Wednesday, January 28, 2009

എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകില്ല

എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകില്ല

2005 ഏപ്രില്‍ മാസം 15-ംതിയ്യതി എനിക്കു ഡെഡ്‌ ബോഡി ബന്തബസ്‌ത്‌ ഡ്യൂട്ടിയായിരുന്നു.24 വയസ്സുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയുടേതായിരുന്നു ബോഡി.പതിവിനു വിപരീതമായി ആശുപത്രിയും പരിസരവുംസ്‌ത്രീകളാല്‍ നിറഞ്ഞിരുന്നു.ഇന്‍ക്വസ്റ്റ്‌ നടക്കുമ്പോള്‍ പതിവുപോലെ കേള്‍ക്കാറുള്ള പുരുഷശബ്ദം അവിടേയും ഉണ്ടായി പെണ്ണ്‌ങ്ങളൊക്കങ്ങ്‌ മാറി നില്‌ക്ക്‌................ അനുസരണയുള്ള സ്‌ക്കൂള്‍ കുട്ടികളുടെ നിഷ്‌കളങ്കതയോടെ സ്‌ത്രീകള്‍ കൂട്ടത്തോടെ മാറി നിന്നു.ഇന്‍ക്വസ്‌റ്റിനുകഴിഞ്ഞ്‌ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാന്‍ എന്നെ ചുമതലപ്പെടുത്തിപോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം നഴ്‌സിംഗ്‌ അസിസ്‌റ്റന്റെ്‌ കുളിപ്പിച്ചബോഡി മതാചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്തുന്നതിനായി ബന്ധുക്കളായ കുറച്ചു സ്‌ത്രീകള്‍ എന്റെ സമ്മത പ്രകാരം മോര്‍ച്ചറിയിലേക്കു കയറി.

"ഏയ്‌ എല്ലാരും കയറണ്ട" ശക്തമായ ഒരു പുരുഷശബ്ദം സ്‌ത്രീകള്‍ ശങ്കയോടെ എന്നെ നോക്കി."സാരമില്ല അവര്‌ കയറിക്കോട്ടെ" ഞാന്‍ സമ്മതം കൊടുത്തു ഞാനും അവരോടൊപ്പം അകത്തു കയറി.അവര്‍ കുറച്ചു പേര്‍ ചേര്‍ന്ന്‌ മൃതദേഹം കുളിപ്പിച്ചു.കുറച്ചുു പേര്‍ മറ്റൊരു സ്ലാബില്‍ (മോര്‍ച്ചറിക്കകത്ത്‌്‌ 3-ഓ 4-ഓ സ്ലാബുകള്‍ ഉണ്ടാകും ) പായയും നിസ്‌ക്കാരക്കുപ്പായവും ചന്ദനത്തിരി കത്തിച്ച്‌്‌്‌ പൂജിച്ചു.ചിലര്‍ തുണി കീറി പായക്കൊപ്പിച്ചുവച്ചു.മൃതദേഹം നന്നായി കുളിപ്പിച്ച്‌ തുടപ്പിച്ച്‌ പായയില്‍ കിടത്തി ലായിലാഹ ഇല്ലള്ളാ വിളികളോടെ കുപ്പായം ധരിപ്പിച്ചു.ഏകദേശം മുക്കാല്‍ മണിക്കൂറോളം അവര്‍ കര്‍മ്മനിരതരായി.ഒരു ശവശരീരം അതും വേണ്ടപ്പെട്ടവരുടേതാണെങ്കില്‍ അലമുറയിട്ട്‌ കരഞ്ഞു വീഴുന്നവര്‍ വളരെ ഉത്തരവാദിത്തത്തോടെ കര്‍മ്മം ചെയ്‌തതു കണ്ടപ്പോള്‍ എനിക്ക്‌ വല്ലാത്ത അഭിമാനം തോന്നി.(പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക്‌ മുന്‍കൈയ്യെടുക്കുന്നതിലും ഉത്തരവാദിത്തത്തോടേയും അവസരോചിതമായും പെരുമാറുന്നതില്‍ മുസ്ലീം സ്‌ത്രീകളുടെ മിടുക്ക്‌ ഞാന്‍ നേരിട്ട്‌ അനുഭവിച്ചിട്ടുണ്ട്‌) കര്‍മ്മങ്ങള്‍ക്കുശേഷം മോര്‍ച്ചറിയില്‍ നിന്നും ബോഡി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക്‌ വിട്ടു കൊടുക്കുന്നതിനായി ഞാന്‍ കുട്ടിയുടെ ഉമ്മയുടെ ഉമ്മയെ വിളിച്ചു.വെളുത്ത്‌ മെലിഞ്ഞ്‌ ഉറച്ച ശരീരമുള്ള അരോഗ്യ ദൃഡഗാത്രയായ ഏകദേശം അറുപതു വയസ്സു തോന്നിക്കുന്ന ഒരു സ്‌ത്രീ.അവര്‍ അചഞ്ചലയായി ഒരു നെടുവീര്‍പ്പോടെ മൃതദേഹം ഏറ്റു വാങ്ങി.ഞാന്‍ ചാരിതാര്‍ത്ഥ്യത്തോടെ സ്‌റ്റേഷനിലേക്ക്‌ മടങ്ങി.സ്‌റ്റേഷനിലെത്തി പാസ്‌പോര്‍ട്ടും കച്ചീട്ടും ഹെഡ്‌കോണ്‍സ്‌റ്റബിളിനു നല്‍കി.

കച്ചീട്ടു വായിച്ച്‌ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ മുഖം ചുളിച്ചു " എന്താ.............ബോഡി വാങ്ങാന്‍ ആണുങ്ങളാരും ഇല്ലായിരുന്നോ ? അയാള്‍ അയാളുടെ ആകാംക്ഷയും വെറുപ്പും വെളിപ്പെടുത്തി." എന്തിനാണ്‌ ആണുങ്ങള്‍.......? കുട്ടിയുടെ ഉമ്മാമ്മക്കാണ്‌ ഞാന്‍ വിട്ടു കൊടുത്തത്‌ അതിലെന്താണ്‌ ഉത്തരവാദിത്തക്കുറവ്‌ ?" അല്ല അവര്‌ ഉത്തരവാദിത്തത്തോടെ എല്ലാം ചെയ്യോ ? അയാള്‍ ജാള്യത മറക്കാനായി ചോദിച്ചു

ഏറ്റു വാങ്ങിയത്‌ പുരുഷനായിരുന്നു എങ്കില്‍ അയാളൊറ്റക്ക്‌ എല്ലാ കര്‍മ്മങ്ങളും ചെയ്യുമോ? നിയമപ്രകാരം ബോഡി ഏറ്റു വാങ്ങി എന്നതിന്റെ പേരില്‍ ഉറ്റവരും ഉടയവരുമുള്ള ശരീരത്തോട്‌ ആരെങ്കിലും അനാദരവ്‌ കാണിക്കുമോ ?. തങ്ങള്‍ക്കു നഷ്ടപ്പെട്ടവരെക്കുറിച്ചോര്‍ത്ത്‌ വിലപിക്കുന്നതിനിടക്ക്‌ ആരാണ്‌ ആ ബോഡി ഏറ്റു വാങ്ങിയത്‌ എന്ന നിസ്സാര കാര്യം പോലീസല്ലാതെ മറ്റാരു തിരക്കും !

ഇവിടെ അതൊന്നുമല്ല കാര്യം .ഉത്തരവാദിത്തപ്പെട്ട ഒന്നും തന്നെ സ്‌ത്രീയുടെ പരിധിയില്‍ വരുന്നതല്ല എന്ന ആണ്‍കോയ്‌മാ മനോഭാവമാണ്‌ ഹെഡ്‌കോണ്‍സ്‌റ്റബിളിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്‌.സ്‌ത്രീ അവള്‍ കരയാനും പരിചരിക്കാനും ഉള്ളവളാണ്‌ അല്ലാതെ യാഥാര്‍ത്ഥ്യങ്ങളെ ഗൗരവമായിക്കണ്ട്‌ അവസരോചിതമായി പ്രവര്‍ത്തിക്കേണ്ടവളല്ലഎന്നും പുരുഷന്റെ അധികാരമേഖലക്കേല്‍ക്കുന്ന ചെറിയ വിള്ളല്‍ പോലും അതിന്റെ വക്താക്കള്‍ സഹിക്കില്ലെന്നും പിറ്റേന്ന്‌ രാവിലെ സ്റ്റേഷനിലേക്ക്‌ കയറുമ്പോള്‍ തന്നെ എസ്‌.ഐ യുടെ വാക്കുകളില്‍ നിന്നും എനിക്ക്‌ ബോധ്യമായി.

വിനയേ ............എല്ലാ കാര്യത്തിലും ഫെമിനിസം ശരിയാകൂലാ....

എന്താണു സാര്‍ ..............എനിക്ക്‌ കാര്യം മനസ്സിലായില്ല

ഇന്നലെ ആര്‍ക്കാണ്‌ ബോഡി വിട്ടു കൊടുത്തത്‌.?

കുട്ടിയുടെ ഉമ്മയുടെ ഉമ്മക്ക്‌എന്താ...........

അവിടെ ആണുങ്ങളാരും ഇല്ലായിരുന്നോ............? എസ്‌.ഐ

എന്തിനാ......ഞാന്‍ നിസ്സാര ഭാവത്തില്‍ ചോദിച്ചു. എന്റെ നിസ്സാര ഭവം കണ്ട്‌ എസ്‌.ഐ ഒന്നു ചമ്മി. കൂടെ കാഴ്‌ചക്കാരായ അനുചരന്മാരും.

ആ.......... അതിലെന്തെങ്കിലും കുഴപ്പം വരികയാണെങ്കില്‍ ഞാന്‍ ഏല്‌ക്കുകയില്ല... എസ്‌.ഐ കൈമലര്‍ത്തി.

"സാരമില്ല സാര്‍ അതിന്റെ ഫലമെന്തായാലും ഞാന്‍ അനുഭവിച്ചു കൊള്ളാം.ഏതെങ്കിലും കാലത്ത്‌ ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കാന്‍ എനിക്കവസരം ലഭിച്ചാല്‍ പഞ്ചായത്തുകാരുള്‍പ്പെടെ എല്ലാം തന്നെ പെണ്ണുങ്ങളായിരിക്കും .അതിന്റെ പേരില്‍ എന്തു വന്നാലും അതിനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്‌." ഞാന്‍ ഒട്ടും കൂസാതെ മറുപടി പറഞ്ഞു (സാധാരണയായി ഇന്‍ക്വസ്റ്റ്‌ ഫോമില്‍ പഞ്ചായത്തുകാരായി അഞ്ചുപേരുടെ മൊഴിയെടുത്ത്‌ ഒപ്പു വാങ്ങാറുണ്ട്‌ അതിനെപ്പോഴും പുരുഷന്മാരെയാണ്‌ തിരഞ്ഞെടുക്കാറ്‌ )കണ്ടു നിന്ന പോലീസുകാരില്‍ ചിലര്‍ അതിശയത്തോടും അത്ഭുതത്തോടും എന്നെ നോക്കി. (ഇന്നിപ്പോള്‍ പഞ്ചായത്തുകാരായി ചിലയിടങ്ങളില്‍ സ്‌ത്രീകളെ ചേര്‍ക്കുന്നതില്‍ ചില സബ്ബ്‌ ഇന്‌സ്‌പെക്ടര്‍മാര്‍ താത്‌പര്യം കാണിക്കാറുണ്ട്‌)

2 comments:

nalan::നളന്‍ said...

പെട്ടെന്നോര്‍മ്മ വന്നത്, പണ്ട് കല്യാണം വിളിക്കുമ്പോള്‍ ആണുങ്ങള്‍ ചെന്നു വിളിച്ചില്ലേല്‍ ഹാജരുവയ്ക്കേണ്ടതില്ല എന്നൊരു കീഴ്വഴക്കമുണ്ടായിരുന്നു, ഇപ്പോഴും ഉണ്ടോയെന്നറിയില്ല.

അനില്‍@ബ്ലോഗ് said...

കൊള്ളാം വിനയ.
അത്രയെങ്കിലുമാകട്ടെ.
പക്ഷെ തുടര്‍ന്നങ്ങോട്ട് ആ ഡെഡ് ബോഡിയില്‍ സ്ത്രീകള്‍ക്ക് എന്തു റോളാ‍ണുള്ളതെന്ന് ചിന്ത്യം.
മോക്ഷപ്രാപ്തിയ്ക്കുതകാത്ത പെണ്മക്കള്‍ വായിച്ചിട്ടുണ്ടോ?