Thursday, October 1, 2009

നിയോഗം

നിയോഗം

2009 -ലെ ജില്ലാ പോലീസ്‌ സ്‌പോട്‌സ്‌ മീറ്റിനോടനുബന്ധിച്ച്‌ നിയമാനുസൃതം ഗ്രൗണ്ടില്‍ അണിനിരന്നതായിരുന്നു ഞാനും.മൂന്നു വിഭാഗങ്ങളായാണ്‌ മത്സരം.ഓരോ ടീമിനും ഓരോ ക്യാപ്‌റ്റന്‍മാര്‍ വേണം.ആമ്‌ഡ്‌ റിസേര്‍വ്വ്‌ വിഭാഗത്തിന്റെ ക്യാപ്‌റ്റന്‍ ഞാന്‍ അണിചേര്‍ന്ന ടീമിനടുത്തെത്തി പതാകയുമായി നിന്നു.ആരും പതാക വാങ്ങിയില്ല.അല്ലെങ്കില്‍ പതാക വാങ്ങാന്‍ ആര്‍ക്കാണ്‌ അര്‍ഹത എന്ന്‌ എല്ലാവരും ഒരു നിമിഷം അങ്കലാപ്പിലായി.എനിക്ക്‌ ആ ബോധം പോലും ഉണ്ടായില്ല .കാരണം വനിതാ പോലീസുകാര്‍ക്ക്‌ അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലല്ലോ. പെട്ടന്നാണ്‌ ആമ്‌ഡ്‌ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ ജോര്‍ജൂട്ടിസാര്‍ പതാകയുമായി നില്‍ക്കുന്ന പോലീസുകാരനോടായി പതാക വിനയയുടെ കൈയ്യില്‍ കൊടുക്ക്‌ എന്നു പറഞ്ഞത്‌. ഞാനുടനെ തിരിഞ്ഞ്‌ അണിനിരന്ന പോലീസുകാരെ ശ്രദ്ധിച്ചു. ആകെ ടീമിലെ സ്‌റ്റേറ്റ്‌ താരം ഞാന്‍ മാത്രമായിരുന്നു.അഭിമാനത്തോടെ ഞാന്‍ ആ പതാക ഏറ്റു വാങ്ങി.എനിക്കു വന്നു ചേര്‍ന്ന ആ ചുമതല എന്നില്‍ തന്നെ നിലനിര്‍ത്തും എന്നു വിശ്വസിക്കാന്‍ എനിക്ക്‌ സ്‌പോട്‌സു ദിവസം മാര്‍ച്ചു പാസ്റ്റിന്റെ സമയം വരെ കാത്തിരിക്കേണ്ടി വന്നു.ഏതു നിമിഷവും ആ പതാക ഒരു പോലീസു കാരനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ മുന്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.ഏഴു വര്‍ഷം മുമ്പ്‌ അതേഗ്രൗണ്ടില്‍ വെച്ചു തന്നെയായിരുന്നു തലേ ദിവസം വരെ മാര്‍ച്ചുപാസ്റ്റ്‌ പരിശീലനം നടത്തിയ എന്നെ അന്ന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(ഇന്ന്‌ ഡി.വൈ.എസ്‌.പി)ആയിരുന്ന ദിവാകരന്‍ സാര്‍ വിനയ മാറിനില്‌ക്ക്‌ പെണ്ണുങ്ങളൊന്നും മാര്‍ച്ചുപാസ്റ്റിനു വേണ്ട എന്നു പറഞ്ഞധിക്ഷേപിച്ച്‌ ഒരു വലിയ ഗ്രൂപ്പില്‍ നിന്നും ഓടിച്ചത്‌.അന്ന്‌ നാണംകെട്ട്‌ ഡിസിപ്ലിന്‍ എന്ന കുന്തമുനയില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുത്ത്‌ വിജയിച്ച്‌ സ്റ്റേറ്റ്‌ മീറ്റിലേക്ക്‌ സെലക്ഷന്‍ കിട്ടി ആ വര്‍ഷത്തെ സ്റ്റേറ്റ്‌ പോലീസ്‌ മീറ്റില്‍ (കണ്ണൂരില്‍ വെച്ച്‌)പങ്കെടുത്തതും.വയനാട്ടില്‍ വെച്ചേ ഏറ്റ മുറിവുമായാണ്‌ കണ്ണൂരിലും എത്തിയത്‌.അവിടെവച്ചും പെണ്ണുങ്ങള്‍ മാര്‍ച്ചുപാസ്റ്റിനുവേണ്ട എന്ന്‌ അല്‌പനായ ടീമിന്റെ മാര്‍ഷല്‍ കല്‌പിച്ചു.എന്തുകൊണ്ട്‌ എന്ന എന്റെ ചോദ്യം അന്നവിടെ അമ്പരപ്പുണ്ടാക്കി."യൂണിഫോം വെള്ള പാന്റെും നീല സ്ലീവലെസ്‌ ബനിയനുമാണ്‌.നിങ്ങള്‍ക്കതിടാന്‍ പറ്റുമോ ?. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യത്തിന്‌ ഞാനും അതേ ധാര്‍ഷ്ട്യത്താല്‍ മറുപടി കൊടുത്തു. " ധരിക്കാം സാര്‍ പിന്നെ ബ്രാ കണ്ടു എന്നു പറഞ്ഞ്‌ നിങ്ങള്‌ പ്രശ്‌നമുണ്ടാക്കാഞ്ഞാല്‍ മതി""നിങ്ങള്‍ എത്ര പേരുണ്ടാകും" ? അയാള്‍ എന്നെ തോല്‍പ്പിക്കാനെന്ന വണ്ണം ചോദിച്ചു."ഞങ്ങള്‍ മൂന്നു പേര്‍" ഞാനുത്തരം പറഞ്ഞു. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങളെ മാര്‍ച്ചു പാസ്റ്റില്‍ നില്‌ക്കാന്‍ അനുവദിച്ചു. തുടര്‍ന്ന്‌ എല്ലാം പ്രശ്‌നങ്ങളായി .വനിതാപോലീസുകാരുടെ പോയിംന്റെിനും ഏമാന്മാര്‍ അയിത്തം കല്‌പിച്ചു.വനിതാപോലീസുകാരുടെ പോയിംന്റെുകള്‍ പരിഗണിക്കാതെ ട്രോഫികള്‍ വിതരണം ചെയ്‌തു.ആ ട്രോഫി അസാധുവാക്കണമെന്നുപറഞ്ഞ്‌ ഞാന്‍ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ചെയ്‌തെങ്കിലും അതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരത്തിയ കോടതി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ വനിതാപോലീസുകാരോട്‌ അനീതിചെയ്‌തിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ വനിതാപോലീസുകാരുടെ പോയിംന്റെുകൂടി പരിഗണിക്കണമെന്ന്‌ ഉത്തരവിടുകയും ചെയ്‌തു.കേവലം ഒരാള്‍ ചോദ്യം ചെയ്‌തതുകൊണ്ടുമാത്രമാണ്‌ മുപ്പതു വര്‍ഷത്തിലധികമായി പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെ്‌ തുടര്‍ന്നുവന്നൊരു വിഡ്ഡിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്‌.അതിന്റെ പേരില്‍ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റെില്‍ നിന്നും എന്നെ പിരിച്ചു വിട്ടവര്‍ തന്നെ ഇന്ന്‌ ഒരു ടീമിന്റെ അമരക്കാരിയാകാനും എന്നോട്‌ ഉത്തരവിട്ടത്‌ വിധിയുടെ നിയോഗം തന്നെ ആയിരിക്കാം.

12 comments:

Raji said...

അഭിനന്ദനങ്ങള്‍ വിനയ.:)

സേതുലക്ഷ്മി said...

Aasamsakal

മാണിക്യം said...

സന്തോഷം തോന്നുന്നു വിനയാ
അഭിനന്ദനങ്ങള്‍

മീര അനിരുദ്ധൻ said...

അഭിനന്ദൻസ് വിനയാ

പൂതന/pooothana said...

Keep you up
keep them down

mini//മിനി said...

ഇപ്പൊ എല്ലവര്‍ക്കും ഒരു മനം‌മാറ്റം?

Echmu Kutty said...

ചിലപ്പോൾ അങ്ങനെയും സംഭവിക്കും വിനയാ.
എന്തായാലും നന്നായി.
അഭിനന്ദനങ്ങൾ.

VINAYA N.A said...

എല്ലാവര്‍ക്കും നന്ദി.നമ്മുടെ ലക്ഷ്യം സത്യസന്ധമാണെങ്കില്‍ അത്‌ ഫലം കാണുക തന്നെ ചെയ്യും

സന്തോഷ്‌ പല്ലശ്ശന said...

തുടരുക ഈ ധീര യുദ്ധം.. ഭാവുകങ്ങള്‍

ചക്കിമോളുടെ അമ്മ said...

അഭിനന്ദനങ്ങള്‍ വിനയാ... അനീതികള്‍ ചോദ്യം ചെയ്യപ്പെടുന്നത് വരെ തുടര്‍ന്ന് കൊണ്ടിരിക്കും... നമ്മുടെ വ്യവസ്ഥിതികളില്‍ നല്ലൊരു പങ്കും ഈ ഗണത്തില്‍ പെടുന്നതാണല്ലോ...!!?

ente lokam said...
This comment has been removed by the author.
ente lokam said...

എന്‍റെ ലോകത്ത് നിന്നും ചകിമോളുടെ അമ്മ
വഴിയാണ് വിനയയുടെ ലോകത്ത് വന്നത്.ഞാന്‍ tv
വഴി മാത്രം അറിയുന്ന വിനയയെ ബ്ലോഗില്‍ കണ്ടപ്പോള്‍
സന്തോഷം തോന്നി.പോസ്റ്റ്‌ ഒക്കെ വായിച്ചിട്ട് പിന്നെ
വരാം ആശംസകള്‍. ..