Monday, April 27, 2009
Friday, April 24, 2009
ഞങ്ങളെത്രയെണ്ണം ഇങ്ങനെ ചത്തുതരണം.............?
മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ടെയ്‌സി എന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌തു.ആത്മഹത്യക്കു കാരണം ഭര്‍തൃപീഢനമാണെന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.ഡെയ്‌സിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുക എന്നതായിരുന്നു അവര്‍ ഉന്നയിച്ച മുഖ്യ മുദ്രാവാക്യം.
ദിവസങ്ങള്‍ കഴിയവേ സ്വാഭാവികമായ ശക്തിക്ഷയം സംഘടനകളിലും പ്രകടമായി.തുടക്കത്തില്‍ കാണിച്ച അതേ ആര്‍ജ്ജവത്തോടെ തന്നെ സമരമുഖത്തവശേഷിച്ചിരുന്ന വയനാട് സ്‌ത്രീക്ഷേമ സമിതി എന്നൊരു സംഘടന മാത്രമായിരുന്നു..അതിനെ നയിച്ചിരുന്നത് ലിസ എന്ന മധ്യവയസ്‌കയായ ഒരു സിസ്റ്ററായിരുന്നു.സിസ്റ്ററെ അനുനയിപ്പിക്കാനായി ഏറ്റവുമൊടുവില്‍ ആ ഇടവകയിലെ അച്ചനും എത്തി.അച്ചന്‍ സിസ്റ്ററിനെ വിളിച്ച് വളരെ ശാന്തനായി പറഞ്ഞു
"സിസ്റ്ററേ.......... നിങ്ങള്‍ സമാധാനപ്പെടണം.ഈ സമരം അവസാനിപ്പിക്കണം.അവനിപ്പോള്‍ പഴയ ആളേ അല്ല.നിങ്ങള്‍ അയാളെക്കൂടി ഒന്നു കേള്‍ക്കണം.അവനിപ്പോള്‍ മാനസാന്തരപ്പെട്ടിട്ടുണ്ട്............. അച്ചന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനിടയില്‍ സകല നിയന്ത്രണങ്ങളും വിട്ട സിസ്റ്റര്‍ അലറിക്കൊണ്ട് ചോദിച്ചു. "അച്ചോ........ നിങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെ മാനസാന്തരപ്പെടാന്‍ ഞങ്ങള്‍ എത്രയെണ്ണം ഇങ്ങനെ ചത്തു തരണം...........? മറുത്തൊന്നും പറയാന്‍ നില്‌ക്കാതെ ഒരു ദീര്‍ഘനിശ്വാസത്തോടെ അച്ചന്‍ തിരിച്ചു നടന്നു.
Sunday, April 19, 2009
Friday, April 10, 2009
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെയില്‍ വാര്‍ഡ്
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെയില്‍ വാര്‍ഡ്
പ്രമേഹ രോഗത്തെതുടര്‍ന്ന് എന്റെ അച്ഛന്റെ വലതുകാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മുറിച്ചു മാറ്റി.ഓപ്പറേഷന്‍ നടന്ന ദിവസം വൈകിട്ടാണ് അച്ഛനെ മെയില്‍ വാര്‍ഡിലേക്ക് മാറ്റിയത്.അതുവരെ അത്യാഹിതവിഭാഗത്തില്‍ observation unit ല്‍ ആയിരുന്നു.പതിനൊന്ന് മണിക്ക് ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി എങ്കിലും വൈകിട്ട് ഏഴു മണിയോടെയാണ് വാര്‍ഡിലേക്ക് കൊണ്ടു വരാനായത്.അച്ഛനെ വാര്‍ഡിലെത്തിച്ച ഉടനെ ഞാനും എന്റെ ഏറ്റവും ഇളയ അനിയത്തിയും കൂടി പുറത്തേക്കെഴുതിയ മരുന്ന്,ബക്കറ്റ് ,കപ്പ് ,തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോയി.തിരിച്ചെത്തിയപ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു.വാര്‍ഡിലേക്കു കയറുമ്പോള്‍ സെക്യൂരിറ്റിയും എന്റെ വീട്ടുകാരും തമ്മില്‍ എന്തോ കശപിശ.അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.പുരുഷന്‍മാരുടെ വാര്‍ഡില്‍ സ്‌ത്രീകളെ നിര്‍ത്തില്ല.അച്ഛന് കൂട്ടുനില്‌ക്കാന്‍ ആരേലും ആണുങ്ങള്‍ തന്നെ വേണം. വാര്‍ഡില്‍ രാത്രി പെണ്ണുങ്ങളെ നിര്‍ത്താന്‍ സമ്മതിക്കില്ല എന്ന് സെക്യൂരിറ്റി തീര്‍പ്പു കല്‌പിച്ചു.
"അച്ഛന് ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളാണ്.വാര്‍ഡില്‍ നില്‌ക്കാനായിട്ട് ഇപ്പം ഒരു ആണ്‍കുട്ടി വേണമെന്നു വെച്ചാലും നടക്കില്ലല്ലോ...... "ഗീത അല്‌പം പരിഹാസം കലര്‍ന്ന മട്ടില്‍ പറഞ്ഞു.അപ്പോഴേക്കും ഒന്നുരണ്ടു ഡോക്ടര്‍മാരും വാര്‍ഡിലുള്ള സിസ്‌റ്റര്‍മാരും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും എല്ലാവരും ഞങ്ങള്‍ക്കുചുറ്റും കൂടിയിരുന്നു.ഞങ്ങള്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‌ക്കുന്നില്ലെന്നുറപ്പായപ്പോള്‍ ഒരു ഡോക്ടര്‍ അല്‌പം കര്‍ക്കശമായിട്ടുതന്നെ പറഞ്ഞു
"ഇവിടെ ചില നിയമങ്ങള്‍ ഉണ്ട്. ആശുപത്രിയുടെ നല്ല നടത്തിപ്പിന് അതു പാലിക്കേണ്ട ബാധ്യതയെല്ലാവര്‍ക്കുമുണ്ട് "
"സാറു പറഞ്ഞത് ഞങ്ങള്‍ അംഗീകരിക്കുന്നു.പക്ഷേ ഒരു സംശയം. ആര്‍ക്കുവേണ്ടിയാണീ നിയമം ? അത് ഇവിടുത്തെ രോഗികളുടെ നന്മക്കു വേണ്ടിയാണെങ്കില്‍ അല്‌പം കൂടി പ്രായോഗികമാക്കണം. " ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി.
"ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ ഞാനില്ല.നിയമം നിങ്ങള്‍ക്കും ബാധകമാണ്".ഡോക്ടര്‍ തിരിഞ്ഞു നടന്നു. കൂടെ മറ്റുള്ളവരും പിരിയാന്‍ തയ്യാറായി.
" ഡോക്ടര്‍ ഒരു കണ്ടീഷന്‍ നിങ്ങള്‍ പറയുന്നതു പോലെ ഞങ്ങള്‍ കേള്‍ക്കാം. ഒരു നഴ്‌സിനെ അച്ഛനു വേണ്ടി പോസ്‌റ്റു ചെയ്യണം .ആളില്ലാ എന്ന ബുദ്ധിമുട്ട് അച്ഛന് തോന്നാന്‍ പാടില്ല.ഒരു ചെറിയ വീഴ്‌ചപോലും വരുത്താന്‍ പാടില്ല , അങ്ങനെ സംഭവിച്ചാല്‍ അത് വലിയ പ്രശ്‌നവുമാകും. " വനജേടുത്തി വളരെ ഗൗരവമായി എല്ലാവരോടുമായി പറഞ്ഞു.അല്‌പ സമയത്തിനുള്ളില്‍ എല്ലാവരും പിരിഞ്ഞു പത്തുമണിക്കായി ഞങ്ങളും കാത്തിരുന്നു.അച്ഛന്റെ മരുമകനും ഇളയച്ഛന്റെ മകനും അച്ഛനെ നോക്കാന്‍ തയ്യാറായി അവരുടെ താത്‌പര്യം ഞങ്ങളെ അറിയിച്ചെങ്കിലും ഞങ്ങള്‍ തയ്യാറായില്ല.ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഡ്യൂട്ടി റൂമിലേക്ക് വിളിപ്പിച്ചു.കര്‍ക്കശമായ ആ നിയമം നടപ്പിലാക്കിയതിനു പിന്നിലെ സാഹചര്യം വിശദമായി പറഞ്ഞു.അവര്‍ നിയമത്തില്‍ അയവു വരുത്തി.സെക്യൂരിറ്റിയോടും നഴ്‌സസിനോടും ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‌കിയ വിവരം അറിയിച്ചു.നാല്‌പത്തഞ്ചു ദിവസത്തോളം അച്ഛന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.ഞങ്ങള്‍ മക്കള്‍ മാറിമാറി അച്ഛനെ നോക്കി.അന്ന് ഞങ്ങള്‍ അത്രയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഓരോദിവസവും രാത്രിയില്‍ ഓരോ ആണിനെതേടി ഞങ്ങള്‍ നടക്കേണ്ടി വരുമായിരുന്നു.
Sunday, April 5, 2009
സാഹസീകതയിലെ രണ്ടാം സ്ഥാനം
സ്വാതന്ത്ര്യദിനപരേഡിനോടനുബന്ധിച്ച് സ്വജീവന്‍ തൃണവല്‍ഗണിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് പ്രസിഡണ്ടിന്റെ ധീരതക്കുള്ള സ്വര്‍ണ്ണമെഡല്‍ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്.തിരുവവന്തപുരത്തുവെച്ചാണ് എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്താറ്.1999 - ല്‍ ഞാന്‍ തിരുവനന്തപുരം വനിതാസ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാലം.അന്നേ ദിവസം (ആഗസ്‌റ്റ് 15) ലീവിലായതിനാല്‍ സ്വസ്ഥമായി ഈ പരേഡ് കാണുന്നതിന് എനിക്ക് അവസരം കിട്ടി.അക്കാലത്ത് വനിതാപോലീസുകാരെ ഇത്തരം സെറിമോണിയല്‍ പരേഡുകളില്‍ പങ്കെടുപ്പിക്കാറില്ലായിരുന്നതുകൊണ്ട് ഇത്തരം ദിവസങ്ങളില്‍ ലീവു കിട്ടുന്നതിനും പ്രയാസമില്ലായിരുന്നു.
പരേഡിന്റെ ഭാഗമായ മാര്‍ച്ചുപാസ്റ്റിനു ശേഷം വിശിഷ്ട സേവനത്തിനുള്ള പ്രസിഡണ്ടിന്റെ സ്വര്‍ണ്ണമെഡല്‍ വിതരണമാണ്.പോലീസുകാരെ കൂടാതെ പതിനാലോളം കുട്ടികളും മെഡല്‍ വാങ്ങുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയിരുന്നു.അതിലധികവും പെണ്‍കുട്ടികളായിരുന്നു.
പോലീസുകാര്‍ക്കുള്ള മെഡല്‍ വിതരണത്തിനു ശേഷം സാഹസീകരായ കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണമാണ്.എവിടേയും നാം പാലിച്ചു പോരുന്ന ആദ്യത്തെ പങ്ക് ആണിന് എന്ന നെറികെട്ട രീതി തന്നെയായിരുന്നു അവിടേയും .സ്വജീവന്‍ തൃണവല്‍ഗണിച്ച് പെണ്‍കുട്ടി രക്ഷപ്പെടുത്തുന്ന ജീവന്റെ വില അതേ കൃത്യം ചെയ്‌ത് മെഡലിനര്‍ഹരായ ആണ്‍കുട്ടിക്ക് ശേഷം മാത്രമാണ്.സാഹസീകതയിലായാലും പെണ്ണിനു രണ്ടാം സ്ഥാനം തന്നെ !
Friday, April 3, 2009
ജീപ്പിനു മുന്നിലിരിക്കരുത്.
എന്റെ മകള്‍ ആതിര പ്രൈമറി സ്‌ക്കൂളില്‍ പഠിക്കുന്ന കാലം.അന്നവള്‍ സ്‌ക്കൂളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നത് ഒരു ജീപ്പിലാണ്.സ്‌ക്കൂള്‍ബാഗ് പുറകില്‍ കൊടുത്ത് മുന്നില്‍ കയറും.അതാണ് പതിവ്.പതിവുപോലെ ഒരു ദിവസം രാവിലെ ജീപ്പു വന്നപ്പോള്‍ ഞാനവളെ ജീപ്പില്‍ കയറ്റാനായി ബാഗ് വാങ്ങി.(ബാഗ് പുറകില്‍ കൊടുകൊടുത്തതിനു ശേഷം എടുത്താണ് കയറ്റാറ്).ഉടനെ തന്നെ അവള്‍ എന്റെ നൈറ്റിയില്‍ പിടിച്ച് ചിണുങ്ങി
" വേണ്ടമ്മേ ഞാന്‍ പുറകില്‍ കയറിക്കോളാം "എനിക്ക് കാര്യം മനസ്സിലായില്ല.ഞാന്‍ സംശയത്തോടെ അവളെനോക്കി." മലങ്കര എത്തിയാ ഞാന്‍ പുറകിലിരിക്കണം " എനിക്ക് കാര്യം മനസ്സിലായില്ല.ചോദിച്ച് മനസ്സിലാക്കാനുള്ള സമയവും കിട്ടിയില്ല.അന്ന് വൈകിട്ട് അവള്‍ വന്നപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു.
"എന്താ മോളേ മോള് രാവിലെ പറഞ്ഞത് ? മോളെന്തിനാ മലങ്കര എത്തിയാല്‍ പുറകില്‍ കേറുന്നത് ? "മലങ്കര എത്തിയാല്‍ ചെക്കന്മാര് കേറും അപ്പം ബിനുചേട്ടന്‍ (ഡ്രൈവര്‍) എന്നെ എറക്കി പൊറകില്‍ കയറ്റും." എനിക്ക് കാര്യം മനസ്സിലായി.അവളുടെ സങ്കടം എന്നെ വല്ലാതെ അലട്ടി.പിറ്റേന്ന് മോളെ കയറ്റുമ്പോള്‍ ഞാന്‍ ഡ്രൈവറോടു ചോദിച്ചു.
"അതെന്തിനാ മലങ്കര എത്തുമ്പോള്‍ മോളെ പറകിലേക്കിരുത്തുന്നത് " ?"അതെത്രയായാലും പെണ്‍കുട്ടികളല്ലേ......... ?അവര് പുറകില്‍ കയറേണ്ടവര്‍ തന്നെയല്ലേ......? .മലങ്കര വരെ ആണ്‍കുട്ടികളില്ല അതുകൊണ്ടാണിപ്പോള്‍ മുന്നില്‍ കയറ്റുന്നത്." അയാള്‍ വലിയൊരു കാര്യം പറഞ്ഞമട്ടില്‍ എന്നെനോക്കി.
"എന്നാല്‍ ഇനി മേലില്‍ എന്റെ മോളെ സ്‌ക്കൂളെത്തുന്നതിനുമുമ്പ് എണീപ്പിക്കരുത്." ഞാന്‍ വളരെ കര്‍ക്കശത്തോടെതന്നെ അയാളെ താക്കീതു ചെയ്‌തു.
" നിങ്ങളുടെ തത്വശാസ്‌ത്രമൊന്നും ഇവിടെചിലവാകില്ല" അയാള്‍ ധാര്‍ഷ്ട്യത്തോടെ ജീപ്പ് സ്റ്റാര്‍ട്ടു ചെയ്‌തു.
"ഫീസിനെന്തെങ്കിലും കുറവുണ്ടോ..... ?" എന്ന എന്റെ ചോദ്യത്തിന് പുച്ഛത്തോടൊരു ചിരി സമ്മാനിച്ച് അയാള്‍ ജീപ്പെടുത്തു.തൊട്ടു പുറകില്‍തന്നെ എന്റെ ബൈക്കില്‍ ഞാനും യാത്രയായി.ഞാന്‍ പുറകിലുള്ളതുകൊണ്ടോ എന്തോ അന്നയാള്‍ മോളെ എണീപ്പിച്ചില്ല.ഞാന്‍ നേരെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്‌മണന്‍സാറിനെ പോയി കണ്ട് ഉണ്ടായ സംഭവം വിവരിച്ചു.
"അതു ഞാന്‍ പറഞ്ഞോളാം മേലില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരുന്നാല്‍ പോരേ........... "? സാര്‍ നല്ലൊരു തമാശകേട്ടപോലെ ചിരിച്ചു.
"പുറകിലിരുത്താനായിട്ട് ഒരമ്മയും മക്കളെ പ്രസവിക്കാറില്ല". ഞാന്‍ കോപത്തോടെ തന്നെ പറഞ്ഞു" വിനയാ താന്‍ ക്ഷമിക്കെടോ നമ്മുക്ക് ശരിയാക്കാം താന്‍ പൊയ്‌ക്കോ ഞാനല്ലേ പറയുന്നത്..." കൂടുതല്‍ വിവരണത്തിനു നില്‍ക്കാതെ ഞാന്‍ മടങ്ങി.പിന്നീടൊരിക്കലും അയാള്‍ മോളോട് പുറകിലേക്കിരിക്കാന്‍ ആവശ്യപെട്ടിട്ടില്ല.ഇപ്പോഴും അയാളുടെ ജീപ്പിനു മുന്നില്‍ പെണ്‍കുട്ടികളിരുന്ന് യാത്രചെയ്യുന്നത് ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ നോക്കാറുണ്ട്.
Wednesday, April 1, 2009
നീട്ടി വലിച്ച സ്വാതന്ത്ര്യം
നീട്ടി വലിച്ച സ്വാതന്ത്ര്യം
തിരക്കുപിടിച്ച ചില പരിപാടികള്‍ കഴിഞ്ഞ് ഏറെ വൈകിയാണ് എനിക്കും മീനക്കും ഒന്നു സ്വതന്ത്രരാകാന്‍ കഴിഞ്ഞത്.സമയം രാത്രി പത്തു മണി കഴിഞ്ഞതിനാല്‍ കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കുള്ള യാത്ര എന്നെ മാത്രമല്ല ദാസേട്ടനേയും കുട്ടികളേയും ബാധിക്കുമെന്നു കരുതി ഞാന്‍ മീനയുടെ വീട്ടിലേക്കു തന്നെ പോകാനുറച്ചു.പത്തര മണിയോടെ ഞങ്ങള്‍ നടുവണ്ണൂരിലുള്ള മീനയുടെ വീട്ടിലെത്തി.അടച്ചിട്ട വാതിലില്‍ മുട്ടി വിളിച്ച ഉടനെ തന്നെ നിറഞ്ഞ ചിരിയാലെ (ചുണ്ടിലൊരു ബീഡി പുകയുന്നുണ്ടായിരുന്നിട്ടും) മീനയുടെ ഭര്‍ത്താവ് വാതില്‍ തുറന്നു.സ്വാഭാവിക കുശലാന്യേഷണങ്ങള്‍ക്കു ശേഷം എന്റെ ബാഗ് തത്‌ക്കാലം വെക്കുന്നതിനായി അയാള്‍ അയാളുടെ മുറി എനിക്കു കാണിച്ചു തന്നു.വാതില്‍ തുറന്നയുടനെതന്നെ അവിടെ ഇട്ടിരുന്ന തുണിക്കൂമ്പാരങ്ങള്‍ നിറഞ്ഞ ടീപ്പോയുടെ മുകളിലേക്ക് ബാഗെറിഞ്ഞ് മീന അടുക്കളയിലേക്കോടിയിരുന്നു.ഞാന്‍ മീനയുടെ ഭര്‍ത്താവിനോടൊപ്പം വാതിലില്ലാത്ത അയാളുടെ മുറിയില്‍ കയറി ഒന്നു കുടഞ്ഞിടുകപോലും ചെയ്യാത്ത ആ കട്ടിലില്‍ ഞാനെന്റെ ബേഗു വെച്ചു.എന്നെ അവിടെ ഇരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ബീഡി വലിച്ച് അയാളും അവിടിരുന്നു.ബീഡിയുടേയും വായുസഞ്ചാരമില്ലായ്‌മയാലും ഉണ്ടാകാവുന്ന കുമറിയ ഗന്ധം വിശന്നു പൊരിഞ്ഞ എന്നില്‍ വല്ലാത്ത അലോരസമുണ്ടാക്കി.എനിക്കോക്കാനം വന്നു ഞാന്‍ പുറത്തേക്കോടി.
"എന്തു പറ്റി എന്തു പറ്റി "എന്നു ചോദിച്ചുകൊണ്ട് മീനയും ഭര്‍ത്താവും എന്നോടൊപ്പം പുറത്തു വന്നു.(വാതില്‍ തുറന്ന് പുറത്തു കടന്നപ്പോള്‍ ഞാനനുഭവിച്ച ശുദ്ധവായുവിന്റെ മാധുര്യം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.)
"ഒന്നുമില്ല നല്ല സുഖമില്ല രാവിലത്തന്നെയുണ്ട്." ഞാന്‍ കള്ളം പറഞ്ഞു . ചെരുപ്പ് പുറത്തഴിച്ചു വെച്ചിട്ടാണ് അകത്തേക്ക് കയറിയത്.നിലം മുഴുവന്‍ വല്ലാതെ തരുതരുക്കുന്നു.മീനയുടെ മകള്‍ മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക പെണ്‍തരി.അവള്‍ക്ക് ഗര്‍ഭത്തിന്റെ പ്രാരംഭാസുഖമായതിനാല്‍ അവള്‍ ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയായിരുന്നു.മീനയുടെ മകളുടെ ഭര്‍ത്താവുള്‍പ്പെടെ അരോഗദൃഡഗാത്രരായ നാലു പുരുഷന്മാരും ആ നാറ്റമുള്ള കോലായിലും അകത്തുമായിരുന്ന് കോലായുടെ മൂലക്കായി വെച്ചിരുന്ന ടി.വി യിലെ പരിപാടികള്‍ കണ്ട് രസിക്കുകയായിരുന്നു.
"വിനയേ......... വാ....... മുഖം കഴുക്, മുകളിലെ മുറിയില്‍ പോകാം." പുറത്തു നില്‍ക്കുന്ന എന്നെ മീന ക്ഷണിച്ചു.എനിക്കാശ്വാസം തോന്നി.(താഴത്തെ കുപ്പത്തൊട്ടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ) ഞാന്‍ മുറ്റത്തെ പൈപ്പില്‍ നിന്നും മുഖം കഴുകി ബാഗുമെടുത്ത് വലിയ പ്രതീക്ഷയില്ലാതെ മീനയോടൊപ്പം ഗോവണി കയറി.ഒറ്റപ്പെട്ട ആ മുറി താഴത്തേതിലും ഭേദമായിരുന്നു.തറ മുഴുവന്‍ ബീഡിക്കുറ്റിയും പൊടിപടലങ്ങളും നിറഞ്ഞതും കട്ടിലിനു മുകളില്‍ അലക്കിയതും അലക്കാത്തതുമായ തുണികള്‍ വാരിവലിച്ചിട്ട നിലയില്‍ തന്നെ ആയിരുന്നെങ്കിലും ജന്നല്‍ തുറന്നിട്ട നിലയിലായിരുന്നതിനാല്‍ കുമറിയ ഗന്ധം ഉണ്ടായിരന്നില്ല.എന്നോടൊപ്പം മുറിയിലെത്തിയ മീനയുടെ മകള്‍ കട്ടിലിനു മുകളില്‍ നിരത്തിയിട്ട തുണികളികള്‍ അലക്കിയതും അലക്കാത്തതും വേര്‍തിരിച്ച് മാറ്റിവെച്ച് എനിക്കൊന്നിരിക്കാനുള്ള പരുവത്തിലാക്കി.
"ഒരു ചൂലു തരുമോ ? " ഞാന്‍ ചോദിച്ചു.അവള്‍ താഴെ പോയി ചൂലെടുത്തുകൊണ്ട് വന്ന് അവശതയാലെ തന്നെ അടിച്ചുവാരി (എന്നെ അടിച്ചു വാരാന്‍ സമ്മതിച്ചില്ല.) ഒരു ചീരക്കിടുവാന്‍ ചാരം ബീഡിക്കുറ്റി ഉള്‍പ്പെടെ അവള്‍ അടിച്ചുകൂട്ടി വാരി.ഞാന്‍ ബാഗവിടെ വെച്ച് അവളോടൊപ്പം താഴേക്കിറങ്ങി.യാതൊരു ചളിപ്പുമില്ലാതെ ടി.വി കണ്ടുകൊണ്ടിരിക്കുന്ന പുരുഷപ്രജകള്‍ക്കിടയിലൂടെ ഞാന്‍ മീനയെ ലക്ഷ്യമാക്കി നടന്നു.സാരി തെറുത്ത് അരയില്‍ കുത്തി അടുക്കളയില്‍ സിങ്കില്‍ കൂട്ടിയിട്ട പാത്രക്കൂമ്പാരം കഴുകുന്ന തിരക്കിലായിരുന്നു മീന.ഞാന്‍ പുറത്തേക്കുള്ള വാതില്‍ ചാരി നിന്ന് മീനയുടെ തിരക്ക് വീക്ഷിച്ചു.വന്നപാടെ ഗ്യാസടുപ്പില്‍ ചായക്കായി വെച്ച വെള്ളം തിളക്കാന്‍ തുടങ്ങുന്നതിന്റെ മൂളല്‍ ശബ്ദം പാത്രം കഴുകുന്നതിനിടക്ക് മീന ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.വരുമ്പോഴേ വല്ലാത്ത ദാഹമുണ്ടായിരുന്നു.കുളിക്കാതെ പച്ച വെള്ളം കുടിക്കാനും തോന്നുന്നില്ല.ബാത്ത്‌റൂം വീടിനെക്കാള്‍ കഷ്ടമായിരിക്കും, ഞാന്‍ വിചാരിച്ചു.
"ഒന്നു കുളിക്കണം " ഞാന്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു.
"അതാ ബാത്ത് റൂം " മീന പുറത്തേക്ക് ചൂണ്ടികാണിച്ചു.ഞാന്‍ മീന നല്‌കിയ തോര്‍ത്തും നൈറ്റിയുമായി ശങ്കയോടെ ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു.സത്യത്തില്‍ ഞാനതിശയിച്ചുപോയി ! നല്ല വൃത്തിയുള്ള ബാത്ത്‌റൂം.ഞാന്‍ സമാധാനത്തോടെ കുളിച്ചു.വെള്ളമൊഴിവാക്കിയാല്‍ അവിടെത്തന്നെ കിടക്കാമായിരുന്നെന്നുപോലും ചിന്തിച്ചു.കുളി കഴിഞ്ഞ് അടുക്കളയിലെത്തിയ ഉടനെ മീന നല്‌കിയ ചൂടുള്ള ചായ തൃപ്‌തിയാലെ കുടിച്ചു.പാത്രക്കൂമ്പാരം കഴുകി കഴിഞ്ഞ് അടുപ്പുംതിണ തുടച്ചു.അടുപ്പില്‍ ചൂടായ നോണ്‍സ്‌റ്റിക്കിലേക്ക് ഫ്രിഡ്‌ജില്‍ മസാല പുരട്ടിവെച്ച മീന്‍ (അതിന്റെ തണുപ്പ് മാറാനുള്ള സാവകാശം പോലും നല്‌കാതെ)വറുക്കുന്നതിനായി ഒന്നൊന്നായി നിരത്തി.അതിനിടയില്‍ വിയര്‍ത്തുകുളിച്ച മുഖത്താല്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ അവള്‍ പറഞ്ഞു
" ഇവിടുത്തെ ആണുങ്ങളിങ്ങനെയാ............. ഒന്നിനും ഒരു നിര്‍ബന്ധോം ഇല്ല. " ഞാന്‍ ഉള്ളാലെ ചിരിച്ചു.(മീനയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വരുന്ന വഴി ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് വീടിന്റെ വൃത്തിഹീനതയെക്കുറിച്ച് എല്ലാവരേയും ശരിക്കും ചീത്ത പറഞ്ഞ് വീടിന്റെ ഒരു മുറി മാത്രം വൃത്തിയാക്കി ഞാനും സുഹൃത്തും കൂടി ആ മുറിയില്‍പോയി കിടക്കുമായിരുന്നു).എന്തൊരു ദയനീയമായ അവസ്ഥ.പൊതുപ്രവര്‍ത്തനമോ എന്തു കുന്തമോ നീ നടത്തിക്കോ,........ അതുകൊണ്ടൊന്നും സമൂഹം നിനക്കു കല്‌പിച്ചുതന്ന ചുമതലകള്‍ ഇല്ലാതാകുന്നില്ല.അതിന്റെ പങ്കുപറ്റാനൊന്നും ഞങ്ങളില്ല.ഞങ്ങളി്‌ങ്ങനെ ഈ നാറുന്ന കുപ്പക്കൂടാരത്തില്‍ ഇരുന്ന് ടി.വി കണ്ട് ആനന്ദിക്കും.ഞങ്ങള്‍ക്കു തിന്നാനുള്ളതും ഞങ്ങള്‍ക്കുള്ള സൗകര്യങ്ങളും നിന്റെ സൗകര്യംപോലെ ഞങ്ങള്‍ക്ക് ചെയ്‌തു തരണം. പുരുഷന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ ധാര്‍ഷ്ട്യത്തിന്റെ ബുദ്ധിപരമായ അവസ്ഥ.വിലക്കിയാല്‍ അവള്‍ അനുസരിക്കില്ല.അതുകൊണ്ടുതന്നെ അവള്‍ അനുവദിക്കുന്ന സൗജന്യംപോലും തങ്ങളുടെ ഔദാര്യംകൊണ്ടാണെന്ന പുരുഷന്റെ മനോഭാവവും, അത്തരത്തിലുള്ള അവന്റെ ഭാവം വലിയ സൗജന്യമായി കാണുന്ന, തിരിച്ചറിയാന്‍പോലും കഴിയാത്ത ആഴത്തിലുള്ള സ്‌ത്രീയുടെ ദയനീയാടിമത്തവും..........ഈയവസ്ഥ എന്നെങ്കിലും അവള്‍ തിരിച്ചറിയാനിടയായാല്‍ .അന്ന് ഇത്തരത്തിലുള്ള പുരുഷന്മാരുടെ സ്ഥാനവും വീടിനുപുറത്തായിരിക്കും .