Friday, March 27, 2009
ഭര്‍ത്താവിനെ ജയിലിലയക്കണോ.........?
ഞാന്‍ വൈത്തിരി സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളൊരു ദിവസം ഏകദേശം നാലര മണിയോടെ ഒരു സ്‌ത്രീ മുഖത്തും മേലാസകലവും അടിയുടെ പാടുകളുമായി കരഞ്ഞുകൊണ്ട് വെപ്രാളപ്പെട്ട് സ്റ്റേഷനിലേക്ക് ഓടിക്കിതച്ചെത്തി.മെയിന്‍ റോട്ടില്‍ നിന്നും സ്‌റ്റേഷനിലേക്കുള്ള വഴി കുത്തനെയുള്ളൊരു കയറ്റമാണ്.ആരോഗ്യമുള്ളവര്‍ തന്നെ നടന്നു കയറിയാല്‍ കിതക്കും .ആ കയറ്റം ഓടിക്കയറിയാണവര്‍ സ്‌റ്റേഷനിലെത്തിയത്.അവരുടെ ചുണ്ടു പൊട്ടി ചോര വരുന്നുണ്ടായിരുന്നു.സ്‌റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്ന എന്നേയോ മറ്റു പോലീസുകാരേയോ ശ്രദ്ധിക്കാതെ അവര്‍ റൈറ്ററുടെ മുറിയിലേക്ക് പാഞ്ഞു കയറി.അവരോടൊപ്പം ഞാനും റൈട്ടറുടെ മുറിയുടെ വാതില്‍ക്കലെത്തി അവര്‍ പറയുന്നത് ശ്രദ്ധിച്ചു." സാറേ ന്റെ കെട്ടയോന്‍ എന്നും അട്യാണ്.ഇതോക്ക് സാറേ......... ഇന്നെത്തല്ല്യേത്. ന്റെ കാലിന്റെ തൊടേമ്മെ വരെ തച്ചുപൊട്ടിച്ചു." എന്നും പറഞ്ഞവര്‍ നൈറ്റി മാറ്റി തുടയുടെ മേല്‍ നീലിച്ചു കിടക്കുന്ന പരന്ന വടികൊണ്ടടിച്ചതെന്നു തോന്നിക്കുന്ന പാട് കാണിച്ചു.എന്തോ എഴുതിക്കൊണ്ടിരിക്കുന്ന റൈറ്റര്‍ തലയൊന്നുയര്‍ത്തുകപോലും ചെയ്യാതെ തന്റെ 'ജോലി 'യില്‍ വ്യാപൃതനായിക്കൊണ്ടു ചോദിച്ചു."കെട്ട്യോനെ ജയിലിലയക്കണോ.....................?"
"സാറേ ഇങ്ങള് എന്തു വേണേലും ആയിക്കോളി ഇനി അയാളിന്നെത്തല്ലരുത്." അവര്‍ അവര്‍ അവരുടെ നിലപാട് വ്യക്തമാക്കി.
"ആദ്യം നിങ്ങള് ആശുപത്രീ പോയി ഡോക്ടറെ കാണിക്ക് " റൈറ്റര്‍ ഗൗരവം വിടാതെ തന്റെ 'ജോലി ' തുടര്‍ന്നു.
"വേണ്ട........... സാറേ അയാളവിടേം വരും " അവര്‍ വേദനകൊണ്ട് പുളഞ്ഞു കരഞ്ഞു.
"അതിനിപ്പം ഞാനെന്തു ചെയ്യാനാ.................... " റൈറ്റര്‍ എന്തോ തമാശ കേട്ടതു പോലെ ചിരിച്ചു.ഞാനവരുടെ അടുത്തേക്ക് ചെന്ന് അവരുടെ തോളില്‍ പിടിച്ച് "വാ കരയല്ലെ " എന്നു പറഞ്ഞുകൊണ്ട് അവരേയും കൂട്ടി അയാളുടെ (റൈറ്ററുടെ) മുന്നില്‍ നിന്നും മാറി.
" ഇയാള് ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണിക്ക് എന്നിട്ടവിടെ അഡ്‌മിറ്റാക്കാന്‍ പറ " ഞാനും സഹപ്രവര്‍ത്തകനെ പിന്തുണച്ചു."അതിന് ഡോക്ടര്‍ അഡ്‌മിറ്റ് ചെയ്യോ സാറേ............. " ? ആ സ്‌ത്രീ തന്റെ സംശയം എന്റെ മുന്നില്‍ തുറന്നു ചോദിച്ചു.
"പിന്നെന്താ..................." ? ഞാന്‍ അത്ഭുതം പ്രകടിപ്പിച്ചു.
"മരുന്നും തന്ന് പോയ്‌ക്കോളാന്‍ പറഞ്ഞാലോ................" ? അവര്‍ തന്റെ ആശങ്ക വെളിപ്പെടുത്തി.
"ഭര്‍ത്താവ് അടിച്ചിട്ടുണ്ടായ മുറിവാണ് അതുകൊണ്ട് അഡ്‌മിറ്റു ചെയ്യണം എന്നു തന്നെ പറയണം" ഞാനവര്‍ക്ക് ധൈര്യം നല്‌കി.അവര്‍ മനസ്സില്ലാ മനസ്സോടെ ആശുപത്രിയിലേക്ക് പോയി.
ആറു മണിക്ക് ഡ്യൂട്ടിയിറങ്ങിയ ഉടനെ ഞാന്‍ ആശുപത്രയിലേക്ക് തിരിച്ചു.ഒരു പക്ഷേ ആ സ്‌ത്രീയുടെ സംശയം പോലെ അവരെ അഡ്‌മിറ്റാക്കാന്‍ ഡോക്ടര്‍ മടിക്കുകയാണെങ്കില്‍ അയാളോട് കാര്യം പറഞ്ഞ് മനസ്സിലാക്കാമല്ലോ.ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ ഒരു OP ചീട്ടും പിടിച്ച് ആശുപത്രിയുടെ തൂണും ചാരി നിര്‍വ്വികാരയായി മുകളിലേക്ക് നോക്കിനില്‌ക്കുന്നതാണ് കണ്ടത്. "എന്താ ഡോക്ടറെ കണ്ടില്ലേ.............." ? ഞാനെന്റെ ആകാംഷ വെളിപ്പെടുത്തി.
"കണ്ടു മരുന്നിനെഴുതീട്ടുണ്ട്.അഡ്‌മിറ്റാക്കാന്‍ പറഞ്ഞപ്പം കൂടെ ആളില്ലാണ്ട് അഡ്‌മിറ്റാക്കാന്‍ പറ്റില്ലെന്നു പറഞ്ഞു.ആവശ്യമുണ്ടെങ്കില്‍ വിളിപ്പിക്കാം എന്നും പറഞ്ഞു." അവര്‍ ഒരു നെടുവീര്‍പ്പോടെ പുച്ഛഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു.
ഞാന്‍ ആ സ്‌ത്രീയേയും കൂട്ടി നേരെ ഡോക്ടറുടെ റൂമിലേക്ക് കയറി."സാര്‍ ഭര്‍ത്താവടിച്ചിട്ടുണ്ടായ പരിക്കുകളാണിതത്രയും.പിന്നെന്തുകൊണ്ടാണീ സ്‌ത്രീയെ അഡ്‌മിറ്റാക്കാത്തത് ". ?
"വിനയേ ഈ സ്‌ത്രീയെ എനിക്കറിയാം.ഇതിനുമുമ്പ് പല പ്രവശ്യം ഇവരിവിടെ വന്നിട്ടുമുണ്ട്.കഴിഞ്ഞപ്രാവശ്യം ഞാനിവിടെ അഡ്‌മിറ്റാക്കിയതിന്റെ പേരില്‍ ഇവരുടെ ഭര്‍ത്താവ് ഇവിടെ വന്ന് വേണ്ട കുഴപ്പങ്ങള്‍ ഉണ്ടാക്കി.സെക്യൂരിറ്റിയെ വരെ അടിക്കാന്‍ നോക്കി പിന്നെ തെറിവിളിയും........ അങ്ങനെയൊക്കെയാകുമ്പോള്‍ ഞങ്ങള്‍ക്കും മറ്റു പേഷ്യന്‍സിനുമെല്ലാം ബുദ്ധിമുട്ടാകും.അതുകൊണ്ടാണ് ഞാനവരെ മടക്കിയത് " ഡോക്ടര്‍ അയാളുടെ ഭാഗം ന്യായീകരിച്ചു.
"സാര്‍ ഭര്‍ത്താവടിച്ച് അയാളെപേടിച്ച് നീതിക്കുവേണ്ടിയാണിവര്‍ പോലീസ്സ്‌റ്റേഷനിലും ഇവിടേയും വന്നത്. ആ ഭര്‍ത്താവിനെ പേടിച്ചുതന്നെ നമ്മളും ഇവരെ തിരിച്ചയക്കുന്നു ഇതെന്തു ന്യായമാണ് സാറേ.......... "? എനിക്ക് സഹിക്കാനായില്ല.
"പോലീസിന് കേസ്സെടുത്ത് ഇന്റെിമേഷന്‍ സഹിതം ആശുപത്രിയിലേക്കയക്കാമായിരുന്നല്ലോ എന്തേ അതു ചെയ്‌തില്ല" ? ഡോക്ടര്‍ ഡോക്ടറുടെ ഭാഗം മറ്റൊരന്യായം കൊണ്ട് ന്യായീകരിച്ചു.
"സാര്‍ ഈ സ്‌ത്രീക്കിപ്പോള്‍ വേണ്ടത് ഒരു അഭയമാണ്.ഡോക്ടര്‍ ഇവരെ ഇവിടെ അഡ്‌മിറ്റാക്കുക തന്നെ വേണം.ദേഹത്ത് ഇത്രയേറെ പരിക്ക് കാണാനുള്ളപ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ ഒരു ന്യായവുമില്ല. " ഞാനും അല്‌പം കര്‍ക്കശമായി.
"കൂടെ നില്‍ക്കാനാളില്ലാതെ അഡ്‌മിറ്റു ചെയ്യാന്‍ പറ്റില്ല." ഡോക്ടറും വാശിപിടിച്ചു.
"കൂടെ നിര്‍ത്താനുള്ള ആളെ ഞാനിപ്പോള്‍ തന്നെ കൊണ്ടു വരാം.അതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു".
"അങ്ങിനെയാണേല്‍ അഡ്‌മിറ്റു ചെയ്യാം." ഡോക്ടര്‍ മനസ്സില്ലാമനസ്സോടെ അവരെ അഡ്‌മിറ്റു ചെയ്‌തു.(മുമ്പൊരിക്കല്‍ ഏറെ പരിക്കുകളോടെ ഒരു അമ്മയേയും മകളേയും കൂടി പോലീസ് ഇന്റെിമേഷന്‍ പ്രകാരം ബത്തേരി ഗവ : ആശുപത്രിയിലെ ഡോക്ടറുടെ അടുക്കലെത്തിച്ചപ്പോള്‍ "ഓ............. കെട്ട്യോനേം തന്തേനേം ജയിലിലാക്കാന്‍ തന്നെ പൊറപ്പെട്ടതാണല്ലോ തള്ളേം മോളും കൂടി " എന്നും പറഞ്ഞായിരുന്നു അയാള്‍ അന്നവരെ അഡ്‌മിറ്റ് ചെയ്‌തത്.)
ഞാനവരുടെ വീട്ടില്‍ പോയി അവരുടെ അനുജത്തിയേയും കൂട്ടി വന്നു.അപ്പോഴേക്കും സമയം നന്നായി ഇരുട്ടിയിരുന്നു.എട്ടു മണിക്കു തന്നെ എനിക്ക് ഡ്യൂട്ടിക്കായി സ്‌റ്റേഷനില്‍ എത്തേണ്ടതായും ഉള്ളതു കൊണ്ട് അനിയത്തിയെ ആശുപത്രിയിലാക്കി വാര്‍ഡനോട് ആരേലും പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്‌താല്‍ മതി" എന്നു പറഞ്ഞു.
"ആ സ്‌ത്രീയുടെ ഭര്‍ത്താവു വരാന്‍ സാധ്യതയുണ്ട്......................" എന്ന് സെക്യൂരിറ്റിയെകൂടി വിവരം ധരിപ്പിച്ച് ഞാന്‍ സ്റ്റേഷനിലേക്ക് മടങ്ങി.
പിറ്റേ ദിവസം intimation എടുത്ത് കേസ്സ് രജിസ്‌റ്റര്‍ ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്.അന്ന് ഏകദേശം 12 മണിയോടെ തലേന്നു ഞാന്‍ അഡ്‌മിറ്റാക്കിയ സ്‌ത്രീയുള്‍പ്പെടെ പത്തോളം പേര്‍ സ്റ്റേഷനിലെത്തി.ഭര്‍ത്താവെന്നു പറയുന്ന മാന്യനെ നന്നായിട്ടൊന്നു വിരട്ടാന്‍ പോലും ആരും തയ്യാറായില്ല.ഒരു സ്‌ത്രീയുടെ ശരീരത്തില്‍ ഇത്രയേറെ പരിക്കുകള്‍ സൃഷ്ടിച്ച അവന്റെ ദേഹത്ത് ഒരു കൈപ്പാടുപോലും ഏല്‍പ്പിക്കാന്‍ കൂടെ വന്നവരോ പോലീസുകാരോ മുതിര്‍ന്നില്ല.ശരീരത്തിനേറ്റ മുറിവുകള്‍ വളരെ പ്രകടമായിരിക്കുന്ന ആ അവസ്ഥയില്‍ തന്നെ നാട്ടുകാരായ ആണുങ്ങളും, സ്റ്റേഷനിലെ പോലീസുകാരായ ആണുങ്ങളും ചേര്‍ന്ന് 'കാര്യങ്ങള്‍ ' തീരുമാനിച്ച് അവളെ ആ ഭര്‍ത്താവ് ഗുണ്ടയുടെ കൂട്ടത്തില്‍ തന്നെ അയച്ചു.അവരെല്ലാവരും കൂടി 'രമ്യത'യില്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ ഹെഡ്‌കോണ്‍സ്‌റ്റബിളിന്റെ വക ഒരു താക്കീത്.
"ഇനി ഇതു പോലെ ആവര്‍ത്തിച്ചാല്‍ ജയിലില്‍ തന്നെ പോകും കെട്ടോ" എന്ന് ഭര്‍ത്താവ് എന്ന വേട്ടക്കാരനോടും"കേട്ടോ ....... നിങ്ങളോടും കൂടിയാണ് പറയുന്നത് നോക്കീം കണ്ടും ഒക്കെ നിന്നോളണം" എന്ന് ആ പാവം സ്‌ത്രീയോടും
ഇനി ഒരു FIR ആ ഭര്‍ത്താവു പുരുഷന്റെ പേരിലിടണമെങ്കില്‍ അവള്‍ അത്ര തന്നെ ദേഹപീഢനം ഏറ്റുവാങ്ങാന്‍ തയ്യാറാകണം.മാത്രമല്ല ഭര്‍ത്താവതിനു മുതിര്‍ന്നാല്‍ ഓടി തടിയെടുക്കണം (നോക്കീം കണ്ടും നില്‍ക്കുന്നത് )അപമാനിതയായവള്‍ വീണ്ടും വീണ്ടും അപമാനിതയാകാന്‍ ഉതകുന്ന കമന്റെുകള്‍ പലപ്പോഴും നിശബ്ദയായി എനിക്കു കേട്ടു നില്‍ക്കേണ്ടി വരാറുണ്ട്.അധികാര സ്ഥാനങ്ങളില്‍ സ്‌ത്രീകളില്ലാത്തത് പലപ്പോഴും അവള്‍ക്ക് നീതി നിഷേധിക്കുന്നതിന് കാരണമാകുന്നു.സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കിട്ടുന്നില്ലെന്നു മാത്രമല്ല വീണ്ടും വീണ്ടും അപമാനിതയാകാന്‍ അവള്‍ നിര്‍ബന്ധിതയാകുകയും ചെയ്യുന്നു.സ്റ്റേഷനില്‍ വരുന്ന സ്‌ത്രീകള്‍ക്ക് മിക്കവാറും പരാതി പറയാനുണ്ടാകുക വീട്ടിലെ പുരുഷാംഗത്തെക്കുറിച്ചു തന്നെയായിരക്കും.തീര്‍ച്ചയായും അവര്‍ ഈ വിഷമം പറയുന്നത് സ്റ്റേഷനിലെ പുരുഷാംഗമായ ഓഫീസറോടായിരിക്കും. അവിടെ പുരുഷപക്ഷപാതിത്വം വളരെ സ്വാഭാവികം.ഭര്‍ത്താവിനെ ജയിലിലയക്കണോ...?,കുറച്ചൊക്കെ ക്ഷമിച്ചൂടേ ,എന്നെല്ലാമുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ട് ഇരയായ സ്‌ത്രീയെ വീണ്ടും വീണ്ടും കുറ്റപ്പെടുത്താനും അവളുടെ നീതി എന്നത് ഒരു സ്വപ്‌നം മാത്രമാക്കി നിലനിര്‍ത്താനും ഈ പ്രവണത കാരണമാകുന്നു.
Tuesday, March 24, 2009
അന്ധന്‍ /കണ്ടക്ടര്
ചില K.S.R.T.C ബസ്സുകളില്‍ കണ്ടക്ടറുടെ സീറ്റിനു മുകളില്‍ കാണുന്ന റിസര്‍വ്വേഷന്‍ ബോര്‍ഡാണിത്.കണ്ടക്ടര്‍ പുരുഷനായിരിക്കും എന്നുള്ളതാണീ പ്രത്യേക റിസര്‍വ്വേഷനു കാരണം.കേരളത്തിലെ ആണുങ്ങളുടെ സ്വഭാവം നന്നായിട്ടറിയുന്നതുകൊണ്ടായിരിക്കും അന്ധക്കവിടെ സ്ഥാനം കൊടുക്കാത്തത്. അന്ധ അടുത്തിരുന്നാല്‍ കണ്ടക്ടര്‍ പുരുഷന്‍ അവളെ തോണ്ടും, പിടിക്കും , അവള്‍ പരാതി കൊടുക്കും, പിന്നെ പോലീസ് സ്‌റ്റേഷന്‍, കോടതി, കേസ്........... ഈ പൊല്ലാപ്പെല്ലാം ഒഴിവാക്കുക എന്നതായിരിക്കും ലക്ഷ്യം................... വെറുതേ വിമര്‍ശിക്കരുതല്ലോ
തോന്ന്യാക്ഷരങ്ങള്‍: അഴീക്കോട് മാഷെന്താ ഇങ്ങനെ പറഞ്ഞത് ?
കള്ളനും കൊള്ളക്കാരനും,തെമ്മാടിയും ,വ്യഭിചാരിയും തന്നെയാണ് പുരുഷവര്‍ഗ്ഗത്തിന്റെ ഇമേജുസൂക്ഷിപ്പുകാര്‍.അക്രമകാരിയായ പുരുഷനെ അക്രമിക്കാന്‍ മറ്റൊരു പുരുഷനെ അവള്‍ ഉപയോഗിക്കുന്നു.പുരുഷന്‍ അക്രമകാരിയല്ലായിരുന്നെങ്കില്‍ അവള്‍ക്കു സ്വന്തമായി ഒരു പുരുഷനേ ആവശ്യമില്ല.വംശം നിലനില്‍ക്കാന്‍ വാര്‍ഡൊന്നിന് ഓരോരോ പുരുഷന്മാര്‍ ധാരാളം. (നൂറു സ്ത്രീകളൂം ഒരു പുരുഷനും മാത്രമാണെങ്കിലും പ്രജനനം ഒരു വിഷയമേയല്ല.എന്നാല്‍ നേരെ തിരിച്ചായാലോ ? പ്രക്രുതിയുടെ നിലനില്‍പ്പേ സ്ത്രീയെ ആശ്രയിച്ചാണ്. പൈത്രുകം എന്ന ഈ ചീട്ടുകൊട്ടാരത്തിന്റെ നിലനില്‍പ്പൂ തന്നെ അവളുടെ നാവിന്‍ തുന്‍പില്‍ നിന്നും ഉതിര്‍ന്നു വീഴുന്നു വീഴുന്ന അക്ഷരങ്ങളിലാണ്.കലക്റ്ററേക്കാള്‍ അധികാരം ഗണ്‍ മാനോ ?
Monday, March 23, 2009
ഈ വംശം മുടിയട്ടെ
ഇന്നു രാവിലത്തെ മാതൃഭൂമി ദിനപ്പത്രത്തില്‍ ' സ്‌ത്രീയും പുരുഷനും തുല്യരായാല്‍ വംശം മുടിയും ' എന്ന തലക്കെട്ടോടെ വന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസ്‌താവന വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിപ്പോയ വികാരമാണിത്.
" തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നു കരുതി സ്‌ത്രീ പുരുഷനൊപ്പം എത്തുന്നില്ല.സ്‌ത്രീയുടെ ദൗര്‍ബല്യം തന്നെയാണ് അവളുടെ ശക്തി.അവള്‍ നന്മയുടെ ഉറവിടമാണ്.മാതൃത്വം എന്ന അനുഗ്രഹീത വരം ലഭിച്ചവരാണ് സ്‌ത്രീകള്‍.മനുഷ്യന്‍ ക്രൂരനും ഹൃദയശൂന്യനുമായ കാലത്ത് അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് കുട്ടികളാണ്............ " എന്നു പോകുന്നു (ഇവിടേയും മനുഷ്യന്‍ എന്നാല്‍ പുരുഷന്‍ തന്നെയാണെന്ന് സുകുമാര്‍ അഴീക്കോട് അടിവരയിടുന്നുണ്ട്. ക്രൂരന്‍, ഹൃദയ ശൂന്യന്‍ തുടങ്ങിയ പ്രയോഗങ്ങളിലൂടെ.)
സുകുമാര്‍ അഴീക്കോട് വാഴ്‌ത്തുന്ന മാതൃത്വത്തിന്റെ നിയമപരമായ അവസ്ഥ എന്താണ്.? കുട്ടിയുടെ സ്വാഭാവിക രക്ഷാകര്‍ത്താവ് എന്ന സ്ഥാനം പോലും അവള്‍ക്കില്ല. Father is the natuaral guadian of an infant എന്നാണ് Family law പറയുന്നത്.അവള്‍ വെറും അപ്പി കോരുന്നവളും തീറ്റി കൊടുക്കുന്നവളും സൂക്ഷിപ്പുകാരിയും മാത്രമാണ്.ദത്തവകാശനിയമത്തിലും സ്‌ത്രീയുടെ സമ്മതം വേണമെന്നു മാത്രമേ പറയുന്നുള്ളൂ.Banking law, LIC law, സ്വത്തവകാശ നിയമം എന്നിവയിലെല്ലാം തന്നെ സ്‌ത്രീയെ രണ്ടാം കിടക്കാരിയായിതന്നെയാണ് ഈ വംശം ഇങ്ങനെതന്നെ നിലനിര്‍ത്താന്‍ ഈ നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ സുകുമാര്‍ അഴീക്കോട് സാറിന്റെ പൂര്‍വ്വീകരും ചെയ്‌തുവെച്ചിരിക്കുന്നത്. പിന്നെ സാറിന്റെ ഈ പ്രസ്‌താവനയില്‍ പ്രത്യേകിച്ചെന്തു പുതുമയാണുള്ളതെന്നാണ് മനസ്സിലാകാത്തത്.സ്‌ത്രീയുടെ നട്ടെല്ലില്ലായ്‌മയില്‍ നിലനിന്നു പോകുന്നതാണീ വംശമെങ്കില്‍ അതു മുടിയുക തന്നെ വേണം .അല്ലെങ്കില്‍ മുടിക്കണം.
Sunday, March 22, 2009
കാരണം
കാരണം
എന്റെ ബ്ലോഗില്‍ ഇഷ്ടമുള്ള അഭിപ്രയങ്ങള്‍ മാത്രമേ പബ്ലിഷ് ചെയ്യുന്നുള്ളൂ എന്നുള്ള ആക്ഷേപം ല്തുടര്‍ചയായി വന്നുകൊണ്ടിരിക്കുന്നു.ദയവുചെയ്ദ് വായനക്കാര്‍ ക്ഷമിക്കുക.അതിനുള്ള എന്റെ കാരണം ഞാന്‍ വിവരിക്കാം
എനിക്കിഷ്ട്മുള്ളത് /എനിക്കിഷ്ടമല്ലാത്തത് എന്നൊന്നില്ല.പകരം സ്ത്രീകളുടെ ആത്മവിശ്വാസം വളര്‍ത്തുന്നത് ,സ്ത്രീകളുടെ ആത്മവിസ്വസം തകര്‍ക്കുന്നത് എന്നിങനെ രണ്ടായി ഞാന്‍ അഭിപ്രായങളെ വിഭജിചിട്ടുണ്ട് എന്നതാണ് വാസ്തവം.
തീവ്രവാദികളോടേറ്റുമുട്ടുന്നതിനായി യുദ്ധക്കളത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ജവന്മാര്‍ക്കു മുന്നില്‍ ഏറ്റുമുട്ടലില്‍ വീരമ്രുത്തിയടഞവരുടേയോ ,പരാജയപെട്ടവരുടേയോ കാര്യങ്ങള്‍ സ്നേഹമുള്ളൊരു ഓഫീസര്‍ അവതരിപ്പിക്കുകയില്ല
ഈ തത്വം മാത്രമാണ് ഞാന്‍ പിന്തുടരുന്നത് .ക്ഷമിക്കുമല്ലോ
മാതൃക
പുല്‌പള്ളിയില്‍ വെച്ചു നടത്തിയ ഏക ദിന സെമിനാറില്‍ ക്ലാസ്സെടുക്കാനെത്തിയതായിരുന്നു ഞാന്‍.ഏകദേശം എഴുപത്തഞ്ച് പേരുണ്ടായിരുന്നതില്‍ മുപ്പതു പേരോളം ഇരുപതു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു.രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് ക്ലാസ്.ഉച്ചക്കുള്ള ഇന്റെര്‍വെല്‍ സമയത്ത് എല്ലാവരില്‍ നിന്നുമകന്ന് ആരും ശ്രദ്ധിക്കാത്ത ഒഴിഞ്ഞൊരു കോണില്‍ പോയി സിഗരറ്റ് വലിച്ചുകൊണ്ട് ഒരു കാല്‍ മടക്കി മതിലിനോട് ചാരി നില്‌ക്കുകയായിരുന്നു. കുറച്ചു പെണ്‍കുട്ടികള്‍ വന്ന് അര്‍ദ്ധവൃത്താകൃതിയില്‍ എന്റെരികിലായി നിന്നു"സാറേ........ ഞങ്ങള്‍ക്കൊരു കാര്യം ചോദിക്കാനുണ്ട് " അവരിലൊരാള്‍ പറഞ്ഞു.
" ആ ചോദിച്ചോ...." ഞാന്‍ ഒരു പുക ഉള്ളിലേക്കെടുത്ത് സാവധാനം പുറത്തേക്ക് വിട്ടുകൊണ്ട് തലയാട്ടിക്കൊണ്ട് നില്‍ക്കുന്ന അതേ നില്‌പില്‍തന്നെ അവര്‍ക്ക് സമ്മതം കൊടുത്തു.ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടും അവര്‍ പരസ്‌പരം നോക്കി നില്‌ക്കുന്നതല്ലാതെ ഒന്നും ചോദിക്കുന്നില്ലെന്നു കണ്ടപ്പോള്‍
" എന്താണെങ്കിലും ചോദിക്കാം " എന്നു പറഞ്ഞ് ഞാനവര്‍ക്ക് ധൈര്യം പകര്‍ന്നു. ഉടനെ ആദ്യം സംസാരിച്ച പെണ്‍കുട്ടി വളരെ ഗൗരവഭാവത്തില്‍ പറയാന്‍ തുടങ്ങി.
" സാറേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയാകേണ്ടതാണ് സാറ്. സാറിങ്ങനെ സിഗരറ്റ് വലിക്കുന്നത് ശരിയാണോ........ ?സാറിനെ കണ്ടല്ലേ ഞങ്ങള് പഠിക്കേണ്ടത് ? അവര്‍ എന്റെ ഉത്തരത്തിനു കാതോര്‍ത്തു.
"നിങ്ങള്‍ കോഴിയിറച്ചി കൂട്ടുമോ "? ഞാന്‍ സിഗരറ്റിലെ ആഷ് തട്ടിക്കളഞ്ഞുകൊണ്ട് ചോദിച്ചു.
"ആ കഴിക്കും.................." അവര്‍ കൂട്ടത്തോടെ ഉത്തരം പറഞ്ഞു
"ഇറച്ചി കഴിക്കുമ്പോള്‍ എല്ലാം കഴിക്കുമോ" ?
"ഇല്ല എല്ലൊഴിവാക്കും" അവരിലൊരാള്‍ ഉടനെ പറഞ്ഞു.
"എല്ലൊഴികെ കോഴിയുടെ എല്ലാം തില്ലാന്‍ പറ്റ്വോ " ?
" ഇല്ല പപ്പും ഒഴിവാക്കും " മറ്റൊരാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
" നിങ്ങള്‍ക്കിതു രണ്ടും വേണ്ടെന്നുവെച്ച് കോഴിക്കിതു രണ്ടും ഇല്ലാതെ നടക്കാന്‍ പറ്റ്വോ ? ആവശ്യമില്ലാത്തതൊക്കെയങ്ങ് ഒഴിവാക്ക് പിള്ളേരേ........... " കുട്ടികള്‍ കാര്യം മനസ്സിലായ ഭാവത്തില്‍ ഒന്നിച്ചു ചിരിച്ചു. അപ്പോഴേക്കും വലിച്ചു തീര്‍ന്ന സിഗരറ്റിന്റെ കുറ്റി തറയിലിട്ട് ഷൂസുകൊണ്ട് ചവിട്ടി തീ കെടുത്തി കുട്ടികളേയും കൂട്ടി ശേഷിക്കുന്ന ഭാഗം ക്ലാസ്സെടുക്കാനായി ഞാന്‍ ഹാളിലേക്കു കയറി.
Saturday, March 21, 2009
ഊരാളിയുടെ ഡിമാന്റ്
ഒരു ദിവസം രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ വീടിന്റെ ഗേറ്റില്‍ ശക്തിയായി അടിച്ച് ശബ്ദമുണ്ടാക്കി ചേച്ചീ.......... ചേച്ചീ എന്നു കരഞ്ഞുകൊണ്ടുള്ള വിളികേട്ട് ഞാന്‍ വാതില്‍ തുറന്നു.എന്റെ വീടിനു നൂറുമീറ്റര്‍ മാറിയുള്ള പണിയകോളനിയില്‍ താമസിക്കുന്ന ശാന്തയും അവളുടെ കുട്ടികളും ഗേറ്റിനു വെളിയില്‍ നില്‍ക്കുന്നു.കണ്ടതേ എനിക്ക് കാര്യം മനസ്സിലായി." എന്താ ശാന്തേച്ചീ ഊരാളിയണ്ണന്‍ ലഹള കൂടിയോ...? " എന്നു ചോദിച്ചുകൊണ്ട് ഞാന്‍ പോയി ഗേറ്റ് തുറ്‌ന്നു.ശാന്തയും കുട്ടികളും അകത്തേക്ക് കയറി." ചേച്ചീ......... ഊരാളി ബല്ലത്ത ജഗളാണ്.കെടക്കാന്‍ ചമ്മതിക്കുന്നില്ല.പായും പുതപ്പും എല്ലാം പുറത്തേക്കെറിയാണ്.അകത്ത് ചാരായം കാച്ചലും കുടിക്കലും തന്നെ.ഞാന്‍ പണി കയറി വന്നപ്പം മുതല് തൊടങ്ങ്യ ജഗളാണ്.കുട്ട്യക്ക് തിന്നാകൂടി ഒന്നുണ്ടാക്കീട്ടില്ല . ചേച്ചി പറഞ്ഞാ ഊരാളി കേക്കും ചേച്ചി ഇപ്പത്തന്നെ ഒന്നു വരണം. " ശാന്ത കരയും എന്ന മട്ടായി . ഞാന്‍ ശാന്തയെ വീട്ടില്‍ നിര്‍ത്തി മാടക്കരയിലേക്കു പോയി.അവിടെ വെറുതെ സൊറപറഞ്ഞിരിക്കുന്ന ചെറുപ്പക്കാരോട് ശാന്തയുടെ കാര്യം പറഞ്ഞ് ഒന്ന് കോളനിവരെ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.ഇപ്പം വരേ ചേച്ചീ......... എന്നു പറഞ്ഞും പറയാതേയും ആ കൂട്ടം അതിവേഗം അവിടെനിന്നും ചിതറി.ശേഷിച്ചവരില്‍ എന്റെ ഇളയച്ഛന്റെ മകന്‍ ഷാജുവും കോളനിയിലെ തന്നൊരു പയ്യനുമായി വീട്ടല്‍നിന്നും ശാന്തയേയും കൂട്ടി ഞങ്ങള്‍ കോളനിയിലെത്തി.എല്ലാവരേയും പുറത്തു നിര്‍ത്തി ബഹളം വെച്ചുകൊണ്ടു നില്‍ക്കുന്ന ഊരാളിയുടെ മുറിയിലേക്ക്
"ഊരാളി അണ്ണാ....... ഊരാളി അണ്ണാ......." എന്നു വിളിച്ചുകൊണ്ട് ഞാന്‍ കയറി.വലതു കൈയ്യിലൊരു മട്ടലും പിടിച്ച് ചുവന്ന കണ്ണ് നന്നായി ഉരുട്ടികൊണ്ട് "അബളെബടെ അബളെബടെ ഇന്നുകൊല്ലും ഞാനബളെ " എന്നു പറഞ്ഞലറുന്ന ഊരാളിയെയാണ് ഞാനവിടെ കണ്ടത്.എന്റെ മയമുള്ള ഭാവം അവിടെ ചിലവാകില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അലറി " നീ അവളെ തൊടില്ല പിന്നല്ലേ കൊല്ലുന്നത്".ഞാന്‍ ഊരാളിയുടെ കൈയ്യില്‍ നിന്നും മട്ടല്‍ പിടിച്ചു വാങ്ങി മുറ്റത്തേക്കെറിഞ്ഞു.കോളറിനു കുത്തിപ്പിടിച്ചു ചുമരോട് ചേര്‍ത്തു.എന്റെ അലര്‍ച്ചയും ഭാവവും കണ്ട് ഊരാളി ശരിക്കും പേടിച്ചു.പുറത്തേക്കെറിഞ്ഞ നിലയിലുള്ള പായയും പുതപ്പും ഊരാളി അകത്തു കൊണ്ടുവെച്ചു.ഇല്ല ചേച്ചീ ഞാനൊന്നും ചെയ്‌തിട്ടില്ല ദേച്ച്യംപിടിച്ചപ്പം പായേം പൊതപ്പുട്‌ത്ത് കളഞ്ഞതാ.... ഊരാളി വളരെ മര്യാദക്കാരനായി."ഇവിടെ കാച്ച് ണ്ടോ ? (ചാരായം വാറ്റ്)
"ഇല്ല ചേച്ചീ ഇല്ല" .എന്റെ പുറത്തൊരു തോണ്ടല്‍ ഞാന്‍ തിരിഞ്ഞു നോക്കി.
"ആത്ത് കാച്ച് പാത്രം ഉണ്ട് "ശാന്ത അടക്കം പറഞ്ഞു. ഞാന്‍ പുറത്തു നിന്നവരെയെല്ലാം കൂട്ടി അകത്തു കടന്ന് പരിശോധിച്ചു.അടുക്കള വാതിലിലൂടെ അകത്തു കടന്ന ശാന്ത കാച്ചുന്ന പാനി അടുപ്പില്‍ നിന്നും എടുത്തു .ഞാന്‍ പുറത്തിറങ്ങി എല്ലാവരോടുമായി പറഞ്ഞു
"ഇനി ഇന്നെന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ നിങ്ങള് പിടിച്ചുകെട്ടി അങ്ങ് കൊണ്ടോര് നമ്മക്ക് സ്‌റ്റേഷനിലാക്കാം .കേസ്സെടുത്ത് ജയിലിലാക്കുമ്പംപഠിച്ചോളും."
"ഇല്ല ചേച്ചീ ഞാനിബടെ കെടന്നോളും " എന്നു പറഞ്ഞ് ഊരാളി അകത്തൊരു മൂലയില്‍ മര്യാദക്കാരനായി കിടന്നു.എന്റെ കൂടെ വന്ന പയ്യനും മറ്റൊരു പയ്യനും കൂടി കാച്ചുന്ന കലം തല്ലിപ്പൊട്ടിച്ചു.ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്നു രാവിലെ ചേച്ചീ............... ചേച്ചീ........... എന്നുള്ള ഊരാളിയുടെ വിളിയും കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.വാതില്‍ തുറന്ന് ഞാന്‍ കാര്യം തിരക്കി "ഏക്ക് ഇരുപത് ഉറുപ്യ ബേണം" ഊരാളി ഗര്‍വ്വോടെ പറഞ്ഞു
" എന്തിനാ............ " ഞാനും ഗൗരവം നടിച്ചു.
"ചാരായം കുടിക്കാനാ........." ഊരാളിയും ഗമയില്‍ തന്നെ
"എന്റെ കൈയ്യില്‍ പൈസയൊന്നുമില്ല.അഥവാ ഉണ്ടെങ്കിലും തരില്ല " എനിക്ക് ശരിക്കും കലികയറി.
"കാച്ചി കുടിക്കാനോ ചമ്മയ്‌ക്കൂലാ..... പൈച്ചേം തരില്ലന്നുബെച്ചാല് " ഊരാളി ഗേറ്റിന്മേലടിച്ച് അമര്‍ത്തിചവിട്ടി നടന്നു.(കാച്ചി കുടിക്കാനോ സമ്മതിക്കൂല, പൈസേം തരൂലാന്ന് വെച്ചാല് )എല്ലാം ശ്രദ്ധിച്ചുനിന്ന ദാസേട്ടന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയില്‍ ഞാനും പങ്കുചേര്‍ന്നു.
Thursday, March 19, 2009
അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത്........?
ഇക്കഴിഞ്ഞ ദിവസം ഒരു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞതിന്റെ റെസ്‌റ്റില്‍ വീട്ടിലെത്തിയതായിരുന്നു ദാസേട്ടന്‍.ഉറക്കമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ കുട്ടികളുമൊത്ത് പത്രം വായിച്ച് വെറുതെ ചില കമന്റെുകള്‍ പറയുകയായിരുന്നു.പെട്ടന്ന് മോള്‍ ആതിര പത്രത്തിന്റെ ഏതോ ഒരു ഹെഡ്ഡിങ്ങ് എന്നെ കാണിക്കാനായി "നോക്കമ്മേ നോക്ക് "എന്നു പറഞ്ഞു.എന്താണെന്നറിയാന്‍ ഞങ്ങള്‍ അവളുടെ അടുക്കല്‍ നിന്നും പത്രം വാങ്ങി .അത്ഭുതത്തോടെ അവള്‍ കാണിച്ച തലക്കെട്ടില്‍ എനിക്കൊരു പുതുമപോലും തോന്നിയില്ല - ഏഴാം ക്ലാസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍ -ഒട്ടും അതിശയത്തോടല്ലാതെ വൃത്തികെട്ടവന്‍ എന്നോ മറ്റോ പറഞ്ഞ് ഞാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം മോനേയും കൂട്ടി ഷോപ്പിംഗിനു പോകാനൊരുങ്ങി.
"അമ്മേ ശാലൂട്ടന് കുപ്പായെടുക്കാന്‍ (Dress) ഞാനും പോരട്ടെ "
"വേണ്ട വേണ്ട മര്യാദക്കിരുന്ന് പഠിച്ചോ " പിന്നെ അവള്‍ ശഠിച്ചില്ല അവള്‍ പുസ്‌തകമെടുത്ത് വായിക്കാന്‍ തുടങ്ങി.ഞാനും മോനും ഷോപ്പിംഗിനായി ഇറങ്ങുമ്പോള്‍ ദാസേട്ടന്‍ ഒരു കൈ കൊണ്ട് മോളെ ചേര്‍ത്തു പിടിച്ച് പത്രം വായിക്കുകയായിരുന്നു.
"ന്നാ ഞങ്ങളു പോട്ടെ " ഞാനും മോനും യാത്ര പറഞ്ഞിറാങ്ങുമ്പോള്‍ ആതിര അല്‌പം തമാശയോടെ ചോദിച്ചു " അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത് " ഞാന്‍ ചിരിച്ചു എന്നോടൊപ്പം മോളും ദാസേട്ടനും ചിരിച്ചു. അപ്പോള്‍ ദാസേട്ടന്റെ മുഖത്തുണ്ടായിരുന്ന ചളിപ്പ് തികച്ചും ആസ്വദിച്ചുകൊണ്ട് ഞാന്‍ മോനേയും കൂട്ടി ഇറങ്ങി.
Wednesday, March 18, 2009
വനിതാ പോലീസുകാരെ ഇറക്ക്....
2005 ആദ്യ പകുതിയില്‍ കണ്ണൂരില്‍ നടന്ന ഏതോ അക്രമസംഭവത്തോടനുബന്ധിച്ച് വ്യാപകമായി റെയ്‌ഡു നടത്തേണ്ട ആവശ്യത്തിലേക്കായി വയനാട്ടിലെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും നിശ്ചിത എണ്ണം കാണിച്ച് പോലീസുകാരെ ആവശ്യപ്പെട്ടുകൊണ്ട് എസ്.പി അവര്‍കളുടെ മെസേജ് ഓരോ സ്‌റ്റേഷനിലേക്കും വന്നു.വൈത്തിരി സ്‌റ്റേഷനില്‍ നിന്നും എട്ടു പോലീസുകാരെയാണ് ആവശ്യപ്പെട്ടത്.ഡ്യൂട്ടി തരം തിരിച്ചപ്പോള്‍ അതില്‍ ഞാനും ഉള്‍പ്പെട്ടു.സ്റ്റേഷനിലെ ആ എട്ടു പോലീസുകാരിലൊരാളായി എന്നേയും കണ്ടു എന്നതില്‍ എനിക്ക് നിറഞ്ഞ ആത്മസംതൃപ്‌തി അനുഭവപ്പെട്ടു.
ബാഗും കിടക്കയും ലത്തിയുമായി മറ്റു പോലീസുകോരോടൊപ്പം ഞാനും കല്‌പറ്റ സ്റ്റേഷനിലേക്ക് യാത്രയായി.വയനാട്ടില്‍ നിന്നും ഡ്യൂട്ടിക്കു നിയോഗിച്ച എല്ലാ പോലീസുകാരും കല്‌പറ്റയിലും മാനന്തവാടിയിലുമായി ഒത്തു കൂടി.കല്‌പറ്റയില്‍ നിന്നും പോലീസുകാരെ കയറ്റി മാനന്തവാടി വഴി കണ്ണൂരിലേക്കു പോകാന്‍ വാഹനം റെഡിയായി.ഇഷ്ടമുള്ളവരുടെ അടുക്കല്‍ സീറ്റുപിടിച്ച് ഞാനും യാത്രക്ക് തയ്യാറായി.കല്‌പറ്റ സബ്ബ്‌ഡിവിഷനില്‍ നിന്നും എന്നെക്കൂടാതെ മൂന്നു വനിതാപോലീസുകാരെക്കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.യാത്ര പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ഡ്യൂട്ടിക്കു പോകുന്നവരുടെ പേരും നമ്പറും വയര്‍ലെസ് വഴി നല്‌കാന്‍ എസ്.പി. അവര്‍കള്‍ നിര്‍ദ്ദേശിച്ചു.എല്ലാവരുടെ പേരും നമ്പറും അറിയിച്ചുകൊണ്ടുള്ള മെസ്സേജ് കൊടുത്തു കഴിഞ്ഞ ഉടനെ - എത്ര വനിതാപോലീസുകാരുണ്ടെന്ന് എസ്.പി തിരിച്ചു ചോദിച്ചു.മൊത്തം നാലു പേര്‍ എന്ന് സി.ഐ മറുപടി നല്‌കി.
പിന്നെ എന്താണ് സംഭവിച്ചതെന്നെനിക്കപ്പോള്‍ അറിയാന്‍ കഴിഞ്ഞില്ല.പോകാനുള്ള ആഹ്ലാദത്തില്‍ ബസ്സിനുള്ളില്‍ സാധനസാമഗ്രികള്‍ അടുക്കുന്നതില്‍ ഞാന്‍ മുഴുകി.പെട്ടന്ന് ഞാനിരുന്ന ബസ്സിന്റെ പുറത്ത് കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കികൊണ്ടൊരു പോലീസുകാരന്‍ ഉച്ചത്തില്‍ ചോദിച്ചു.
"ഈ ബസ്സില്‍ വനിതാപോലീസാരെങ്കിലുമുണ്ടോ........ ? "
"ആ........ ഉണ്ട് "ഞാനുള്‍പ്പെടെ ബസ്സിലുള്ളവരെല്ലാം ഒരേ ശബ്ദത്തില്‍ പറഞ്ഞു "വനിതാപോലീസുകാരെ ഇറക്ക്....... അവരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി..." ആ മറുപടി എന്നില്‍ വല്ലാത്ത അപമാനവും ആഘാതവുമുണ്ടാക്കി.
" എന്തിന് "? ഞാന്‍ തിരിച്ച് ചോദിച്ചു.
"അറിയില്ല എസ്.പി പറഞ്ഞിട്ടാണ്." അപ്പോഴേക്കും സി.ഐ യും പുറത്തു വന്നു. " വിനയേ ഇറങ്ങ് കാര്യമൊക്കെ ഞാന്‍ പറയാം"എനിക്കെതിര്‍ക്കാനായില്ല. 'ഇല്ല ഞാന്‍ പോകും' എന്നു പറഞ്ഞ് ശഠിക്കാനും മുന്‍ അനുഭവങ്ങള്‍ എന്നെ സമ്മതിച്ചില്ല.ഇനിയും ഒരു സസ്‌പെന്‍ഷന്‍ ,ഒരു പിരിച്ചുവിടല്‍ എനിക്കാലോചിക്കാന്‍ കൂടി ത്രാണിയില്ലായിരുന്നു.
വ്രണിതമായ അഭിമാനത്തോടെ കിടക്കയും ബാഗുമെടുത്ത് സ്വയം പ്രാകിക്കൊണ്ട് ഞാനിറങ്ങുമ്പോള്‍ എന്റെ കൂട്ടുകിട്ടാന്‍ ഇടംപോലും മാറിയിരുന്നപോലീസുകാരുടെ മുഖവും മങ്ങുന്നത് ഞാന്‍ കണ്ടു.ഞാന്‍ ബസ്സില്‍ നിന്നുമിറങ്ങി നേരെ സി.ഐ യുടെ അടുക്കലേക്കു പോയി.അപ്പോള്‍ വയര്‍ലെസ് സെറ്റിലൂടെയുള്ള എസ്.പി യുടെ നിര്‍ദ്ദേശം ഞാന്‍ നേരില്‍ കേട്ടു." ആ നാലു വനിതാപോലീസുകാര്‍ക്ക് പകരം രണ്ട് മെന്‍ പോലീസിന്റെ പേരും നമ്പരും ഉടനെ അറിയിക്കുക" .അവിടേയും പരിഹാസ്യം കലര്‍ന്ന അനുപാതം.
"എന്തിനാണു സാര്‍ എന്നെ തിരിച്ചു വിളിച്ചത് "? ഞാന്‍ സി.ഐ മുന്നില്‍ എന്റെ സംശയം പ്രകടിപ്പിച്ചു.
"എടോ അത് വനിതകള്‍ വില്ലിംഗ് അല്ലാത്തതുകൊണ്ടാണ് " സി.ഐ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
"സാര്‍ ഞാന്‍ വില്ലിംഗ് ആണ്" ഞാന്‍ വികാരാധീനയായി.
"താന്‍ വാ... " എന്നു പറഞ്ഞ് സി.ഐ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കു കൊണ്ടുപോയി, ശേഷം മറ്റുള്ളവര്‍ കേള്‍ക്കാതെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു
" എടോ ഞാന്‍ എസ്.പി യോട് കാര്യം പറഞ്ഞു,താന്‍ വില്ലിംഗ് ആണ് എന്നുതന്നെ പറഞ്ഞു - അവിടെപ്പോയാല്‍ വളരെ കഷ്ടപ്പാടായിരിക്കും എന്നും , അവര്‍ക്കൊന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യംപോലും കിട്ടിയെന്നുവരില്ലെന്നും അതുകൊണ്ട് അവരെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നുമാണ് എസ്.പി പറഞ്ഞത്, അല്ലാതെ നിങ്ങളെ ഒഴിവാക്കിയതല്ല.
"സാര്‍ ഇതു വളരെ കഷ്ടമാണ്.പോലീസുകീര്‍ക്ക് മൂത്രമൊഴിക്കല്‍ മാത്രം മതിയോ ? അവര്‍ക്ക് കക്കൂസിലും പോകണ്ടേ ? അതിനവര്‍ക്ക് സൗകര്യം കിട്ടുമെങ്കില്‍ ഞങ്ങള്‍ക്കുമാത്രം എങ്ങനെയാണതില്ലാതാകുന്നത് ? കഷ്ടപ്പെടാനായിട്ട് മാത്രം ഏതെങ്കിലും അമ്മ മക്കളെ പ്രസവിച്ചിട്ടുണ്ടോ ? " ഒറ്റ ശ്വാസത്തില്‍ ഞാനെന്റെ ദേഷ്യവും സങ്കടവും സി.ഐ ക്കു മുന്നില്‍ വിളമ്പി.
"സാരമില്ല വിനയാ.... ഈ കാര്യം ഞാന്‍ എസ്.പി യുടെ ശ്രദ്ധയില്‍ പെടുത്താം. അടുത്തു വരുന്ന ഡ്യൂട്ടിക്ക് വിനയയെ അയക്കാനുള്ള ഏര്‍പ്പാടും ചെയ്യാം.ഇപ്പോള്‍ താന്‍ സമാധാനിക്ക് " സി.ഐ യുടെ നിസ്സഹായാവസ്ഥയില്‍ എനിക്കു സഹതാപം തോന്നി.
മറുത്തൊന്നും പറയാതെ ഞാന്‍ അവിടെനിന്നും ഇറങ്ങി.തികച്ചും അപമാനിതയായി വീണ്ടും ബേഗും കിടക്കയുമായി വൈത്തിരി സ്റ്റേഷനില്‍ തന്നെ തിരിച്ചെത്തി." അടുത്ത ജന്മത്തിലെങ്കിലും ഒരു വനിതാപോലീസായിട്ട് ജനിച്ചാല്‍ മതിയായിരുന്നു." എന്റെ തലവെട്ടം കണ്ടതേ കാര്യങ്ങള്‍ മുന്നേതന്നെ വയര്‍ലെസ് മുഖേനെ അറിഞ്ഞ ഒരു പോലീസുകാരന്റെ കമന്റെ് മറ്റുള്ളവരുടെ സഹതാപത്തില്‍ കുതിര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടി പറയാതെ നിശബ്ദയായി ഞാന്‍ ബേഗും കിടക്കയും മുറിയില്‍ കൊണ്ടുവെച്ചു.അടിസ്ഥാനമില്ലാത്ത ഈ ഒഴിച്ചുനിര്‍ത്തല്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടാക്കുന്ന മാനക്കേടിനെപ്പറ്റി ആരു ചിന്തിക്കാന്‍.അല്ലേലും പോലീസുകാരികള്‍ക്കിത്രയൊക്കെ അഭിമാനം മതിയല്ലോ ഞാന്‍ നെടുവീര്‍പ്പിട്ടു.
Saturday, March 14, 2009
ഒരാണെങ്കിലും വേണ്ടേന്നേ....... ?
2004 - 2005 വര്‍ഷത്തില്‍ വയനാട് ജില്ലയിലെ കോളിയാടി മാര്‍ ബസേലിയഴ്‌സ് യു.പി സ്‌ക്കൂളിലെ PTA പ്രസിഡണ്ട് ആയിരുന്നു ഞാന്‍.ആ വര്‍ഷത്തെ സാഹിത്യസമാജം ക്ലബ്ബ് , സ്‌ക്കൂള്‍ ലൈബ്രറി എന്നിവയുടെ ഉത്‌ഘാടനം നടക്കുന്ന വേദി. PTA പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ ചടങ്ങിന് അധ്യക്ഷ്യം വഹിക്കുന്നു.വേദിയുടെ മുന്‍നിരയില്‍ എനിക്കിരുവശത്തുമായി സ്‌ക്കൂള്‍ ഹെഡ്‌മിസ്‌ട്രസ് താരാ സിസ്റ്ററും , മദര്‍ PTA പ്രസിഡണ്ടും ,പഞ്ചായത്തു മെമ്പറും (ഷൈലജ) തുടങ്ങി അഞ്ചോളം പേര്‍ ഏതാണ്ടത്ര തന്നെ അംഗങ്ങള്‍ പിന്‍ നിരയിലും.വേദിയിലുള്ള ഓരോ വ്യക്തികളുടേയും പ്രസംഗങ്ങള്‍ക്കൊടുവില്‍ കുട്ടികളുടെ നാടന്‍ പാട്ടും പ്രസംഗങ്ങളും , കവിതകളും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു.ചുറുചുറുക്കോടെ ആ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും പെണ്‍കുട്ടികളായിരുന്നു.
ഞാന്‍ ഏറെ കൗതുകത്തോടെ അതാസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ സിസ്‌റ്റര്‍ എന്നോടായി ഏറെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു(വേദിയലുള്ള മറ്റുള്ളവര്‍ക്കുകൂടി കേള്‍ക്കാന്‍ പാകത്തിന്) "ഇവിടിങ്ങനാന്നേ................. എല്ലാത്തിനും പെണ്‍കുട്ടികളാ മുന്നില്‍.ഇപ്രാവശ്യം സാഹിത്യ സമാജം സെക്രട്ടറിയും,സ്‌ക്കൂള്‍ ലീഡറും പെണ്‍കുട്ടികളാണ്. PTA പ്രസിഡണ്ടും പെണ്ണു തന്നെ. (സിസ്റ്റര്‍ എന്നെ നോക്കി ചിരിച്ചു,പിന്നീട് ഏറെ ഗൗരവത്തോടെ പറഞ്ഞു) അതുകൊണ്ട് ഞങ്ങള്‍ കഴിഞ്ഞ ആഴ്‌ച ഒരു ആണ്‍കുട്ടിയെ ക്യാപ്‌റ്റനായങ്ങ് തിരഞ്ഞെടുത്തു.ഒരാണെങ്കിലും വേണ്ടേന്നേ.......... " സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തി.
" സിസ്റ്റര്‍..... ഇത്രയും കാലം (സ്‌ക്കൂള്‍ സുവനീര്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷമായിട്ട്) PTA പ്രസിഡണ്ടുമാരും, സ്‌ക്കൂള്‍ ലീഡര്‍മാരും,സാഹിത്യ സമാജം സെക്രട്ടറിമാരും എല്ലാം തന്നെ പുരുഷന്മാരും ആണ്‍കുട്ടികളും ഒക്കെത്തന്നെയായിരുന്നു.അന്നൊന്നുംതന്നെ ഒരു പെണ്‍കുട്ടിയെ ക്യാപ്‌റ്റനാക്കണമെന്ന് ആര്‍ക്കും തോന്നിയില്ലല്ലോ.അതിനെപ്പറ്റി സിസ്റ്റര്‍ക്കെന്താ പറയാുള്ളത്. ? " എനിക്കെന്റെ ദേഷ്യം അടക്കാനായില്ല.
"ഓ.......... ഞാനീ വര്‍ഷം അങ്ങ് വന്നിട്ടല്ലേയുള്ളൂ " സിസ്‌റ്റര്‍ ഒഴിഞ്ഞുമാറി.
"ഈ മനോഭാവം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഉണ്ടായാല്‍ മതി." ഞാന്‍ പറഞ്ഞു നിര്‍ത്തി.നാട്ടില്‍ നടക്കുന്ന 90 ശതമാനത്തിലധികം ചടങ്ങുകളിലും ഒരു സ്‌ത്രീപോലും ഉണ്ടാകാറില്ല എന്നത് വെറും സ്വാഭാവികം മാത്രം.ഇന്നുവരെ ഒരു ചടങ്ങും ഒരു സ്‌ത്രീയെങ്കിലും വേണ്ടേ എന്നു പറഞ്ഞ് ഒരു പുരുഷനും വേദനിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നു മാത്രമല്ല പറഞ്ഞു കേട്ടിട്ടുപോലുമില്ല.പുരുഷനോടുള്ള സ്‌ത്രീയുടെ ഈ നാണം കെട്ട വിധേയത്വം ഒരു തീരാ ശാപമായി നിലനില്‌ക്കുന്നു എന്നത് ഏറെ വേദനാജനകം തന്നെ.
Friday, March 13, 2009
അയാളിപ്പം നിങ്ങളുടെ പുറകിലിരിക്ക്യോ......... ?
ഞാന്‍ വൈത്തിരി സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന കാലത്താണ് എനിക്ക് ഡിപ്പാര്‍ട്ടുമെന്റെ് ജീപ്പ് ഓടിക്കുന്നതിനുള്ള ഓതറൈസേഷന്‍ കിട്ടിയത്.വര്‍ഷങ്ങളായി ഞാന്‍ നടത്തിയ എഴുത്തു കുത്തുകളുടെ ഫലം.എനിക്കനുവദിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പോലീസ് ക്യാമ്പില്‍ പോയി ഏറ്റുവാങ്ങി സ്‌റ്റേഷനില്‍ കൊണ്ടു വന്ന ദിവസം തന്നെ സ്‌റ്റേഷനില്‍ വല്ലാത്ത മുറുമുറുപ്പ്. ആരാ.........പ്പം അവരുടെ പുറകിലിരിക്ക്യാ എന്ന് പലരും നേരിട്ടും അല്ലാതേയും എന്നെ പരിഹസിച്ചു.അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സ്‌റ്റേഷനിലെ ജൂനിയര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലേക്ക് അത്യാവശ്യമായി എത്തുന്നതിന് വയര്‍ലെസ് സന്ദേശം ലഭിച്ചു.സ്‌റ്റേഷനിലെ ജീപ്പ് മറ്റേതോ ആവശ്യത്തിനായി പുറത്തു പോയതായിരുന്നു.സ്‌റ്റേഷനില്‍ എന്റെ ബുള്ളറ്റ് ബൈക്കുള്‍പ്പെടെ മൂന്ന് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണുള്ളത്.അന്നേ ദിവസം മറ്റു രണ്ടു ബൈക്കും പുറത്ത് ഡ്യൂട്ടിയിലായിരുന്നു.സ്റ്റേഷനില്‍ ഫയല്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന എന്നെ വിളിച്ച് സ്റ്റേഷന്‍ റൈട്ടര്‍ പറഞ്ഞു.
'വിനയാ.......... നിങ്ങളുടെ ബുള്ളറ്റൊന്ന് ജൂനിയര്‍ എസ്.ഐ ക്ക് വേണം "
"അതിനെന്താ..........." ഞാന്‍ അതിശയം പ്രകടിപ്പിച്ചു."അല്ലാ ബൈക്ക് എസ്.ഐ എടുത്തോളും,നിങ്ങളാ വെഹ്‌ക്കിള്‍ ഡയറി ഒന്നെഴുതിയാല്‍ മതി.
"അതെന്തിനാ.......? എസ്.ഐ ബൈക്ക് എടുക്കുമെങ്കില്‍ എസ്.ഐ ക്കു തന്നെ വെഹ്‌ക്കിള്‍ ഡയറിയും എഴുതരുതോ..... "?
"അല്ല വണ്ടി നിങ്ങളുടെ പേരിലല്ലേ............."?
"ഇന്നിപ്പം ഇവിടെ എനിക്ക് എമര്‍ജന്‍സി ഡ്യൂട്ടിയൊന്നുമില്ലല്ലോ, ഞാന്‍ തന്നെ ബൈക്കെടുക്കാം അപ്പം പിന്നെ പ്രശ്‌നോം ഇല്ലല്ലോ" ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി.
"അതിന് അയാളിപ്പം നിങ്ങളുടെ പുറകിലിരിക്ക്വോ " റൈട്ടര്‍ ഗൗരവത്തോടെ എന്നോടായി പറഞ്ഞു
"അതിനിപ്പം ഞാനെന്തു ചെയ്യും.ഞാനെടുക്കാത്ത വണ്ടിയുടെ ഡയറി ഞാന്‍ എഴുതില്ല " എന്നും പറഞ്ഞ് ഞാന്‍ എന്റെ ഫയലെഴുതാനായി പോയി.
എസ്.ഐ ബൈക്കെടുത്താല്‍ ഞാന്‍ വെഹിക്കള്‍ ഡയറി എഴുതുകയില്ലെന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുള്ളതുകൊണ്ടും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ടും എസ്.ഐക്ക് എന്റെ പുറകിലിരുന്നു തന്നെ പടിഞ്ഞാറത്തറ വരെ യാത്ര ചെയ്യേണ്ടി വന്നുഎന്റെ പുറകിലൊരിക്കലും ഇരിക്കില്ലെന്ന് വീമ്പു പറഞ്ഞവര്‍ തന്നെ പലപ്പോഴും എന്റെ സേവനം ആവശ്യപ്പെട്ടുകൊണ്ട് എന്റെടുത്തെത്തുമ്പോള്‍ ഞാന്‍ ഉള്ളാലെ "ഇപ്പോളെന്തായി " എന്നു ചോദിക്കാറുണ്ടായിരുന്നു.
Saturday, March 7, 2009
ഓല് വരീകൂട്ടീല.....
ഒരു നബിദിനം. ഞാന്‍ ചുണ്ട ടൗണില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്‌തു വരികയായിരുന്നു.ഏകദേശം മുപ്പതുമീറ്റര്‍ നീളത്തില്‍ ഒരു വരിയായി നബിദിന റാലി ആ റോട്ടിലൂടെ കടന്നുപോയി.റാലി കാണുന്നതിനായി കടകള്‍ക്കു മുന്നിലും ഓരോ വീടുകള്‍ക്കുമുന്നിലുമായി ധാരാളം സ്‌ത്രീകളും പെണ്ടകുട്ടികളും കൂട്ടമായി നിന്നിരുന്നു.റാലി ടൗണ്‍ കഴിഞ്ഞ ഉടനെതന്നെ ഒന്നു ടോയ്‌ലറ്റില്‍ പോകാനായി സാധാരണയായി പോകാറുള്ള റോഡു സൈഡിലുള്ള ഒരു വീട്ടിലേക്കു പോയി.ആ വീടിനു മുന്നില്‍ അഞ്ചാറ് ചെറിയ പെണ്‍കുട്ടികള്‍ നിന്നിരുന്നു.അതിലൊരു പെണ്ടകുട്ടി ഏങ്ങലടിച്ച് വിങ്ങിവിഹങ്ങി അമര്‍ത്തി കരയുന്നുണ്ടായിരുന്നു.ഞാന്‍ ടോയ്‌ലറ്റില്‍ പോയി തിരിച്ചു വരുമ്പോള്‍ ആ കുട്ടിയുടെ മുഖത്ത് പതുക്കെ തട്ടികൊണ്ട് ചോദിച്ചു."എന്തിനാ വാവേ കരയുന്നത് ?'ഓല് വരീ കൂട്ടീലാ..... ആ കുട്ടി വിങ്ങി വിങ്ങി പറഞ്ഞു.മറ്റുള്ള കുഞ്ഞു പെണ്‍കുട്ടികളും യൂണിഫോമിലുള്ള എന്നെ പ്രതീക്ഷയോടെ നോക്കി.എനിക്കും സങ്കടമായി.ആ കുഞ്ഞു കുട്ടിയുടെ മനസ്സ് പാടേ നോവിച്ചുകൊണ്ട് ഇവരെന്തു പുണ്യം നേടാനാണ് പോകുന്നത് ? ഒരു വര്‍ഗ്ഗത്തെ മൊത്തം അപമാനിച്ചു കൊണ്ട് പൊതു റോഡിലൂടെ നടക്കാന്‍ ഒരു വിഭാഗത്തിന് എന്തവകാശമാണുള്ളത്? ഇത് ആ പെണ്‍കുട്ടിയുടെ മാത്രം വികാരമല്ല. അനേകം നബിദിന റാലികള്‍ക്കു പുറകിലായി ആര്‍ത്തിയോടെ ഓടുന്ന പെണ്‍കുട്ടികളെ മറ്റു പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചു. ഒരു പൊതു സ്ഥലം ഒരു വര്‍ഗ്ഗത്തെ അപമാനിക്കുന്നതിനായി അവരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതിനായി ഉപയോഗിക്കപ്പെടുന്നു എങ്കില്‍ തീര്‍ച്ചയായും അത് മനുഷ്യത്വ രഹിതമാണ്. നിരോധിക്കപ്പെടേണ്ടതാണ്.പിന്നീട് ഓരോ നബിദിന റാലി കാണുമ്പോഴും ആ കുഞ്ഞു കുട്ടിയുടെ തേങ്ങുന്ന മുഖം എന്റെ മനസ്സിലേക്കോടിയെത്തും
Thursday, March 5, 2009
വിനയേ പുറകില്‍ കേറിക്കോ..... , അയ്യേ ഇതെന്തു കോലാ .....?
വിനയേ പുറകില്‍ കേറിക്കോ..... , അയ്യേ ഇതെന്തു കോലാ .....?
കേരളാ പോലീസിന്റെ സംഘനാപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി ഇടപെട്ടിരുന്ന കാലം. ഇലക്ഷനോടനുബന്ധിച്ച പ്രചാരണ പരിപാടികള്‍ നേരത്തെ നിര്‍ത്തി പിറ്റേന്ന് തന്നെ ഇറക്കേണ്ട ഒരു നോട്ടീസ് ഡ്രാഫ്‌റ്റ് ചെയ്യേണ്ടതിനായി ഞാനും സഹപ്രവര്‍ത്തകനായ ഒരു പോലീസുകാരനും കൂടി അയാളുടെ വീട്ടിലേക്ക് പോകാനിറങ്ങി.അയാള്‍ കാര്‍ സ്‌റ്റാര്‍ട്ടാക്കുമ്പോള്‍ പ്രചരണതന്ത്രത്തെപ്പറ്റിയെന്തോ പറഞ്ഞ് ഞാന്‍ സ്വാഭാവികമായി കാറിന്റെ മുന്‍പിലത്തെ വാതില്‍ തുറന്ന് കയറാന്‍ നോക്കവേ അയാള്‍ പിന്‍ വശത്തെ വാതില്‍ തുറന്നു തന്നുകൊണ്ട് "വേണ്ട വിനയേ പുറകില്‍ കേറിക്കോ വൈഫ് കണ്ടാല്‍ പിന്നെ അതു മതി " എന്നു പറഞ്ഞു. അതൊരു തമാശയായി കണ്ട് ഞാന്‍ ആ വിഷയം വിട്ട് ഞങ്ങള്‍ വീണ്ടും സ്റ്റേഷനുകളിലെ കാലുവാരികളെക്കുറിച്ച് ചര്‍ച്ച ചെയ്‌തു.അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ അയാളുടെ വീട്ടിലെത്തി.കാറില്‍ നിന്നിറങ്ങിയ ഉടനെ തന്നെ മുന്‍വശത്തു നിന്നിരുന്ന ഭാര്യയോടായി " ഇതാണ് വിനയ നീ അറിയില്ലേ....?' എന്നു ചോദിച്ചുകൊണ്ട് അയാള്‍ എന്നെ പരിചയപ്പെടുത്തി."ആ അറിയാതെ..... അയ്യേ ഇതെന്തു കോലാ......." എന്നു പറഞ്ഞ് എന്നെ പരിഹസിച്ച് എന്റെ കൈക്ക് പിടിച്ച് " വാ കയറി വാ... " എന്നു പറഞ്ഞ് എന്നെ അകത്തേക്ക് ക്ഷണിച്ചു.ഞങ്ങള്‍ അകത്തു കയറി ഡയനിംഗ് ഹാളിലിരുന്നു.ഞങ്ങള്‍ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കു ശേഷം ഞങ്ങളുടെ ജോലി തുടര്‍ന്നു.ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ നോട്ടീസിന്റെ ഡ്രാഫ്‌റ്റ് തയ്യാറായി ഞങ്ങള്‍ പേനയും പേപ്പറും ഒതുക്കിവെച്ച് യാത്ര പറയാന്‍ തയ്യാറായി ."എനിക്കൊന്ന് ടോയ്‌ലെറ്റില്‍ പോകണം എവിടെയാണ് ടോയ്‌ലറ്റ്......?" ഞാന്‍ അടത്തു നിന്നിരുന്ന സഹപ്രവര്‍ത്തകന്റെ ഭാര്യയോടായി ചോദിച്ചു."വാ..... വിനയേ " അവര്‍ എന്നേയും കൂട്ടി വീടിനു പുറകുവശത്തേക്ക് കൊണ്ടുപോയി ."വനയേ എനിക്കെന്തിഷ്ടാന്നോ ഈ പാന്റെും ഷേര്‍ട്ടും" അവര്‍ എന്റെ ഷര്‍ട്ടിന്റെ കൈയ്യില്‍ പിടിച്ച് എന്നെ ആപാദജചൂഡം നിരീക്ഷിച്ചുകൊണ്ട് ഒരു നെടു വീര്‍പ്പോടെ പറഞ്ഞു.അല്‌പം മുമ്പ് ഭര്‍ത്താവിന്റെ മമ്പില്‍ ഇതെന്തു കോലാ.. എന്നു പറഞ്ഞ അവരുടെ യഥാര്‍ത്ഥ മനസ്ഥിതി പുറത്തു വന്നതു കേട്ട് ഞാന്‍ ഉള്ളാലെ ചിരിച്ചു.തിരിച്ചു വരുമ്പോളും ഞാന്‍ അയാളുടെ ഭാര്യയെ ബോധിപ്പിക്കാനായി കാറിന്റെ പുറകില്‍ തന്നെ കയറി അയാളേടൊപ്പം യാത്ര തിരിച്ചു.
Tuesday, March 3, 2009
രണ്ടു മീറ്റര്‍ കാപ്പി
അടുക്കളയില്‍ ദാസേട്ടന്‍ (എന്റെ ഭര്‍ത്താവ് ) ദാസേട്ടന്റെ അമ്മക്ക് കാപ്പി ആറ്റിക്കൊണ്ടിരിക്കുകയായിരുന്നു.ഞാന്‍ സ്റ്റൂളിന്മേലും എന്റെ അമ്മ അടുക്കളയിലെ സ്ലാബിന്മേലുമിരുന്ന് എന്തോ കാര്യമായ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്.മാനന്തവാടിയില്‍ നിന്നും ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് അമ്മ വന്നിട്ടിത് മൂന്നാമത്തെ ദിവസമാണ്.അമ്മ മുകളിലത്തെ നിലയിലാണ് കിടക്കുന്നത്, അവിടേക്ക് കാപ്പി കൊണ്ടു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ദാസേട്ടന്‍.ദാസേട്ടന്‍ കാപ്പി ഗ്ലാസിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍
"ദാസേട്ടാ ഒരു ഗ്ലാസ് അമ്മക്ക് കൊടുക്ക് " എന്ന് ഞാന്‍ ഞങ്ങളുടെ ചര്‍ച്ചക്ക് ഭംഗം വരുത്താതെ തന്നെ ദാസേട്ടനോടായി പറഞ്ഞു
"ഇതാ ഇണ്ടാക്കീട്ടുണ്ട് എടുത്ത് കൊടുത്തൂടേ".....? ദാസേട്ടന്റെ മനോഭാവം ആ ശബ്ദത്തില്‍ തന്നെ പ്രകടമായിരുന്നു.ഞാനതു കേട്ടില്ലെന്നു നടിച്ച് വീണ്ടും സംസാരത്തില്‍ മുഴുകി.എന്റെ അശ്രദ്ധ മനപ്പൂര്‍വ്വമാണെന്ന് മനസ്സിലാക്കിയ ദാസേട്ടന്‍ മറ്റൊരു ഗ്ലാസുകൂടിയെടുത്തുകൊണ്ടുവന്ന് അതിലേക്കും കൂടി കാപ്പി പകര്‍ന്നെടുത്ത് `ഇതാമ്മേ കാപ്പി` എന്നു പറഞ്ഞ് അമ്മ ഇരിക്കുന്നതിന് ഒരു മീറ്റര്‍ മാറി സ്ലാബിന്മേല്‍ കാപ്പി വെച്ചു.അമ്മ എഴുന്നേറ്റുപോയി അതെടുത്ത് കുടിച്ചു.പിറ്റേ ദിവസം രാവിലെ ദാസേട്ടന് ജോലിക്കു പോകണം മരുന്ന്,ഭക്ഷണം,എന്നിവ കൊടുക്കേണ്ടരീതികള്‍ എന്നെ വിവരിച്ചു കേള്‍പ്പിച്ചു." മനസ്സിലായില്ലേ.....? ഒക്കെ മറക്കോ "? എന്റെ പരിചരണത്തിലുള്ള വിശ്വാസമില്ലായ്‌മ ആ വാക്കുകളില്‍ മുഴങ്ങി.`
"ആ .... നിങ്ങളെന്റെ അമ്മക്ക് ഒരു മീറ്റര്‍ കാപ്പിയാണ് കൊടുത്തത്, അതുകൊണ്ട് നിങ്ങളുടെ അമ്മക്ക് ഞാനത് രണ്ടു മീറ്ററാക്കും"
"എന്താ നീ ഉദ്ദേശിച്ചത് "...? ദാസേട്ടന്‍ കാര്യം മനസ്സിലായില്ലെന്നു നടിച്ചു.
"ഇന്നലെ എന്റെ അമ്മക്കെങ്ങനെയാ നിങ്ങള്‍ കാപ്പി കൊടുത്തത്" ...?`
"ആ....... കാപ്പി കൊടുത്തല്ലോ"....`ദാസേട്ടന്‍ ന്യായീകരിച്ചു.
"`അമ്മ ഇരിക്കുന്നിടത്ത് പോയി ആ കാപ്പി അമ്മയുടെ കൈയ്യില്‍ കൊടുത്താല്‍ എന്തായിരുന്നു കുഴപ്പം ` ?`എന്തിനാണ് അമ്മയെ എഴുന്നേല്‍പ്പിച്ചത്`" ?
"`നിന്റെ അമ്മ എന്നോടും അങ്ങനെയല്ലേ` ?
"`നിങ്ങളുടെ അമ്മ എന്നോടും അങ്ങനെയൊക്കെയായിരുന്നു , നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെ ഞാന്‍ ശ്രദ്ധിക്കണം , പരിചരിക്കണം ,സ്‌നേഹിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ തിരിച്ച് എന്റെ അമ്മയേയും അത്തരത്തില്‍ തന്നെ പരിഗണിക്കണം.നിങ്ങള്‍ക്ക് എന്റെ അമ്മയെ ഇഷ്ടമല്ലാത്തതുപോലെ തന്നെ എനിക്ക് നിങ്ങളുടെ അമ്മയേയും ഇഷ്ടമല്ല.നമ്മള്‍ രണ്ടു പേരും പരസ്‌പരം അതു മനസ്സിലാക്കിയാല്‍ ഈ വയസ്സുകാലത്ത് നമ്മുക്ക് നമ്മുടെ അമ്മമാര്‍ക്ക് നമ്മുടെ സമാധാനം കൂടി നിലനിര്‍ത്തിക്കൊണ്ട് സമാധാനം കൊടുക്കാം.അല്ലാതെ വണ്‍വേ ട്രാഫിക് വേണ്ട`". ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു.
ദാസേട്ടന്‍ എന്നെ ഏറെ കുറ്റപ്പെടുത്തി പരിഹസിച്ചെങ്കിലും എന്റെ തീരുമാനം അംഗീകരിച്ചതായി പിറ്റേന്നു രാവിലെ അമ്മ പാലും കൊണ്ട് വന്നപ്പോള്‍ അമ്മക്ക് ദാസേട്ടന്‍ നിറഞ്ഞ ചിരിയോടെ കാപ്പികൊടുക്കുന്നതു കണ്ടപ്പോഴെനിക്കു മനസ്സിലായി