്ചാണ്‌.25 വര്‍ഷം പഴക്കമുള്ള വികാസ്‌ ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാറില്‍ സംസാരിക്കാന്‍ പോയതായിരുന്നു ഞാന്‍.അഭിഭാഷക കൂടിയായ ഉത്‌ഘാടക പ്രാസംഗിക തന്റെടുക്കലെത്തിയ ഒരു വിവാഹ മോചനക്കഥ ഇങ്ങനെ വിവരിച്ചു "നമ്മുടെ പെണ്‍കുട്ടികള്‍ സ്‌ത്രീ സ്വാതന്ത്ര്യം എന്നതിനെയൊക്കെ വല്ലാതെ തെറ്റിദ്ധരിച്ചാണ്‌ കാണുന്നത്‌.ഈയിടെ എന്റെടുക്കലെത്തിയ ഒരു വിവാഹ മോചനക്കഥ ഞാന്‍ പറയാം.വിവാഹം കഴിഞ്ഞ്‌ രണ്ടു മാസം തികയും മുമ്പേ വിവാഹമോചനത്തിന്‌ നോട്ടീസയപ്പിക്കാന്‍ ഒരു അമ്മയും മോളും കൂടി എന്റെടുത്തെത്തി.ഞാന്‍ കാരണം ചോദിച്ചു..വിവാഹമോചനമനുവദിക്കണമെങ്കില്‍ നിശ്ചിത കാലം പിരിഞ്ഞുകഴിയണമെന്നുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കി.ഒന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല.അവര്‍ക്ക്‌ വിവാഹ മോചനം വേണം.അതിന്റെ കാരണവും പറയുന്നില്ല.കുറച്ചു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞ്‌ ഞാനവരെ തിരിച്ചയച്ചു.പിന്നീട്‌ ഞാന്‍ ആ കുട്ടിയുടെ കുടുംബത്തെക്കുറിച്ചും പ്രശ്‌നത്തെക്കുറിച്ചും അന്വേഷിച്ചു.അപ്പോഴാണ്‌ അതിശയിപ്പിക്കുന്ന ആ വിവാഹമോചനക്കഥ ഞാനറിയുന്നത്‌. അവര്‍ വിശദീകരിച്ചു.വിവാഹം കഴിഞ്ഞ്‌ 14-ം ദിവസം ഭര്‍ത്താവ്‌ ജോലിക്കുപോയി.അയാള്‍ വൈകീട്ട്‌ വീട്ടിലെത്തുമ്പോള്‍ ഏതോ പുസ്‌തകം വായിച്ചിരിക്കുകയായിരുന്ന മരുമകളോട്‌ ഒരു ഗ്ലാസ്‌ ചായ തിളപ്പിച്ച്‌ മകനു കൊടുക്കാന്‍ അമ്മായിയമ്മ പറഞ്ഞു പോലും............ ഞാനെന്താ അവിടുത്തെ വേലക്കാരിയാണോ എന്ന്‌ മകളും രണ്ടു ലക്ഷം രൂപയും ഒരു മാരുതികാറും 100 പവനും കൊടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിഗണന കിട്ടുക തന്നെ വേണമെന്ന്‌ അമ്മയും.എന്താണു കഥ ? നമ്മുടെ പെണ്‍കുട്ടികള്‍ അഭിമാനം സ്വാതന്ത്ര്യം എന്നൊക്കെ മനസ്സിലാക്കി വെച്ചത്‌ എന്താണ്‌ ? ഒരു ചായ തിളപ്പിച്ച്‌ സ്വന്തം ഭര്‍ത്താവിന്‌ കൊടുക്കുന്നതിന്‌ അമ്മ പറഞ്ഞുപോയി എന്നതാണോ ഒരു വിവാഹമോചനത്തിനു കാരണം ? തീര്‍ച്ചയായും പെണ്‍കുട്ടികള്‍ ചിന്തിക്കേണ്ട കാര്യം തന്നെയാണിത്‌...നമ്മുടെ കുടുംബങ്ങളില്‍ വന്ന തെറ്റായസ്വാതന്ത്ര്യബോധമല്ലേ ഇതിനു കാരണം .....അങ്ങനെ കേള്‍വിക്കാരായ ആയിരങ്ങളുടെ മുന്നില്‍ ആ പെണ്‍കുട്ടിയും ലോകത്തില്‍ ചായതിളപ്പിച്ചുകൊടുക്കാന്‍ മനസ്സില്ലെന്നു വിചാരിച്ചുപോയ പെണ്‍കുട്ടികളും മോശക്കാരികളായി.പിന്നീടു പ്രസംഗിച്ച കോളേജധ്യാപികയും അഭിഭാഷകയുടെ പ്രസംഗത്തെ ന്യായീകരിച്ചു.ധാരാളം മുതല്‍ സ്‌ത്രീധനമായി കൊണ്ടുവന്നു എന്നതുകൊണ്ടുമാത്രം ഭര്‍ത്താവിനേയും കുടുംബത്തേയും പരിചരിക്കാനാവില്ലെന്ന പെണ്‍കുട്ടിയുടെ നിലപാട്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അവരും വ്യക്തമാക്കി.

പിന്നീടുള്ള ഊഴം എന്റേതായിരുന്നു.എന്റെ പതിവുശൈലിയിലുള്ള ആരംഭത്തിനുശേഷം ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു"എനിക്കു മുമ്പു സംസാരിച്ച രണ്ടു പേരും വിവാഹമോചനത്തിനു തിരക്കുകൂട്ടിയ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ്‌ സംസാരിച്ചത്‌.എന്നാല്‍ എനിക്കാ പെണ്‍കുട്ടിയുടെ നിലപാടിനെ കുറ്റപ്പെടുത്താനാവില്ല.നമ്മള്‍ 1000 രൂപ കൊടുത്ത്‌ ഒരു ചുരിദാര്‍ വാങ്ങുന്നു.ആ ചുരിദാര്‍ എപ്പോള്‍ ധരിക്കണമെന്നും എങ്ങനെ സൂക്ഷിക്കണമെന്നും നമ്മള്‍ തീരുമാനിക്കും,അതുപോലെ തന്നെ 30,000 രൂപകൊടുത്ത്‌ ഒരു പശുവിനെ വാങ്ങുന്നു.അത്‌ എത്ര പാല്‌ തരണമെന്നും,അതിന്റെ പാല്‌ വില്‌ക്കണമോ,കുടിക്കണമോ, എന്നുംമടുത്തു എന്നു തോന്നുമ്പോള്‍ വില്‌ക്കണമെന്നും,അതിനെ എവിടെ കെട്ടണമെന്നും ഏതു തരം തീറ്റ കൊടുക്കണമെന്നും എല്ലാം നമ്മള്‍ തീരുമാനിക്കും.നാം കാശു മുടക്കി എന്തെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ അധികാരവും നമ്മുക്കായിരിക്കണം.ഇല്ലെങ്കില്‍ അതിനെ മറിച്ചു വിറ്റ്‌ മറ്റൊന്നിനെ വാങ്ങണം എന്നു ചിന്തിക്കുന്നതില്‍ ഒരു തെറ്റുമില്ല.100 പവനും 2 ലക്ഷം രൂപയും ഒരു മാരുതികാറും .... ഇത്രയും മുടക്കിയ പെണ്‍കുട്ടി ഇനി ചായയും തിളപ്പിച്ചു കൊടുക്കണോ..? ആ കുട്ടിക്ക്‌ ചായയോ, പായസമോ എന്താണെന്നുവെച്ചാല്‍ കണ്ടറിഞ്ഞ്‌ ഒരുക്കികൊടുക്കേണ്ടത്‌ ഭര്‍ത്താവും വീട്ടുകാരും തന്നെയാണെന്ന്‌ പെണ്‍കുട്ടി ചിന്തിച്ചിട്ടുണ്ടെങ്കില്‍ എന്താണു തെറ്റ്‌...?നാം മുതലു മുടക്കി സ്വന്തമാക്കിയതെന്തും നമ്മുടെ ഇഷ്ടത്തിനും,നിലക്കും നിര്‍ത്താന്‍ പെണ്‍കുട്ടികള്‍ പഠിക്കുക തന്നെ വേണം

5 comments:

Anonymous said...

"അതുപോലെ തന്നെ 30,000 രൂപകൊടുത്ത്‌ ഒരു പശുവിനെ വാങ്ങുന്നു.അത്‌ എത്ര പാല്‌ തരണമെന്നും,അതിന്റെ പാല്‌ വില്‌ക്കണമോ,കുടിക്കണമോ, എന്നുംമടുത്തു എന്നു തോന്നുമ്പോള്‍ വില്‌ക്കണമെന്നും,അതിനെ എവിടെ കെട്ടണമെന്നും ഏതു തരം തീറ്റ കൊടുക്കണമെന്നും എല്ലാം നമ്മള്‍ തീരുമാനിക്കും"

എന്താ ഈ വിനയയുടെ ഒരു കാര്യം . പശു നാളെ അകിട് വീക്കം വന്നു പാല് ചുരത്തല്‍ നിര്‍ത്തിയാലോ? 30,000 കൊടുത്തു എന്ന് പറഞ്ഞു അതിത്ര പാല്‍ തരണമെന്ന് വാശി പിടിക്കാന്‍ പറ്റുമോ? നിങ്ങള്ക്ക് ചിലപ്പോള്‍ പറ്റുമായിരിക്കും. നിങ്ങളുടെ വിവരമില്ലായ്മ ഇവിടെ കുറെ ആളുകള്‍ അന്ഗീകരിക്കുന്നെണ്ടെങ്കില്‍ അതവരുടെ മാനസിക വളര്‍ച്ചയുടെ കുഴപ്പമാണ്. എന്തായാലും നിങ്ങളുടെ തനിനിറം ഇപ്പോള്‍ എല്ലാവരും അറിഞ്ഞു കഴിഞ്ഞു. സസ്പെന്‍ഷന്‍ കഴിഞ്ഞോ? എന്നാണ് അടുത്ത പാര്‍ട്ടി?

അനില്‍@ബ്ലോഗ് // anil said...

ഹ ഹ,
കൊള്ളാം.

സലാം.

Anonymous said...

വിനയെ, ഞാന്‍ ഒരു പശുവിനെ വാങ്ങി. ഇരുപതയ്യായിരമേ കൊടുത്തുള്ളൂ. എനിക്ക് ഇരുപതു ലിറ്റര്‍ പാല് വേണം എന്ന് പശുവിനോട്‌ പറഞ്ഞു നോക്കി . ഒരു രക്ഷയുമില്ല. അത് പത്തു ലിറ്റര്‍ മാത്രമേ തരുന്നുള്ളൂ. ഞാനിപ്പോള്‍ എന്താ ചെയ്യുക?

Anonymous said...

anganeyenkil sthreedhanam vaangathe kalyanam kazhikkunnavarude kaaryamo?

ആവനാഴി said...

ഭേഷ്!!! ഭർത്താവു വരുമ്പോൾ കാലിമ്മേൽ കാലും കേറ്റി ഭാര്യ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ചായ വേണമെങ്കിൽ അയാൾ സ്വയം ഉണ്ടാക്കി കുടിക്കട്ടെ. അതിനു പറ്റുകയില്ലെങ്കിൽ കേസു കൊടുക്കണം, വിവാഹം ഒഴിയാൻ. മധുരമനോഹരമായ ഒരു കുടുംബജീവിതത്തിന്റെ ചിത്രം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!