Friday, April 24, 2009

ഞങ്ങളെത്രയെണ്ണം ഇങ്ങനെ ചത്തുതരണം.............?

ഞങ്ങളെത്രയെണ്ണം ഇങ്ങനെ ചത്തുതരണം.............?
മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ടെയ്‌സി എന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌തു.ആത്മഹത്യക്കു കാരണം ഭര്‍തൃപീഢനമാണെന്നാരോപിച്ച്‌ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.ഡെയ്‌സിയുടെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്യുക എന്നതായിരുന്നു അവര്‍ ഉന്നയിച്ച മുഖ്യ മുദ്രാവാക്യം.
ദിവസങ്ങള്‍ കഴിയവേ സ്വാഭാവികമായ ശക്തിക്ഷയം സംഘടനകളിലും പ്രകടമായി.തുടക്കത്തില്‍ കാണിച്ച അതേ ആര്‍ജ്ജവത്തോടെ തന്നെ സമരമുഖത്തവശേഷിച്ചിരുന്ന വയനാട്‌ സ്‌ത്രീക്ഷേമ സമിതി എന്നൊരു സംഘടന മാത്രമായിരുന്നു..അതിനെ നയിച്ചിരുന്നത്‌ ലിസ എന്ന മധ്യവയസ്‌കയായ ഒരു സിസ്റ്ററായിരുന്നു.സിസ്റ്ററെ അനുനയിപ്പിക്കാനായി ഏറ്റവുമൊടുവില്‍ ആ ഇടവകയിലെ അച്ചനും എത്തി.അച്ചന്‍ സിസ്റ്ററിനെ വിളിച്ച്‌ വളരെ ശാന്തനായി പറഞ്ഞു
"സിസ്റ്ററേ.......... നിങ്ങള്‍ സമാധാനപ്പെടണം.ഈ സമരം അവസാനിപ്പിക്കണം.അവനിപ്പോള്‍ പഴയ ആളേ അല്ല.നിങ്ങള്‍ അയാളെക്കൂടി ഒന്നു കേള്‍ക്കണം.അവനിപ്പോള്‍ മാനസാന്തരപ്പെട്ടിട്ടുണ്ട്‌............. അച്ചന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനിടയില്‍ സകല നിയന്ത്രണങ്ങളും വിട്ട സിസ്റ്റര്‍ അലറിക്കൊണ്ട്‌ ചോദിച്ചു. "അച്ചോ........ നിങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെ മാനസാന്തരപ്പെടാന്‍ ഞങ്ങള്‍ എത്രയെണ്ണം ഇങ്ങനെ ചത്തു തരണം...........? മറുത്തൊന്നും പറയാന്‍ നില്‌ക്കാതെ ഒരു ദീര്‍ഘനിശ്വാസത്തോടെ അച്ചന്‍ തിരിച്ചു നടന്നു.

8 comments:

Anonymous said...

“മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ടെയ്‌സി എന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌തു.....”

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ടെയ്സി ശുദ്ധ അസംബന്ധമാണ് കാണിച്ചത്. ഭര്‍ത്താവ് പീഡിപ്പിക്കുവെന്ന കാരണം പറഞ്ഞ് ആത്മഹത്യ ചെയ്യുന്നതിന് പകരം, ഇപ്പറഞ്ഞ സ്ത്രീക്ഷേമസമിതികളെയോ, വനിത കമ്മീഷനെയോ സമീപിക്കേണ്ടതായിരുന്നു.

പ്രശ്നങ്ങളെ ക്രിയാത്മകമായും ഫലപ്രദമായും പരിഹരിക്കാന്‍ കെല്‍പ്പില്ലാത്ത സ്ത്രീകളാണ് സമൂഹത്തില്‍ ഏറെയും പീഡനങ്ങള്‍ അനുഭവിക്കുന്നത് എന്റെ വിലയിരുത്തല്‍. ബുദ്ധിപൂര്‍വം പ്രശ്നങ്ങളോട് പ്രതികരിക്കുക എന്നതാണ് പുരുഷാധിപത്യത്തില്‍ നിന്ന് മോചനം നേടാനുള്ള ഉപാധി. പ്രശ്നങ്ങളെകുറിച്ചും, അതിനുള്ള ശരിയായ പ്രതിവിധികളെ കുറിച്ചും സ്ത്രീ ബോധവതിയാകുന്നതുവരെ, അവള്‍ ഇനിയും പീഡിപ്പിക്കപ്പെടും, ചത്തുനല്‍കേണ്ടിവരും!

Sureshkumar Punjhayil said...

:)

ബാജി ഓടംവേലി said...

:)

hAnLLaLaTh said...

"....പ്രശ്നങ്ങളെ ക്രിയാത്മകമായും ഫലപ്രദമായും പരിഹരിക്കാന്‍ കെല്‍പ്പില്ലാത്ത സ്ത്രീകളാണ് സമൂഹത്തില്‍ ഏറെയും പീഡനങ്ങള്‍ അനുഭവിക്കുന്നത് എന്റെ വിലയിരുത്തല്‍. ബുദ്ധിപൂര്‍വം പ്രശ്നങ്ങളോട് പ്രതികരിക്കുക എന്നതാണ് പുരുഷാധിപത്യത്തില്‍ നിന്ന് മോചനം നേടാനുള്ള ഉപാധി..."

ഇങ്ങനെ ഒക്കെ പറയാന്‍ എളുപ്പമാണ്
സേതു ലക്ഷ്മി...


പക്ഷെ...ക്രൂരമായ തിരസ്കരണവും പീഡനങ്ങളും സ്നേചമില്ലായ്മയുമൊക്കെ അനുഭവിക്കുമ്പോള്‍ ജീവിതത്തിനു അര്‍ഥമില്ല എന്ന് തോന്നിപ്പോകുക സ്വാഭാവികം..
വിനയ മാഡത്തെക്കുറിച്ചു കേട്ടിരുന്നു ...
ഇവിടെ കാണാനായതില്‍ സന്തോഷം..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സേതു ലക്ഷ്മി യുടെ അഭിപ്രായത്തോട് യോജിക്കുന്നു

പക്ഷെ തന്റെ ജീവിതത്തിനു താങ്ങും തണലുമായി നിൽക്കേണ്ട പുരുഷനിൽ നിന്നുള്ള പീഢനങ്ങൾ സ്ത്രീകൾക്ക് പലപ്പോഴും പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കരുത്തില്ലാത്ത വിധം തളർത്തുന്നു

പുരുഷാ‍ാധിപത്യവും സ്ത്രീ സമത്വ വാദവും എന്നൊക്കെ പറഞ്ഞ് നടക്കുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കാനല്ലാതെ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനോ അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാനോ ഉള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല

പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാക്കുക. അതിനായി ബോധ വത്കരണം നടത്തുക

പിന്നെ മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാനം മദ്യപാനമായിരിക്കും എന്ന് കാണുന്നു അതിലൂടെ ഉരുത്തിരിയുന്ന സംശയ രോഗവും ഒരു വില്ലനാവുന്നു

ചാണക്യന്‍ said...

ശരിയായ ചോദ്യം......

യൂസുഫ്പ said...

ആത്മഹത്യ പ്രശ്നപരിഹാരമല്ല.എന്തും ധീരമായി നേരിടണം. അതിന് സ്ത്രീകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.വര്‍ണ്ണാങ്കികള്‍ക്ക് ഉള്ളില്‍ ഇരുന്ന് ഫെമിനിസം പ്രസംഗിക്കാതെ വിനയയെ പോലെയുള്ള കര്‍മ്മോത്സുകരായ ഒട്ടേറെ പേര്‍ കര്‍മ്മപഥങ്ങളിലുണ്ട്. അവരുമായി കൂട്ട് ചേര്‍ന്ന് പോരാടുക.
ആണ്‍പെണ്‍ ഭേധമില്ലാതെ ലോകത്ത് ശാന്തിയും സമാധാനവൂമ്ം നിലകൊള്ളട്ടെ. ജയ് ഹിന്ദ്...

kadathanadan said...

ഇതിൽ യഥർത്ഥ വില്ലൻ:- പുരുഷാധിപത്യവും സ്ത്രീ സമത്വ വാദവും എന്നോക്കെ പറഞ്ഞു നടക്കുന്നവരാണ് പ്രശ്നങ്ങങ്ങൾ ഉണ്ടാക്കുന്നത്‌ എന്നും ഉണ്ടാവുന്ന പ്രശ്നങ്ങൽ പ്രരിഹരിക്കാനോ,ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും 'ബോധവൽക്കരണം'എന്നക്രിയാത്മക പ്രവർത്തനം നടത്താത്തതാണ് കാരണം എന്നധാരണയാണ്.....നൂറ്റാണ്ടുകളായി പിന്തുടരുന്ന ജീർണ്ണിച്ചതും കാലഹരണപ്പെട്ടതുമായ സാമൂഹ്യവസ്ഥ ഇതിലൊന്നുംകാരണക്കാരല്ല .അതിനെ മഹത്വ വൽക്കരിക്കൽ മാത്രമാണ്‌ പരിഹാരം എന്നതിലെ വില്ലനെ കാണാതിരിക്കരുത്‌